ബജറ്റ് എന്നും കണക്കുകൾ കൊണ്ടുള്ള കളിയാണ്. സമർത്ഥനായ ഒരു ധനമന്ത്രിക്ക്, അനുയോജ്യമായ രീതിയിൽ അത് അവതരിപ്പിച്ച് അനുകൂലമാക്കാം. അതേ കണക്കുതന്നെ, വേറൊരു വ്യക്തിക്ക് സമ്പദ് വ്യവസ്ഥയുടെ നേർക്കാഴ്ചയും പ്രദാനം ചെയ്യും. ഈ കണക്കു വച്ചുള്ള കളി കളിക്കാത്ത ധനമന്ത്രിമാർ കുറവാണ്. എന്നാൽ സ്വന്തം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു ധനമന്ത്രിയും കളിയ്ക്കാൻ തയ്യാറാവില്ലെന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയത്തിൽ ‘കള്ളൻ’ എന്ന പേരിനേക്കാളും വലുതാണ് ‘വിശ്വസിക്കാൻ കൊള്ളാത്തവൻ’ എന്ന ദുർനാമം.

ചിലർ തനിക്കനുകൂലമായ കണക്കുകൾ മാത്രം പറഞ്ഞ് അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കും. കള്ളം പറയുന്നില്ല, എന്നാൽ സത്യവും പറയുന്നില്ല എന്ന രീതി. കേരള ധനമന്ത്രി തോമസ് ഐസക്, മുൻ ധനമന്ത്രി പി.ചിദംബരം എന്നിവർക്ക് പുറമെ, വാജ്‌പേയ് സർക്കാരിലെ ധനമന്ത്രിമാരും ഈ ഗണത്തിൽ പെടുന്നവരാണ്. എന്നാൽ അരുൺ ജെയ്റ്റലിയുടെ ശൈലി  കള്ളക്കണക്കു നിരത്തുക എന്നതാണ്. കണക്കുകൾ പൊലിപ്പിച്ചു യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാമെന്ന മാർക്കറ്റിങ് രീതി കൂടിയാണത്. അതിനാൽ തന്നെ, പിയുഷ് ഗോയൽ താൻ ജെയ്റ്റ്ലിയുടെ നല്ല പകരക്കാരനാണെന്നു വെളിവാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഇക്കണോമിക് സർവ്വേയുടെ പിൻബലം ഇല്ലാത്തതിനാൽ, അവലോകനം ചെയ്യുന്ന ഒരാൾക്കും കൃത്യമായ കണക്കുകൾ ഒന്നും കൈയ്യിലും ഇല്ല. എത്രനല്ല അവസരം!

2019-20 ലെ കേന്ദ്ര ബജറ്റ് പ്രസംഗം കേൾക്കുന്ന ഒരാൾ നല്ല കൈയടി, ഗോയൽ സാബിനും വലിയ സാബിനും കൊടുക്കും. ഇന്ത്യൻ മധ്യവർഗ്ഗത്തെ ഇത്രമാത്രം അംഗീകാരം കിട്ടിയ ഒരു ബജറ്റ് അടുത്ത കാലത്തു ഉണ്ടായിട്ടില്ല. വരുമാന നികുതിയുടെ അടിസ്ഥാനം ഉയർത്തിയോ? ഇല്ല. നികുതി നൽകേണ്ട അടിസ്ഥാന വരുമാനം ഉയർത്തിയില്ല, പകരം ധാരാളം നികുതി ഇളവുകൾ നൽകി. ആ ഇളവുകൾ അടിസ്ഥാന വരുമാനവുമായി ബന്ധപ്പെടുത്തി ഒരു പുകമറയുണ്ടാക്കുകയാണ് ഗോയൽ ചെയ്തിരിക്കുന്നത്.

