സ്വന്തമായ ഒരു വീട് എന്നത് ഓരോ വ്യക്തിയുടെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി പലരും ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ ഭവനവായ്പകൾ ലഭിക്കുക എന്നു പറയുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ചും ഡോക്യുമെന്റേഷൻ പ്രക്രിയ പൂർത്തിയാക്കിയും പല ഘട്ടങ്ങളിലായുള്ള പരിശോധനയ്ക്ക് ശേഷമാണ് ബാങ്കുകൾ ഭവനവായ്പകൾ അനുവദിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് ഒരു വ്യക്തി ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി ശ്രമകരമാവും.
മുതിർന്ന പൗരന്മാർക്ക് ഭവനവായ്പ അനുവദിക്കുന്നതിന് കൂടുതൽ വിവരങ്ങളും രേഖകളുമെല്ലാം ബാങ്കിനു മുന്നിൽ ഹാജരാക്കേണ്ടി വരും. നിങ്ങളുടെ പ്രായം, വരുമാനം, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെല്ലാം പരിശോധിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇത്തരം കേസുകളിൽ, യോഗ്യതാ മാനദണ്ഡം ബാങ്കുകൾക്കും വ്യക്തികൾക്കും സ്കീമുകൾക്കും അപേക്ഷിച്ച് വ്യത്യാസപ്പെടാം.
ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണോ നിങ്ങൾ ഭവനവായ്പ എടുക്കാൻ ഒരുങ്ങുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വായ്പ പ്രക്രിയ കുറച്ചുകൂടി സുഗമമായി നടക്കും.
- ജോലിയുള്ള മറ്റൊരു കുടുംബാംഗവുമായി (ഭാര്യയോ മകനോ മകളോ ആരുമാകാം) ചേർന്ന് ഒരു സംയുക്ത ഭവനവായ്പ തിരഞ്ഞെടുക്കുകയാണെങ്കിൽ വായ്പ നടപടികൾ വേഗത്തിലാവും. പെൻഷൻ വാങ്ങുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾ കുട്ടികളുമായോ പങ്കാളിയുമായോ ചേർന്ന് വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ, നികുതി ആനുകൂല്യങ്ങളോടൊപ്പം നിങ്ങൾക്ക് കൂടുതൽ കാലാവധിയും ലഭിക്കും. ദൈർഘ്യമേറിയ കാലാവധി നിങ്ങളുടെ ഇഎംഐകളെ കുറയ്ക്കും.
- റിട്ടയർമെന്റിനുശേഷം ഭവന വായ്പകൾ എടുക്കുമ്പോൾ സാധാരണയായി കുറഞ്ഞ വായ്പ തുകയാണ് ലഭിക്കുക. എന്നിരുന്നാലും, ഒരു കോ-അപേക്ഷകനുണ്ടെങ്കിൽ (പ്രത്യേകിച്ച് സ്ഥിരതയുള്ള വരുമാനവും മികച്ച ക്രെഡിറ്റ് സ്കോറുമുള്ള ഒരാൾ) ബാങ്കുകളുടെ ക്രെഡിറ്റ് റിസ്ക് കുറയും. അതിനാൽ വർദ്ധിച്ച വായ്പ തുകയ്ക്കൊപ്പം വായ്പാ നടപടികളും വേഗത്തിൽ നടക്കും.
- ജോലിയിൽ നിന്ന് വിരമിച്ച അപേക്ഷകൻ, വായ്പ കാലയളവിൽ ഉടനീളം സ്ഥിരമായ പെൻഷൻ വരുമാനമുള്ള വ്യക്തിയായിരിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട ഘടകമാണ്.
- വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വായ്പയെടുക്കുന്നയാളുടെ പ്രായം 70 വയസിൽ കൂടരുത്. ബാങ്കുകളും മറ്റ് വായ്പാദാതാക്കളും സാധാരണയായി 70 വയസ്സ് വരെയുള്ള അപേക്ഷകർക്കാണ് വായ്പകൾ നൽകുന്നത്. 75 വർഷം വരെ വായ്പ തിരിച്ചടവ് കാലാവധിയും നൽകി വരുന്നുണ്ട്. അതിനാൽ, 70 വയസ്സിൽ നിങ്ങൾ ലോൺ എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാൻ 5 വർഷത്തെ കാലാവധിയെ ലഭിക്കൂ.
- കുറഞ്ഞ എൽടിവി (ലോൺ ടു വാല്യു) അനുപാതം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. നിങ്ങൾ കുറഞ്ഞ എൽടിവി തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇത് വായ്പ അംഗീകാരം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഇഎംഐ ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
- ഭവന വായ്പയെ കൂടാതെ, സ്വത്തോ സ്വർണമോ മറ്റ് സെക്യൂരിറ്റികളോ ഈടായി നൽകി മറ്റൊരു സുരക്ഷിത വായ്പ കൂടെ എടുക്കുന്നത് ഭവനവായ്പയ്ക്ക് അംഗീകാരം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അപേക്ഷകന് വായ്പ തുക തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ബാധ്യത നികത്താൻ ബാങ്കുകൾക്ക് കൊളാറ്ററലുകളായി ആസ്തികൾ ഉപയോഗിക്കാൻ കഴിയും.
Read more: ഭർത്താവും ഭാര്യയും ചേർന്ന് ഭവന വായ്പയെടുത്താലുളള നേട്ടങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook