IRCTC Tatkal Ticket Bookings: പെട്ടന്നുളള യാത്രകൾക്ക് ട്രെയിൻ യാത്രക്കാർക്ക് സഹായമേകുന്നതിനാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്. ഓരോ വർഷവും തത്കാൽ ടിക്കറ്റുകളിലൂടെ കോടികളുടെ വരുമാനമാണ് റെയിൽവേയ്ക്ക് കിട്ടുന്നത്. 1997-ലാണു റെയിൽവേ തത്കാൽ ടിക്കറ്റ് ഏർപ്പെടുത്തിയത്. ആദ്യം തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിൽ മാത്രമായിരുന്നു സംവിധാനം.
ട്രെയിൻ പുറപ്പെടുന്നതിനു തലേ ദിവസമാണ് തത്കാൽ ടിക്കറ്റ് നൽകുന്നത്. രാവിലെ 10 ന് എസി ടിക്കറ്റും 11 മുതൽ സ്ലീപ്പർ ടിക്കറ്റും നൽകിത്തുടങ്ങും. തത്കാൽ ടിക്കറ്റുവാങ്ങാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിർബന്ധമാണ്. ഒരു തിരിച്ചറിയൽ കാർഡിൽ നാലു ടിക്കറ്റ് മാത്രമേ നൽകൂ. യാത്രയിലുടീളം തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം.
IRCTC Tatkal Ticket Bookings: ഐആർസിടിസി തത്കാൽ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ
സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ടിക്കറ്റിനൊപ്പം ടിക്കറ്റ് ചാർജിന്റെ 10 ശതമാനവും മറ്റുളളവയ്ക്ക് 30 ശതമാനവുമാണ് തത്കാലിൽ ഈടാക്കുന്നത്. എസി കോച്ചുകളിൽ കുറഞ്ഞത് 100 രൂപയും കൂടിയത് 500 രൂപയുമാണു തൽകാൽ ടിക്കറ്റിനു അധികമായി നൽകേണ്ടത്. തത്കാൽ വഴി കൺഫേമായ ടിക്കറ്റുകൾ കാൻസൽ ചെയ്യാൻ കഴിയില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ തത്കാൽ സ്കീം പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഫീസ്, തത്കാൽ ചാർജുൾപ്പെടെ മുഴുവൻ തുകയും തിരികെ നൽകും.
IRCTC Tatkal Ticket Bookings: യാത്രക്കാർക്ക് റീഫണ്ട് അവകാശപ്പെടാവുന്ന സന്ദർഭങ്ങൾ
1. ഷെഡ്യൂൾ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂറിനകം ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ യാത്ര കാൻസൽ ചെയ്യുമ്പോൾ റീഫണ്ട് ലഭിക്കും.
2. ട്രെയിൻ വഴിമാറി പോകുകയാണെങ്കിൽ യാത്രക്കാർക്ക് അത് വഴി പോകേണ്ടതില്ലെങ്കിൽ ടിക്കറ്റ് കാൻസൽ ചെയ്ത് റീഫണ്ട് വാങ്ങാം
3. ബുക്ക് ചെയ്ത ക്ലാസിനേക്കാൾ താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാൽ യാത്ര ചെയ്യാൻ താൽപര്യമില്ലെങ്കിൽ റീഫണ്ട് വാങ്ങാം. താഴ്ന്ന ക്ലാസിൽ യാത്ര ചെയ്താൽ അതിൽ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.
4. വെയിറ്റിങ് ലിസ്റ്റ്, ആര്‍എസി (RAC) തത്കാല്‍ ടിക്കറ്റുകള്‍ യാത്രയ്ക്ക് 30 മിനിറ്റ് മുമ്പ് കാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കും.
5. ഒന്നിലധികം തത്‍കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും അതില്‍ ചിലതിന് കൺഫര്‍മേഷന്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ യാത്രയ്ക്ക് 30 മിനിറ്റു മുൻപുവരെ എല്ലാ ടിക്കറ്റും റീഫണ്ടോടെ കാൻസല്‍ ചെയ്യാം.
6. യാത്രയ്ക്കായി തത്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയാൽ റീഫണ്ട് അവകാശപ്പെടാനാവും.