റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ശേഷം കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഉൽപ്പന്നങ്ങളിൽ ക്രൂഡ് ഓയിലിന് പുറമെ മറ്റൊന്ന് കൂടി ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ഏതാണ് ആ ഉൽപ്പന്നം എന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ചുപോകും. അത് മറ്റൊന്നുമല്ല, നമ്മുടെ മല്ലിയാണ്. റഷ്യയിൽ നിന്നുള്ള മല്ലി ഇറക്കുമതിയുടെ അളവും മൂല്യവും പെട്രോളിയത്തിന്റെയോ കൽക്കരിയുടെയോ പോലെയല്ലെങ്കിലും, അതിന്റെ ഇറക്കുമതിയിലെ വർധനവ് വളരെ കൂടുതലാണ്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ബഹിഷ്കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത്.
റഷ്യയിൽ നിന്നുള്ള മല്ലി വിത്ത് ഇറക്കുമതി ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ 1,313 ശതമാനം വർധിച്ച് 23,000 ടണ്ണായി ഉയർന്നതായി ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡേറ്റ കാണിക്കുന്നു. മൂല്യാടിസ്ഥാനത്തിൽ, റഷ്യയിൽ നിന്നുള്ള മല്ലിയുടെ ഇറക്കുമതി ഏപ്രിൽ-നവംബർ മാസങ്ങളിൽ 1,272 ശതമാനം വർധിച്ച് 18.64 മില്യൺ ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.36 മില്യൺ ഡോളർ എന്ന തുച്ഛമായ നിലയിലായിരുന്നു.
ഏപ്രിൽ-നവംബർ മാസങ്ങളിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള മല്ലി വിത്തുകളുടെ ഇറക്കുമതി മുൻവർഷത്തെ ഇതേ കാലയളവിന് അപേക്ഷിച്ച് 250 ശതമാനം വർധിച്ച് 26,143 ടണ്ണിലെത്തി. റഷ്യയിൽ നിന്നും മല്ലിവിത്ത് ഇറക്കുമതിയിൽ ഈ കാലയളവിലുണ്ടായത് ക്രമാതീതമായ വർധനവാണ്. ഇന്ത്യയുടെ മല്ലി വിത്ത് ഇറക്കുമതിയുടെ 88 ശതമാനവും റഷ്യയിൽ നിന്നാണ്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ഇതേ കാലയളവിൽ, മല്ലി വിത്ത് ഇറക്കുമതി വർഷം തോറും മിതമായ വളർച്ച രേഖപ്പെടുത്തി, എന്നാൽ, ഈ കാലയളവിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്തിരുന്നു.
മൂല്യാടിസ്ഥാനത്തിലും ചരക്കുകളുടെ മൊത്തത്തിലുള്ള ഇറക്കുമതിയിലെ വർധനയ്‌ക്കൊപ്പവും മല്ലി വിത്ത് ഇറക്കുമതിയിൽ ആനുപാതികമല്ലാത്ത കുതിച്ചുചാട്ടം ഉണ്ടായി. മല്ലിയുടെ മൊത്തത്തിലുള്ള ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഏപ്രിൽ-നവംബർ മാസങ്ങളിലെ ഇറക്കുമതി മുൻവർഷം 10.20 ദശലക്ഷം ഡോളറായിരുന്നുവെങ്കിൽ അത് 22.24 ദശലക്ഷം ഡോളറായി വർധിച്ചു. എന്നാൽ ഇതിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയുടെ തോത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 13 ശതമാനമായിരുന്നത് ഈ വർഷം ഏകദേശം 84 ശതമാനമായി ഉയർന്നു.
ഹാർമണൈസ്ഡ് സിസ്റ്റം കോഡ് (എച്ച്എസ് ) 090921 വരുന്ന ‘മല്ലിയുടെ വിത്തുകൾ: ചതച്ചതോ പൊടിച്ചതോ അല്ല’ വാണിജ്യ മന്ത്രാലയം രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇറക്കുമതി നടത്തിയ ഇവയുടെ ഡേറ്റ വിശകലനമാണ് നടത്തിയത്. രാജ്യം തിരിച്ചുള്ളതും ചരക്ക് തിരിച്ചുള്ളതുമായ ഇറക്കുമതി ഡേറ്റ വൈകിയാണ് പുറത്തുവിടുന്നത്, സർക്കാർ ഇതുവരെ നവംബർ വരെയുള്ള ഡേറ്റ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ.
