കാർ വാങ്ങുക, വീട് വാങ്ങുക എന്നിവ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകൾ എന്നു വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ്. മുഴുവൻ കാശും നൽകി കാർ വാങ്ങുന്നവരേക്കാൾ വായ്പാ സേവനം ഉപയോഗപ്പെടുത്തി ഇഷ്ടവാഹനം സ്വന്തമാക്കുന്നവരാണ് കൂടുതൽ. ഒറ്റയടിക്ക് പണം നൽകേണ്ടതില്ല, മാസ തവണകളായി സാവകാശം അടച്ചു തീർക്കാം എന്നീ സൗകര്യങ്ങളാണ് കാർ വായ്പകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. മുൻവർഷങ്ങളെ വെച്ച് നോക്കുമ്പോൾ, സമീപകാലത്ത് കാർ വായ്പകളുടെ പലിശനിരക്കും താരതമ്യേന കുറവാണ്.
സാധാരണ കാർ വിപണിയിൽ ആകർഷകമായ ഓഫറുകൾ വരുന്ന സമയമാണ് ഡിസംബർ മാസം. ആകർഷകമായ കിഴിവുകൾ നൽകി വർഷാവസാന സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള തിരക്കുകളിലാണ് വാഹന ഡീലർമാരും. അതിനാൽ, ഏറെ നാളായി ഒരു കാറെന്ന സ്വപ്നം നിങ്ങൾ മനസ്സിൽ താലോലിക്കുന്നുവെങ്കിൽ പുതിയ കാർ വാങ്ങാൻ ഇതിലും മികച്ച സമയമില്ല. ഇഷ്ടവാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാർ വായ്പകൾ എടുക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
വായ്പ കാലാവധി
മിക്ക വായ്പകൾക്കും ഏഴ് വർഷം വരെ ബാങ്കുകളും ലോൺ ദാതാക്കളും തിരിച്ചടവ് കാലാവധി നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാർ വായ്പകൾക്ക് ഏഴു വർഷം വരെയാണ് തിരിച്ചടവ് കാലാവധി നൽകുന്നത്. വായ്പ വീട്ടാൻ കൂടുതൽ സമയം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിൽ ദീർഘകാല വായ്പകൾ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ യഥാർത്ഥ്യത്തിൽ ഉയർന്ന പലിശ വിഹിതവും അധിക സാമ്പത്തിക ബാധ്യതയുമാണ് വരുന്നത്. അതിനാൽ തന്നെ ദീർഘകാല വായ്പ കാലാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ഉദാഹരണത്തിന്, നിങ്ങൾ 9.5 ശതമാനം പലിശനിരക്കിൽ എട്ട് ലക്ഷം രൂപ വായ്പയെടുക്കുകയാണെങ്കിൽ നാലുവർഷത്തെ വർഷത്തെ കാർ വായ്പയ്ക്കുള്ള ഇഎംഐ 20,099 രൂപയും എട്ടു വർഷത്തെ കാർ വായ്പയ്ക്കുള്ള ഇഎംഐ 11,929 രൂപയുമാണ്. പ്രതിമാസം അടക്കേണ്ട ഇഎംഐയിൽ പകുതിയോളം കുറവ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യക്ഷത്തിൽ ഉള്ള ഗുണം. ഇനി പലിശയുടെ കാര്യം നോക്കാം, നാലുവർഷത്തെ കാർ വായ്പയിൽ നിങ്ങൾ അടയ്ക്കുന്ന പലിശ 1.64 രൂപയാണ്. അതേസമയം എട്ടുവർഷമാണ് ലോൺ കാലാവധിയെങ്കിൽ പലിശ ഇനത്തിൽ ഏതാണ്ട് 3.45 ലക്ഷം രൂപയാണ് അടക്കേണ്ടി വരുന്നത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ, കുറഞ്ഞ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികലാഭം നൽകുക.
Read more: പണം ഇരട്ടിയാക്കണോ? ഇതാ, സുരക്ഷിതമായൊരു നിക്ഷേപം
കുറഞ്ഞ വായ്പ കാലാവധിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദീർഘകാല വായ്പകളിൽ ഈടാക്കുന്ന പലിശനിരക്കും കൂടുതലാണ്. ഹ്രസ്വകാല വായ്പകളെ അപേക്ഷിച്ച് 50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശനിരക്കാണ് ബാങ്കുകൾ ദീർഘകാല വായ്പകളിൽ ഈടാക്കുന്നത്. ബാങ്കുകൾ അധിക ക്രെഡിറ്റ് റിസ്ക് നികത്തുന്നത് ഇങ്ങനെയാണ്.
കാർ മൂല്യത്തകർച്ചയുള്ള സ്വത്താണെന്ന കാര്യം മറക്കരുത്. വസ്തുവോ വീടോ സ്വർണമോ വാങ്ങുന്നതുപോലെയല്ല, വർഷങ്ങൾ കഴിയുന്തോറും കാറുകളുടെ റിസെയില്‍ വില താഴോട്ടാണ്. അതിനാൽ തന്നെ ഭീമമായ തുക വായ്പ എടുത്ത് കാറുകൾ വാങ്ങുന്നത് ബുദ്ധിപരമല്ല.
ഒരു കാറിന്റെ ശരാശരി ഉപയോഗ കാലയളവ് സാധാരണയായി അഞ്ച് വർഷമാണ്. അതിനു ശേഷം കാറിന് പലപ്പോഴും സെക്കൻഡ് ഹാൻഡ് വാല്യുവാണ് ലഭിക്കുന്നത്. അഞ്ചു വർഷത്തെ ഉപയോഗത്തിനു ശേഷം കാറുകൾ സെക്കൻഡ് ഹാൻഡ് ഉപയോക്താവിന് വിൽക്കുന്നവരും ഏറെയാണ്. ഇത്തരം അവസരങ്ങളിൽ ദീർഘകാല വായ്പാ കാലാവധി ഉണ്ടായിരിക്കുന്നത് ഉടമസ്ഥർക്ക് ഒരു ബാധ്യതയായി തീരും. കാർ വിറ്റതിന് ശേഷവും കുടിശ്ശികയുള്ള വായ്പ തിരിച്ചടയ്ക്കാൻ കാർ ഉടമ നിർബന്ധിതനാകുകയാണ്.
മിക്ക കാറുകൾക്കും കാർ നിർമ്മാതാക്കൾ നൽകുന്ന വാറന്റി ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ്. കാർ വാങ്ങി ആദ്യത്തെ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ സ്വാഭാവികമായും അറ്റക്കുറ്റപ്പണികൾ വരും. ആദ്യത്തെ മൂന്ന് സർവീസുകൾ പല കാർ നിർമാതാക്കളും സൗജന്യമായി ചെയ്ത് നൽകുന്നുണ്ട്, എന്നിരുന്നാലും പിന്നീടുള്ള സർവീസുകൾ ഏറിയ പങ്കും പണച്ചെലവുള്ളതാണ്. മാസാമാസമുള്ള ഇഎംഐയ്‌ക്ക് ഒപ്പം ഉയർന്ന സർവീസ് ചാർജും വരുന്നതോടെ വായ്പയെടുക്കുന്നയാളുടെ സാമ്പത്തിക ബാധ്യതയും വർധിക്കും.
പലിശ നിരക്ക് താരതമ്യം ചെയ്യുക
കാർ ലോണുകൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. പലിശ നിരക്കിനൊപ്പം, പ്രീ-പേയ്‌മെന്റ് ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, കാർ വായ്പയുമായി ബന്ധപ്പെട്ട മറ്റ് ചാർജുകൾ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കുക. രണ്ടോ മൂന്നോ ബാങ്കുകളുടെ കാർ ലോണുകളും അവരുടെ പലിശ നിരക്കുമെല്ലാം താരതമ്യം ചെയ്തതിനും ശേഷം വായ്പ ഏത് വേണമെന്ന് തീരുമാനിക്കുക. നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, മികച്ച നിരക്കുകൾക്കും അമിതമായ പല ചാർജുകളും എഴുതിത്തള്ളാനും വായ്പദാതാക്കളുമായി വിലപ്പേശാം. കാർ വായ്പ അനുവദിക്കുന്നതിലും ഓരോ ബാങ്കുകൾക്കും ഓരോ രീതിയാണ് ഉള്ളത്. സ്വകാര്യമേഖല ബാങ്കുകൾ കാറിന്റെ മുഴുവൻ എക്സ്ഷോറൂം വിലയ്ക്കും വായ്പയായി നൽകാറുണ്ട്. എന്നാൽ മറ്റു ബാങ്കുകൾ ചിലപ്പോൾ 80 ശതമാനം വായ്പയെ വാഗ്ദാനം ചെയ്യുന്നുള്ളൂ.
കാർ വായ്പ മാത്രമല്ല, അത്യാവശ്യം ഘട്ടങ്ങളിൽ വ്യക്തിഗത വായ്പ (പേർസണൽ ലോൺ) ഉപയോഗിച്ചും നിങ്ങൾക്ക് കാർ സ്വന്തമാക്കാം. വിദേശ യാത്രയ്ക്കോ, വീട് പുതുക്കി പണിയുന്നതിനോ ഒക്കെ വ്യക്തിഗത വായ്പ പ്രയോജനപ്പെടുത്തുന്നതുപോലെ അത്യാവശ്യ ഘട്ടങ്ങളിൽ കാർ വാങ്ങാനും നിങ്ങൾക്ക് വ്യക്തിഗത വായ്പ എടുക്കാം. വ്യക്തിഗത വായ്പയ്ക്ക് ഒന്നും തന്നെ ഈട് നൽകുകയോ വായ്പ എടുക്കുന്നതിനുള്ള കാരണം വ്യക്തമാക്കുകയോ ചെയ്യേണ്ടതില്ല. അതേസമയം കാർ വായ്പയുടെ കാര്യത്തിൽ, നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാനായില്ലെങ്കിൽ കുടിശ്ശിക ഈടാക്കാൻ ബാങ്കിന് കാർ പിടിച്ചെടുക്കാൻ കഴിയും. വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുകയും കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും. കാർ ലോണിനെ അപേക്ഷിച്ച് വ്യക്തിഗത വായ്പയ്ക്ക് പല ബാങ്കുകളും ഉയർന്ന പലിശയാണ് ഈടാക്കുന്നത്.