ന്യൂഡൽഹി: ഉപഭോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലൻസ് വേണമെന്ന നിബന്ധന എസ്‌ബിഐ ഒഴിവാക്കി. പുതിയ നിയമം വന്നതോടെ ഇനി പിഴ ഈടാക്കില്ല.
ഗ്രാമീണ മേഖലകളിൽ നിന്നുള്ള ഉപഭോക്‌താക്കൾക്ക് മിനിമം ബാലൻസായി വേണ്ടിയിരുന്നത് ആയിരം രൂപയാണ്. അർധ നഗരങ്ങളിൽ (സെമി അർബൻ) സേവിങ് അക്കൗണ്ടുകൾക്ക് രണ്ടായിരം രൂപയും മെട്രോ നഗരങ്ങളിൽ മൂവായിരം രൂപയുമായിരുന്നു മിനിമം ബാലൻസ് വേണ്ടിയിരുന്നത്. അക്കൗണ്ടിലെ തുക മിനിമം ബാലൻസ് പരിധിക്കു താഴെ വരുമ്പോൾ ഉപഭോക്‌താവിൽ നിന്നു സ്റ്റേറ്റ് ബാങ്ക് പിഴ ഈടാക്കിയിരുന്നു.
Read Also: ‘ഇതെല്ലാം നാട് കാണുന്നുണ്ട്, വളരെ ചീപ്പാകരുത്’, കോവിഡ്-19 ചര്‍ച്ചയില്‍ പ്രതിപക്ഷത്തോട് കെ.കെ.ശെെലജ
ശരാശരി പ്രതിമാസ ബാലൻസ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയുമാണ് സ്റ്റേറ്റ് ബാങ്ക് ചുമത്തിയിരുന്നത്. എസ്ബിഐയുടെ 44.51 കോടി സേവിങ് അക്കൗണ്ടുകൾക്കാണ് മിനിമം ബാലൻസ് നിലനിർത്തേണ്ട എന്ന പുതിയ നിയമം ആശ്വാസമാകുന്നത്. ഇതുകൂടാതെ സേവിങ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് പ്രതിവർഷം മൂന്ന് ശതമാനമാക്കി കുറച്ചിട്ടുണ്ട്. എസ്എംഎസ് ചാർജുകൾ ഒഴിവാക്കാനും എസ്‌ബിഐ തീരുമാനിച്ചിട്ടുണ്ട്.