ഇന്ന് ഓഗസ്റ്റ് 19-ലോക ഫൊട്ടോഗ്രഫി ദിനം. പ്രകാശം കൊണ്ടുള്ള ചിത്രരചന എന്നാണ് ഗ്രീക്കിൽനിന്നു രൂപം കൊണ്ട ഫൊട്ടോഗ്രഫി എന്ന വാക്കിന്റെ അര്‍ഥം. ലോകത്തെ വൈവിധ്യമാർന്ന ജീവിതങ്ങളിലേക്ക് പ്രകാശം പടർത്തിയത് ഫൊട്ടോഗ്രഫി എന്ന കലയാണ്. ഒരുപക്ഷേ, ലോകത്തെ മാറ്റിത്തീർത്തതിലും മുന്നോട്ടുനയിച്ചതിലും അച്ചടി പോലെ തന്നെ പ്രധാനമായ പങ്ക് ഫൊട്ടോഗ്രഫിയും വഹിച്ചു.
യുദ്ധക്കെടുതികളും ദുരന്തങ്ങളും മാത്രമല്ല, പ്രകൃതിയുടെ വൈവിധ്യമാർന്ന കാഴ്ചകളും മനുഷ്യജീവിതവും ചരിത്രമുഹൂർത്തങ്ങളുമൊക്കെ ഈ മൂന്നാം കണ്ണിൽ അടയാളപ്പെടുത്തപ്പെട്ടു. ലോകത്തിന്റെ ഗതി നിർണയിച്ച സംഭവങ്ങളുടെ രേഖപ്പെടുത്തലായി ഈ അടയാളപ്പെടുത്തലുകൾ.
ചലിക്കുന്ന ലോകത്തെ നിശ്ചലമാക്കി ചരിത്രത്തിലേക്ക് ചേർത്തുവച്ച് മുന്നോട്ടു കുതിച്ച, കുതിക്കുന്ന കലയാണ് ഫൊട്ടോഗ്രഫി. കാമറ പകർത്തുന്നത് പലപ്പോഴും ചരിത്രത്തിലെ കാഴ്ചകൾ മാത്രമല്ല, ചരിത്രമെഴുതുന്ന കാഴ്ചകളുമാണ്. പലപ്പോഴും കാമറകണ്ട കാഴ്ചകൾ ചരിത്രമായി തീരുകയും ലോകത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്തു. ചിലപ്പോഴെങ്കിലും അവ മനുഷ്യജീവിതത്തെ പുനർ നിർണയിച്ചു. സമൂഹത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ അടരുകളിലേക്ക് ഫോക്കസ് ചെയ്തവർ, അതാത് ലോകത്തെ അടയാളപ്പെടുത്തി.
കാമറകള്‍ ഉപയോഗിച്ചുള്ള ഫൊട്ടോഗ്രഫിയുടെ ആദ്യകാലങ്ങളില്‍ പിക്ടോറിയല്‍ ചിത്രരചനാരീതിയാണ് ഉണ്ടായിരുന്നത്. ഈ രീതിയില്‍ ചിത്രങ്ങള്‍ ശരിക്കും ഫോക്കസ് ആകണമെന്ന് നിര്ബന്ധമില്ലായിരുന്നു. ഒരു തരം പെയിന്റിങ് ഫീല്‍ ഉണ്ടായാല്‍ മതിയായിരുന്നു. ലാന്ഡ്സ്കേപ്പുകളും പോട്രെയിറ്റുകളും ആയിരുന്നു ആദ്യകാല ഫൊട്ടോഗ്രഫി ചിത്രങ്ങള്‍.
നേര്‍ക്കാഴ്ചകളെ നന്നായി ഫോക്കസ് ചെയ്ത് ഷാര്‍പ് ആയി ചിത്രീകരിക്കുന്ന സ്ട്രെയിറ്റ് ഫൊട്ടോഗ്രാഫി രൂപമെടുത്തതോടെ കെട്ടിടങ്ങളും വഴിയോരക്കാഴ്ചകളും അത്തരത്തില്‍ പകര്‍ത്തപ്പെടാന്‍ തുടങ്ങി. ഇതില്‍നിന്നാണ് ആര്‍കിടെക്ചറല്‍, സ്ട്രീറ്റ്, ഫൊട്ടോഗ്രഫികള് പില്ക്കാലത്ത് ഉടലെടുക്കുന്നത്. ലാന്‍ഡ്സ്കേപ്പ് ഫൊട്ടോഗ്രാഫിയില്നിന്നാണ് നേച്ചര്‍, വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫി ശാഖകള്‍ വേര്‍തിരിക്കപ്പെടുന്നത്.
ലോക ഫൊട്ടോഗ്രാഫി ദിനത്തില്‍, പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ മാഹീന് ഹസന്റെ പത്ത് ചിത്രങ്ങളും അതിനു പിന്നിലെ അനുഭവങ്ങളും അദ്ദേഹം രേഖപ്പെടുത്തുന്നു.

സഹ്യപുത്രന്മാര്
തുറസായ സ്ഥലത്തുള്ള കാട്ടാനകളുടെ കാഴ്ച തേടിയാണ് ആനക്കുളത്ത് എത്തിയത്. കാത്തിരിപ്പിന്റെ രണ്ടാം നാള് വൈകിട്ട് ചിന്നം വിളികളുമായി അവര്‍ കാടിറങ്ങി വന്നു. ചെറു കൂട്ടങ്ങളായി എത്തിയ അവര്‍ വനാതിര്‍ത്തിയിലുള്ള ആറ്റിലിറങ്ങി, പ്രത്യേകതരം ലവണങ്ങള്‍ നിറഞ്ഞ വെള്ളം കുടിച്ച് ആഹ്ളാദിച്ച് ഉല്ലസിക്കുന്നത് സ്വപ്ന ലോകത്തെന്ന പോലെ മണിക്കൂറുകളോളം ഞാന്‍ കണ്ടിരുന്നു. ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞാനകള്‍ ഉള്‍പ്പെടെ ഏകദേശം നാല്‍പ്പതോളം ആനകളാണ് അന്ന് എന്റെ മുന്നിലെത്തിയത്. അതില്‍ രണ്ടുപേര്‍ തമ്മില്‍ ഇടക്കിടെയു ണ്ടാകുന്ന അതിഹൃദ്യമായ സൗഹൃദ സംഘട്ടന നിമിഷങ്ങള്‍ കാണാനായത് വലിയൊരു ഭാഗ്യമാണ്. മാങ്കുളത്തിനടുത്തുള്ള ആനക്കുളത്തുനിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം.

സംരക്ഷണവലയം
രാവിലെ ആരംഭിച്ച ആ കാനന യാത്രയില്‍ വന്യജീവികളെയൊന്നും കാണാനാവാത്തതിന്റെ നിരാശ വൈകുന്നേരമായതോടെ കൂടിക്കൊണ്ടി രുന്നു. യാത്ര അവസാനിക്കാന്‍ ഇനി അല്‍പ്പ ദൂരം മാത്രം. അപ്പോഴാണു കാടിന്റെ ഒരു വശത്തുനിന്ന് അനക്കങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആ ദിക്കിലേക്കു കണ്ണും കാതും കൂര്‍പ്പിച്ച് കാമറയുമായി ശ്രദ്ധാലുവായി. കാട്ടുപോത്തുകള്‍ ഒന്നൊന്നായി പുല്‍മേട്ടിലേക്കു വന്നുകൊണ്ടിരിക്കുന്ന അതി മനോഹരമായൊരു കാഴ്ച. ഒന്നും രണ്ടുമല്ല, മുപ്പതിലതികം കാട്ടുപോത്തുകള്‍. അതിലൊന്ന് ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞ്. അതിനു ചുറ്റുമൊരു സംരക്ഷണ വലയം തീര്‍ത്തു കൊണ്ടായി രുന്നു മറ്റുള്ളവ പുല്ലുതിന്നു നീങ്ങിക്കൊണ്ടിരുന്നത്. ഗവി വനമേഖലയില്‍നിന്നാണ് ഈ ദൃശ്യം.

അമൂല്യ മാതൃത്വം
ചുട്ടുപൊള്ളുന്ന വെയിലേറ്റ് ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണുംനട്ട് ആ പക്ഷി കുഞ്ഞുങ്ങള്‍ മരത്തിനുമുകളിലിരുന്ന് ഏറെ നേരമായി കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് ഒരു പൊട്ട് ദൃശ്യമായി. ആ പൊട്ട് വലുതായി വലുതായി താഴേക്കു വന്നുകൊണ്ടേയിരുന്നു. അത് ക്ഷണനേരം കൊണ്ട് ചുവപ്പും കറുപ്പും വെള്ളയും നിറങ്ങളുളള വലിയൊരു പക്ഷിയായി മാറി. ഭീമാകാരമായ ചിറകുകള് വിടര്‍ത്തി പക്ഷി, മരത്തിനു മുകളിലുള്ള തന്റെ കുഞ്ഞുങ്ങള്‍ക്കരികില്‍ പറന്നുവന്നിരുന്നു. കൊക്കുകള്‍ ഉരുമ്മിയുള്ള സ്നേഹ പ്രകടനത്തിന് ശേഷം പക്ഷി തന്റെ നീണ്ട കൊക്കിലൂടെ കുഞ്ഞുങ്ങളുടെ വായിലേക്ക് ദാഹജലം പകര്‍ന്നുകൊടുത്തു. വളരെ ദൂരെനിന്നു വയറ്റില്‍ ശേഖരിച്ചു കൊണ്ടുവന്ന വെള്ളം കൊടുത്ത ശേഷം ഓരോ മീനുകളായി തികട്ടിയെടുത്ത് കൊക്കിലൂടെ ആ പക്ഷി, കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ തുടങ്ങി. അതിമനോഹരമായ വര്‍ണ കൊക്കിന്റെയും കുഞ്ഞുങ്ങളുടെയും ഈ അമൂല്യ നിമിഷം തമിഴ്നാട് തിരുനല്‍വേലിയിലെ കൂന്താന്കുളം പക്ഷിസങ്കേതത്തില്നിന്നാണ് പകര്‍ത്തിയത്.

ഭീമന് തിര
മീന്‍പിടിക്കാന്‍ പോകുന്നതു മാത്രമല്ല തിരിച്ചുവരുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളിയാണ്. കട്ടമരത്തില്‍ മീന്‍പിടിത്തം കഴിഞ്ഞ് കരയ്ക്കു വരവേ, അപ്രതീക്ഷിതമായി തന്നെ വിഴുങ്ങാന്‍ വരുന്ന ഭീമന് തിരമാലയെ നെഞ്ചിടിപ്പോടെ തിരിഞ്ഞുനോക്കുകയാണ് ഈ മത്സ്യത്തൊഴിലാളി. ഉയര്‍ന്നുപൊങ്ങിയ തിര മത്സ്യത്തൊഴിലാളിയെ വിഴുങ്ങാന്‍ മുന്നോട്ടായുന്ന ഈ നിമിഷം തിരുവനന്തപുരം വേളി കടപ്പുറത്തുനിന്നാണ് പകര്‍ത്തിയത്.

പ്രതീക്ഷയുടെ കിരണങ്ങള്‍
തൂണുകളെ ബന്ധിപ്പിക്കുന്ന കുറുകെയുള്ള പടവുകള്‍ ഒന്നൊന്നായി പിന്നിട്ട് അയാള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. താഴെ ആര്‍ത്തലയ്ക്കുന്ന കടല്‍. അങ്ങകലെ പ്രകാശത്തിന്റെ കവാടം. പ്രതീക്ഷയുടെ കിരണങ്ങള്‍ തേടി അയാള്‍ അങ്ങേയറ്റത്ത് എത്തിയപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം. മുന്നോട്ട് ഇനി യാത്രയില്ല. വഴി അവസാനിച്ചിരിക്കുന്നു. നീണ്ട നേരം അയാള്‍ അവസാനത്തെ പടവില്‍ ചിന്താമഗ്നനായി ഇരുന്നു. അയാള്‍ക്കു കൂട്ടിരിക്കാനെന്ന വണ്ണം കുറേ വെള്ളക്കൊക്കുകള്‍ എങ്ങുനിന്നോ പറന്നുവന്ന് അരികിലിരുന്നു. തിരുവനന്തപുരം വലിയതുറ കടല്‍ പാലത്തിനു കീഴിലെ കാഴ്ച.

കാനന പുത്രന്
പേപ്പാറവനത്തില് പോയാല്‍ അതിരാവിലെ ആദിവാസി കുടിലിലെത്തി രാമന്കാണിയെ കണ്ട് സിഗരറ്റും ബീഡിയും കൊടുക്കുന്നത് എന്റെയൊരു പതിവാണ്. ഒന്നു രണ്ട് ബീഡി ആസ്വദിച്ച് പുകച്ച ശേഷം രാമന് കാണി കൂടെ വനത്തിലേക്കു വരും. വൈകുന്നേരം കാടിറങ്ങും വരെ അദ്ദേഹം ഒപ്പമുണ്ടാകും. അങ്ങനെ ഒരു യാത്രാ ദിവസം വനത്തില്‍ വച്ച് പെട്ടെന്ന് മഴ പെയ്തൊഴിയുകയും വല്ലാത്തൊരു മാസ്മരിക പ്രകാശം വനത്തെ പൊതിയുകയും ചെയ്തു. വനത്തിനുള്ളിലെ വലിയ പുല്‍ത്തകിടിയിലൂടെ അഗസ്ത്യാര്‍കൂടം മലയുടെ പശ്ചാത്തലത്തില്‍ രാമന് കാണി നടന്നുവരുന്ന കാഴ്ച അതിമനോഹരമായിരുന്നു. പേപ്പാറ വന്യജീവി സങ്കേതത്തിലെ കാണിത്തടം വനമേഖലയില്‍നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്.

അഗ്നിപാദങ്ങള്
വിസിലടി കേട്ടതോടെ ഭക്തർ, അഗ്നികുണ്ഡത്തിലേക്ക് എടുത്തുചാടി. കനലുകള്‍ക്ക് മുകളിലൂടെ കാലുകള്‍ വേഗത്തില്‍ ഓടാന്‍ തുടങ്ങിയ തോടെ ചുവപ്പും സ്വര്‍ണവും കലര്‍ന്ന നിറങ്ങളുള്ള തീനാളങ്ങള്‍ ഉയര്‍ന്നുപൊങ്ങി. കനലുകള്‍ ചുറ്റും തെറിച്ചു. പാദങ്ങള്‍ ഇടറി ചിലര്‍ തീ കുണ്ഠത്തില്‍ വീണുകൊണ്ടിരുന്നു. വേണ്ടപ്പെട്ടവര്‍ അവരെ താങ്ങിയെടുത്ത് മാറ്റുന്നു. ആദ്യ സമയത്തെ തിരക്ക് കുറഞ്ഞശേഷം അഗ്നിക്കാവടിയുടെ വ്യത്യസ്തമായ ഫ്രെയിം പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അഗ്നികുണ്ഡത്തിനരികിൽ തറയില്‍ താഴ്ന്നിരുന്ന് അതികഠിനമായ ചൂട് സഹിച്ച് കാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ നോക്കിയിരുന്നു. അപ്പോള്‍ എന്റെ കണ്ണുകളില്‍, കനലുകകളുടെ മുകളിലമര്ന്ന് അതിവേഗതയില്‍ നീങ്ങികൊണ്ടിരിക്കുന്ന പാദങ്ങള്‍ മാത്രം. തീക്കനലുകള്‍ക്കു മുകളില്‍ അമരുന്ന അതിലൊര് പാദം സെക്കന്‍ഡിന്റെ 500 ഭാഗത്തിലൊരു സമയത്തിലാണു പകര്‍ത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്ങുഴി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച.

നിശബ്ദ രോദനം
കടുത്ത വേനലിലെ ഒരു ദിവസമാണ് കാട്ടാനകളെ തേടിപ്പോയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വനഭാഗത്ത് വെള്ളം വറ്റിവരണ്ട് അടിത്തട്ട് ഉണങ്ങി വിണ്ടുകീറി കിടക്കുന്നു. അണക്കെട്ട് നിര്‍മിക്കുന്ന കാലത്ത് വെട്ടിമാറ്റിയ വന്മരങ്ങളുടെ കുറ്റികള്‍ പലയിടത്തും ഉയര്ന്നുനില്ക്കുന്നു. മണ്ണില്‍നിന്നു വാര്‍ന്നു വരുന്ന ഓരുവെള്ളം ഒഴുകി മരക്കുറ്റിയുടെ വേരുകളില്‍ തടഞ്ഞുനിന്ന് നിറം മാറിയിരിക്കുന്നു. ചിലതിനു കടും ചുവപ്പ് നിറം. ആ മരക്കുറ്റികള്‍ നിശബ്ദമായി രക്തക്കണ്ണീര്‍ വാര്ത്തുകൊണ്ടിരിക്കകയാവാം. തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്നു പകര്‍ത്തിയ ചിത്രം.

അതിജീവനം
വിശപ്പിനെ മറന്ന് ജീവിക്കുകയെന്നത് ഏതു ജീവജാലങ്ങള്‍ക്കും അസാധ്യമായ കാര്യമാണ്. ജീവന് നിലനിര്‍ത്താന്‍ എന്തെങ്കിലും ഭക്ഷിച്ചേ മതിയാകൂ. മനുഷ്യന് ഒഴികെയയുള്ള എല്ലാ ജീവജാലങ്ങളും ലഭിക്കുന്ന ഭക്ഷണം അതേ പടി കഴിക്കുന്നു. ഒരു പച്ചിലപ്പാമ്പ് ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് തവളയെ പിടിച്ച് വിഴുങ്ങുന്നതാണ് കാഴ്ച. ഒരു ജീവിയുടെ നിലനില്‍പ്പിനായി മറ്റൊരു ജീവിയുടെ മരണം. തിരുവനന്തപുരം പൊന്മുടി വനമേഖലയില്‍നിന്നു പകര്‍ത്തിയ ചിത്രം.

വെള്ളച്ചാട്ടത്തിനു മുന്നിലെ നെഞ്ചിടിപ്പിന്റെ നിമിഷം
കാടിനുളളിൽ വലിയ ശബ്ദത്തോടെ പതിക്കുന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഒറ്റയ്ക്കു നോക്കി നില്ക്കുക വല്ലാത്തൊരു അനുഭവമാണ്. അങ്ങിനെ നോക്കിനിൽക്കുന്ന രംഗം ഫൊട്ടോഗ്രാഫര്‍ സ്വയം എസ്എല്‍ആര്‍ ക്യാമറയില്‍ പകര്‍ത്തുകയെന്നത് അതിലും വലിയൊരു അനുഭവം. ട്രൈ പോഡിൽ ഉറപ്പിച്ച ക്യാമറയില്‍ നോക്കി ഫ്രെയിം നിശ്ചയിച്ച ശേഷം 10 സെക്കന്‍ഡ് ടൈമര്‍ സെറ്റ് ചെയ്ത്, ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തിയ ശേഷം ഞാന്‍ നേരത്തേ നിശ്ചയിച്ച സ്ഥലത്തേക്ക് ഓടിച്ചെന്ന് നെഞ്ചിടിപ്പോടെ നിന്നു. നില്ക്കുന്നതിനു തൊട്ടുപിന്നില്‍ അഗാധമായ കൊക്കയാണെന്നതായിരുന്നു നെഞ്ചിടിപ്പിനു കാരണം. വഴുവഴുപ്പുള്ള പാറയിലൂടെ ഓടിപ്പോകുന്നതിനിടയില്‍ കാലൊന്ന് തെറ്റിയാല്‍… തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലെ വാഴ്വന്തോല് വെള്ളച്ചാട്ടമാണ് ചിത്രത്തിൽ.