മോദി സർക്കാറിന്റെ കാലാവധി പൂർത്തിയാകാനിരിക്കെ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ഇടത്തരം കുടുംബങ്ങൾ കാലങ്ങളായി കാത്തിരുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ഇപ്പോഴത്തെ 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് 100 ശതമാനം നികുതി ഇളവ് ലഭിക്കുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്.
ഇതിലൂടെ അഞ്ച് ലക്ഷം വരെ വരുമാനമുളള എല്ലാ നികുതിദായകർക്കും 12500 രൂപ വരെ ലാഭിക്കാൻ സാധിക്കും. ഇത് ടാക്സ് സ്ലാബിലുളള മാറ്റമല്ലാത്തതിനാൽ തന്നെ ഇത് എല്ലാവർക്കും ഗുണം ചെയ്യില്ല. എന്നാൽ പത്ത് ലക്ഷം വരെ വരുമാനമുളളവർക്ക് വീട് വായ്പയും, ട്യൂഷൻ ഫീസും നികുതിയിളവിന് വേണ്ടി നൽകാമെന്നുളള നിർദ്ദേശം നേട്ടമുണ്ടാക്കും.
ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ ’87 എ’ അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്‌സ് റിബേറ്റ്, 12,500 രൂപയായി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ബാധകം.
അതേസമയം ഇതിന്റെ കാലാവധി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. അതായത് ഈ റിബേറ്റ് എല്ലാ വർഷവും ലഭിക്കുമോ, അല്ല ഈ വർഷം മാത്രമേ ലഭിക്കുകയുളളൂ എന്നും വ്യക്തമല്ല. ഇടക്കാല ബജറ്റായതിനാൽ തന്നെ വരുന്ന നാല് മാസത്തേക്ക് മാത്രമാണ് ഇതിന്റെ സാധുത. അടുത്ത സർക്കാർ തീരുമാനം നടപ്പിലാക്കിയാൽ മാത്രമേ ഇടത്തരക്കാർക്ക് ഇളവ് ലഭിക്കൂ.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.
ഒന്നര ലക്ഷം രൂപ പ്രൊവിഡന്റ് ഫണ്ടിലോ, ഇൻഷുറൻസിലോ നിക്ഷേപിച്ചാൽ 50000 രൂപ വരെ നികുതി ഇളവ് നേടാനാകും. ഇതിന് പുറമെ 40000 രൂപ വരെയുളള പലിശ വരുമാനത്തിനും ഇനി മുതൽ നികുതി അടയ്‌ക്കേണ്ടതില്ല. ആദായനികുതിയിലെ സ്വാഭാവിക ഇളവ് 40000 രൂപയിൽ നിന്ന് 50000 ആക്കി മാറ്റും.
വിദ്യാഭ്യാസ വായ്പ, ദേശീയ പെൻഷൻ സ്കീം നിക്ഷേപം, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവയിലൂടെ 18500 രൂപ വരെ ടാക്സ് ലാഭിക്കാം.