കേരളത്തിലെ സഹകരണബാങ്കുകൾ കിട്ടാക്കടത്തിൽ മുങ്ങുന്നു. 2021 ഡിസംബർ അവസാനത്തോടെ, എൽഡിഎഫിന്റെ നിയന്ത്രണത്തിലുള്ളത് അടക്കമുള്ള കേരളത്തിലെ എല്ലാ സഹകരണബാങ്കുകളിലും നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) റിപ്പോർട്ട് ചെയ്തു, മൊത്തം (20,324 കോടി രൂപ) അഡ്വാൻസ് തുകകളുടെ 38.3 ശതമാനത്തോളം വരും ഇത്.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ അഡ്വാൻസിന്റെ 88 ശതമാനവും നിഷ്‌ക്രിയ ആസ്തിയാണ്, അതേസമയം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ (കെഎസ്‌സിബി) ഇത് 30 ശതമാനമാണ്. കേരള ബാങ്ക് എന്നറിയപ്പെടുന്ന കെഎസ്‌സിബിയിൽ 13 ജില്ലാ സഹകരണ ബാങ്കുകളും ഉൾപ്പെടുന്നു.
2021 ഡിസംബറിലെ എസ്എൽബിസി കണക്കനുസരിച്ച്, പൊതുമേഖലാ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകളിൽ മൊത്തം അഡ്വാൻസുകളുടെ 3.99 ശതമാനം നിഷ്ക്രിയ ആസ്തിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരള ബാങ്കിന്റെ പ്രസിഡന്റായ ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം കെ കണ്ണനും സിപിഎം നേതാക്കളാണ്.
കേരള ബാങ്ക് 2021 ഡിസംബർ വരെ, 41,544 കോടി രൂപയുടെ അഡ്വാൻസുകൾക്കെതിരെ, 12,403 കോടി രൂപയുടെ നിഷ്ക്രീയ ആസ്തി സമാഹരിച്ചപ്പോൾ, പ്രാഥമിക സഹകരണ കാർഷിക, ഗ്രാമവികസന ബാങ്കുകൾ ഉൾപ്പെടുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ 7,954.73 കോടി അഡ്വാൻസുകളിൽ 6,990.74 കോടിയും കിട്ടാകടമാണ്.
കെഎസ്‌സിബി, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവ അടങ്ങുന്ന സഹകരണ ബാങ്കുകളിലെ 53,032 കോടി രൂപ വായ്പയിൽ 20,324 കോടി രൂപയുടെ നിഷ്ക്രീയ ആസ്തി റിപ്പോർട്ട് ചെയ്തു.
“ഇത്രയും ഉയർന്ന കിട്ടാക്കടങ്ങൾ, വാണിജ്യ ബാങ്കുകൾക്ക് ബാധകമായ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂടിന് കീഴിലേക്ക് സ്ഥാപനത്തെ കൊണ്ടുവരാൻ ആർബിഐയെ നിർബന്ധിതരാക്കും” എന്ന് ബാങ്കിങ് മേഖലയുമായി അടുത്ത വൃത്തം പറഞ്ഞു.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ലയിച്ച് കേരളാ ബാങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത് ആരംഭിച്ചത് 2019 നവംബർ 29 മുതലാണ്. ഭൂരിഭാഗം സഹകരണ ബാങ്കുകളും എൽ.ഡി.എഫ് നിയന്ത്രിക്കുമ്പോൾ മറ്റുള്ളവ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് നിയന്ത്രിക്കുന്നതാണ് പ്രശ്നത്തിന്റെ കാതൽ എന്ന് ഒരു ബാങ്കിങ് വൃത്തം പറഞ്ഞു. “പാർട്ടി പ്രവർത്തകർക്ക് വായ്പ അനുവദിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വ്യാപകമായ ഇടപെടൽ ഉണ്ട്. എന്നാൽ വീണ്ടെടുക്കുന്നത് വളരെ കുറവാണ്.”
ഒരു വായ്പയ്ക്ക് മേലുള്ള മുതലിന്റെയോ പലിശയുടെയോ തിരിച്ചടവ് 90 ദിവസത്തിൽ കൂടുതൽ വൈകുമ്പോഴാണ് നിഷ്ക്രീയ ആസ്തിയായി കണക്കാക്കുന്നത്; ഹ്രസ്വകാല വിളകൾക്കായി അനുവദിക്കുന്ന വായ്പയ്ക്ക് മേലുള്ള മുതലിന്റെയോ പലിശയുടെയോ തിരിച്ചടവ് രണ്ട് വിളവെടുപ്പ് സമയത്തിനേക്കാൾ നീളുകയാണെങ്കിൽ അത് നിഷ്ക്രീയ ആസ്തിയായി കണക്കാക്കും. റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, ദീർഘകാല വിളകൾക്ക് അനുവദിച്ചിട്ടുള്ള വായ്പയ്ക്ക് മേലുള്ള മുതലിന്റെയോ പലിശയുടെയോ തിരിച്ചടവ് ഒരു വിളവെടുപ്പ് കാലം കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കിൽ നിഷ്ക്രീയ ആസ്തിയാകും.
കഴിഞ്ഞ സാമ്പത്തിക വർഷാവസാനത്തോടെ (മാർച്ച് 2021-22) നിഷ്ക്രീയ ആസ്തി 12 ശതമാനമായി കുറച്ചതായി കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ പറഞ്ഞു. “കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഇതിനായി പ്രത്യേക പരിപാടികൾ നടത്തി. അത് ആരംഭിച്ചപ്പോൾ ആരംഭിച്ചപ്പോൾ നിഷ്ക്രീയ ആസ്തി 25 ശതമാനമായിരുന്നു. അതിനെ 10 ശതമാനമാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഇവ ഇപ്പോൾ 12 ശതമാനമായി കുറയ്ക്കാനായി. അടുത്ത മാർച്ച് അവസാനത്തോടെ, നിഷ്‌ക്രിയ ആസ്തി ഏഴ് ശതമാനമായി കുറയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
2019 നവംബറിൽ കേരള ബാങ്ക് രൂപവത്കരിച്ചതിന് ശേഷം ഒരു കിട്ടാക്കടവും എഴുതിത്തള്ളിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ലങ്കയ്ക്ക് കൂടുതൽ സഹായം വേണം, 200 കോടി കൂടി നൽകാൻ ഇന്ത്യ