Gold Hallmarking: തിരുവനന്തപുരം: ബിഐഎസ് മുദ്ര പതിപ്പിച്ച ഹാൾമാർക്ക് സ്വർണം മാത്രമേ ഇനി മുതൽ ജ്വല്ലറികളിൽ വിൽക്കാനാവൂ. കടകളിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തു മാറ്റു രേഖപ്പെടുത്തണമെന്ന നിയമമാണ് ഇന്നു മുതൽ നിലവിൽ വരുന്നത്. പലതവണ തീരുമാനം മാറ്റിവച്ചിരുന്നുവെങ്കിലും 15 മുതൽ ഇത് നടപ്പാക്കണമെന്ന ഉപഭോക്തൃ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നിർദേശിക്കുകയായിരുന്നു.
14, 18, 22 കാരറ്റുകളിലുളള സ്വർണം മാത്രമേ കടകളിൽ ഇനി മുതൽ നിർമ്മിക്കാനും വിൽക്കാനും സാധിക്കൂ. 14 കാരറ്റെന്നാൽ അതിൽ 58.5 ശതമാനം സ്വർണം വേണം. 18 കാരറ്റിൽ 75 ശതമാനവും 22 ൽ 91.6 ശതമാനവും സ്വർണം ഉണ്ടാകണം. 24 കാരറ്റെന്നാൽ തങ്കമാണ്. ഇതിൽ 99.5 ശതമാനത്തിൽ കൂടുതൽ സ്വർണം ഉണ്ടാകണം. സ്വർണക്കടകൾക്ക് ഇനി ബിസിനസ് ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ് )ബിഐഎസ്) ഹാൾമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാകും.
പഴയ ആഭരണത്തിന് ഹാൾമാർക്ക് ബാധകമല്ല. ഇപ്പോഴത്തെ രീതിയിൽ ആഭരണത്തിലെ സ്വർണത്തിന്റെ ശുദ്ധിയും അളവും കണക്കാക്കി പണം കിട്ടും. പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങിക്കാനും പ്രശ്നമില്ല. പുതിയ ആഭരണത്തിൽ ഹാൾമാർക്ക് ഉണ്ടായിരിക്കണമെന്നു മാത്രം. കേരളത്തിൽ ഒട്ടുമിക്ക ജ്വല്ലറി കടകളിലും 22 കാരറ്റ് സ്വർണമാണ് വിൽക്കുന്നത്. മാത്രമല്ല, ഹാൾമാർക്ക് പല ജ്വല്ലറികളും നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പുതിയ തീരുമാനം കേരളത്തിലെ വ്യാപാരികളെ വലിയ രീതിയിൽ ബാധിക്കില്ല.
എന്താണ് ഹാൾമാർക്കിങ്, എന്തിനാണ് ജ്വല്ലറികളിൽ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രം വിൽക്കാൻ സർക്കാർ നിർബന്ധമാക്കിയത്. നിങ്ങൾ അറിയേണ്ടതെല്ലാം
- സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനമാണ് ഹാൾമാർക്കിങ്
- 2021 ജൂൺ 15 മുതൽ 14, 18, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ മാത്രമേ വിൽക്കാനും നിർമ്മിക്കാനും ജ്വല്ലറികൾക്ക് അനുവാദമുളളൂ.
- നിലവിൽ സ്വർണത്തിന്റെ ഹാൾമാർക്കിങ് വോളന്റിയറാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കുക എന്നതാണ് സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്ങിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുന്നു.
- ബിഐഎസ് ഹാൾമാർക്ക് റജിസ്ട്രേഷൻ ഓൺലൈനായോ ഓട്ടോമാറ്റിക്കയോ ചെയ്യാം.
- 2000 ഏപ്രിൽ മുതൽ ബിഐഎസ് ഹാൾമാർക്ക് സ്കീമുണ്ട്.
- കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പരിശോധനാ, ഹാൾമാർക്കിങ് കേന്ദ്രങ്ങളിൽ 25 ശതമാനം വർധനയുണ്ടായതായി സർക്കാർ അറിയിച്ചു.
- ഈ കേന്ദ്രങ്ങളുടെ നിലവിലുള്ള ശേഷി ഉപയോഗിച്ച് ഒരു വർഷത്തിൽ ഏകദേശം 14 കോടി ആർട്ടിക്കിൾസ് ഹാൾമാർക്ക് ചെയ്യാൻ കഴിയുമെന്ന് പിടിഐയിലെ ഒരു റിപ്പോർട്ട് പറയുന്നു.
- നിലവിൽ 40 ശതമാനത്തോളം ജ്വല്ലറികൾ റജിസ്ട്രേഷൻ എടുത്തിട്ടുണ്ട്.
- നിർബന്ധിത ഹാൾമാർക്കിലൂടെ താഴ്ന്ന കാരറ്റിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയും ആഭരണങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നതുപോലെ ഉപയോക്താക്കൾക്ക് പരിശുദ്ധി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ബിഐഎസ് വ്യക്തമാക്കുന്നു.
- വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 4 ലക്ഷം ജ്വല്ലറികളുണ്ട്, അതിൽ 35,879 പേർക്ക് മാത്രമാണ് ബിഐഎസ് സർട്ടിഫിക്കറ്റ് ലഭിച്ചത്.