സ്വർണവില എങ്ങനെയാണ് മാറിയത്?
കഴിഞ്ഞ ആഴ്‌ചയിൽ കോവിഡ് സംഖ്യ കുത്തനെ ഉയർന്നതും നിരവധി യൂറോപ്യൻ രാജ്യങ്ങൾ പുതിയ ലോക്ക്ഡൗൺ നടപടികൾ പ്രഖ്യാപിച്ചതും കാരണം, സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റിൽ 2,050 ഡോളറായിരുന്നു ഔൺസിന് വിലയെങ്കിൽ ഒക്ടോബറിൽ അത് 1880 ഡോളറിലേക്ക് താഴ്ന്നു.
ഇന്ത്യയിൽ വില 10 ഗ്രാമിന് വില ഓഗസ്റ്റിൽ 56,000 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 51,000 രൂപയായി കുറഞ്ഞു. ദില്ലിയിൽ 10 ഗ്രാമിന് 50,630 രൂപയാണ് സ്വർണ വില. അതിനിടെ, വർദ്ധിച്ചുവരുന്ന കോവിഡ് രോഗബാധയും തുടർച്ചയായ അനിശ്ചിതത്വവും ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തിനും ഇടിവിനും കാരണമായി. ബിഎസ്ഇ സെൻസെക്സ് ഒക്ടോബർ 21ലെ സൂചിക മൂല്യമായ 40,707 ൽ നിന്ന് വ്യാഴാഴ്ച 39,749.85 ൽ ക്ലോസ് ചെയ്തു.
2019 മേയ് മുതൽ സ്വർണവില ഉയരുകകയാണ്. ഒരു വർഷത്തിനുള്ളൽ 50 ശതമാനത്തിലധികം ഉയരുകയും ചെയ്തു, ഔൺസിന് 1,225 ഡോളർ എന്നതിൽ നിന്ന് ഇപ്പോൾ 1,880 ഡോളറിലെത്തി. ഓഗസ്റ്റ് ഏഴിന് ഔൺസിന് 2,080 ഡോളറിലെത്തിയിരുന്നു. ഇന്ത്യൻ വിപണിയിൽ വില 10 ഗ്രാമിന് 58,000 രൂപവരയെത്തി.
വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഓഗസ്റ്റിൽ റഷ്യൻ വാക്‌സിനിനെക്കുറിച്ചുള്ള വാർത്തകൾ വന്നത് ഉയർന്ന നിരക്കിലെത്തിയ സ്വർണവില കുറയാൻ ഇടയാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വർധിച്ചുവരുന്ന കോവിഡ് കേസുകൾ, പല രാജ്യങ്ങളിലെയും പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, സാമ്പത്തികമായ തിരിച്ചുവരവിലെ അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവ കാരണം വില ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ചരിത്രപരമായി, അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും വർധനവാണ് സ്വർണവില കുതിച്ചുയരുന്നതിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ഘടകം. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളും അനിശ്ചിതത്വങ്ങൾക്ക് ആക്കം കൂട്ടുന്നു. പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്തായിരിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് സൂചിപ്പിക്കുന്നുണ്ട്. ഇത് ഡോളർ സൂചികയെ ദുർബലമായി നിലനിർത്തുമെന്നും സ്വർണ വില സ്ഥായിയായി നിലനിർത്താൻ ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതിനാൽ, നിങ്ങൾ സ്വർണത്തിൽ നിക്ഷേപിക്കണോ?
നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം, ഇത് ഒരു ദീർഘകാലത്തേക്കുള്ള ,തലമുറകൾക്കായുള്ള ആസ്തിയാണ്, ഇത് ഹ്രസ്വകാല നേട്ടങ്ങൾക്കായി വാങ്ങരുത്. 10 ഗ്രാമിന് 50,000 രൂപ നിരക്കിൽ സ്വർണം ഇന്ന് വിലയേറിയതായി തോന്നാമെങ്കിലും രണ്ട് പതിറ്റാണ്ടിനുശേഷം ഇത് മൂല്യവത്തായ തീരുമാനമായിരിക്കാം. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത് 10 ഗ്രാമിന് വില 7,000 രൂപയിൽ നിന്ന് ഉയർന്നു. ഭാവിയിലെ നേട്ടങ്ങൾ ഞങ്ങൾ മുമ്പ് കണ്ടതുപോലെയായിരിക്കില്ലെങ്കിലും, നിക്ഷേപകർ അവരുടെ പോര്ട്ട്ഫോളിയൊയുടെ 5 മുതൽ 10 ശതമാനം വരെ സ്വർണ്ണത്തിൽ നിക്ഷേപിക്കണം.
അതിനാൽ, നിക്ഷേപകർ സ്വർണം വാങ്ങുന്നത് തുടരണം. എന്നാൽ, സ്വർണ്ണത്തിൽ ഒരു വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കണം.
നാണയങ്ങളോ ബോണ്ടുകളോ വാങ്ങണോ?
ജ്വല്ലറി ഉപഭോഗത്തിനായി സ്വർണം വാങ്ങുന്നില്ലെങ്കിൽ, നിക്ഷേപം ഗോൾഡ് ബോണ്ടുകളിലൂടെ നടത്താം. ബോണ്ടുകൾക്ക് മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണ്, നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം പുറത്തുകടക്കാൻ അവസരമുണ്ട്.
മ്യൂച്വൽ ഫണ്ടുകൾ വഴിയുള്ള ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) ആണ് മറ്റൊരു ഓപ്ഷൻ. സ്വർണ്ണ ഇടിഎഫുകൾ ഈ വർഷം നിക്ഷേപകർക്ക് നല്ല വരുമാനം നൽകി.