നികുതി ഇളവുകൾ പ്രധാനമായും മധ്യവർഗത്തിന്റെ സ്വത്തു കൂട്ടാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളളതാണ്. മധ്യവർഗ്ഗത്തെ പ്രീതിപ്പെടുത്തുന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ബജറ്റ് പ്രസംഗം വഴി അത് നേടാൻ ഗോയലിനു കഴിഞ്ഞിട്ടുണ്ട്.  സർക്കാർ സർവിസീലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അത് പ്രീതിപ്പെടുത്തും. ഇവർ സത്യം മനസ്സിലാക്കുന്നത് ഒരു വർഷം കഴിഞ്ഞു മാത്രമാകും. ഈ ഇളവുകൾ നികുതി വരുമാനത്തെ കാര്യമായി ബാധിക്കില്ല. കാരണം ഒരു ശതമാനം ജനം 77 ശതമാനം വരുമാനവും സ്വത്തും കൈവശം വച്ചിരിക്കുന്ന രാജ്യമാണിത്. എത്ര ഭംഗിയായി ഗോയൽ ജനങ്ങളെ, ബജറ്റ്‌ അനലിസ്റ്റുകളെ ഒക്കെ കബളിപ്പിച്ചു എന്ന് മനസിലാവുമ്പോൾ മോദി രണ്ടാമൂഴമെന്ന ലക്‌ഷ്യം നേടിക്കഴിഞ്ഞിട്ടുണ്ടാവും.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലാണ്. ജിഡിപി നിരക്ക് 7.2 ശതമാണെന്നു പറയുമ്പോഴും, ജിഡിപിയിൽ നികുതിയുടെ പങ്കില്‍ സമ്പദ് വ്യവസ്ഥ മോശമായിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തേക്കാളും ചെറിയ വർദ്ധനവേ ഉണ്ടായിട്ടുള്ളൂ. ഇന്നും പ്രത്യക്ഷ നികുതി തന്നെയാണ് ഇൻഡയറക്ട് നികുതിയെക്കാളും മുൻപിൽ. മൻമോഹൻ സർക്കാരിന്റെ രണ്ടാം ഊഴത്തിൽ ഈ വിടവ് വലുതായിരുന്നു. മാന്ദ്യം ബാധിച്ച ഒരു സമ്പദ് വ്യവസ്ഥയുടെ നേർക്കാഴ്ച്ചയായി ഇതിനെ കാണാം. ജിഡിപി വളരുന്നു എന്ന് പറഞ്ഞാലും, സമ്പദ്‌വ്യവസ്ഥ ഒരു മാന്ദ്യാവസ്ഥയിലൂടെ കടന്നു പോവുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അത്തരം ഒരു അവസ്ഥയിൽ ധനമന്ത്രിക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഗോയൽ അവതരിപ്പിച്ചിട്ടുള്ളു. മാന്ദ്യം നേരിടാനുള്ള ഒരു ഉത്തേജനവും നൽകിയിട്ടുമില്ല.

ഇങ്ങിനെയൊരു സ്ഥിതി വിശേഷത്തിൽ എങ്ങിനെയാണ് ധനമന്ത്രി പണം ചിലവാക്കുന്നത്? മൊത്തം ചെലവിന്റെ 23 ശതമാനം നിഷ്ക്രിയ ചിലവാണ്. പെൻഷൻ അഞ്ചു ശതമാനം, പലിശ 18 ശതമാനം. അതായത് നാലിൽ ഒരു രൂപ നിക്ഷ്ക്രിയമായി പോകുന്നു. പിന്നെയുള്ള 77 ശതമാനം വച്ചുള്ള കളിയാണ് ഈ ബജറ്റ്‌.

പ്രതിരോധ മന്ത്രാലയത്തിനാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്.  കാർഷിക മേഖലയ്ക്കും, ഗോമാതാവിനും ഉയർന്ന തുകകൾ വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യ ഇത്രമാത്രം അഭിവൃദ്ധിപ്പെട്ടിട്ടുള്ള കാലഘട്ടത്തിൽ, പരമ്പരാഗത സൈന്യത്തെ വേണോ എന്ന് ചോദിക്കേണ്ട സമയമായി. ലോകത്തിലെ ഏറ്റവും വലിയ സൈന്യം എന്ന് വീമ്പടിക്കാം. ആളുകൾക്ക് പകരം സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈന്യത്തെ പരിഷ്‌കരിക്കേണ്ട കാലം എന്നേ കഴിഞ്ഞു. എന്നാൽ ഈ അധിക നീക്കിയിരുപ്പ് എന്തിനാണെന്ന് വ്യക്തമാക്കാതെ പെൻഷനിൽ ആണ് മന്ത്രി ഊന്നൽ നൽകിയത്. ഈ ബജറ്റിന്റെ നല്ലൊരു ശതമാനം പോകുന്നത് പെൻഷൻ നൽകാനും ശമ്പളം നൽകാനും ആണെന്ന് മറക്കണ്ട. പിന്നെ ഒരു ഇടക്കാല ബജറ്റിലെ നീക്കിയിരുപ്പിന് വലിയ കാര്യം ഒന്നും ഇല്ല.

കർഷകർക്ക് നൽകിയിരിക്കുന്ന 6000 രൂപ അവരെ അപമാനിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ വർഷത്തേക്കാളും കാര്യമായ വർദ്ധനവ് താങ്ങു വില നൽകുന്നതിനോ, കാർഷിക മേഖലയിലെ മറ്റു കാര്യങ്ങൾക്കോ ഒന്നും ഉണ്ടായിട്ടില്ല. അതുപോലെ അസംഘടിത മേഖലയിലെ പെൻഷൻ, അത് ചതിയാണെന്നു കാലം തെളിയിക്കും. ചുരുക്കത്തിൽ കർഷകരെയും അസംഘടിത തൊഴിലാളികളെയും ചതിക്കാനുള്ള കുഴികളാണ് ഗോയൽ കുഴിച്ചുവെച്ചിരിക്കുന്നത്.

അതുപോലെ തന്നെ, 2700 കോടി രൂപ നീക്കി വച്ച ആയുഷ്മാൻ ഭാരത് സ്‌കീം മറ്റൊരു കളളമാണ്. കഴിഞ്ഞ വർഷം 10 കോടി ആളുകൾക്ക് ഉപകാരപ്പെട്ടെന്ന പ്രഖ്യാപനം ഗോയലിന്റെ വിശ്വാസ്യത തീർത്തും ഇല്ലാതാക്കുന്നതാണ്. 250 രൂപ ഒരു വ്യക്തി ചെലവ് ചെയ്തിട്ട്, അതിലേറെ നേട്ടമുണ്ടാക്കിയാൽ, ആ ഇൻഷുറൻസ് കമ്പനി പൊട്ടിപൊളിയാൻ അധിക സമയം വേണ്ടെന്നു മനസിലാക്കാൻ പ്രായോഗിക ജ്ഞാനം മാത്രം മതി. ഇത്ര അബദ്ധങ്ങൾ ഒരു ഉളുപ്പുമില്ലാതെ പറയുന്ന ധനമന്ത്രിയുടെ വിശ്വാസ്യത എന്താണ്?

അവസാനം നമ്മുടെ കുട്ടികൾ. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലക്ക് എന്ത് നൽകി എന്ന് ചോദിച്ചാൽ കാര്യമായ ഒന്നും ഇല്ല എന്ന് മാത്രമല്ല. അത് ബജറ്റ്‌ പ്രസംഗത്തിൽ കൊണ്ടുവരേണ്ട കാര്യമാണെന്ന് പോലും മന്ത്രിക്ക് തോന്നിയില്ല. വിദ്യാഭ്യാസത്തിനോടുള്ള നമ്മുടെ കരുതൽ അത്രയേ ഉള്ളു എന്നർത്ഥം.

എന്തായാലും, മോദിയുടെ സ്വപ്ന പദ്ധതിയുടെ അടങ്കൽ  മന്ത്രി കുറച്ചു കളഞ്ഞു. സ്വച്ഛ് ഭാരത് മിഷൻ – അത് കഷ്ടം ആയി. കാരണം ഇന്ത്യ വൃത്തിയായി എന്നാണ് കണക്ക്. 98 ശതമാനം പ്രദേശങ്ങളിലെയും തുറന്ന മലവിസർജനം അവസാനിച്ചു പോലും. ഇന്ത്യൻ റെയ്ൽവേയിലുടെ യാത്രചെയ്യുമ്പോൾ വരുന്ന ഗന്ധം പഴയ ഓർമ്മകളുടേതെന്നു സമാശ്വസിക്കാം.

കണക്കു വച്ച്, എത്ര ഭംഗിയായി, മന്ത്രി ജനങ്ങളെ പറ്റിച്ചു! എന്തിനു, പ്രസംഗം കേട്ടപ്പോൾ ഞാനും മനസിലാക്കിയത് ഗംഭീരം എന്നാണ്. എന്നാൽ ബജറ്റ്‌ പേപ്പറിന്റെ അകത്തളങ്ങളിലെ കണക്കുകൾ കാട്ടിയ യാഥാർഥ്യം മന്ത്രി വിശ്വാസ്യയോഗ്യനല്ല എന്നാണ്. പ്രണയത്തിലേക്ക് ഒരാളെ മോഹനസ്വപ്നങ്ങൾ നൽകി വീഴ്ത്തി വിവാഹം വരെ കൊണ്ടെത്തിച്ചു ഉപേക്ഷിക്കുന്ന ചതിയൻ കാമുകന്റെ വേഷമാണ് ഇന്ന് പിയുഷ് ഗോയൽ ലോക് സഭയിൽ അവതരിപ്പിച്ചത്. ഒപ്പം വീണ്ടും നാം ചോദിക്കേണ്ട ഒന്നുണ്ട്, പൊതുതിരഞ്ഞെടുപ്പിന് മുൻപ് എന്തിനീ പ്രഹസനം? ഇലക്ഷൻ മാനിഫെസ്റ്റോ അവതരിപ്പിക്കുന്ന തരത്തിലെ ഒരു ഡോക്യുമെന്റ്?

ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലസിറ്റുമാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook