കൊച്ചി: കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം വാഹന വിപണിയില്‍ ഉണര്‍വ്. രാജ്യത്ത് നിലനിന്ന സാമ്പത്തിക മാന്ദ്യവും പിന്നാലെയെത്തിയ കൊറോണ വൈറസവും വാഹന വിപണിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് കാര്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാകുന്നത്.
വിപണി 80 ശതമാനത്തോളം സാധാരണ സ്ഥിതി പ്രാപിച്ചുവെന്ന് കൊച്ചിയിലെ പോപ്പുലര്‍ ഹ്യൂണ്ടായിയുടെ ജനറല്‍ മാനേജര്‍ ബി ബിജു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാനത്തെ ഏക ഉത്സവ സീസണായി വ്യാപാര ലോകം കരുതുന്ന ഓണത്തിന് പ്രഖ്യാപിച്ച ഓഫറുകളെ കൂടാതെ കോവിഡ്-19-ല്‍ നിന്നുമുള്ള സുരക്ഷിതമായ യാത്രയുമാണ് ഉപഭോക്താക്കളെ കാറുകള്‍ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഒരു കാറുള്ള വീട്ടില്‍ ഒന്നു കൂടി അധികമായി വാങ്ങുന്ന പ്രവണതയുമുണ്ട്.
“കോവിഡ്-19 ബാധിക്കുമെന്ന പേടി മൂലം യാത്രക്കാര്‍ പൊതു ഗതാഗത സൗകര്യത്തെ ഉപേക്ഷിച്ചു തുടങ്ങിയത് ചെറിയ കാറുകളുടെ വില്‍പ്പനയ്ക്ക് ഉപകാരമായി. മറ്റൊരു കാര്യം, നിലവില്‍ ഒരു കാര്‍ ഉള്ളവര്‍ രണ്ടാമതൊരു കാര്‍ കൂടി വാങ്ങുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ടിടത്ത് ജോലി ആയതിനാല്‍ ഓഫീസില്‍ പോകാൻ ഒരു കാര്‍ കൂടി വാങ്ങുന്നുണ്ട്,” ബിജു പറഞ്ഞു.
ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം മൂലം ബാങ്കുകള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ വായ്പാ നടപടികള്‍ കണിശമാക്കിയിരുന്നു. ഇപ്പോള്‍ അതിന് ഇളവുകള്‍ നല്‍കി.
“സംസ്ഥാനത്തെ എല്ലാ വ്യാപാര മേഖലകളിലും മികച്ച കച്ചവടം നടക്കുന്ന സമയമാണ് ഓണം. ഈ സീസണില്‍ വ്യാപാരം കുറഞ്ഞാല്‍ അത് മറ്റു മാസങ്ങളിലെ വ്യാപാരം കൊണ്ട് തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാണ്. ഇതെല്ലാം കാരണം, ഇപ്പോള്‍ ഒരു പോസിറ്റീവ് ട്രെന്‍ഡ് കാണുന്നു. കഴിഞ്ഞ മാസം എൺപത്തി അഞ്ചോളം ബുക്കിങ് ലഭിച്ചു. ഈ മാസം ഇതുവരെ ആയിരത്തോളമായി,” അദ്ദേഹം പറഞ്ഞു.
ഏഴ് ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണെന്ന് കൊച്ചി പോപ്പുലര്‍ ഹ്യൂണ്ടായിയുടെ സെയില്‍സ് മാനേജരായ മനോജ് സേതുമാധവന്‍ പറഞ്ഞു. “ഓട്ടോമാറ്റിക് കാറുകള്‍ക്ക് ജോലിയുള്ള സ്ത്രീകള്‍ക്കിടയില്‍ പ്രിയം കൂടുതലാണ്,” അദ്ദേഹം പറഞ്ഞു.
പൊതുവില്‍ എല്ലാ കമ്പനികളുടെയും വാഹനങ്ങള്‍ക്ക് വില്‍പ്പന കൂടിയിട്ടുണ്ടെന്ന് കൊച്ചിയിലെ മാരുതി പോപ്പുലര്‍ അറീനയിലെ സീനിയര്‍ സെയില്‍സ് മാനേജർ ടിഎസ് അരുണ്‍ പറഞ്ഞു.
“രണ്ടു മാസത്തിനിടയില്‍ ആയിരത്തോളം ബുക്കിങ് വന്നു. അതേസമയം, ടാക്‌സിയായി വാഹനങ്ങള്‍ ഓടിക്കാന്‍ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ടാക്‌സി ബിസിനസ് കുറവായതാണ് കാരണം,” അദ്ദേഹം പറഞ്ഞു.
“ബാങ്കുകളും ഫൈനാന്‍സ് സ്ഥാപനങ്ങളും മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. ആദ്യ മൂന്ന് മാസത്തേക്ക് ഇഎംഐ അടയ്‌ക്കേണ്ടതില്ല. ഇതൊക്കെ കാര്‍ വിപണിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു,” അരുണ്‍ പറഞ്ഞു.
പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന ഡോക്ടര്‍മാര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി രണ്ടാമത്തെ കാറായ ഫിഗോ, ഈക്കോ സ്‌പോര്‍ട്‌സ് എന്നിവ വാങ്ങാറുണ്ടെന്ന് കോട്ടയം കൈരളി ഫോര്‍ഡിലെ സെയില്‍സ് ഇന്‍ചാര്‍ജ് വിശാല്‍ ഗോപി പറഞ്ഞു.
“കോവിഡ്-19 ഭീതി നിലനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമില്‍ എത്താതെ സൂം മീറ്റിങ് വഴി വാഹനങ്ങള്‍ കണ്ട് ബുക്ക് ചെയ്യുന്നുമുണ്ട്. 5.35 ലക്ഷം മുതല്‍ 44 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ട്. ചെന്നൈയിലെ ഫോര്‍ഡിന്റെ പ്ലാന്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ ഗുജറാത്തില്‍നിന്നാണ് കാറുകള്‍ എത്തുന്നത്. 15 ദിവസം കൊണ്ട് വാഹനങ്ങള്‍ ഉപഭോക്താവിന് കൈമാറാന്‍ സാധിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിന് ശേഷം ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ക്ക് ഏറെ അന്വേഷണം വരുന്നതായി റെനോയുടെ തൃശൂര്‍ സെയില്‍സ് മാനേജര്‍ സ്വാതി ഗോവിന്ദ് പറഞ്ഞു. “ക്വിഡിന് 3.99 ലക്ഷം രൂപ മുതലാണ് വില. ഏഴ് സീറ്റുള്ള ട്രൈബറിന് 4.99 ലക്ഷം രൂപ മുതല്‍ വില വരുന്നു. വായ്പയെടുത്ത് കാർ വാങ്ങുന്നവരാണ് കൂടുതലും. നേരത്തെ അഞ്ച് വര്‍ഷത്തെ വായ്പയാണ് കൂടുതലായി ആളുകള്‍ എടുത്തിരുന്നത്. ഇപ്പോള്‍ ഇഎംഐ കുറയ്ക്കുന്നതിനായി ഏഴ് വര്‍ഷത്തെ വായ്പ എടുക്കുന്നു,” സ്വാതി പറഞ്ഞു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്ന സമയത്ത് നിസാന്റെ ഡാട്‌സണ്‍ അവതരിപ്പിച്ച റെഡിഗോ ആണ് വിപണിയിലുള്ള ഏറ്റവും പുതിയ മോഡലുകളില്‍ ഒന്ന്. യൂസ്ഡ് കാര്‍ ഉപയോഗിച്ചിരുന്നവര്‍ തങ്ങളുടെ ആദ്യ പുതിയ കാറായി റെഡിഗോ വാങ്ങുന്നുണ്ടെന്ന് കോഴിക്കോട് ഇവിഎം ഡാട്‌സണ്‍ സെയില്‍സ് മാനേജര്‍ ഡെനിഷ് പറഞ്ഞു. തങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന കാറായി മധ്യവര്‍ഗം ഇതിനെ കാണുന്നുണ്ട്. വിലക്കുറവ് കൂടാതെ ഡിസൈനും മറ്റു പ്രത്യേകതകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ടെന്ന് ഡെനീഷ് പറഞ്ഞു.
ഇരുചക്ര വാഹനങ്ങളേക്കാള്‍ ആളുകള്‍ക്ക് താല്‍പ്പര്യം ചെറിയ കാറുകള്‍
നിലവിൽ ഇരുചക്ര വാഹനങ്ങളേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം ചെറിയ കാറുകളോട് ഉണ്ടെന്ന് ബി ബിജു പറയുന്നു.
” ഇരുചക്ര വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയാകും. നേരത്തെ മൂന്ന് വര്‍ഷമായിരുന്നു വാഹന വായ്പ ലഭിച്ചിരുന്നത്. ഇപ്പോള്‍ ഏഴ് വര്‍ഷം വരെ ലഭിക്കുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിന്റെ കാലയളവ് കൂടുമ്പോള്‍ ഇഎംഐയില്‍ കുറവ് വരും. അതിനാല്‍, ആദ്യം അടയ്ക്കുന്ന തുകയില്‍ അന്തരം ഉണ്ടെങ്കിലും മാസതവണയില്‍ 1500 രൂപയോളം കൂടുതല്‍ കൊടുത്താല്‍ കാര്‍ വാങ്ങാന്‍ സാധിക്കും.”
ലോക്ക്ഡൗണിനുശേഷം പ്ലാന്റുകളില്‍ ഉല്‍പാദനം പൂര്‍വ സ്ഥിതി പ്രാപിക്കുന്നത് മൂലം കാറുകള്‍ പെട്ടെന്ന് ലഭിക്കുന്നുണ്ട്. “സാന്‍ട്രോ, ഗ്രാന്‍ഡ് പോലുള്ള കാറുകള്‍ ലഭിക്കാന്‍ ബുക്ക് ചെയ്ത് അധിക നാള്‍ കാത്തിരിക്കേണ്ടി വരുന്നില്ല. അതേസമയം ക്രറ്റ പോലുള്ള പുതിയ മോഡലുകള്‍ ലഭിക്കാന്‍ 45 മുതല്‍ 60 ദിവസം അധികം കാത്തിരിക്കേണ്ടി വരുന്നു. ക്രറ്റയുടെ ഡിമാന്‍ഡ് കൂടുതലാണ്. സപ്ലൈ കുറവാണ്,” ബിജു പറഞ്ഞു.
യൂസ്‌ഡ് കാര്‍ വിപണിയിലും മുന്നേറ്റം
പഴയ കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെ. മൂന്ന് ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്നും പഴയ കാറുകള്‍ കൈവശമുള്ള വാഹന ഉടമകള്‍ വില്‍ക്കാന്‍ തയാറാകുന്നില്ലെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
രണ്ട് ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് ധാരാളം അന്വേഷണങ്ങള്‍ ലഭിക്കുന്നുവെന്ന് മാരുതിയുടെ യൂസ്‌ഡ് കാര്‍ വിഭാഗമായ ട്രൂ വാല്യുവിന്റെ കേരളത്തിന്റെ തലവനായ സുഭാഷ് ഔസേപ്പ് പറഞ്ഞു. “എന്നാല്‍, കണ്ടെയ് ന്‍മെന്റ് സോണുകളും മറ്റും പ്രഖ്യാപിക്കുന്നത് കാരണം എല്ലാ ഷോറൂമുകള്‍ക്കും കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.”
“ബാങ്കുകളും മറ്റും യൂസ്‌ഡ് കാര്‍ വിപണിയില്‍ വായ്പ നല്‍കുന്നതില്‍ കണിശത തുടരുന്നുണ്ട്. അതിനാല്‍ വായ്പ ലഭിക്കുന്നവരുടെ എണ്ണം കുറവാണ്,” അദ്ദേഹം പറഞ്ഞു.
വാഹന ഉടമകള്‍ കാറുകള്‍ വില്‍ക്കാന്‍ തയാറാകാത്തത് മൂലം യൂസ്‌ഡ് കാര്‍ വിപണിയിലേക്കുള്ള സപ്ലൈയെ ബാധിച്ചിട്ടുണ്ട്. പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ കമ്പനി എക്‌സ്‌ചേഞ്ച് മേള നടത്തിയിരുന്നു. ഇപ്പോള്‍ അതും നടക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
വായ്പ എടുക്കാതെ കൈയിലുള്ള പണം നല്‍കി കാര്‍ വാങ്ങാനായി ധാരാളം പേര്‍ വരുന്നുണ്ടെന്ന് കോഴിക്കോട് യൂസ്‌ഡ് കാര്‍ വില്‍ക്കുന്ന യുകെ ഷബീര്‍ പറഞ്ഞു. “മൂന്ന് ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. 50,000-ത്തിനും 75,000-ത്തിനും ഇടയില്‍ വില വരുന്ന കാറുകള്‍ ലഭിക്കാനില്ല. അതേസമയം, അഞ്ച് ലക്ഷത്തിന് മുകളില്‍ വില വരുന്ന കാറുകളുടെ വില്‍പ്പന കുറവുമാണ്. സാമ്പത്തിക ബാധ്യത ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ വായ്പയില്ലാതെ കാര്‍ സ്വന്തമാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്,” കേരള യൂസ്‌ഡ് കാര്‍ അസോസിയേഷൻ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷബീര്‍ പറഞ്ഞു.
40,000 രൂപയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഷബീര്‍ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook