ന്യൂഡൽഹി: പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ വ്യക്തിഗത വായ്പാ സൗകര്യം അവതരിപ്പിച്ചു. ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണ് ചൊവ്വാഴ്ച എംഐ ക്രെഡിറ്റ് എന്ന പേരിൽ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘എംഐ പേ’യ്ക്കു ശേഷം ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പദ്ധതിയാണ് എംഐ ക്രെഡിറ്റ്.
ഏറ്റവും മികച്ച വ്യക്തിഗത വായ്പ ജനങ്ങൾക്ക് ലഭ്യമാകുന്ന ഓൺലൈൻ സൗകര്യമാണ് എംഐ ക്രെഡിറ്റ് എന്ന് ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറുമായ മനു ജെയ്ൻ പറഞ്ഞു. ആയിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ ചുരുങ്ങിയ സമയംകൊണ്ട് വായ്പയായി നേടം.
91 ദിവസം മുതല്‍ മൂന്നു വര്‍ഷം വരെയാണ് ഈ ലോണിന്റെ തിരച്ചടവ് കാലാവധി. 1.35 ശതമാനമാണ് മാസപലിശ. നിലവിൽ എംഐ യൂസേഴ്സിനാണ് എംഐ ക്രെഡിറ്റ് സേവനം ലഭ്യമാകുന്നതെങ്കിൽ ഇനി അത് എല്ലാതരം ഉപയോക്താക്കള്‍ക്കും ലഭിക്കും. അതോടൊപ്പം തന്നെ മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പ് ഇപ്പോള്‍ കമ്പനി രാജ്യത്ത് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.
ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിശോധിക്കാൻ സാധിക്കും. നിലവിൽ പത്ത് സംസ്ഥാനങ്ങളിലാണ് എംഐ ക്രെഡിറ്റിലൂടെ വായ്പ വാങ്ങാൻ സാധിക്കുന്നത്. ഈ വർഷം നവംബറിൽ മാത്രം 28 കോടി രൂപ വായ്പയായി ഷവോമി ഉപഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞു. ഇതിൽ തന്നെ 20 ശതമാനം ആളുകൾക്കും ഒരു ലക്ഷം രൂപ വരെ ലഭിക്കുകയും ചെയ്തു.
എംഐ ക്രെഡിറ്റ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എംഐ ക്രെഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. താൽപ്പര്യമുള്ളവര്‍ക്ക് എംഐ അക്കൗണ്ടോ ഫോണ്‍ നമ്പരോ ഉപയോഗിച്ച് എംഐ ക്രെഡിറ്റില്‍ അക്കൗണ്ട് ആരംഭിക്കാം. കെവിസി രേഖകള്‍, അഡ്രസ് തെളിയിക്കുന്ന രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ലോണ്‍ ആപ്ലിക്കേഷന്‍ ആവശ്യമാണ്.