scorecardresearch

വിഴിഞ്ഞം സമരം അവസാനിക്കുമ്പോൾ അവശേഷിക്കുന്നത്

വിഴിഞ്ഞം തുറമുഖ നിർമാണം കാരണം വഴിയാധാരമായ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം സർക്കാരുമായുള്ള ചർച്ചയിൽ അവസാനിച്ചു. സർക്കാരിന് തങ്ങളുടെ രാഷ്ട്രീയവിജയം അവകാശപ്പെടാവുന്ന നേട്ടമാണ് സമരം അവസാനിക്കുമ്പോൾ ഉള്ളത്. എന്നാൽ, അത് സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങൾ അത്ര സുഖകരമല്ല

vizhinjam, vizhinjam port protest, ie malayalam

ഒരു സമരം തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്നുമ്പോൾ അവശേഷിക്കുന്നതും അതിൽനിന്നു രൂപം കൊള്ളുന്നതും എന്താണെന്ന നോട്ടം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരത്തിനുണ്ട്. സംസ്ഥാന സർക്കാരിന് തങ്ങളുടെ നിലപാടിൽ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെ സമരം അവസാനിപ്പിക്കാൻ സാധിച്ചുവെന്ന പേരിൽ മേനി നടിക്കാം. വിജയം അവകാശപ്പെടാം.

സമര നേതൃത്വത്തിനു തങ്ങളുടെ കാൽക്കീഴിലെ മണ്ണ് ചോർന്നു പോകുന്നുവെന്ന തിരിച്ചറിവുണ്ടാകാം. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിനു തങ്ങളുടെ അധികാരത്തിലേക്കു തിരികെ കയറാൻ കിട്ടിയ പിടിവള്ളി കൈവിട്ടുപോയെന്ന നഷ്ടബോധമുണ്ടാകം. ബി ജെ പിക്കു കിട്ടിയ അവസരത്തിൽ, തങ്ങൾ മാത്രമല്ല, സി പി എമ്മും കോൺഗ്രസും ഒക്കെ ചേർന്ന് വിതച്ച വിത്തിൽ ഭാവിയിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷ പുലർത്താം. ഇതൊക്കെയാണ് അഞ്ചു മാസത്തോളം നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിക്കുമ്പോഴുള്ള നേർരേഖാ ചിത്രം.

ഇതിലൊക്കെ ഉപരിയായി ഒരു സമരം നടത്തുമ്പോൾ, പ്രത്യേകിച്ച് ഈ “തത്സമയ” കാലത്ത് നേതൃത്വം പാലിക്കേണ്ടുന്ന മിനിമം മര്യാദകൾ എന്തൊക്കെയാണെന്നതു കൂടി പഠിപ്പിക്കുന്നതാണ് ഈ സമരത്തിന്റെ പര്യവസാനം.

ഉപജീവന മാർഗവും കയറിക്കിടക്കാനുള്ള ഇടവുമൊക്കെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളാണു ജൂലൈ മുതൽ സമരരംഗത്തുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടാകുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നതു ലത്തീൻ സമുദായത്തിലെ മത്സ്യത്തൊഴിലാളികളായിരുന്നു. അതിനാൽ ലത്തീൻ സഭയുടെ നേതൃത്വത്തിലായിരുന്നു സമരം.

ആ സമരത്തിൽ സർക്കാരും സമരക്കാരും ഒട്ടും അയയാതെ നിലകൊണ്ടതായിരുന്നു നവംബർ വരെയുള്ള കാര്യങ്ങൾ. കോടതിയും കേസുമൊക്കെയായി ഒരുവഴിക്കും സമരം മറുവഴിക്കും ഒരുപോലെ പോകുന്ന രീതി. ചർച്ചയിലൊന്നും വരാതെ ഒഴിഞ്ഞുനിന്നു മുഖ്യമന്ത്രി. നടന്ന ചർച്ചകളൊക്കെ അലസിപ്പിരിയുമ്പോഴും സംയമനത്തോടെ സമരം തുടർന്നുപോകുന്നുണ്ടായിരുന്നു. അതേസമയം മറുവശത്ത്, വിഭാഗീയതയുടെ വിത്തുകൾ പാകാൻ കാത്തിരുന്നവർ അതൊരവസരമാക്കി മാറ്റി.

ഈ സമരത്തിലെ തുടക്കം മുതൽ ലത്തീൻ സഭ നേതൃത്വം കൈയ്യാളുകയും ഇത് ലത്തീൻ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നമായി മാത്രം കാണുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മറ്റു സംഘടകളെയൊന്നും സജീവമായി സമരരംഗത്ത് കാണാനും സാധിച്ചിരുന്നില്ല. സഭയും സർക്കാരും തമ്മിലുള്ള സമരമായി ആദ്യംമുതലേ ചുരുങ്ങിപ്പോയ സമരത്തെ വേഗം തന്നെ വിഭാഗീയതയുടെ വേലിക്കെട്ടിലാക്കാൻ വികസനവാദികളായ രൂപം പ്രാപിച്ച സി പി എമ്മിനും ബി ജെ പിക്കുമൊക്കെ സാധിച്ചു. തുറമുഖം കരാർ ഒപ്പിട്ട കോൺഗ്രസിനെ സംബന്ധിച്ച് രണ്ടു വള്ളത്തിൽ കാല് വയ്ക്കുന്ന സമീപനമായിരുന്നു. അതിന്റെ നഷ്ടം അവരെ കാത്തിരിക്കുന്നുമുണ്ട്.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ച്, പ്രത്യേകിച്ച് ഭരണത്തിനു നേതൃത്വം നൽകുന്ന സിപി എമ്മിനെ സംബന്ധിച്ച് ഈ സമരത്തോട് വിട്ടുവീഴ്ച ചെയ്യുകയെന്നത് ആത്മഹത്യാപരമായ കാര്യമായിരുന്നു. എക്കാലത്തും വികസന വിരുദ്ധരെന്നു പഴി ഏറ്റുവാങ്ങിയ ഒരു പാർട്ടിയെ സംബന്ധിച്ച് ഈ പദ്ധതി നടപ്പാക്കുന്നതിൽനിന്നു പിന്മാറാൻ തീരുമാനിച്ചാൽ കേരളത്തിന്റെ വികസനം നശിപ്പിച്ചുവെന്ന കുറ്റാരോപണം എക്കാലത്തും പിന്തുടരും. സർക്കാരിനെ സംബന്ധിച്ച് ശക്തനായ മുഖ്യമന്ത്രിയുടെ ദയനീയ പരാജയമായി അത് ആഘോഷിക്കപ്പെടും. കേരളത്തിന്റെ വികസനത്തിനു ഭാവിയിൽ വരുന്ന പദ്ധതികളെ ആകർഷിക്കണമെങ്കിൽ സർക്കാരിന് ഇച്ഛാശക്തിയുണ്ടെന്നു കാണിക്കാൻ കഴിയുന്ന ഒരവസരമെന്ന നിലയിൽ കൂടിയാണു സർക്കാർ ഈ സമരത്തെ കണ്ടതെന്നാണ്, അതിനെ ഭരണകൂടവും പാർട്ടി സംവിധാനവും കൈകാര്യം ചെയ്ത രീതി സൂചിപ്പിക്കുന്നത്.

ഭരണകൂടത്തിന്റെയും സി പി എം പോലൊരു പാർട്ടി സംവിധാനത്തിന്റെയും കരുനീക്കങ്ങളിലും കെണികളിലും വീഴാതിരിക്കാൻ വേണ്ടുന്ന സാമൂഹിക ബന്ധമോ രാഷ്ട്രീയ ധാരണയോ വിവേകമോ ഇല്ലാത്തതായി പോയി സമരനേതൃത്വമെന്നതു കൂടെയായപ്പോൾ, സമരം ചെയ്തവർക്ക് നഷ്ടത്തിന്റെ കണക്കുകൾ മാത്രം ബാക്കിയായി.

ഭരണകൂടത്തിന് ഒരിഞ്ച് വിട്ടുവീഴ്ച നടത്താതെ കാര്യം നേടാനായി. എന്നാൽ, അതിലേറെ ഇതു ദോഷം ചെയ്യുക മത്സ്യത്തൊഴിലാളികൾക്കിടയില്‍ ഉറച്ച വിശ്വാസത്തിനു വിള്ളലേറ്റുവെന്നതാണ്. അതുപോലെ തന്നെ സമരവിരുദ്ധ നേതൃത്വവും സമര നേതൃത്വവും കേരളത്തിലെ സാമൂഹികമായ ഇഴയടുപ്പത്തിനു വിള്ളലേൽപ്പിക്കുന്ന രീതിയിൽ സ്വീകരിച്ച നടപടികൾ വിഭാഗീയതയുടെ വേരോട്ടത്തിനാണു വഴിവച്ചത്.

ഏതൊരു സമരത്തെയും അടിച്ചമർത്താൻ രാജ്യദ്രോഹമെന്നും വികസന വിരുദ്ധരെന്നും എല്ലാ ഭരണകൂടങ്ങളും ആരോപിക്കുന്ന വായ്ത്താരി ആവർത്തിച്ച എൽ ഡി എഫ് സർക്കാരും അവർക്കൊപ്പം ചേർന്ന കേന്ദ്രം ഭരിക്കുന്ന ബി ജെപിയുടെ കേരളഘടവുമൊക്കെ ഈ വിഭാഗീയതയുടെ ആക്കം കൂട്ടുന്നതിൽ നല്ല പങ്ക് വഹിച്ചു. ഇതേ തന്ത്രം തന്നെയാണു കരാർ ഒപ്പിട്ട കാലത്ത് കേരളം ഭരിച്ച ഉമ്മൻ ചാണ്ടി സർക്കാരും പദ്ധതിയെ എതിർക്കുകയും വിമർശിക്കുകയും ചെയ്തവർക്കെതിരെ പയറ്റിയത്.

ചുരുക്കിപ്പറഞ്ഞാൽ, ആര് ഭരിച്ചാലും ഭരണകൂട സംവിധാനം ഏകശിലാരൂപത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് അടിവരയിടുന്നതാണു വിഴിഞ്ഞം സമരവും അതിനെ എതിർത്ത് രംഗത്തെത്തിയവരും അവർ സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്നത്. സി എ എ സമരത്തിലും കർഷക സമരത്തിലും നോട്ട് നിരോധനകാലത്തുമൊക്കെ ബി ജി പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പയറ്റിയ അതേ തന്ത്രം തന്നെയാണ് ഇവിടെ, കരാർ ഒപ്പിട്ടപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ യു ഡി എഫ് സർക്കാരും അതിനു ശേഷം തുടർച്ചയായി അധികാരത്തിലിരിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായ സി പി എം നേതൃത്വം നൽകുന്ന സർക്കാരും പയറ്റിയത്.

അതിജീവനത്തിനായി സമരം ചെയ്ത മത്സ്യത്തൊഴിലാളികളുടെ ജൂലൈ മുതൽ സമാധാനപരമായി നിലകൊണ്ട സമരം കൈവിട്ടുപോയത് നവംബർ അവസാന വാരമാണ്. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികൾ, വികസന വിരുദ്ധർ, തുടങ്ങി വർഗീയതവരെ ആരോപിച്ച് വിദ്വേഷ നടപടികളിലൂടെ പ്രകോപനം പലഘട്ടങ്ങളിലായുണ്ടായി. എന്നാൽ നവംബർ 26ന് തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് സാധനങ്ങളുമായി വന്ന വാഹനം സമരാനുകൂലികൾ തടയുകയും തുടർന്ന് സമരക്കാരും സമരവിരുദ്ധരും ചേരി തിരിയുന്നു. കല്ലേറ്, പൊലീസ് ഇടപെടൽ, അറസ്റ്റ് പൊലീസ് സ്റ്റേഷനിൽ അക്രമം, അങ്ങനെ സംഭവം കൈവിട്ടുപോകാൻ തുടങ്ങി. അതിനിടയിൽ സമരത്തിനു നേതൃത്വം നൽകിയ പുരോഹിതരിലൊരാൾ ഫിഷറീസ് മന്ത്രിക്കെതിരെ നടത്തിയ വിദ്വേഷ പരാമർശം സമരത്തെ പൂർണമായും പ്രതിരോധത്തിലാക്കി.

അതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സമരം ഏതാണ്ട് പൂർണമായും കടലിൽ കാറിലും കോളിലും ദിശ നഷ്ടപ്പെട്ട കപ്പൽ പോലെയായി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ ബിഷപ്പിനെ പ്രതിചേർത്ത് കേസെടുക്കാൻ തീരുമാനിക്കുമ്പോഴും പുരോഹിതന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കുമ്പോഴും സർക്കാർ തങ്ങളുടെ പിടി ഒന്നുകൂടെ മുറക്കി.

സർക്കാർ മുറുകിയപ്പോൾ സമര നേതൃത്വത്തിന് അയയുക എന്നതല്ലാതെ മറ്റുവഴികളില്ല എന്നതിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചതിൽ സമരത്തിന നേതൃത്വം നൽകിയവർക്കു തന്നെയാണു പ്രധാന പങ്ക്. മുൻകാലങ്ങളിൽ പലപ്പോഴും സഭ മത്സ്യത്തൊഴിലാളി സമരങ്ങളിൽ സജീമായിരുന്നുവെങ്കിലും നേതൃത്വപരമായ പങ്ക് മത്സ്യത്തൊഴിലാളി സംഘടനകൾക്കായിരുന്നു.

പൊതു സമൂഹവുമായി മുൻകാലങ്ങളിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടന ഉൾപ്പെടയുള്ളവർക്കുണ്ടായിരുന്ന ബന്ധം അവരുടെ സമരങ്ങളെ ഫോക്കസ് വിടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനു സഹായകമായിരുന്നു. ഏതറ്റം വരെ പോകാമെന്നും എങ്ങനെ കൊണ്ടുപോകാമെന്നും അറിയാവുന്ന ആരും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി സമരരംഗത്തുണ്ടായിരുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന പരാജയകാരണങ്ങളിലൊന്നായി തോന്നുന്നത്. കർഷകസമരം കണ്ട് ആവേശത്തിൽ ഇവിടെ സമരത്തിനിറങ്ങുമ്പോൾ യാഥാർത്ഥ്യത്തിൽനിന്നു വളരെ അകലയായിരുന്നു സമരനേതൃത്വം എന്നതാണു യാഥാർത്ഥ്യം.

ഈ സമരം അവസാനിക്കുമ്പോൾ ഭയപ്പെടുത്തുന്ന പ്രധാന വിഷയം ഈ പ്രദേശങ്ങളിൽ താഴെതട്ടിൽ സംഭവിച്ചിട്ടുള്ള ചേരിതിരിവാണ്. സർക്കാരിനു വിട്ടുവീഴ്ചയില്ലാതെ സമരം തീർക്കാനായതിൽ വിജയിച്ചുവെന്ന് ഊറ്റം കൊള്ളാനാവുമെങ്കിലും ഈ ചേരി തിരിവ് കേരളത്തെ പരാജയപ്പെടുത്തുന്നതായി മാറും. അതിനുള്ളിലെ ഉത്തരവാദിത്തം സർക്കാരിനു മാത്രമല്ല, ഭരിക്കുന്ന പാർട്ടികൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാൻ അവസരം കാത്തിരുന്ന പാർട്ടികൾക്കും സംഘടനകൾക്കുമൊക്കെയുണ്ട്.

സഭയുടെ മേൽ മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം ഭേദിക്കാൻ പൊതുവിൽ ആർക്കും സാധിച്ചിരുന്നില്ല. തുടങ്ങിയടത്തു തന്നെ അവസാനിച്ച ഈ സമരത്തിന്റെ ആഘാതം മറികടക്കാൻ ലത്തീൻ കത്തോലിക്ക സഭയ്ക്കു സാധിക്കുമോ? മുൻകാലങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ടിരുന്ന പ്രശ്നങ്ങളല്ല, ഇപ്പോഴവർ നേരിടുന്നത്. അവിടെ ഒരു സമരം നടത്തുകയും നിരവധി ബിഷപ്പ് ഉൾപ്പടെ നിരവധി ആളുകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്തത്. ആ കേസുകൾ പിൻവലിപ്പിക്കാൻ ചർച്ചയിൽ സാധിക്കാതെ വന്നത്, ഏറ്റവും വലിയ ആവശ്യമായിരുന്ന തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നത് നേടാനായില്ലെങ്കിലും ചെറിയൊരു നേട്ടമെന്ന് പറയാൻ ഒന്നു പോലുമില്ലാതെ സമരം അവസാനിപ്പിക്കേണ്ടി വന്നത്. ഇതൊക്കെ സഭയുടെ മുന്നിൽ പുതിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്.

സർക്കാരിനെ സംബന്ധിച്ച്, അതിലേറെ സി പി എമ്മിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം നിലപാടിൽ നിന്നും മാറാതെ സമരം ഒത്തുതീർപ്പാക്കി എന്നതുമാത്രമല്ല. ഇതിലൂടെ ലത്തീൻ കത്തോലിക്ക സഭയ്ക്കു നേരിടേണ്ടി വരുന്ന ഈ വെല്ലുവിളിയാണ്. അതു രാഷ്ട്രീയമായി ദോഷം ചെയ്യുക കോൺഗ്രസിനായിരിക്കും. കോൺഗ്രസിന്റെ സുരക്ഷിതമായ, സ്ഥിരനിക്ഷേപമായിരുന്ന വോട്ട് ബാങ്കാണ് ലത്തീൻ കത്തോലിക്ക വിഭാഗം. തുറമുഖ കരാർ ഒപ്പിട്ടത് ഉമ്മൻ ചാണ്ടിയാണെന്നതു മുതൽ സമരസമയത്ത് തിരുവനന്തപുരം എം പിയായ ശശിതരൂർ സ്വീകരിച്ച സമീപനം വരെ ഈ വോട്ട് ബാങ്കിലെ ചോർച്ചയ്ക്കു കാരണമാകാം.

ഇതേസമയം, ആ പ്രദേശത്തെ ഹിന്ദുവിഭാഗങ്ങളെ സമരത്തിനെതിരെ ഏകോപിപ്പിക്കുന്നതിനു ബി ജെപിയും ഹിന്ദുമുന്നണിയും പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ ശ്രമങ്ങളും കാണാതിരിക്കാൻ സാധിക്കില്ല. ഇങ്ങനെ വോട്ട് രാഷ്ട്രീയത്തിലെ കരുനീക്കങ്ങൾ തീരമേഖലയിൽ പുതിയൊരു രാഷ്ട്രീയ ചിത്രം രൂപപ്പെടുത്തിയേക്കാം. ഈ സംഭവവികാസങ്ങൾ തീരപ്രദേശത്ത് സങ്കീർണവും എന്നാൽ ഏറെക്കുറെ അദൃശ്യവുമായൊരു വിഭാഗീതയുടെ വ്യവഹാരമണ്ഡലം സൃഷ്ടിച്ചിട്ടുണ്ട്. അത് കേരളം ഇതുവരെ ഉയർത്തിപ്പിടിച്ച പല മൂല്യങ്ങളെയും ഇല്ലാതാക്കുന്നതായി മാറുമോയെന്നതാണ് ആശങ്കാജനകമായ വസ്തുത.

മത്സ്യത്തൊഴിലാളികൾക്കുള്ള അഭിപ്രായഭിന്നത പരിഹരിക്കാൻ വിശ്വാസം കൈമുതലാക്കി സഭയ്ക്ക് സാധിച്ചേക്കാം. എന്നാൽ, വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ, ഉളവാക്കിയ വിശ്വാസരാഹിത്യം മറികടക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിനു കാലമാണ് ഉത്തരം നൽകേണ്ടത്. അതിനുള്ള നിലപാടും ശേഷിയുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഭാവം കേരളത്തിനു പ്രതീക്ഷയ്ക്ക് വക നൽകുന്നില്ലെന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Vizhinjam port project fishing community protests latin cathotlic diocese cpm congress bjp728323

Best of Express