‘ഒന്ന് സെറ്റിലാകൂ, ഇങ്ങനെ നടന്നത് മതി’യെന്ന മാതാപിതാക്കളുടെ പതിവ് പല്ലവിയോട് സാഞ്ചുരി ഭുനിയ വര്‍ഷങ്ങളാണ് പൊരുതി നിന്നത്. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ സമ്പാദിക്കണമെന്നും യാത്ര ചെയ്യണമെന്നുമായിരുന്നു അവളുടെ ആഗ്രഹം.
അങ്ങനെ 2019 ല്‍ ഇന്ത്യയുടെ കിഴക്കേ അറ്റത്ത് ഒറ്റപ്പെട്ട് കിടന്നിരുന്ന ഗ്രാമത്തില്‍ നിന്നും അവള്‍ യാത്ര പുറപ്പെട്ടു. നൂറ് നൂറ് കാതം അകലെ ഇങ്ങ് ദക്ഷിണേന്ത്യയിലെ ബെംഗളുരുവിലേക്കാണ് അവള്‍ ട്രെയിന്‍ കയറിയത്. ഒരു വസ്ത്രവ്യാപാരശാലയില്‍ കഷ്ടിച്ച് പതിനായിരം രൂപ മാസ വരുമാനം കിട്ടുന്ന ജോലിയും അവള്‍ സംഘടിപ്പിച്ചു. ആ ജോലി അവളെ സ്വതന്ത്രയാക്കി. “ഞാന്‍ ശരിക്കും ഓടിപ്പോന്നതാണ്, അത് മാത്രമേ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ,” ഭുനിയ പറയുന്നു.
പക്ഷേ നിനച്ചിരിക്കാതെയുള്ള കോവിഡിന്റെ വരവ് സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിച്ചു കൊണ്ടുള്ള ആ സുന്ദരകാലത്തെ ഇല്ലാതെയാക്കി. കോവിഡ് വ്യാപനം പിടിച്ചു കെട്ടുന്നതിനായി 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരുമാതിരി എല്ലാ വ്യാപാരങ്ങളും നിലച്ചു. വെറും ആഴ്ചകള്‍ക്കുള്ളില്‍ ഭുനിയ ഉള്‍പ്പടെ 10 കോടിയിലേറെ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഉപേക്ഷിച്ച് പോന്ന ഗ്രാമത്തിലേക്ക് തിരികെ പോകാന്‍ അവള്‍ നിര്‍ബന്ധിതയായി. പിന്നീടിതുവരെ സ്ഥിരമായൊരു ജോലി കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
ലോകം കോവിഡിന്റെ പിടിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ പുനഃസ്ഥാപിച്ച് നല്‍കാന്‍ കഴിയാതെ വരുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് കോവിഡിന് ശേഷം തൊഴിലിടത്തില്‍ തിരികെയെത്തിയ സ്ത്രീകളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെന്നാണ് വ്യക്തമാകുന്നത്. തൊഴിലിടത്തിലെ സ്ത്രീകളുടെ ഈ അഭാവം സാമ്പത്തിക വളര്‍ച്ച കണക്കെടുക്കുമ്പോള്‍ ചുരുങ്ങിയത് പതിനായിരം കോടി ഡോളറിന്റെയെങ്കിലും ഇടിവുണ്ടാക്കിയേക്കാം. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെയാകും ഈ അവസ്ഥ ഏറ്റവുമധികം ബാധിക്കുക. കാരണം യുദ്ധം താറുമാറാക്കിയ യെമന്റെ അതേ റാങ്കിലേക്കാണ് കോവിഡിന് ശേഷം തിരികെ തൊഴിലിടങ്ങളിലേക്കെത്തിയ സ്ത്രീകളുടെ കണക്കിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്.
ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യത്ത് നിലനിന്നിരുന്ന ആശങ്കാജനകമായ സാഹചര്യത്തെ കോവിഡ് എങ്ങനെയാണ് ത്വരിതപ്പെടുത്തിയതെന്ന് ‘ദ് പേ ചെക്കി’ന്റെ ഈ ആഴ്ചത്തെ പോഡ്കാസ്റ്റില്‍ വിശകലനം ചെയ്യുന്നുണ്ട്. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2010 നും 2020 നും ഇടയില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം 26 ശതമാനത്തില്‍ നിന്ന് 16 ശതമാനത്തിലേക്ക് ഇടിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്ത്രീ തൊഴിലാളികളുടെ സ്ഥിതി കുറേക്കൂടെ മോശമായി. 2022 ല്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം വെറും ഒന്‍പത് ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് മുംബൈയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം ഇത് അങ്ങേയറ്റം വിനാശകരമായ വാര്‍ത്തയാണ്. കോവിഡ് മഹാമാരിക്ക് മുന്‍പേ ഇത് തുടങ്ങിയെങ്കിലും മഹാമാരിക്കാലത്ത് അതിരൂക്ഷമായി. വളര്‍ച്ചയുടെ സുവര്‍ണകാലം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ‘അമൃത് കാലി’ലൂടെ വരും വര്‍ഷങ്ങളില്‍ തൊഴില്‍ ഉണ്ടാക്കുകുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തിലും തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ തുലോം കുറവാണ്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ജീവിക്കുന്ന ഗ്രാമീണ മേഖലകളില്‍ ഇത് പ്രകടമാണ്. ഉള്ള ജോലികള്‍ തന്നെ ആവിയായി പോകുന്ന പ്രതിഭാസമാണ് ഗ്രാമങ്ങളില്‍ കാണാനാകുന്നത്. രാജ്യം സാമ്പത്തികമായി വികാസം പ്രാപിക്കുമ്പോഴും നഗരകേന്ദ്രങ്ങളിലേക്ക് തൊഴില്‍ തേടിയെത്താന്‍ സ്ത്രീകള്‍ പ്രയാസപ്പെടുകയാണ്.

സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള തൊഴിലന്തരം 58 ശതമാനമാനമാണ്. ഇത് ഇല്ലാതാക്കാനായാല്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 2050 ഓടെ വലിയ വര്‍ധനവ് (30 ശതമാനത്തോളം) കൈവരിക്കാനാവുമെന്ന് ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ പറയുന്നു. ഈ വര്‍ധനവ് ഏകദേശം ആറ് ട്രില്യണ്‍ (6 ലക്ഷം കോടി) യുഎസ് ഡോളറോളം വരും. അതിനായി ഒന്നും ചെയ്യാതെയിരുന്നാല്‍ അത് ആഗോള മാര്‍ക്കറ്റിലെ കരുത്തുറ്റ ഉൽപ്പാദകരാവുകയെന്ന രാജ്യ താൽപ്പര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നടപടിയായി മാറും. ഇന്ത്യയിലെ ജനസംഖ്യയുടെ 48 ശതമാനവും സ്ത്രീകളാണ്. എന്നാല്‍ ജിഡിപിയിലേക്കുള്ള അവരുടെ സംഭാവന വെറും 17 ശതമാനം മാത്രമാണ്. ചൈനയില്‍ ഇത് 40 ശതമാനമാണ്.
ഒരു ആഗോള പ്രതിഭാസത്തിന്റെ അങ്ങേയറ്റത്തെ ഉദാഹരണമാണ് ഇന്ത്യയെന്ന് പറയാം. മഹാമാരിക്കാലത്ത് ലോകത്തെല്ലായിടത്തും പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതലായും തൊഴില്‍ നഷ്ടമായത്. തിരികെ ജോലിയില്‍ പ്രവേശിച്ചവരുടെ എണ്ണം താരതമ്യേനെ കുറവുമാണ്. ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനായി നയങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങളും സ്ത്രീ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികളും ഉദാഹരണത്തിന് വിദ്യാഭ്യാസം, ശിശുപരിപാലനം, അനുയോജ്യമായ തൊഴില്‍ സൗകര്യങ്ങള്‍ എന്നിവ 2050 ആകുമ്പോഴേക്കും ആഗോള ജിഡിപിയില്‍ ഇവരുടെ വിഹിതമായി 20 ലക്ഷം കോടി ഡോളര്‍ കൂടി വന്നു ചേരുമെന്നാണ് ബ്ലൂംബർഗ് ഇക്കണോമിക്സ് അനുമാനിക്കുന്നത്.
.ഭുനിയയെ പോലെയുള്ള തൊഴിലാളികളില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതം വളരെ വലിയതാണ്. തൊഴില്‍രഹിതയായതോടെ ഒരു നേരത്തെ ഭക്ഷണം കിട്ടാന്‍ ബെംഗളുരു നഗരത്തില്‍ അവള്‍ ബുദ്ധിമുട്ടി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ പരിഷ്‌കാരവും പുരോഗതിയും എത്തിനോക്കിയിട്ട് പോലുമില്ലാത്ത ഒഡിഷയിലെ പത്രപാലി ഗ്രാമത്തിലേക്ക് അവള്‍ മടങ്ങി. മറ്റൊരു അവസരം അവള്‍ക്കായി തുറക്കപ്പെടുമെന്ന് അവള്‍ കരുതുന്നതേയില്ല. സ്ഥിരവരുമാനം ഇനിയവളുടെ സ്വപ്‌നം മാത്രമാകും. പക്ഷേ അവളുടെ വീട്ടുകാരുടെ ആധി മുഴുവന്‍ അകലെയൊരു വന്‍ നഗരത്തില്‍ തനിച്ച് അവള്‍ ജീവിക്കുന്നതോര്‍ത്താണ്.
“ഞാനിനിയും ഓടിപ്പോയാല്‍ അമ്മ എന്നെ ശപിക്കും. ഇപ്പോൾ അവിടെ ഒന്നും അവശേഷിക്കുന്നില്ല. എന്റെ ബാങ്ക് അക്കൗണ്ടിലും. ഗ്രാമത്തിലാണെങ്കിൽ പണിയൊന്നുമില്ല,” ഭുനിയ പറയുന്നു.
ഇത് ഒരു ഭുനിയയുടെ മാത്രം കഥയല്ല. രാജ്യമെങ്ങും ഇത്തരം അനുഭവങ്ങൾ കേള്‍ക്കാം. മഹാമാരിക്കാലത്ത് ബെംഗളുരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറായ റോസാ എബ്രഹാം ഇരുപതിനായിരത്തിലേറെ തൊഴിലാളികളുടെ വിവരശേഖരണം നടത്തി. ഒന്നാമത്തെ ലോക്ഡൗണിന് ശേഷം തൊഴില്‍ നഷ്ടമായവരില്‍ ഏറെയും സ്ത്രീകളാണെന്നും നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനായത് വളരെ കുറച്ച് സ്ത്രീകള്‍ക്ക് മാത്രമാണെന്നും അവരുടെ പഠനത്തിൽ കണ്ടെത്തി.
ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചതും , സ്‌കൂളുകള്‍ അടച്ചതോടെ കുട്ടികളെ പരിചരിക്കുന്നതിനായി ഏല്‍പ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതും, ദ്രുതഗതിയില്‍ നടന്ന വിവാഹങ്ങളും രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നന്നേ പരിമിതപ്പെടുത്തി.
വരുമാനമാര്‍ഗം അടഞ്ഞു പോയ പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം മറ്റെന്തെങ്കിലുമൊക്കെ അവസരങ്ങള്‍ ഉണ്ടായിരുന്നു. വിവിധതരം ജോലികളിലേക്ക് അവര്‍ മാറി. പക്ഷേ പുരുഷന്‍മാരെ പോലെ അനായാസം തൊഴില്‍ മാറിയെടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിച്ചില്ല. അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നു.
സ്വാതന്ത്ര്യവും നല്ല വരുമാനമുള്ള ഓഫിസ് ജോലി എന്നൊക്കെയുള്ള സ്വപ്‌നങ്ങള്‍ ദുരിതം നിറഞ്ഞ ജോലിക്ക് വഴിമാറി. പലപ്പോഴും അത് കുടുംബ വയലില്‍ ചെയ്യുന്ന കൂലിയില്ലാ ജോലിയായും വീട്ടുകാര്യങ്ങള്‍ നോക്കുന്നതുമായി പരിണമിച്ചു. മഹാമാരിക്കാലത്തിന് മുമ്പ് തന്നെ പുരുഷന്‍മാരുടെ പത്തിരട്ടിയാണ് ഇന്ത്യയിലെ സ്ത്രീകള്‍ പരിചരണ ഉത്തരവാദിത്തം നിറവേറ്റിയിരുന്നത്. ആഗോള ശരാശരിയുടെ മൂന്നിരട്ടിയും.
പക്ഷേ ഈ കെട്ടകാലം തൊഴില്‍ ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളാനുള്ള അധികാരം സ്ത്രീകളില്‍ നിന്ന് മാറ്റിക്കളഞ്ഞുവെന്് റോസ എബ്രഹാം പറയുന്നു.
തൊഴിലിടത്തിലെ പ്രാതിനിധ്യത്തില്‍ കുറവ് വന്നതിന് സാംസ്‌കാരികമായും ചില കാരണങ്ങളുണ്ട്. ഇന്ത്യക്കാര്‍ കുറച്ച് സാമ്പത്തിക ശേഷി കൈവരിക്കുന്നതോടെ കുടുംബങ്ങള്‍ സ്ത്രീകളെ ജോലിക്ക് വിടാതെയായി. ജോലിക്ക് വിടുന്നത് പോരായ്മയായി കാണാന്‍ തുടങ്ങി. അതിന്റെ മറുതലയ്ക്കല്‍ സാമ്പത്തികമായി താഴ്ന്ന സ്ഥിതിയിലുള്ളവര്‍ തൊഴില്‍ ചെയ്തും വന്നു. പക്ഷേ അവര്‍ നിസാരവും വേതനമില്ലാത്തതുമായി മുഖ്യധാരാ സമ്പദ് വ്യവസ്ഥയില്‍ നിന്ന് അകന്നുള്ള ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നുള്ളാണ് വാസ്തവം. ഔദ്യോഗിക കണക്കുകളില്‍ അവരുടെ ജോലി ആരും കണക്കിലെടുത്തില്ല.
പല ഗ്രാമങ്ങളിലും പുരുഷാധിപത്യ മൂല്യങ്ങള്‍ ഇരുമ്പ് കവചം പോലെ സ്ത്രീകളെ പലതില്‍ നിന്നും വിലക്കി നിലകൊണ്ടു. നിയമവിരുദ്ധമാണെങ്കിലും ലിംഗനിര്‍ണയത്തിന് ശേഷമുള്ള ഗര്‍ഭഛിദ്രം പലയിടത്തും സാധാരണമാണ്. കുടുംബത്തിലെ സ്ത്രീ ജോലി ചെയ്ത് സമ്പാദിക്കുന്നത് ആണുങ്ങള്‍ക്ക് കുറച്ചിലാണെന്ന് കരുതുന്നവരാണ് ഇന്ത്യയിലെ പുരുഷന്‍മാരെന്ന്, ലിംഗസമത്വത്തിനായി നിലകൊള്ളുന്ന മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അക്ഷരയുടെ പ്രോഗ്രാം മാനേജരായ അഖിന ഹന്‍സ് രാജ് പറയുന്നു.
“ഒരു ആശ്രയത്വം നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍, അവര്‍ക്ക് ജോലി ലഭിച്ചാല്‍ സാമ്പത്തികമായി സ്വതന്ത്രരായാല്‍ അവര്‍ പിന്നീട് കുടുംബത്തെ അനുസരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യില്ലെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും,” ഹന്‍സ് രാജ് പറഞ്ഞു.
ഒട്ടുമിക്ക വിവാഹങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുന്ന ഇന്ത്യയില്‍ വിവാഹമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായാണ് കണ്ടുവരുന്നത്. 2020 ലെ ആദ്യ ലോക്ഡൗണിന് ശേഷം രാജ്യത്തെ മാട്രിമോണിയല്‍ സൈറ്റുകളിലെ പുതിയ അംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പല സംസ്ഥാനങ്ങളിലും വിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇതില്‍ 80 ശതമാനവും ശൈശവ വിവാഹങ്ങളോ പ്രായപൂര്‍ത്തിയായ ഉടന്‍ നടത്തിയതോയായിരുന്നു. അതായത് നിയമവിരുദ്ധ വിവാഹങ്ങളാണ് ഇക്കാലയളവില്‍ നടന്നതില്‍ ഭൂരിഭാഗവുമെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നു.
വര്‍ഷത്തിൽ മൂന്ന് ശൈശവിവാഹങ്ങളില്‍ വരെ ഇടപെട്ടിരുന്നുവെന്നും കോവിഡ് കാലത്ത് ഇത് മൂന്നും നാലും ഇരട്ടിയായി വര്‍ധിച്ചുവെന്നും പര്‍ദാദ പര്‍ദാദി എജ്യൂക്കേഷണല്‍ സൊസൈറ്റിയിലെ ഹിന്ദി അധ്യാപികയായ മധു ശര്‍മ്മ പറയുന്നു. വടക്കേയിന്ത്യൻ പട്ടണമായ അനുപ് ശഹറിലെ ഗേള്‍സ് സ്‌കൂളിലാണ് മധു ശര്‍മ പഠിപ്പിച്ചിരുന്നത്.
കോവിഡിന് മുമ്പ് കുട്ടികള്‍ അധ്യാപകരുമായി നിരന്തരം ബന്ധപ്പെടുമായിരുന്നു. പക്ഷേ കോവിഡ് കാലത്തോടെ കുട്ടികള്‍ വീട്ടില്‍ തന്നെയായി. അവരുമായി ബന്ധപ്പെടുകയെന്നത് വലിയ വെല്ലുവിളിയായി മാറിയെന്നും മധു ശര്‍മ പറയുന്നു.
കോവിഡ് കാലത്ത് കുറഞ്ഞ ചെലവില്‍ വിവാഹം നടത്താമെന്നുള്ളതും പലരും ഒരവസരമായി കണ്ടു. സാമൂഹിക അകലം പാലിക്കലും മുന്നറിയിപ്പുകളും വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മാതാപിതാക്കള്‍ വളരെ കുറച്ച് ആളുകളെ മാത്രം ക്ഷണിച്ച് ചെലവ് പരമാവധി ചുരുക്കി വീടിനുള്ളില്‍ വച്ച് വിവാഹം നടത്താന്‍ തുടങ്ങി. രണ്ടും മൂന്നും ദിവസം നീണ്ട് നിന്ന വിവാഹ മാമാങ്കം കുറച്ച് കാലത്തേക്ക് തന്നെ സമൂഹം ഒഴിവാക്കി. തീരെ സാമ്പത്തിക ശേഷിയില്ലാത്തവര്‍ പോലും കോവിഡിന് മുമ്പ് ദിവസങ്ങള്‍ നീണ്ട വിവാഹാഘോഷമാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ പല കുടുംബങ്ങളും അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് അയച്ചു. ഒരു വയറിനുള്ള ഭക്ഷണം കുറച്ച് കണ്ടെത്തിയാൽ മതികായകുമല്ലോ എന്നതായിരുന്നു ഇതിന് പിന്നിലെ പ്രേരണ.
തന്റെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ വിവാഹം കഴിക്കുകയെന്ന് പറഞ്ഞാല്‍ മാറി മറിയുന്നത് അവരുടെ ജീവിതം തന്നെയായിരുന്നുവെന്ന് മധു ശര്‍മ പറയുന്നു. ഇന്ത്യയില്‍ വിവാഹിതയാകുന്ന ഒരു സ്ത്രീ, സാധാരണയായി അവളുടെ ഭര്‍ത്താവിനൊപ്പം അയാളുടെ വീട്ടിലേക്കാണ് പോകുന്നത്. ഒരു കാര്യത്തില്‍ അഭിപ്രായം പറയാന്‍ നൂറ് പേരും തൊഴിലവസരങ്ങള്‍ പരിമിതവുമായ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയെ സംബന്ധിച്ച് ഗ്രാമം വിട്ടുപോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
“വിദ്യാര്‍ഥികളെ പഠിപ്പിക്കാനും ബോധവല്‍ക്കരിക്കാനും ഞങ്ങള്‍ ശ്രമിക്കും. അവര്‍ നന്നായി പഠിച്ചാല്‍ നല്ല നിലയിലെത്തുമെന്ന് പറയും. പഠിച്ചില്ലെങ്കില്‍ അവരുടെ സ്ഥാനമെന്താവുമെന്ന് ഉദാഹരണങ്ങള്‍ സഹിതം പറയും. ബാക്കി നിങ്ങളുടെ കയ്യിലാണെന്നും നിങ്ങളുടെ ജീവിതം നിങ്ങളാഗ്രഹിക്കുന്നത് പോലെ പരുവപ്പെടുത്താനും പറയുമെന്നു,” മധു ശര്‍മ പറഞ്ഞു.
2015 ല്‍ ‘ബേഠി ബചാവോ, ബേഠി പഠവോ’ എന്ന ക്യാംപെയിന്‍ മോദി കൊണ്ടുവന്നു. ‘നമ്മുടെ പെണ്‍മക്കളെ രക്ഷിക്കൂ, പെണ്‍മക്കളെ പഠിപ്പിക്കൂ’ എന്നായിരുന്നു അതിന്റെ ഏകദേശ അര്‍ത്ഥം. സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയാതെ നോക്കുകയെന്നതിനൊപ്പം ലിംഗ നിര്‍ണയത്തെ തുടര്‍ന്നുള്ള ഗര്‍ഭഛിദ്രം ഒഴിവാക്കുക കൂടിയായിരുന്നു ക്യാംപെയിന്റെ ലക്ഷ്യം. ബാല വിവാഹം ഉന്മൂലനം ചെയ്യാനും സര്‍ക്കാര്‍ ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് ആണ്‍കുട്ടികള്‍ക്ക് തുല്യമായി 21 ആക്കാനുള്ള കരട് മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചു.
രാജ്യത്തെ നിയമങ്ങള്‍ പല ഗ്രാമങ്ങളിലും നോക്കുകുത്തികളാണ്. ഗ്രാമപഞ്ചായത്തുകള്‍ അംഗീകരിച്ച നാട്ടുനടപ്പുകളാണ് പലഗ്രാമങ്ങളിലെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ ഗ്രാമ പഞ്ചായത്തുകള്‍ മുതിര്‍ന്നവര്‍ പ്രത്യേകിച്ചും ആണുങ്ങള്‍ അംഗങ്ങളായുള്ളതാണ്. വലിയ തോതില്‍ പ്രചാരണം നല്‍കിയിട്ടും ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ക്യാംപെയിന് പല ഗ്രാമങ്ങളിലും ചലനം സൃഷ്ടിക്കാനായില്ല. അടുത്തിയിടെ നടത്തിയ ഓഡിറ്റില്‍ ഇതിനായി അനുവദിച്ച ഫണ്ട് ചെലവഴിക്കാതെയിരുന്നതായി കണ്ടെത്തി.
ഉയര്‍ന്ന സാക്ഷരതാ നിലവാരവും മെച്ചപ്പെട്ട ജോലിയും പ്രകടമായ മെട്രോപൊളീറ്റന്‍ നഗരങ്ങളില്‍ വരെ സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അതിഭീകരമാണ്.
മുണ്ടുമുറുക്കിയുടത്ത് അരിഷ്ടിച്ച് ജീവിക്കുകയാണെന്നാണ് മുംബൈയില്‍ ജീവിക്കുന്ന അഞ്ജലി ഗുപ്ത പറയുന്നത്. അവരുടെ കുടുംബ ബിസിനസായിരുന്ന പലവ്യജ്ഞനക്കട. ആദ്യത്തെ ലോക്ഡൗണില്‍ അത് അടച്ച് പൂട്ടി. തുടർന്ന് അതിജീവനത്തായി തങ്ങളുടെ തുച്ഛമായ സമ്പാദ്യമെടുത്ത് ദൈനംദിന ചെലവിനായി ഉപയോഗിക്കേണ്ടി വന്നു. ഇതോടെ മാതാപിതാക്കള്‍ അഞ്ജലിയോടും മൂന്ന് സഹോദരിമാരോടും വിവാഹം കഴിക്കുന്നതിനായി നിര്‍ബന്ധിക്കാന്‍ തുടങ്ങി. സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുന്നതോടെ വിവാഹം നടക്കാതെ അവർ അഗതികളായിപ്പോകുമോ എന്ന് ഭയപ്പെടുകയും ചെയ്തു.
വീട്ടുകാരോട് അഞ്ജലി പറഞ്ഞ് രക്ഷപെടാന്‍ നോക്കി. അതിനകം 1300 ഡോളറോളം (ഏകദേശം ഒരു ലക്ഷത്തിലേറെ രൂപ) അവള്‍ ഫാര്‍സ്യൂട്ടിക്കല്‍സ് ആൻഡ് ന്യൂട്രീഷനില്‍ പിജി ചെയ്യുന്നതിനായി ചെലവാക്കിക്കഴിഞ്ഞിരുന്നു. ഒരു ഹോമിയോ ഡോക്ടര്‍ക്കൊപ്പമാണ് അഞ്ജലി ട്രെയിനിയായിരുന്നത്. നല്ലൊരു ഭാവി അവള്‍ ആഗ്രഹിച്ചിരുന്നു. “എന്റെ അവസ്ഥയും എന്റെ തലമുറയും വ്യത്യസ്തമാണെന്ന് മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു,” അഞ്ജലി പറയുന്നു.
പക്ഷേ കുടുംബത്തിലെ അമ്മാവന്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ മൈഗ്രൈൻ വീട്ടില്‍ വാദപ്രതിവാദമുണ്ടാകാന്‍ കാരണവുമാകുന്ന പഠനം അവസാനിപ്പിക്കാന്‍ അഞ്ജലിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. വിവാഹാലോചനകള്‍ കൊണ്ടുവരാന്‍ തുടങ്ങി. അല്ലെങ്കിൽ അഞ്ജലിയുടെ ഈ സ്തംഭനാവസ്ഥ അധികം വൈകാതെ തന്റെ ജീവിതത്തെ തകർക്കുമെന്ന് അവൾ ആകുലപ്പെട്ടു. ഇതിങ്ങനെയൊന്നും ആകാന്‍ പാടില്ലായിരുന്നു.
എനിക്ക് ആകെ 22 വയസല്ലേ ആയിട്ടുള്ളൂ, എനിക്കിനിയും പഠിക്കാനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുമുണ്ട്.. അവള്‍ പറഞ്ഞു നിര്‍ത്തി.
- ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ട്