scorecardresearch

ഗുരുവും വഴികാട്ടിയുമായൊരാൾ

ബാല്യവും കൗമാരവും വിദ്യാർത്ഥി എന്ന അവസ്ഥയും വിട്ടൊഴിയാതെ പൂത്തും തളിർത്തും നില്ക്കുന്നത് അദ്ദേഹത്തിൻ്റെ അനുഗ്രഹാശിസ്സുകൾ കൊണ്ടു തന്നെയാണ്

ഗുരുവും വഴികാട്ടിയുമായൊരാൾ

അസ്വസ്ഥമായ ഒരു സ്വപ്നത്തിൻ്റെ ഒടുവിൽ ഉറക്കമെണീറ്റതായിരുന്നു. സാധാരണ പോലെ ദിനചര്യകൾ ചെയ്യുമ്പോഴും എന്തോ ഒരു വിഷാദം കൂടെ നിന്നു.  ഉച്ചയ്ക്ക് ഓഫീസിൽ നിന്നും പ്രവീണിനെ വിളിച്ച് കാര്യം പറഞ്ഞു.

“എനിക്ക് നാട്ടിലൊന്ന് പോവണം. സാറിനെ കാണണം. വെള്ളിയാഴ്ച തന്നെ ഡേ ട്രെയ്ൻ ബുക്ക് ചെയ്യാൻ നോക്കട്ടെ.”

ഐ ആർ സി ടി സി ആപ്പ് തുറന്ന് രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തു. മകൾക്കും എനിക്കും. വാരാന്ത്യത്തിൽ രണ്ടു ദിവസം ലീവും അപേക്ഷിച്ചു.

പെട്ടെന്നുള്ള വരവിൻ്റെ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മയ്ക്ക് അത്ഭുതം തോന്നിയില്ല. അദ്ദേഹം അമ്മയ്ക്കും എത്രയോ പരിചിതനാണ്.
നാട്ടിലേക്കുള്ള യാത്രകൾ എപ്പോഴും ചില പ്രത്യേക കാരണങ്ങൾക്ക് മാത്രമാണ് പതിവ്. കസിൻസിൻ്റെ കല്യാണങ്ങൾ, അവരുടെ കുട്ടികളുടെ ചോറൂണ് എന്നിങ്ങനെയുള്ള കുടുംബ വിശേഷങ്ങൾ. ആ രണ്ടോ മൂന്നോ ദിവസങ്ങൾ മറ്റൊന്നിനും സമയം തരാതെ തിരക്കിട്ട് കടന്നു പോവും. ഉടനെ തന്നെ തിരിച്ചു വരാനുള്ള ദിവസവും എത്തിച്ചേരും. ഇപ്രാവശ്യം ഒരു സ്വപ്നം ഉണ്ടാക്കിയ കുറ്റബോധത്തിലാണ് യാത്ര. ഒരാളെ മാത്രം കാണാൻ. ഈ യാത്രയിൽ മറ്റൊന്നും ചെയ്യാനില്ല തന്നെ.

പുറപ്പെടുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തെ വിളിച്ചു. ഗിരിജ ആൻ്റിയാണ് ഫോൺ എടുത്തത്. ശനിയോ ഞായറോ കാണണം എന്നുണ്ട് എന്ന് പറഞ്ഞു.

‘സവിത നാട്ടിലെത്തിയിട്ട് വിളിക്കൂ. സാർ ഇവിടെ തന്നെ ഉണ്ട്,’ – ആൻറി പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം വിളിച്ചിട്ടും ആൻ്റി എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

ആ വെള്ളിയാഴ്ച വൈകീട്ട് ഞാൻ നാട്ടിലെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ വരുന്നുണ്ടെന്ന് ഗിരിജ ആൻ്റിയെ വിളിച്ചു പറഞ്ഞു. ശനിയാഴ്ച മകളെ അമ്മയുടെ അടുത്താക്കി ഞാൻ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു. പവർ ഹൗസ് സ്റേറാപ്പിൽ ബസ് ഇറങ്ങി, അടുത്തു കണ്ട ഓട്ടോയിൽ കയറി ഇരുന്നു. ചേറൂര് കിണറ് സ്റ്റോപ്പ് എന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഓട്ടോ ലേഡീസ് ഹോസ്റ്റലും മെൻസ് ഹോസ്റ്റലും കോളേജ് ഗേറ്റും പിന്നിട്ട് വലത്തോട്ട് തിരിഞ്ഞു. അദ്ദേഹത്തിൻ്റെ വീട്ടിലേക്കുള്ള വഴി എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഇത്രയും മറവിയോ? എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. കിണറ് സ്റ്റോപ്പിൽ ഞാൻ ഇറങ്ങി. ഇനി ആരോടെങ്കിലും വഴി ചോദിക്കേണ്ടി വരും. എത്രയോ പ്രാവശ്യം സന്ദർശിച്ചിട്ടുള്ള വീടാണ്. എന്തു കൊണ്ടോ ആരോടും ചോദിക്കാൻ തോന്നിയില്ല. ഒന്ന് നടന്നു നോക്കാൻ തീരുമാനിച്ചു. കാലുകൾ ചിരപരിചിതമായ പാതയിലൂടെ ഒന്നുമോർക്കാതെ ചലിച്ചു, പിന്നീട് ‘രാഗേന്ദു’ എന്നെഴുതി വെച്ച ഗേറ്റിനു മുന്നിൽ ചെന്നു നിന്നു. ഉള്ളിൽ ആ വഴി എന്നുമുണ്ടായിരുന്നു. എന്തു കൊണ്ടൊ തിരിച്ചറിഞ്ഞില്ലെന്നു മാത്രം. ചില തിരിച്ചറിവുകൾ ഉണ്ടാവുന്നത് സ്വപ്നത്തിൽ മാത്രമായിരിക്കില്ല!Dr. RPR Nair , memories , savitha n , iemalayalam

കാളിംഗ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ വാതിൽ തുറന്നത് ഗിരിജ ആൻ്റിയാണ്.

“സാർ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ്. സവിത ഇരിക്കൂ. ഞാൻ ഇപ്പൊ വരാം.” ആൻറി സാറിന് ഭക്ഷണം കൊടുക്കാൻ പോയി.

വെളുത്ത ഒരു മേൽക്കുപ്പായം ധരിച്ച് സർ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് ഞാൻ കണ്ടു. ശരീരത്തിനു കുറുകെ ബെൽറ്റ് ഇട്ടിട്ടുണ്ട്. മുഖത്തെ പ്രസന്നതയ്ക്ക് മാത്രം ഒരു മാറ്റവും ഇല്ല.

സാർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആൻ്റി എൻ്റെ അടുത്തു വന്ന് കഴിഞ്ഞ വർഷങ്ങളിൽ സാറിൻ്റെ ആരോഗ്യത്തിനു സംഭവിച്ച പ്രശ്നങ്ങളെ കുറിച്ചും ആശുപത്രി വാസത്തെ കുറിച്ചും വിശദീകരിച്ചു. ഒന്നും അറിയാൻ ശ്രമിക്കാതിരുന്നതിൽ ഉള്ളിൽ ഞാൻ സ്വയം പഴിച്ചു കൊണ്ടിരുന്നു.

എന്നാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്? തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗിന് ചേർന്ന ആദ്യ ദിവസങ്ങൾ. സ്വന്തം കാലിൽ നില്ക്കാൻ ഒരു ജോലി എന്നതിലുപരി ഒരു താത്പര്യങ്ങളുടെയും പിറകെ പോവാൻ ആവാത്ത കാലം. ഒന്നോർത്താൽ എന്തായിരുന്നു താത്പര്യം എന്നു കൂടെ പിടിയില്ല. വീടിനടുത്തുള്ള ഏതെങ്കിലും കോളേജിൽ ഒരു പ്രൊഫഷണൽ കോഴ്സിനു ചേരുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് കൊണ്ട് തന്നെ സിവിൽ എഞ്ചിനീയറിംഗിൽ പ്രത്യേക താത്പര്യമൊന്നും തോന്നിയിരുന്നില്ല.

ഒന്നാം വർഷം ചേരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഇൻണ്ടക്ഷൻ പ്രോഗ്രാമിൽ സംസാരിക്കാൻ വന്നതായിരുന്നു അദ്ദേഹം, ഡോ. ആര്‍പിആര്‍ നായർ. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ ജോലി ചെയ്തിട്ടുള്ള പ്രഗത്ഭനായ അധ്യാപകനായിരുന്നു, അദ്ദേഹം. ആ വര്‍ഷം സർവീസിൽ നിന്ന് വിരമിച്ചെങ്കിലും സാറിനെ ഓരോ പരിപാടികൾക്ക് ഡിപാർട്മെൻ്റ് വിളിച്ചു കൊണ്ടിരുന്നു. സിവിൽ എഞ്ചിനീറിംഗിൻ്റെ വിവിധ സാധ്യതകളെ കുറിച്ചും ഇത് കഴിഞ്ഞ് ചെയ്യാൻ പറ്റുന്ന ഉപരിപഠന കോഴ്സുകളെ കുറിച്ചും സാർ വിശദമായി സംസാരിച്ചു.

അന്ന് കോളേജിൽ നിന്ന് വീട്ടിലേക്ക് തിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ ഓർത്തു. സർവ്വേ ക്ലാസ്സിലും എഞ്ചിനീറിംഗ് ഡ്രോയിംഗ് ക്ലാസ്സിലും വലിയ താത്പര്യം ഒന്നുമില്ലാതെ വിശാലമായ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ മനസിൽ ഉറപ്പിച്ചു, ഇതു കഴിഞ്ഞ് ഗേറ്റ് എഴുതണം. സാര്‍ പറഞ്ഞ പോലെ ഉപരി പഠനത്തിനു ചേരണം.

ഒന്നാം വർഷം കൂടുതലും പൊതു വിഷയങ്ങളാണ്. രണ്ടാം വർഷം തുടങ്ങിയപ്പോഴേക്കും എനിക്ക് വിഷയത്തിൽ താത്പര്യം വന്നു തുടങ്ങി. തുടക്കത്തിൽ ഉള്ളിലേക്ക് ആകർഷിക്കാത്ത ഒരു പുസ്തകം കുറച്ച് പിന്നിടുമ്പോൾ താഴെ വെക്കാതെ വായിച്ചു തീർക്കുന്ന പോലെയായിരുന്നു, പിന്നീടുള്ള കാലം. ഇടയ്ക്ക് സ്ട്രക്ച്ചറൽ എഞ്ചിനീറിംഗിൻ്റെ ചില സെഷനുകൾ എടുക്കാൻ സാർ വന്നു. വിഷയത്തിൻ്റെ അടിസ്ഥാനപരമായ വസ്തുതകൾ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ മൈക്കിലൂടെ അവതരിപ്പിച്ചു.Dr. RPR Nair , memories , savitha n , iemalayalam
അങ്ങിനെ ആ വിഷയത്തിൽ ശക്തമായ ഒരു അടിത്തറ ഞങ്ങളിൽ പലർക്കും ലഭിച്ചു. അതിനു ശേഷമാണ് സ്മിതയും രശ്മിയും ഞാനും സാറിൻ്റെ വീട് സന്ദർശിക്കാൻ തുടങ്ങിയത്. ഗേറ്റു പരീക്ഷയെ കുറിച്ചും അതിനു ശേഷം ചെയ്യാൻ പറ്റുന്ന കോഴ്സുകളെ കുറിച്ചും നല്ല നിലയിൽ എത്തിച്ചേർന്ന അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളെ കുറിച്ചും കുറേ നേരം സംസാരിച്ചു. ഞങ്ങൾക്ക് വേണ്ട മാർഗ നിർദ്ദേശം തന്നു.

ഞങ്ങൾ മൂവരും പരീക്ഷക്ക് തയ്യാറെടുത്തു തുടങ്ങി. ഇടയ്ക്ക് സംശയങ്ങളും കൊണ്ട് ഞങ്ങൾ സാറിൻ്റെ വീട്ടിൽ പോയി. ഒടുവിൽ പരീക്ഷ കഴിഞ്ഞ് റിസൾട്ടും വന്നു. മൂന്നു പേർക്കും മൂന്ന് റേഞ്ചിലുള്ള റാങ്കും കിട്ടി. രശ്മി മുംബൈ ഐ ഐ ടി യിലും സ്മിത തൃശ്ശൂർ ഗവൺമെൻ്റ് എഞ്ചിനീറിംഗ് കോളേജിലും ഞാൻ കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിഗിലും എം ടെക്കിനു ചേർന്നു. കോളേജിൽ ചേരുന്നതിനു മുൻപ് ഞാൻ സാറിനെ കാണാൻ ചെന്നു. ടി. കെ.എം സാറിൻ്റെ പ്രിയപ്പെട്ട കോളേജാണ്.

‘ലാലു മംഗളും സുരേഷും ടി. കെ.എമ്മിലുണ്ട്. എൻ്റെ അന്വേഷണം പറയണം,’ അദ്ദേഹം പ്രത്യേകം പറഞ്ഞു. പ്രഗത്ഭരായ മറ്റു രണ്ട് അധ്യാപകർ ആയിരുന്നു, അവർ. ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിംഗ് ആയിരുന്നു എൻ്റെ ഇഷ്ട വിഷയമെങ്കിലും, എത്തിച്ചേർന്നത് സാറിൻ്റെ വിഷയമായ സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗിൽ തന്നെയാണ്. കൂട്ടത്തിൽ കഠിനം എന്ന് ഞങ്ങൾ വിദ്യാർത്ഥികൾ കരുതുന്ന വിഷയം. അതു കൊണ്ട് തന്നെ എൻ്റെ ആത്മ വിശ്വാസം അല്പം കുറവു തന്നെയായിരുന്നു. പഠനത്തിൻ്റെ എല്ലാ വിവരവും സാർ അന്വേഷിച്ചു കൊണ്ടിരുന്നു. ചില കൂടിക്കാഴ്ചകൾ നേരം ഇരുട്ടുന്നത് വരെ നീണ്ടു പോയി. ഇരുട്ടിൽ എന്നെ തനിച്ചു വിടാൻ കൂട്ടാക്കാതെ വിജയൻ എന്ന അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറെ ഫോൺ ചെയ്തു.

‘വിജയൻ ഏഴരയ്ക്ക് വരും. വീട്ടിൽ എത്തിക്കും,’ അദ്ദേഹം പറഞ്ഞു. ഓട്ടോ വരുന്നതു വരെ സംഭാഷണം തുടർന്നു.

വീട്ടിൽ ഓട്ടോയിൽ വന്നിറങ്ങി, വിജയേട്ടനോട് എത്രയായി എന്ന് ചോദിക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് ഓട്ടോ തിരിച്ചു വിട്ടു.

‘സാറിൻ്റെ സ്ഥിരം ആൾ ആണ്. എൻ്റെ പൈസ മാസാവസാനം സാർ തരും,’ വിജയേട്ടൻ പറഞ്ഞു.

ഞാൻ എന്തു ചെയ്യണമെന്നറിയാതെ എത്രയോ തവണ പരുങ്ങി നിന്നു.Dr. RPR Nair , memories , savitha n , iemalayalam

ഒടുവിൽ എം ടെക്ക് പൂർത്തിയാക്കി, ഞാൻ ഒരു കോളേജിൽ അധ്യാപികയായി ജോലിക്കു ചേർന്നു. അതിനു ശേഷം ഉണ്ടായ ഒരു കൂടിക്കാഴ്ചയിൽ വിവാഹം തീരുമാനിച്ച വിവരം സാറിനോട് പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതിനിടയിൽ അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ മകനു വേണ്ടി എന്നെ വിവാഹം ആലോചിക്കണമെന്ന് ഗിരിജ ആൻ്റിയുമായി സംസാരിച്ച കാര്യവും പറഞ്ഞു.

പിന്നെയും ജോലിയുടെ ഓരോ ഘട്ടത്തിലും സാർ നിർദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഒപ്പം അവിടെ ജോലി ചെയ്യുന്ന സാറിൻ്റെ പ്രിയപ്പെട്ട ശിഷ്യരെ പരിചയപ്പെടുത്തി തന്നു. എയറോനോട്ടിക്കൽ ഡെവലപ്മെൻ്റ് ഏജൻസിയിൽ റിസേർച്ച് ഫെല്ലോ ആയി ചേർന്നപ്പോൾ സർ ഉത്സാഹത്തോടെ പറഞ്ഞു ‘നമ്മുടെ ഹേമലത ഉണ്ട്. ഞാൻ ഫോൺ നമ്പർ തരാം.’ ഞാൻ എത്തിപ്പെട്ടത് സാറിൻ്റെ ശിഷ്യയായ ഡോ. ഹേമലതയുടെ എയറോ ഇലാസ്റ്റിസിറ്റി ഡിപ്പാർട്ട്മെൻ്റിൽ തന്നെയായിരുന്നു.

ഓരോ തിരക്കുകൾക്കിടയിൽ നാട്ടിലേക്കുള്ള വരവ് ചുരുങ്ങി വന്നു. സാറിനെ കണ്ടിട്ട് വളരെ നാളായിരുന്നു. ഒടുവിൽ ഒരു സ്വപ്നം ബാംഗളൂരിൽ നിന്ന് എന്നെ ചേറൂരിലെ ‘രാഗേന്ദു’ എന്ന വീട്ടിൽ വർഷങ്ങൾക്കു ശേഷം എത്തിച്ചിരിക്കുന്നു.

ഭക്ഷണം കഴിച്ച ശേഷം സാര്‍ വന്നു. പതിവു പോലെ എൻ്റെ എല്ലാ വിശേഷങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ഞാൻ അദ്ദേഹത്തിൻ്റെ ചെവിയ്ക്കരികിൽ തന്നെ ഇരുന്ന്  പിഎച്ച്ഡിക്ക് ചേർന്ന വിവരം ഉള്‍പടെ എല്ലാം വിശദമായി പറഞ്ഞു.

അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി കണ്ട് വിഷമിച്ചു കൊണ്ടാണ് ഞാൻ സംസാരിച്ചതത്രയും. എന്നാൽ അതൊന്നും വക വെയ്ക്കാതെ അദ്ദേഹം ഉടനെ പറഞ്ഞു ‘I am very happy to hear that… സവിത റിസേർച്ച് ചെയ്യണം എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്.’Dr. RPR Nair , memories , savitha n , iemalayalam

സ്വന്തം റിസേർച്ച്കാലഘട്ടത്തെ കുറിച്ച് അദ്ദേഹം വാചാലനായി. ഉറക്കെ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ്.

‘എന്താണ് എല്ലാ വിഷയത്തിലും ഉള്ള റിസേർച്ച് ഡിഗ്രിക്ക് പിഎച്ച്ഡി എന്ന് പറയുന്നത് എന്നറിയുമോ? ഡോക്ടർ ഓഫ് ഫിലോസഫി . ഇത് തീരുമ്പോഴേക്കും നമ്മൾ കടന്നു പോവുന്ന വഴികൾ ഫിലോസഫിയിൽ തന്നെയാണ് നമ്മളെ പ്രാപ്തരാക്കുന്നത്!’ അദ്ദേഹം പറഞ്ഞു.

പിന്നീട് ഓരോ കടമ്പകൾ കടക്കുമ്പോഴും വഴി തെറ്റി നടക്കുമ്പോഴും വഴി മുട്ടി നില്ക്കുമ്പോഴും ഞാൻ സാറിൻ്റെ വാക്കുകൾ ഓർത്തു. ഇതെല്ലാം തന്നെ കൊണ്ടു പോവുന്നത് മറ്റെന്തിലേക്കോ ആണെന്ന് ധൈര്യപ്പെട്ടു.

സാറിൻ്റെ പാദം തൊട്ട് വന്ദിച്ച് ‘രാഗേന്ദു’വിൽ നിന്നു മടങ്ങുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും സാറിനെ കാണാൻ സാധിച്ചതിൽ ഞാൻ സംതൃപ്തയായിരുന്നു.

കഴിഞ്ഞ ദിവസം ഗിരിജ ആൻ്റിയെ ഫോണിൽ വിളിച്ച് സാറിൻ്റെ ആരോഗ്യ വിവരം തിരക്കിയപ്പോൾ റിസേർച്ച് എന്തായി എന്ന് സാർ ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞു. മറ്റാരാണ് ഇത്രയും കരുതലോടെ എൻ്റെ വിവരങ്ങൾ ചോദിക്കാറുള്ളത്!

അദ്ദേഹം ആരായിരുന്നു എനിക്ക് എന്ന് ഓർക്കുമ്പോൾ എപ്പോഴും കണ്ണുകൾ നിറയാറുണ്ട്. ഗുരു, വഴികാട്ടി, എന്നാൽ അതിലുപരി അച്ഛനെ പോലെ ഒരാൾ! ബാല്യവും കൗമാരവും വിദ്യാർത്ഥി എന്ന അവസ്ഥയും വിട്ടൊഴിയാതെ പൂത്തും തളിർത്തും നില്ക്കുന്നത് അദ്ദേഹത്തിൻ്റെ അനുഗ്രഹാശിസ്സുകൾ കൊണ്ടു തന്നെയാണ് എന്നു ഞാൻ തീർത്തും വിശ്വസിക്കുന്നു!

Read More : സവിത എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Teachers day 2020 memories rpr nair civil engineering savita