ന്യൂഡൽഹി: നികുതി ബാധ്യതയിനത്തിൽ 22,100 കോടിരൂപ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർക്കാരിനെതിരായ കേസിൽ വൊഡാഫോൺ ഗ്രൂപ്പിന് അനുകൂല വിധിയുമായി അന്താരാഷ്ട്ര തർക്കപരിഹാര കോടതി. നിയമ നടപടികളുമായി ബന്ധപ്പെട്ട് വൊഡാഫോൺ ഗ്രൂപ്പിന് വന്ന ചിലവുകളുടെ ഭാഗിക നഷ്ടപരിഹാര തുകയെന്ന നിലയിൽ 43 ലക്ഷം പൗണ്ട് സർക്കാർ വോഡഫോണിന് നൽകണമെന്നും ഹെഗിലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതി വിധിച്ചു.
2007ല്‍ ഹച്ചിസൺ വാംപോവയുടെ ഇന്ത്യയിലെ ടെലികോം വ്യവസായ നിക്ഷേപം വോഡാഫോണ്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കമ്പനിയിൽ നിന്ന് മുൻകാല നികുതി ബാധ്യത സർക്കാർ ആവശ്യപ്പെട്ടത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വോഡഫോൺ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് അന്ന് സര്‍ക്കാര്‍ കമ്പനിയോട് പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 2016ലാണ് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ വോഡഫോൺ സമീപിച്ചത്. ഈ വിഷയത്തിൽ മദ്ധ്യസ്ഥരുടെ കാര്യത്തിൽ ധാരണയിലെത്തുന്നതിൽ ഇരു കക്ഷികളും പരാജയപ്പെട്ടതോടെയായിരുന്നു ഇത്.
ഹച്ചിസൺ വാംപോവയുടെ 67 ശതമാനം ഓഹരികൾ വാങ്ങിയതിന്റെ 1100 കോടി ഡോളറിന്റെ കരാറുമായി ബന്ധപ്പെട്ട മൂലധന നേട്ടത്തിൽ 7990 കോടി രൂപ വോഡഫോൺ നികുതി അടക്കണമെന്ന് 2009ൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ തുകയിന്മേലുള്ള പലിശയും പിഴയും അടക്കമാണ് പിന്നീട് 22,100 കോടി രൂപ ആവശ്യപ്പെട്ടത്.
ഇന്ത്യയും നെതർലൻഡ്സും തമ്മിൽ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) ഉള്ളതിനാൽ മൂലധന നേട്ടത്തിനുള്ള നികുതി തങ്ങൾ നൽകേണ്ടതില്ലെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദത്തെ വോഡഫോൺ ചോദ്യം ചെയ്തത്.
Read More: Vodafone wins arbitration against govt in Rs 22,100 crore retrospective tax case