ആഗോള മല്ലി വ്യാപാരത്തിലും ഉൽപ്പാദനത്തിലും ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. മുൻ നിര ഇറക്കുമതിക്കാർ, ഉൽപ്പാദകർ, ഉപഭോക്താക്കൾ എന്നിവരോടൊപ്പം മല്ലി വിത്തുകൾ കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. ചെയ്യുന്നവരെയും രാജ്യം കണക്കാക്കുന്നുണ്ട്. റഷ്യ, ഇറ്റലി, ബൾഗേറിയ എന്നിവയാണ് മറ്റ് മുൻനിര കയറ്റുമതിക്കാർ.
വിപണിയിൽ പങ്കാളികളായ ചിലരുടെ അഭിപ്രായത്തിൽ, ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞത് മല്ലി വിത്തുകളുടെ വില കുതിച്ചുയരാൻ കാരണമായി, ഇത് ഇന്ത്യൻ, റഷ്യൻ മല്ലി വിത്തുകൾ തമ്മിലുള്ള വില വ്യത്യാസം വളരെയധികമാക്കി. അടുത്തിടെ ഇറ്റലിയിലെയും ബൾഗേറിയയിലെയും വ്യാപാരികളേക്കാൾ കുറഞ്ഞ വിലയിൽ ഉൽപ്പനം വാഗ്ദാനം ചെയ്തു. ഇത് റഷ്യയിൽനിന്ന് അസാധാരണമായ അളവിൽ മല്ലി ഇറക്കുമതി ചെയ്യപ്പെടുന്നതിന് കാരണമായി. പ്രാദേശിക ഉൽപ്പാദനം കുറവാണെങ്കിലും, ചില വ്യാപാരികളുടെ അമിതമായ ഊഹക്കച്ചവടങ്ങൾ വിപണിയിൽ ഭീതി സൃഷ്ടിച്ചു, ഇത് ആഭ്യന്തര വിപണിയിൽ താരതമ്യേന വിലകുറഞ്ഞ റഷ്യൻ മല്ലിയുടെ കുത്തൊഴുക്കിന് കാരണമായെന്നും ചിലർ ആരോപിച്ചു.
ഏപ്രിൽ-നവംബർ മാസങ്ങളിൽ ഇറ്റലിയിൽ നിന്നും ബൾഗേറിയയിൽ നിന്നുമുള്ള മല്ലി വിത്ത് ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ അത് യഥാക്രമം 83.9 ശതമാനം, 40.8 ശതമാനം എന്നിങ്ങനെ കുത്തനെ കുറഞ്ഞു. 2021-22ലെ ഇതേ കാലയളവിൽ ( എപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസങ്ങളിൽ) ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിതരണക്കാർ ഇറ്റലിയായിരുന്നു, ബൾഗേറിയ റഷ്യയ്ക്ക് തൊട്ടുപിന്നാലിയ മൂന്നാമതായിരുന്നു.
ഇന്ത്യയുടെ മല്ലി വിത്ത് കയറ്റുമതിയിലെ സമീപകാല പ്രവണതകളായ കുറഞ്ഞ ആഭ്യന്തര ഉൽപ്പാദനവും അതുമായി ബന്ധപ്പെട്ട ആശങ്കകളും ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളായി മാറി.
ഏപ്രിൽ-നവംബർ മാസങ്ങളിൽ മല്ലിയുടെ കയറ്റുമതി ഏകദേശം അഞ്ചിലൊന്ന് അഥവാ 5,050 ടൺ കുറഞ്ഞ് 21,317 ടണ്ണായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ, കയറ്റുമതി പ്രതിവർഷം 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. അതിന് മുന്നിലെ വർഷം സമാന കാലയളവിൽ (2020-21ഏപ്രിൽ-നവംബർ മാസങ്ങളിൽ) അത് 18.7 ശതമാനമായിരുന്നു.
ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ വിതച്ച് ഫെബ്രുവരി മുതൽ മെയ് വരെ വിളവെടുക്കുന്ന ഒരു റാബി വിളയാണ് മല്ലി. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവയാണ് മല്ലി ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ. ഇന്ത്യൻ മല്ലി വിത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് ബദാമി. ഈഗിൾ, സ്കൂട്ടർ, ഡബിൾ പാരേറ്റ്, സിംഗിൾ പാരേറ്റ്, സൂപ്പർ ഗ്രീൻ എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങൾ.