ഫാസ്റ്റ് മൂവിങ് ഉപഭോക്തൃ ഉൽപ്പന്ന വിഭാഗവും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റെ (ആർആർവിഎൽ) ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (ആർസിപിഎൽ) വ്യാഴാഴ്ച, കാമ്പ കോള എന്ന ഐക്കോണിക് ബ്രാൻഡ് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചു. 50 വർഷം പഴക്കമുള്ള സോഫ്റ്റ് ഡിങ്ക് ബ്രാൻഡാണ് കാമ്പ കോള. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രതീകമായിരുന്ന കാമ്പ കോള 23 വർഷത്തിനുശേഷമാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.
കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ ഫ്ലേവറുകളിലാണ് കാമ്പ പുറത്തിറങ്ങുന്നതെന്ന് ആർസിപിഎൽ പറഞ്ഞു. ഇതിനായി ഗുജറാത്ത് ആസ്ഥാനമായിട്ടുള്ള സോസ്യോ ഹജൂരി ബിവറേജസിന്റെ (എസ്എച്ച്ബിപിഎൽ) 50 ശതമാനം ഓഹരി റിലയൻസ് ഏറ്റെടുത്തു. പ്യുവർ ഡ്രിങ്ക്സിൽനിന്നു കാമ്പ ബ്രാൻഡ് നേരത്തെ റിലയൻസ് വാങ്ങിയിരുന്നു.
“കാമ്പ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ, ഒരു യഥാർത്ഥ ഐക്കണിക് ബ്രാൻഡ് സ്വീകരിക്കുന്നതിനും സോഫ്റ്റ്ഡ്രിങ്ക് വിഭാഗത്തിൽ ഒരു പുതിയ ഉണർവ് കൊണ്ടുവരുന്നതിനും തലമുറകളിലുടനീളമുള്ള ഉപഭോക്താക്കളെ പ്രചോദിപ്പിക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി,” ആർസിപിഎൽ വക്താവ് പറഞ്ഞു.
“ഈ വേനൽക്കാലത്ത്, 50 വർഷത്തെ സമ്പന്നമായ പൈതൃകത്തോടെ, പുതിയ കാമ്പ ഇന്ത്യൻ ഉപഭോക്താക്കൾക്ക് “ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്” വാഗ്ദാനം ചെയ്യുന്നു,” ആർസിപിഎൽ പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ആദ്യം ശീതളപാനീയത്തിന്റെ പുതിയനിര പുറത്തിറക്കുന്നത്.
അടിയന്തരാവസ്ഥയ്ക്കുശേഷം ഭരണമേറ്റ ജനത സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളെതുടർന്നാണ് കൊക്കകോള ഇന്ത്യ വിട്ടത്. പ്യുവർ ഡ്രിക്സായിരുന്നു 1949 മുതൽ 1970 വരെ കൊക്കകോളയുടെ ഏക വിതരണക്കാർ.
1970കളിൽ ഏതാണ്ട് കൊക്കകോള വിടവാങ്ങിയ സമയത്ത് കാമ്പ കോള, കാമ്പ ഓറഞ്ച്, കാമ്പ ലൈം എന്നീ ഫ്ലേവറുകൾ പ്യുവർ ഡ്രിങ്ക്സ് ഇറക്കുകയും അവ വൻ ജനപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. പക്ഷെ, 1989ൽ പെപ്‌സിയുടെയും 1991ൽ കൊക്കകോളയുടെ തിരിച്ചുവരവും, കാമ്പയെ മാർക്കറ്റിൽനിന്നു പിന്തള്ളി.