Akshaya Tritiya: അക്ഷയ തൃതീയ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്വർണവിപണി. ഇത്തവണ മുൻ വർഷത്തെക്കാൾ 25 ശതമാനത്തോളം അധിക വില്പനയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 22 ശനിയാഴ്ചയാണ് ഇത്തവണ അക്ഷയ തൃതീയ വരുന്നത്.
എന്താണ് അക്ഷയ തൃതീയ
സ്വർണം വാങ്ങാനുള്ള നല്ല ദിവസമായാണ് ‘അക്ഷയതൃതീയ’ കണക്കാക്കപ്പെടുന്നത്. ഈ നാളില്‍ വാങ്ങുന്ന സമ്പത്ത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം. ഈ വിശ്വാസമാണ് അക്ഷയ തൃതീയ ദിനത്തിൽ സ്വര്‍ണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിയതിയാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഈ ദിനത്തില്‍ സദ്കര്‍മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതലുള്ള വിശ്വാസമാണ്. വൈശാഖ മാസത്തിലെ ചാന്ദ്ര ദിനത്തിലാണ് ഈ ദിവസം ഉത്സവമായി ആഷോഷിക്കുക. അക്ഷയ തൃതീയ രോഹിണി നാളില്‍ വന്നാല്‍, ഈ ദിനം കൂടുതല്‍ ഐശ്വര്യമുണ്ടാക്കുമെന്നാണ് വിശ്വാസം. അന്നേ ദിനം പാവപ്പെട്ടവര്‍ക്ക് ദാനധര്‍മങ്ങള്‍ ചെയ്യുന്നതും പുണ്യമായാണ് കരുതപ്പെടുന്നത്. വിഷ്ണു അവതാരങ്ങളായ പരശുരാമന്‍, ബാലഭദ്രന്‍, എന്നിവരുടെ ജനന ദിവസം കൂടിയാണിത്. പരശുരാമ ജയന്തി, ബലഭദ്രജയന്തി എന്നിങ്ങനെയും ഈ ദിവസം വിശേഷിക്കപ്പെടാറുണ്ട്.
സ്വർണം അതിന്റെ ഏറ്റവും കൂടിയ വിലയിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. 44,680 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില. പൊന്നും വിലയുള്ള ഈ സമയത്ത് അക്ഷയ തൃതീയ എത്തുമ്പോൾ അത് സ്വർണവിപണയ്ക്കും ഉണർവേകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.