ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അവസാന പൊതുബജറ്റ് സമ്മേളനം ഈ മാസം 31 ന് നടക്കാനിരിക്കെ ബിജെപി സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കരുതെന്ന് കോൺഗ്രസ്. ജനപ്രിയ വാഗ്ദാനങ്ങളുമായി സമ്പൂർണ്ണ ബജറ്റ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസ് എതിർപ്പുമായി രംഗത്ത് വന്നത്.

കേന്ദ്രത്തിൽ ഇക്കുറി തൂക്കുസഭ വരുമെന്നാണ് പ്രീ പോൾ സർവേ പ്രവചനം. എൻഡിഎക്ക് കനത്ത തിരിച്ചടി പ്രവചിക്കുന്ന ഫലങ്ങൾ കോൺഗ്രസ് കൂടുതതൽ ശക്തിയാർജ്ജിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതാണ് മോദി സർക്കാരിന് തലവേദന സൃഷ്ടിക്കുന്നത്.

സാധാരണ പൊതു തിരഞ്ഞെടുപ്പ് കാലാവധി വരെയുളള ഇടക്കാല ബജറ്റ് മാത്രമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കാറുളളത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സർക്കാർ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നതാണ് പതിവ്.

ആറു സമ്പൂർണ്ണ ബജറ്റുകൾ അവതരിപ്പിക്കാൻ ഒരു സർക്കാരിനും അവകാശമില്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പാർലമെന്റിനെ അസ്ഥിരപ്പെടുത്തുന്നതും ഭരണഘടനാ വിരുദ്ധമായ നടപടിയുമാണിതെന്നും അദ്ദേഹം കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഇത്തവണത്തെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ നടക്കുമെന്നാണ് വിവരം.

കരൾ രോഗത്തെ തുടർന്ന് അരുൺ ജയ്റ്റ്ലി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പിയൂഷ് ഗോയലാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കുക എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook