India Union Budget 2019, Expectations for Women: കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോക് സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ബജറ്റ് സ്ത്രീകള്‍ക്ക് എത്രത്തോളം പ്രാമുഖ്യം നല്‍കും എന്ന ചോദ്യം ഏറെ പ്രസക്തമാണ്. 2018ലെ സാമ്പത്തിക സര്‍വേ പുറത്തിറങ്ങിയത് പിങ്ക് നിറത്തിലുള്ള പുറം ചട്ടയോടെയായിരുന്നു. വാര്‍പ്പുമാതൃകകളോട് ചേര്‍ന്നു തന്നെ നില്‍ക്കുമ്പോളും നയം രൂപീകരിക്കുന്നവര്‍ ലിംഗ രാഷ്ട്രീയത്തെ മനസിലാക്കുന്നു എന്നത് പ്രതീക്ഷാജനകമായിരുന്നു. ഇതിന് പിന്നാലെ വന്ന ബജറ്റ് ഈ സര്‍വ്വേയോട് നീതി പുലര്‍ത്തിയോ? 2018ലെ ബജറ്റ് സ്ത്രീകള്‍ക്ക് നല്‍കിയത് എന്തായിരുന്നു?

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷയ്ക്കായി 2018ലെ ബജറ്റ് 28.8 കോടി രൂപയാണ് നീക്കി വച്ചത്. അതിന് തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ കൂടുതലായിരുന്നു ഇത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും അക്രമങ്ങളെ അഭിമുഖീകരിച്ച സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള വണ്‍ സ്‌റ്റോപ്പ് സെന്റര്‍ സ്‌കീം അഥവാ ‘സഖി’യ്ക്കായി 105.10 രൂപയാണ് 2018ലെ ബജറ്റില്‍ നീക്കി വച്ചത്. മഹിളാ പൊലീസ് വോളണ്ടിയര്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഏഴ് കോടി രൂപ വകയിരുത്തി. നിര്‍ഭയ പദ്ധതിക്കായി 500 കോടി രൂപ അനുവദിച്ചു. എന്നാല്‍ ആക്രമണം തടയുന്നതിനും ഇരകളെ പുനരധിവസിപ്പിക്കുന്നതിനുമായ ഉജ്ജ്വല പദ്ധതിക്കായി അനുവദിച്ച തുകയില്‍ വര്‍ദ്ധനയുണ്ടായില്ല. മുന്‍പത്തെ ബജറ്റിലെ പോലെ 50 കോടി രൂപ തന്നെയായിരുന്നു.

തൊഴില്‍ മേഖലയില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കല്‍

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സപ്പോര്‍ട്ട് ടു ട്രെയിനിങ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രോഗ്രാമം ഫോര്‍ വിമന്‍(സ്‌റ്റെപ്)എന്ന സ്‌കീമിന് 2017ലെ ബജറ്റില്‍ 40 കോടി അനുവദിച്ചപ്പോള്‍ 2018ല്‍ അത് അഞ്ച് കോടിയായി ചുരുക്കി. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ താമസ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനായി 60 കോടി രൂപ വകയിരുത്തി. മുന്‍പത്തെക്കാള്‍ 10 കോടി രൂപ അധികമായിരുന്നു. എന്നാല്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ കൂടെ കൊണ്ടുവരാനുള്ള നാഷണല്‍ ക്രെഷ് സ്‌കീമിനായി അനുവദിച്ച തുക 200 കോടിയില്‍ നിന്നും 128 കോടിയായി കുറച്ചു.

സാമൂഹിക ഉന്നമനം

ഗ്രാമീണ മേഖലയിലെ സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മഹിള ശക്തി കേന്ദ്ര സ്‌കീമിനായി മുന്‍ വര്‍ഷത്തെക്കാള്‍ നാലിരട്ടി തുക, അതായത് 267 കോടി രൂപയാണ് അനുവദിച്ചത്. പണമോ, കുടുംബമോ ഇല്ലാതെ ഒറ്റയ്ക്കാകുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സ്വധാര്‍ ഗ്രെഹ് സ്‌കീമിനായി 95 കോടി രൂപ നീക്കിവച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് കോടി രൂപ കുറവായിരുന്നു. പുകച്ചൂളയില്‍ നിന്നും സ്ത്രീകള്‍ക്ക് മുക്തി നല്‍കാനും ഇന്ധനം-എല്‍പിജി എന്നിവ നല്‍കാനുമായി ആരംഭിച്ച പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയ്ക്കായി 4,800 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 3 കോടി രൂപ അധികം എല്‍പിജി കണക്ഷനായി നല്‍കി.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കീം ഫോര്‍ അഡോളസെന്റ് ഗേള്‍സ്(എസ് എ ജി) എന്ന പദ്ധതിയ്ക്കായി 40 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. പ്രധാനമന്ത്രി സൗഭാഗ്യ യോജനയിലേക്ക് 16,000 കോടി രൂപ നീക്കി വച്ചു. ന്യൂനപക്ഷ വനിതകളില്‍ നേതൃപാടവം വളര്‍ത്തുന്നതിനായി ആരംഭിച്ച നയി റോഷ്‌നി പദ്ധതിയ്ക്കായി 15 കോടി വകയിരുത്തി.

വിദ്യാഭ്യാസം

പെണ്‍കുട്ടികളുടെ സമത്വത്തിനും വിദ്യാഭ്യാസത്തിനുമായി ആരംഭിച്ച വളരെ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇതിനായി 280 കോടി രൂപയാണ് വകയിരുത്തിയത്. തൊട്ടു മുമ്പത്തെ ബജറ്റില്‍ 200 കോടിയായിരുന്നു.

സാമ്പത്തികം

ഔദ്യോഗിക മേഖലയിലേക്കുള്ള സ്ത്രീകളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തി. പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി സഹായിക്കാന്‍ ആരംഭിച്ച മഹിളാ കോഷിനായുള്ള തുക ഒരു കോടിയില്‍ നിന്നും ഒരു ലക്ഷമായി കുറച്ചു.

ആരോഗ്യവും പ്രസവ ആനുകൂല്യവും

സ്ത്രീകളുടെ ക്ഷേമത്തിനായി ആരംഭിച്ച നാഷണല്‍ ന്യൂട്രീഷന്‍ മിഷനായി 3000 കോടി രൂപ അനുവദിച്ചു. എന്നാല്‍ പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജനയില്‍ 300 കോടി വെട്ടിച്ചുരുക്കി 2400 കോടി വകയിരുത്തുകയാണ് കഴിഞ്ഞ ബജറ്റില്‍ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook