CIBIL Score: ഒരു വായ്പാ ചരിത്രരേഖയാണ് സിബിൽ സ്കോർ (CIBIL Score). ഇതൊരു മൂന്നക്ക നമ്പറാണ്. ഇതു നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയുടെ അളവായി പ്രവർത്തിക്കുന്നു. വായ്പ എടുക്കാനായി ബാങ്കിനെ സമീപിക്കുമ്പോൾ ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവ് പരിശോധിക്കാൻ ബാങ്കുകൾ തീർച്ചയായും സിബിൽ സ്കോർ പരിശോധിക്കും. നിങ്ങളുടെ ക്രെഡിറ്റ് റെക്കോർഡ് ചരിത്രം പരിശോധിക്കാനും ക്രെഡിറ്റ് ബാലൻസ് റിവ്യൂ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിന്റെ റിസ്ക് ലെവൽ അറിയാനും ഇതുവഴി ബാങ്കുകൾക്ക് സാധിക്കും.
നിങ്ങളുടെ സ്കോർ 900ന് അടുത്ത് വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ലോൺ അപ്രൂവൽ ലഭിക്കും. അതേസമയം, 300ന് അടുത്താണ് നിങ്ങളുടെ സിബിൽ സ്കോർ എങ്കിൽ അത് മോശം സ്കോറായാണ് ബാങ്കുകൾ കണക്കാക്കുന്നത്. മിക്ക ബാങ്കുകളും വ്യക്തിഗത ലോണുകൾ അപ്രൂവ് ചെയ്യാനുള്ള മിനിമം സ്കോറായി കണക്കാക്കുന്നത് 750 ആണ്.
നല്ല സ്കിബിൽ സ്കോർ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ
- നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടാകാൻ തിരിച്ചടവുകള്‍ കൃത്യസമയത്ത് യഥാസമയം അടയ്ക്കുക
- ക്രെഡിറ്റ് കാർഡ് ശ്രദ്ധിച്ച് ഉപയോഗിക്കുക. പേമെന്റ് റിമൈൻഡർ സെറ്റു ചെയ്യുക. ഉപയോഗം പരിമിതപ്പെടുത്തുക.
- അനേകം ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങൾക്കുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അലംഭാവത്തോടെ ക്രെഡിറ്റ് കാര്‍ഡുകൾ കൈകാര്യം ചെയ്യരുത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിനും പണം തിരിച്ചടയ്ക്കുന്നതിനുമെല്ലാം കൃത്യമായൊരു പ്ലാന്‍ ഉണ്ടായിരിക്കണം. പോസിറ്റീവായ ക്രെഡിറ്റ് കാര്‍ഡ് റീപേയ്മെന്റ് ചരിത്രം നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്തും.
- ക്രെഡിറ്റ് പരിധി ഉയര്‍ത്താന്‍ എപ്പോഴും ക്രെഡിറ്റ് കാര്‍ഡ് നല്‍കിയിരിക്കുന്നവരോട് ആവശ്യപ്പെടുക. ക്രെഡിറ്റ് പരിധി ഉയര്‍ന്നിരുന്നാല്‍ ക്രെഡിറ്റ് സ്കോറും മികച്ചിരിക്കും. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ ഒരു കാരണവശാലും ക്ലോസ് ചെയ്യരുത്. ഇതു ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.
- ഹൗസിംഗ് ലോൺ, കാർ ലോൺ പോലുള്ള വായ്പകളൊന്നും ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. നിങ്ങൾ മാസതവണകള്‍ കൃത്യമായി അടക്കുന്നുണ്ടെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്തുകയേ ഉള്ളൂ.