ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ 2021-22 ബജറ്റ് അവതരണത്തിൽ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ആദായ നികുതി റിട്ടേണിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കുമെന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം മൂലധന നേട്ടം (കാപിറ്റൽ ഗെയിൻസ്), ലാഭവിഹിതം (ഡിവിഡന്റ് ഇൻകം), പലിശ വരുമാനം (ഇന്ററസ്റ്റ് ഇൻകം) എന്നിവയുടെ വിവരങ്ങൾ റിട്ടേണിൽ മുൻ‌കൂട്ടി ചേർത്തിരിക്കും.

മുൻകൂട്ടി പൂരിപ്പിച്ച (പ്രീ ഫിൽഡ് ) ടാക്സ് റിട്ടേണിന് ആഗോളതലത്തിൽ ജനപ്രീതിയും സ്വീകാര്യതയും ലഭിക്കുന്ന് സാഹചര്യത്തിലാണ് ഈ നീക്കം.

പെൻഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസ്സിന് മുകളിലുള്ളവർ അവരുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: സ്വകാര്യ വാഹനങ്ങൾക്ക് ആയുസ് 20 വർഷം; പൊളിക്കൽ നയമായി

“75 വയസ്സിനും അതിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള ബാധ്യത കുറയ്ക്കും. പലിശ വരുമാനം മാത്രമുള്ള 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല,” ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ചെറുകിട നികുതിദായകർക്കുള്ള വ്യവഹാര നടപടികൾ ലഘൂകരിക്കുന്നതിന്, ഇൻകം ടാക്സ് അപ്പെലറ്റ് ട്രൈബ്യൂണൽ നടപടികളെ ഫെയ്സ്‌‌ലെസ് രീതിയിലാക്കി മാറ്റം വരുത്താനും സർക്കാർ തീരുമാനിച്ചു. ഓൺലൈൻ ആശയ വിനിമയം മാത്രമാവും ട്രൈബ്യൂണൽ നടപടികളുമായി ബന്ധപ്പെട്ടുണ്ടാവുക.

തർക്ക പരിഹാരവുമായി ബന്ധപ്പെട്ട് കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാൻ ഒരു ഫെയ്സ്‌‌ലെസ് ഡിസ്പ്യൂട്ട് റെസലൂഷൻ കമ്മറ്റി രൂപീകരിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. 50 ലക്ഷം രൂപ വരെ നികുതി വരുമാനമുള്ളതും, തർക്കത്തിലുള്ള വരുമാനം 10 ലക്ഷം രൂപ വരെയുള്ളവരുമായ ആർക്കും സമിതിയെ സമീപിക്കാൻ അർഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി; കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ

നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യുന്നതിനുള്ള സമയപരിധി നിലവിലെ ആറ് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി ചുരുക്കി.

ആദായനികുതി സമർപ്പിക്കൽ വർദ്ധിച്ചതായി ധനമന്ത്രി പറഞ്ഞു. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014 ലെ 3.31 കോടിയിൽ നിന്ന് 2020 ൽ 6.48 കോടിയായി ഉയർന്നു.

Read More: ജനപ്രിയ പ്രഖ്യാപനങ്ങളില്ല; പരിഷ്കരണത്തിനു പ്രാധാന്യം: കേന്ദ്ര ബജറ്റിനെക്കുറിച്ച് 10 കാര്യങ്ങൾ

അതേസമയം, വ്യക്തിഗത നികുതിദായകർക്കായി ഒരു പ്രഖ്യാപനവും ബജറ്റിൽ നടത്തിയിട്ടില്ല, ആദായ നികുതി സ്ലാബുകളിൽ ഇപ്പോൾ മാറ്റമൊന്നുമില്ലെന്ന് അത് സൂചിപ്പിക്കുന്നു.

ധനമന്ത്രി നിർമ്മല സീതാരാമൻ “മുമ്പെങ്ങുമില്ലാത്തവിധമുള്ള” ഒരു ബജറ്റാണ് അവതരിപ്പിച്ചത്. ഇത് കോവിഡ് -19 രോഗബാധയ്ക്ക് ശേഷമുള്ള രാജ്യത്തെ ആദ്യ ബജറ്റാണ്. ഒപ്പം മോദി സർക്കാരിനു കീഴിലുള്ള ഒമ്പതാമത്തെ ബജറ്റും. 2019 ൽ ധനമന്ത്രിസ്ഥാനത്തെത്തിയ ശേഷം നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook