മലയാളികൾക്ക് സ്വർണ്ണത്തോടുള്ള താൽപര്യം വളരെക്കാലമായി നിലനിൽക്കുന്ന കാര്യമാണ്. ഒപ്പം വർഷങ്ങൾ കഴിയുമ്പോഴും അത് കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളം മാത്രമല്ല, രാജ്യം മൊത്തമായി പരിഗണിക്കുമ്പോഴും സ്വർണ ഉപഭോഗം കൂടിയ അളവിലാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇന്ത്യയിൽ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വസ്തുവകകളോ സ്വർണമോ ആണ്.

വീട്ടിൽ സ്വർണം സൂക്ഷിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ് കേരളത്തിൽ. എന്നാൽ എത്രത്തോളം സ്വർണം കൈവശം സൂക്ഷിക്കാനാവും എന്നത് സംബന്ധിച്ച് പൊതുവേ അവബോധം കുറവാണ് മലയാളികൾക്കിടയിൽ.

ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഒരാൾക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ എത്രത്തോളം സ്വർണം കൈവശം സൂക്ഷിക്കാമെന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ, പുരുഷൻമാർ എന്നിങ്ങനെ വ്യക്തികൾക്കനുസരിച്ചുള്ള തരം തിരിവിന്റെ അടിസ്ഥാനത്തിൽ ഈ പരിധിയിൽ മാറ്റം വരും. ഈ പരിധിയിൽ കുറവാണ് സ്വർണം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതെങ്കിൽ വരുമാനം സംബന്ധിച്ച വിവരങ്ങൾ അധികൃതരെ ധരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് അക്കൗണ്ടിങ്ങ് സോഫ്റ്റ്‌വെയർ സേവന ദാതാക്കളായ ഹോസ്റ്റ്ബുക്ക്‌സ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ കപിൽ റാണ പറഞ്ഞു.

വിവാഹിതയായ ഒരു സ്ത്രീക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ 500 ഗ്രാം വരെ സ്വർണം കൈവശം വയ്ക്കാം. എന്നാൽ അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം വരെ സ്വർണം ഇത്തരത്തിൽ കൈവശം വയ്ക്കാനാവും. എന്നാൽ കുടുംബത്തിലെ പുരുഷനായ അംഗത്തിന് 100 ഗ്രാം സ്വർണം മാത്രമാണ് ഇത്തരത്തിൽ കൈവശം വയ്ക്കാനാവുക. ഇതിൽ കൂടുതൽ സ്വർണം കൈവശമുണ്ടെങ്കിൽ വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കേണ്ടതാണ്.

വരുമാനവുമായി ബന്ധപ്പെട്ട രേഖകളിലെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും ഈ പരിധികളിൽ കുറഞ്ഞ സ്വർണം ഒരാൾ കൈവശം വച്ചതായി കണ്ടെത്തിയാൽ അത് പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് സാധിക്കില്ല.

ഏത് വരുമാന സ്രോതസ് വഴിയാണ് സ്വർണം കൈവശപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയാണെങ്കിൽ ഒരാൾക്ക് എത്ര സ്വർണം വേണമെങ്കിലും കൈവശം വയ്ക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് 2016 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു വാർത്താക്കുറിപ്പിൽ പറയുന്നു. പാരമ്പര്യമായി ലഭിച്ച സ്വർണത്തിനും ഇത് ബാധകമാണ്. ആദായ നികുതി നിയമത്തിൽ ഒരാൾക്ക് സ്വന്തമായി സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ നിശ്ചിത പരിധിക്കപ്പുറം സ്വർണം സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിനായുള്ള വരുമാന സ്രോതസ്സ് വ്യക്തമാക്കണമെന്ന് മാത്രം.

പരിധിക്കപ്പുറം നിങ്ങൾ വീട്ടിൽ സ്വർണം സൂക്ഷിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും

സ്വർണ്ണമോ ആഭരണങ്ങളോ സ്വന്തമാക്കാനുപയോഗിച്ച സാമ്പത്തിക ഉറവിടം വ്യക്തമാക്കാൻ നിങ്ങൾക്ക് കഴിയുന്നിടത്തോളം കാലം, സ്വർണ്ണം കൈവശം വയ്ക്കുന്നതിന് പരിധിയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരാൾ തന്റെ വീട്ടിൽ അത്തരം പരിധികൾക്കപ്പുറത്ത് സ്വർണം സൂക്ഷിക്കുകയാണെങ്കിൽ, അവർക്ക് സ്വർണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കാൻ കഴിയണം.

സ്വർണത്തിന്റെ അളവ് കൂടുതലാണെങ്കിൽ വരുമാന സ്രോതസ്സ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണിനായി സമർപിക്കുന്ന, ഇൻവെസ്റ്റ്മെന്റ് പ്രൂഫിന്റെ സഹായത്താൽ നിക്ഷേപത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ സാധിക്കും. നിങ്ങൾ സൂക്ഷിക്കുന്ന ടാക്സ് ഇൻവോയ്സുകൾ ഇവിടെ ഉപയോഗിക്കാം. എന്നാൽ പാരമ്പര്യമായോ ഉപഹാരമായോ ലഭിച്ച സ്വർണത്തിന്റെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. ഉപഹാരം നൽകിയതിനുള്ള രേഖകൾ (ഗിഫ്റ്റ് ഡീഡ്), ആദ്യ ഉടമയിൽ നിന്ന് സ്വർണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകൾ എന്നിവ ഈ ഘട്ടത്തിൽ പ്രയോജനപ്പെടുത്താനാവും. പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ കുടുംബത്തിലെ വസ്തുവകകൾ ഭാഗം വച്ചതിന്റെ രേഖകളോ വിൽപത്രമോ  സമർപിക്കാം.

“ഒരു വ്യക്തിയുടെ വാർഷിക വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആഭരണങ്ങളുടെ മൂല്യം സ്വത്ത് നികുതി റിട്ടേണിലും (2016-17 സാമ്പത്തിക വർഷം മുതൽ ഇത് നിർത്തലാക്കി) ആദായനികുതി റിട്ടേണിലെ ‘നിശ്ചിത ആസ്തികൾ ഷെഡ്യൂൾ’ പ്രകാരവും പ്രഖ്യാപിക്കുകയും ആഭരണങ്ങളുടെ വിശദാംശങ്ങൾ നൽകുകയും വേണം. അതിനാൽ, വരുമാനത്തിൽ പ്രഖ്യാപിച്ച മൂല്യവും ഭൗതികമായ വസ്തുവും തമ്മിൽ പൊരുത്തക്കേട് ഉണ്ടാകരുത്. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, ആ പൊരുത്തക്കേട് വിശദീകരിക്കാൻ വ്യക്തിക്ക് കഴിയണം,” എന്ന് എൻ‌എ ഷാ അസോസിയേറ്റ്‌സിന്റെ പങ്കാളികളിലൊരാളായ ഗോപാൽ ബോഹ്ര പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook