കൊച്ചി: സുഗന്ധവ്യഞ്ജന-കറിക്കൂട്ട് വിപണിയിലെ ദക്ഷിണേന്ത്യയിലെ കുത്തകകളിലൊന്നായ ഈസ്റ്റേണിനെ നോര്‍വെ കമ്പനിയായ ഓര്ക്ല സ്വന്തമാക്കുന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 67.8 ശതമാനം ഓഹരി ഓര്ക്ല വാങ്ങും.
സഹസ്ഥാപനമായ എംടിആര്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനെയാണ് രണ്ടായിരം കോടി രൂപ വില മതിക്കുന്ന ഇടപാടിലൂടെ ഈസ്റ്റേണിനെ ഓര്ക്ല ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് എംടിആറും ഈസ്റ്റേണും കരാറില്‍ ഒപ്പിട്ടു. പുതിയ ഇടപാടിലൂടെ ഇന്ത്യയിലെ വില്‍പ്പന ഓര്ക്ല ഇരട്ടിയാക്കും.
ഈസ്റ്റേണ്‍ ഓഹരിയില്‍ 74 ശതമാനവും മീരാന്‍ കുടുംബമാണ് ഇതുവരെ കൈവശം വച്ചിരുന്നത്. ശേഷിക്കുന്ന 26 ശതമാനം ഓഹരി വിദേശ കമ്പനിയായ മക് കോര്‍മിക് ഇന്‍ഗ്രീഡിയന്റ് എസ്ഇ ഏഷ്യ പിടിഇ ലിമിറ്റഡിന്റെ പക്കലായിരുന്നു. മീരാന്‍ കുടുംബാംഗങ്ങളുടെ പക്കല്‍നിന്ന് 41.8 ശതമാനം ഓഹരിയും മക് കോര്‍മിക്കിന്റെ മുഴുവന്‍ ഓഹരിയും ഓര്ക്ല വാങ്ങും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഈസ്റ്റേണിന്റെ 67.8 ശതമാനം ഉടമസ്ഥാവകാശം ഓര്‍ക്ലയുടെ കൈവശമാകും.
Also Read: പബ്ജിക്ക് പകരമാവാൻ ഫൗ-ജി: ഇന്ത്യയിൽ നിർമിച്ച ഗെയിം ഉടൻ പുറത്തിറങ്ങും
കോമ്പറ്റീഷന് കമ്മിഷന്റെ അനുമതിയുടെ ലഭിക്കുന്നതോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പ്രാവര്‍ത്തികമാകുക. ഒന്നേകാൽ വർഷം നീളുന്ന ഏറ്റെടുക്കല്‍ പ്രക്രിയ പൂർത്തിയാകുന്നതോടെ ഈസ്റ്റേണിനെ എംടിആറുമായി ലയിപ്പിക്കും. പുതിയ കമ്പനിയില്‍ ഓര്‍ക്ലയ്ക്ക് 90.1 ശതമാനവും ഫിറോസ്, നവാസ് മീരാന്‍ സഹോദരങ്ങള്‍ക്കു 9.99 ശതമാനമാവും ഉടമസ്ഥാവകാശമാവും.
ഇന്ത്യയിൽ ബ്രാന്‍ഡഡ് ഭക്ഷ്യവിപണിയില്‍ ശക്തമായ സ്വാധീനമുള്ള കമ്പനിയായ ഓര്‍ക്ലയ്ക്ക് 32 രാജ്യങ്ങളിൽ വിപണികളുണ്ട്. പ്രശസ്ത ഭക്ഷ്യോൽപ്പന്ന ബ്രാന്‍ഡായ എംടിആറിനെ 2007 ല്‍ ഏറ്റെടുത്തതുവഴി ഇന്ത്യയിലെ വില്‍പ്പന ഓര്ക്ല അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു.
ഈസ്റ്റേണിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡഡ് ഭക്ഷ്യവില്‍പ്പന സ്ഥാപനമായി തങ്ങള്‍ മാറുമെന്ന് ഓര്ക്ല അവകാശപ്പെട്ടു. ഒപ്പം സുഗന്ധവ്യഞ്ജന വിഭാഗത്തിലും ഇതിനോടനുബന്ധിച്ച വിഭാഗങ്ങളിലും കൂടുതല്‍ വളര്‍ച്ചയ്ക്കു സാധ്യതയൊരുങ്ങുമെന്നും ഓര്ക്ല പ്രതീക്ഷ പ്രകടിപ്പിച്ചു.
ബെംഗളുരു ആസ്ഥാനമായി 1924ൽ സ്ഥാപിതമായ എംടിആറിന്റെ ഈസി ടു യൂസ് പാക്കേജ്ഡ് രൂപത്തിലുള്ള സ്വാദിഷ്ഠമായ ഇന്ത്യൻ വിഭവങ്ങൾ പ്രശസ്തമാണ്. വെജിറ്റേറിയൻ ഉൽപ്പന്നങ്ങൾ മാത്രമാണ് ഈ ബ്രാൻഡിലുള്ളത്. എന്നാൽ ഈസ്റ്റേൺ ബ്രാൻഡിൽ വെജിനൊപ്പം നോൺ വെജ് ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്. ഈസ്റ്റേണിനെ എംടിആർ ഏറ്റെടുക്കുന്നതിലൂടെ വെജ്, നോൺ വെജ് ഭക്ഷ്യോൽപ്പന്ന വിപണിയിൽ ശക്തമായ സ്വാധീനമുള്ള കമ്പനിയായി ഓർക്ല മാറും.
1983 ല്‍ എംഇ മീരാനാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ നവാസ് മീരാൻ ചെയർമാനും ഫിറോസ് മീരാൻ മാനേജിങ് ഡയരക്ടറുമായാണ് നിലവിൽ കമ്പനി പ്രവർത്തിക്കുന്നത്. ഈ വർഷം ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കമ്പനിയുടെ വിറ്റുവരവ് 1000 കോടി രൂപയാണ്. ഇതിൽ പകുതിയോളം കേരളത്തില്‍നിന്നുള്ളതാണ്. ശേഷിക്കുന്നത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ വില്‍പ്പനയിലൂടെയും കയറ്റുമതിയിലൂടെയുമുള്ളതാണ്. കൊച്ചി ഇടപ്പള്ളിയാണ് കമ്പനിയുടെ ആസ്ഥാനം. മൂവായിരത്തോളം ജീവനക്കാരുള്ള കമ്പനിക്ക് നാലു സംസ്ഥാനങ്ങളിലായി ഏഴ് ഫാക്ടറികളുണ്ട്.