ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഇരുസഭകളുടെയും സം​യു​ക്ത സ​മ്മേ​ള​ന​ത്തെ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മോദി സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം കൂടിയാണിത്. പാർലമെന്റ് സ​മ്മേ​ള​ന​ത്തി​​ന് മു​ന്നോ​ടി​യാ​യി സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചിരുന്നു.

അ​രു​ൺ ജെ​യ്​​റ്റ്​​ലി​യു​ടെ അ​ഭാ​വ​ത്തി​ൽ മോദി സർക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് ധനവകുപ്പിന്റെ താത്‌കാലിക ചുമതല വഹിക്കുന്ന പീയൂഷ് ഗോയലാകും ലോക്‌സഭയിൽ അവതരിപ്പിക്കുക. ബജറ്റിന്‌ മുന്നോടിയായുള്ള സാമ്പത്തിക സർവ്വേ ഇന്ന് ലോക്‌സഭയിൽ വയ്ക്കും. 14 ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റ് സമ്മേളനം ഫെബ്രുവരി 13നാണ് അവസാനിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളും പദ്ധതികളും ഇടക്കാല ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. കർഷകർക്ക് പലിശ രഹിത വായ്‍പ, ആദായനികുതി പരിധി ഉയർത്തൽ ഉൾപ്പടെയുള്ള ക്ഷേമ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ത്ത​ലാ​ഖ്​ ബി​ല്ലും പൗ​ര​ത്വ ​ബി​ല്ലും ഇന്ന് ആരംഭിക്കുന്ന ​സ​മ്മേ​ള​ന​ത്തി​ലും പാ​സാ​ക്കാ​നു​ള്ള ശ്ര​മം സ​ർ​ക്കാ​ർ ന​ട​ത്തും. പ്രതിപക്ഷ സഹകരണമില്ലാതെ ഈ ബില്ലുകൾ രാജ്യസഭയിൽ പാസാക്കാൻ സർക്കാരിന് സാധിക്കില്ല. റഫാൽ ഇടപാടിനെച്ചൊല്ലി ശീതകാലസമ്മേളനത്തിൽ തുടങ്ങിയ ഭരണ-പ്രതിപക്ഷ യുദ്ധം തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook