ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ വാഹനവില്‍പ്പന മേഖലയില്‍ കനത്ത ഇടിവ് തുടരുന്നു. സെപ്റ്റംബറില്‍ 23.69 ശതമാനം ഇടിവാണു വാഹന വില്‍പ്പന രംഗത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം 2,92,660 വാഹനങ്ങളാണു വിറ്റതെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ വില്‍പ്പന 2,23,317 ആയി ഇടിഞ്ഞതായി സൊസെെറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കാര്‍ വില്‍പ്പനയില്‍ 33.4 ശതമാനമാണ് ഇടിവ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 1,97,124 കാറുകളാണു രാജ്യത്തു വിറ്റത്. ഈ സെപ്റ്റംബറിലെ വില്‍പ്പന 1,31,281 മാത്രമാണ്. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 23.29 ശതമാനമാണ് ഇടിവ്. കഴിഞ്ഞവര്‍ഷം സെപ്റ്റബറില്‍ 13,60,415 യൂണിറ്റായിരുന്നു വില്‍പ്പന. ഈ സെപ്റ്റംബിലെ വില്‍പ്പന 10,43,624 മാത്രമാണ്.

ഇരുചക്ര വാഹനരംഗത്ത് 22.09 ശതമാനത്തിന്റെ ഇടിവാണു വില്‍പ്പനയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 16,56,774 വാഹനങ്ങളാണു വിറ്റുപോയത്. ഈ വര്‍ഷം സെപ്റ്റംബറിലെ വില്‍പ്പന 16,56,774 യൂണിറ്റ് മാത്രമാണ്.

Read Also: സാമ്പത്തിക പ്രതിസന്ധി എവിടെ? മണിക്കൂറുകൾക്കകം ഇന്ത്യയിൽ വിറ്റഴിഞ്ഞത് ഇരുന്നൂറിലേറെ ബെൻസ് കാറുകൾ

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും വന്‍ ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലെ വില്‍പ്പന 95,870 യൂണിറ്റായിരുന്നെങ്കില്‍ ഈ സെപ്റ്റംബറിലത് 58,419 ആയി കൂപ്പുകുത്തി. ഇടിവ് 39.06 ശതമാനം.

യാത്രാ, ഇരുചക്ര, വാണിജ്യ വാഹന മേഖലകള്‍ ഒന്നിച്ചു കണക്കിലെടുത്താല്‍ വില്‍പ്പനയിലെ ഇടിവ് 22.41 ശതമാനമാണ്. ഈ രംഗത്ത് സെപ്റ്റംബറില്‍ 20,04,932 യൂണിറ്റ് മാത്രമാണു വില്‍പ്പന. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വില്‍പ്പന 25,84,062 യൂണിറ്റായിരുന്നു.

വാഹനവില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ഉല്‍പ്പാദനം നേരത്തെ വെട്ടിക്കുറച്ചിരുന്നു. മാരുതി സുസുക്കി കാറുകളുടെ ഉല്‍പ്പാദനം 17.48 ശതമാനമായാണു കുറച്ചത്. കഴിഞ്ഞ മാസം മുതലാണ് കമ്പനി ഉല്‍പ്പാദനം കുറച്ചത്.

ഹുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികളുടെയും വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുറവ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook