വടക്കാഞ്ചേരി: കൊച്ചിക്കു ബിനാലെയെങ്കില്‍ തൃശൂരിനു നി ഫെസ്റ്റുണ്ട് എന്നാണു പറച്ചില്‍. അഞ്ചു ദിവസമായി വടക്കാഞ്ചേരി എങ്കക്കാട്ടു നടന്ന നി ഫെസ്റ്റ് നിറമുള്ള ഓര്‍മകള്‍ നല്‍കി സമാപിച്ചു. ചിത്രകലയെ ജനകീയമാക്കുന്ന ഇത്തരമൊരു സംരംഭത്തില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും രാജ്യത്തിനു തന്നെ നിറച്ചാര്‍ത്ത് മാതൃകയാണെന്നും കലാകാരുടെ വട്ടമേശ ചര്‍ച്ചയില്‍ അഭിപ്രായങ്ങളുയര്‍ന്നു.

നിറച്ചാര്‍ത്ത് കലാസാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന ഏഴാമതു ദേശീയ ചിത്രകലാ ക്യാമ്പും ഗ്രാമീണ കലോത്സവവും 21 മുതല്‍ 25 വരെയാണു നടന്നത്. ചിത്രകാരന്‍ സുജിത് എസ് എന്‍ ക്യൂറേറ്റ് ചെയ്ത ക്യാമ്പില്‍ കേരളത്തിനു പുറത്തുനിന്നുള്ള ഒമ്പതു പേരുൾപ്പെടെ 20 കലാകാർ പങ്കെടുത്തു.

അജി വി. എന്‍, ആഞ്ജനേയുലു ഗുണ്ടു, ജലജ പി. എസ്, ജ്യോതി ബസു, ലിയോണ്‍ കെ. എല്‍, മാധവ് ഇമാര്‍തെ, മധുദാസ്, മാഹുല ഘോഷ്, പാര്‍വതി നയാര്‍, രതീഷ് ടി, രഘുനാഥന്‍ കെ, ശാന്തന്‍ വേലായുധന്‍, സരിക മേത്ത, ഷാഹുല്‍ ഹമീദ്, ഷര്‍മി ചൗധരി, ശ്യാം സുന്ദര്‍, സുദയദാസ്, സുമേഷ് ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ സി, വിനോദ് ബാലക് എന്നിവര്‍ക്കു പുറമെ ഒട്ടേറെ തദ്ദേശീയ കലാകാരും സൃഷ്ടികള്‍ക്കു രൂപം നല്‍കി.

സമാപനദിവസമായ വൈകീട്ട് കാവാലം സജീവനും സംഘവും അവതരിപ്പിച്ച നാടന്‍ശീലുകളുടെ സംഗീതസമന്വയത്തിനു ശേഷം പെയിന്റിങ് സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ 10 ചിത്രങ്ങള്‍ വിതരണം ചെയ്തു. പയ്യന്നൂരിലെ ചരടുകുത്തി കോല്‍ക്കളി, കലാമണ്ഡലം ടീമിന്റെ മിഴാവില്‍ തായമ്പക, തൃശൂര്‍ നാടക സംഘത്തിന്റെ തിയറ്റര്‍ സ്‌കെച്ചുകള്‍, തദ്ദേശീയ കലാപ്രകടനങ്ങള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.

ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 7, 8 തീയതികളില്‍ എങ്കക്കാട് നിദര്‍ശനയിലും 13, 14, 15 തിയ്യതികളില്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജ് ഗാലറിയിലും നടക്കും.