/indian-express-malayalam/media/media_files/uploads/2023/10/9-1.jpg)
രാജ്യത്ത് സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി | ഫൊട്ടോ: ഫയൽ ചിത്രം
അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ ധനികനായി മാറി. ചൊവ്വാഴ്ച പുറത്തിറക്കിയ '360 വൺ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023'ന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരനായത്.
അംബാനിയുടെ ആസ്തി 2 ശതമാനം വർധിച്ച് 8.08 ലക്ഷം കോടി രൂപയായപ്പോൾ, ഗൗതം അദാനിയുടെ സമ്പത്ത് 57 ശതമാനം ഇടിഞ്ഞ് 4.74 ലക്ഷം കോടി രൂപയായി. ഈ വർഷം അദ്ദേഹത്തിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങൾ വൻതോതിൽ ഓഹരി വിറ്റഴിച്ചിരുന്നു. ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പതിറ്റാണ്ടുകളായി അദാനി കുടുംബം അക്കൗണ്ടിംഗ് വഞ്ചനകൾ നടത്തിയെന്നും, സ്റ്റോക്ക് മാർക്കറ്റിലൂടെ കൃത്രിമത്വം കാണിച്ചെന്നും അവർ തെളിവുകൾ സഹിതം ആരോപിച്ചിരുന്നു.
റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കുത്തനെയുള്ള ഇടിവിനും, തൽഫലമായി കുടുംബത്തിന്റെ സമ്പത്ത് ചോർച്ചയ്ക്കും കാരണമായി. അതേസമയം, ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ 138 നഗരങ്ങളിൽ നിന്നുള്ള 1,319 വ്യക്തികൾ ഹുറൂൺ 2023 സമ്പന്ന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) എംഡിയും ചെയർമാനുമായ സൈറസ് പൂനെവാല ഇന്ത്യക്കാരിൽ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം നിലനിർത്തി. അദ്ദേഹത്തിന്റെ സമ്പത്ത് 36 ശതമാനം വർധിച്ച്, 2.78 ലക്ഷം കോടി രൂപയായി വളർന്നു. അതേസമയം, എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ തന്റെ സ്വത്ത് 23 ശതമാനം വർധിച്ച് 2.28 ലക്ഷം കോടി രൂപയുമായി സമ്പന്നനായ നാലാമത്തെ ഇന്ത്യക്കാരനായി.
ഗോപിചന്ദ് ഹിന്ദുജ (അഞ്ച്), ദിലീപ് ഷാംഗ്‌വി (ആറ്), എൽഎൻ മിത്തൽ (ഏഴ്), കുമാർ മംഗളം (ഒമ്പത്), നിരജ് ബജാജ് (പത്ത്) എന്നിവരുൾപ്പെടെ ആദ്യ 10 റാങ്കിംഗിലെ ഭൂരിഭാഗം വ്യക്തികളും അവരുടെ സ്ഥാനങ്ങളിൽ വളർച്ച രേഖപ്പെടുത്തി. അതേസമയം, ഡി-മാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനിയുടെ ആസ്തി 18 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷം കോടി രൂപയായി. പുതിയ റിപ്പോർട്ട് പ്രകാരം ദമാനി അഞ്ചിൽ നിന്ന് മൂന്ന് റാങ്കുകൾ താഴേക്കിറങ്ങി എട്ടാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി മാറി.
സോഹോയിലെ രാധ വെമ്പു, ഫാൽഗുനി നായരെ മറികടന്ന് സ്വയം സംരഭകരിൽ ഏറ്റവും ധനികയായ ഇന്ത്യൻ വനിതയായി മാറി. സെപ്‌റ്റോയുടെ കൈവല്യ വോഹ്‌റയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. പ്രിസിഷൻ വയർസ് ഇന്ത്യ കമ്പനിയുടെ എംഡിയും സിഇഒയുമായ മഹേന്ദ്ര രത്തിലാൽ മേത്ത 94-ാം വയസ്സിൽ രാജ്യത്തെ സമ്പന്നന്മാരുടെ പട്ടികയിൽ അരങ്ങേറ്റം കുറിച്ചു.
ഹുറൂൺ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ഓരോ മൂന്നാഴ്ച കൂടുമ്പോഴും രണ്ട് പുതിയ ശതകോടീശ്വരന്മാരെ ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ 259 ശതകോടീശ്വരന്മാരുണ്ട്. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ 4.4 മടങ്ങിന്റെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 51 വ്യക്തികളുടെ സമ്പത്ത് ഇരട്ടിയായതായും ലിസ്റ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 24 പേർ മാത്രമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.