scorecardresearch
Latest News

‘അലക്കിവെളുപ്പിക്കുന്ന’ ഹാഷ് ടാഗുകൾ

സർഫ് എക്സൽ പരസ്യ വിവാദത്തെക്കുറിച്ചും തുടർന്നുണ്ടായ ഹാഷ് ടാഗ് ക്യാമ്പയിനിനെകുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുകയാണ് ഗവേഷക വിദ്യാർത്ഥിനിയായ ശില്പ മുരളി

‘അലക്കിവെളുപ്പിക്കുന്ന’ ഹാഷ് ടാഗുകൾ

ഈയടുത്തായി ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ് സർഫ് എക്സെൽ എന്ന ഡിറ്റർജെന്റ് പൗഡർ പരസ്യം. നിറങ്ങളുടെ ഉത്സവമായ ഹോളി കേന്ദ്രീകരിച്ച് ‘Rang Laaye Sang’ (നിറങ്ങൾ സൗഹാർദ്ദം കൊണ്ട് വരട്ടെ) എന്ന ആശയത്തിൽ നിർമ്മിക്കപ്പെട്ട ഒന്ന്. ‘Beautiful story of how the colours of Holi can truly be the colours of oneness – melting differences & bringing people together,” എന്നാണ് അണിയറപ്രവർത്തകർ അതിനെ നിർവ്വചിച്ചിരിക്കുന്നത്. ഹോളിയുടെ ദിവസം നിസ്കരിക്കാൻ പോകുന്ന കൂട്ടുകാരനെ, അവന്റെ വെള്ളയുടുപ്പിൽ നിറം പറ്റാതെ പള്ളിയിലേക്ക് എത്താൻ സഹായിക്കുന്ന പെൺകുട്ടി. അവൻ മുസ്ലിമാണ് എന്ന് പരസ്യം പറയുന്നുണ്ട്. എന്നാൽ അവൾ ഹിന്ദുവാണ് എന്ന് പറയുന്നില്ല. എങ്കിലും ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. അവർ തമ്മിൽ ഭാവിയിൽ പ്രണയത്തിലാകുമെന്നും ‘ലവ് ജിഹാദ്’ സംഭവിക്കും എന്നൊക്കെ വിവാദങ്ങൾ പൊങ്ങി വന്നു, ഹാഷ് ടാഗുകളും. സുഹൃത്തുക്കൾക്കിടയിലും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും ഒക്കെ ചർച്ചയായി. ‘നമ്മൾ സർഫ് എക്‌സലിനൊപ്പം’ എന്ന് തീരമാനമെടുത്തു.

പുൽവാമ കഴിഞ്ഞ സമയം. തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന നേരം. നിലപാടുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ‘മതേതര പൗരത്വം’ നിലനിർത്താൻ പരിശ്രമിക്കുന്നവരുടെ കൂട്ടത്തിൽ ചേരേണ്ടതു പ്രധാനമാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെ ‘#BoycottSurfExcel’ എന്നതിനെ എതിർത്ത് ‘#SurfExcel’ എന്ന ഹാഷ് ടാഗിൽ ചേർന്നു. അപ്പോൾ മുതൽ ട്വിറ്ററിൽ ഇതുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ടൈംലൈനിൽ ധാരാളമായി വരാൻ തുടങ്ങി. ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തോടെ അവസാനിക്കേണ്ടിയിരുന്ന ഒന്ന് കൂടുതൽ വായനയിലേക്കും ചിന്തയിലേക്കും വഴി തെളിച്ചു.

 

പ്രധാനമായും രണ്ടു കുറിപ്പുകളാണ് വ്യത്യസ്ഥമായ ‘ഇൻസൈറ്റ്’ കൊണ്ട് തന്നത്. ഒന്ന്, സർഫ് എക്സലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ യൂണിലിവർ എന്ന എഫ് എം സി ജി ഭീമൻ, എന്തിന് ഈ സമയത്തു ഇങ്ങനെയൊരു പരസ്യം പുറത്തിറക്കി എന്നതിന് ആഷിക് കബീർ എന്നയാൾ ട്വിറ്റെറിൽ നൽകിയ വിശദീകരണം. രണ്ട്, ഇന്ത്യൻ എക്സ്പ്രസ്സ് ലേഖിക സാബാ റഹ്‌മാൻ ഈ വിഷയത്തിൽ എഴുതിയ ‘A Muslim can choose not to participate in Holi and still remain secular’ എന്ന തലക്കെട്ടിൽ വന്ന ലേഖനം.

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ കഴിഞ്ഞ വർഷങ്ങളിലെ വാർഷിക വരുമാനത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് ആഷിക് കബീറിന്റെ ത്രെഡ് തുടങ്ങുന്നത്. 2019 മാർച്ച് മാസം എട്ടാം തീയതി പുറത്തിറങ്ങിയ (ഹിന്ദുസ്ഥാൻ യൂണിലിവർ മാതൃസ്ഥാപനമായ) ‘ബ്രൂക്ക്ബോണ്ടി’ന്റെ കുംഭ മേളയുമായി ബന്ധപ്പെട്ട പരസ്യചിത്രം ഉയർത്തിയ വിവാദത്തെ കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്. സർഫ് എക്‌സലിന്റെ പരസ്യം ഇറങ്ങിയത് ഫെബ്രുവരിയിൽ ആണെങ്കിലും ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അതിന് പ്രചാരം ലഭിക്കുകയായിരുന്നു എന്നും പറയുന്നു. ഇത്രത്തോളം പ്രചാരമുള്ള പ്രോഡക്റ്റുകൾ വിൽക്കുന്ന, മാർക്കെറ്റ് ഭീമൻ ഹിന്ദുസ്ഥാൻ യൂണിലിവർ, തങ്ങളുടെ വിപണിയെ ബാധിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യാൻ സാധ്യതയുണ്ടോ എന്നതാണ് ത്രെഡിൽ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം. തുടർന്ന് ഈ ചോദ്യത്തിനുള്ള ഉത്തരമെന്നവണ്ണം ഈ വിവാദം എങ്ങനെയാണു സർഫ് എക്‌സലിന്റെ വിപണിയെ വർധിപ്പിക്കുന്നതെന്ന് വിവരിച്ചു തരുന്നുമുണ്ട്.

“ഹിന്ദുസ്ഥാൻ യൂണിലിവർ പോലുള്ള ഒരു വമ്പൻ കമ്പനിയിൽ ഒരു പരസ്യചിത്രം ഇറങ്ങിയാൽ അത് ആ ഉത്പന്നത്തെ എങ്ങനെ ബാധിക്കുമെന്നത് നിർണയിക്കാൻ സാധിക്കുന്ന ഒരു സാങ്കേതിക സംഘം (ഡാറ്റ അനലിറ്റിക്സ്) തീർച്ചയായും ഉണ്ടാകും. അവർ ഈ വിവാദത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള ബഹിഷ്കരണത്തെ കുറിച്ചും ചിന്തിച്ചിട്ടുണ്ടാകും. എന്നിട്ടും ഈ പരസ്യം പുറത്തിറക്കണമെങ്കിൽ അതിനു തക്കതായ കാരണങ്ങൾ ഉണ്ട്,” ആഷിക് കബീർ എഴുതി.

ഇത് വിശദീകരിക്കാനായി ത്രെഡിൽ ചൂണ്ടിക്കാട്ടുന്നത്, അമേരിക്കൻ ഫുട്ബാൾ താരവും സിവിൽ റൈറ്സ് പ്രവർത്തകനുമായ കോളിൻ കെയിപ്പർനിക്കിന്റെ ‘നൈക്കി’ പരസ്യചിത്രം ഉണ്ടാക്കിയ വിവാദമാണ്.

“എൻ എഫ് എൽ മത്സരസമയത്ത് കോളിൻ അമേരിക്കൻ പതാകയെ ബഹുമാനിക്കാത്തത് അവിടെ വൻ വിവാദത്തിന് കാരണമായിരുന്നു. കറുത്തവർഗക്കാരോട് പോലീസ് കാണിക്കുന്ന ക്രൂരതയ്ക്ക് എതിരായിട്ടാണ് കോളിൻ അമേരിക്കൻ ദേശീയ ഗാനം കേട്ട സമയത്ത് മുട്ടുകുത്തി മൈതാനത്ത് നിന്നത്. അത്തരമൊരു കളിക്കാരനെ കേന്ദ്രീകരിച്ചു, നൈക്കിയുടെ മുപ്പതാം വാർഷികത്തിന് ‘Believe in Something. Even if it means Sacrificing Everything’ (എന്തിലെങ്കിലും വിശ്വസിക്കുക, ആ വിശ്വാസം കാരണം എല്ലാം പരിത്യജിക്കേണ്ടി വന്നാലും) എന്ന തലക്കെട്ടുള്ള പരസ്യ ചിത്രം വന്നു. ഇതേ തുടർന്ന് നൈക്കിക്ക് എതിരെ അമേരിക്കയിലെ വലതുപക്ഷം രംഗത്തിറങ്ങി. പതാകയേയും, ദേശീയ ഗാനത്തെയും ബഹുമാനിക്കാത്ത വ്യക്തിയെ നൈക്കിയുടെ പ്രതിനിധി ആക്കിയതിൽ അവർ നൈക്കി ഉൽപ്പന്നങ്ങളെ ബഹിഷ്കരിക്കുകയും നശിപ്പിക്കുകയും ചെയ്തു.”

ഇന്ന് ഇന്ത്യയിൽ കാണുന്നതിനേക്കാൾ ആയിരം ഇരട്ടി അധികമായിരുന്നു അവിടത്തെ പ്രതിഷേധം എന്നും ത്രെഡിൽ പറയുന്നു.

“എന്നിട്ടും നൈക്കി ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത് എന്തു കൊണ്ടാണ് ? കോളിനെ പോലൊരു വ്യക്തിയെ അവരുടെ മുഖചിത്രമാക്കി മാറ്റുക വഴി രാജ്യത്തിൽ അദ്ദേഹത്തിന് വേണ്ടി വാദിക്കുകയും, അദ്ദേഹം നിന്ന കാരണത്തിനോട് ആഭിമുഖ്യം ഉള്ളവരുമായ ജനതയെയാണ് ലക്ഷ്യം വച്ചത്. അതായത് രാജ്യത്തിലെ ഇടത് പുരോഗമനവാദികളായ വ്യക്തികൾ. ആ ഉദ്യമത്തിൽ നൈക്കി വിജയിക്കുകയും ചെയ്തു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോളിനൊപ്പം നിന്ന ജനങ്ങൾ നൈക്കി ഉൽപന്നങ്ങൾ വാങ്ങുകയും, അവരുടെ വിപണിമൂല്യം മുമ്പത്തേക്കാൾ പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു.”

ഇതു തന്നെയാണ് ഹിന്ദുസ്ഥാൻ യൂണിലിവറും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ആഷിക് കബീർ വാദിക്കുന്നത്.

“സർഫ് എക്‌സലിന്റെ പരസ്യത്തെ വിവാദമാക്കി മാറ്റുന്ന വലതു ചിന്താഗതിയുള്ള വ്യക്തികൾ ഇന്ത്യയിൽ 31 ശതമാനം ആളുകളാണ്. യൂണിലിവർ ലക്ഷ്യം വെച്ചത് ബാക്കി 69 ശതമാനം വരുന്ന ഇടത് പുരോഗമനവാദികളായ ഇന്ത്യക്കാരെയാണ്. ദീർഘകാല അടിസ്ഥാനത്തിൽ നോക്കിയാലും ഇപ്പോഴത്തെ കണക്കുകൾ നോക്കിയാലും സർഫ് എക്‌സലിനെ ബഹിഷ്കരിക്കുന്നത് യൂണിലിവർ എന്ന സ്ഥാപനത്തിന്റെ ആദായത്തെ ഒരു രീതിയിലും ബാധിക്കുന്നില്ല.”

ഹാഷ്ടാഗുകൾക്കും ഈ വിവാദത്തിൽ വലിയ പങ്കുണ്ടെന്ന് ആഷിക് കബീർ പറയുന്നു.

“31 ശതമാനം വരുന്ന വലതു ചിന്താഗതിക്കാർ ‘#ബോയ്‌കോട്ട് സർഫ് എക്സെൽ’ എന്ന ഹാഷ്ടാഗ് ഉപയോഗിക്കുമ്പോൾ, സർഫ് എക്‌സലിന് വേണ്ടി വാദിക്കുന്നവർ ഉപയോഗിക്കുന്നത് ‘#സർഫ് എക്സെൽ’ എന്ന ഹാഷ്ടാഗ് ആണ്. അദ്ദേഹം വെളിപ്പെടുത്തിയ ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ട്വിറ്ററിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് ‘#സർഫ് എക്സെൽ’ എന്ന ഹാഷ്ടാഗ് ആണ്. ഇത് വ്യക്തമായും ഈ കളിയിലെ വിജയി ആരാണെന്ന് സൂചിപ്പിക്കുന്നുണ്ട്.”

അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ സർഫ് എക്‌സലിന്റെ വരുമാനം വർധിക്കുന്നത് കാണാമെന്നും, ഇതാണ് എല്ലാ വമ്പൻ കമ്പനികളുടെയും ഐതിഹാസികമായ തന്ത്രം എന്നുമാണ് ത്രെഡ് ‘കോൺക്ലൂഡ്’ ചെയ്യുന്നത്.

‘ഇങ്ങനെയൊക്കെയായിരിക്കുമോ കാര്യങ്ങൾ ?’ എന്ന് എന്നാലോചിച്ചിരിക്കെയാണ് സർഫ് എക്സൽ വിഷയത്തിലെ മറ്റൊരു വശം ചൂണ്ടിക്കാട്ടിയുള്ള സാബാ റഹ്‌മാന്റെ ലേഖനം വായിക്കാൻ ഇടവരുന്നുത്. ‘ഹോളിയിൽ പങ്കെടുക്കാതെയും ഒരു മുസ്ലിംമിന് മതേതരനാകാൻ സാധിക്കില്ലേ ?’ എന്ന ചോദ്യത്തിലാണ് അത് തുടങ്ങുന്നത്.

“ഹോളി പോലുള്ള ഒരു ആഘോഷങ്ങളിലും പങ്കെടുക്കാതെയും ഒരു മുസ്ലിമിന് മതേതരത്വം കാത്തു സൂക്ഷിക്കാൻ സാധിക്കും. എല്ലാ ഹിന്ദു ആഘോഷങ്ങളിലും പങ്കെടുക്കുന്ന മുസ്ലിമാണ് യഥാർത്ഥ മതേതര മുസ്ലിം എന്ന പൊള്ളയായ ചിന്താഗതി നിലനിൽക്കുന്നുണ്ട്. വിവാദപരമായ ഈ പരസ്യം ശക്തമായൊരു സന്ദേശം നൽകിയേനെ, ആ മുസ്ലിം കുട്ടി തനിക്ക് ഹോളി കളിയ്ക്കാൻ താല്പര്യമില്ലായെന്നു പറഞ്ഞു കൊണ്ട് തന്നെ പള്ളിയിലേക്ക് കയറി പോയിരുന്നെങ്കിൽ. മറിച്ചു തിരികെ വരുമ്പോൾ അവന്റെ ദേഹത്തും നിറം തെറിക്കുമെന്നാണ് ആ പെൺകുട്ടി പറയുന്നത്. അവന് ആഘോഷത്തിൽ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നൽകുമ്പോഴാണ് ആ പരസ്യം മതേതരം ആകുന്നത്,” അവർ എഴുതി.

പരസ്യം ലവ് ജിഹാദിനെ പ്രൊമോട്ട് ചെയ്യുന്നില്ല, എങ്കിലും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇത്തരം ‘മത-സ്റ്റീരിയോടൈപ്പിംഗ്’ അപകടകരമാണ് എന്നും സാബാ റഹ്‌മാന്റെ ലേഖനം പറയുന്നു.

“ആറു വയസ്സുള്ള കുട്ടികൾക്കറിയാമോ, തങ്ങളുടെ കൂട്ടത്തിൽ ഹിന്ദുക്കളും മുസ്ലിംങ്ങളും സിഖുകാരും ക്രിസ്ത്യാനികളുമൊക്കെയുണ്ടെന്ന് ?, ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയും വേഷങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നവർ വിശ്വസിക്കുന്നുണ്ടോ ?, ഹിന്ദു പേരുകളും മുസ്ലിം പേരുകളും ഉണ്ട് എന്ന് അവർക്കറിയാമോ ?, ഭീതിപ്പെടുത്തുന്നതല്ലേ അത്?”, അവർ ചോദിക്കുന്നു.

Read More: A Muslim can choose not to participate in Holi and still remain secular

ഈ രണ്ടു വായനകളുടേയും പശ്ചാത്തലത്തിൽ എന്റെ ഹാഷ് ടാഗ് എവിടെ നിൽക്കുന്നു എന്നൊന്ന് ആലോചിച്ചു പോയി. വളരെ എളുപ്പത്തിൽ കഴിഞ്ഞു പോയൊരു പ്രക്രിയയാണ് എന്നെ സംബന്ധിച്ചു ആ പരസ്യം കാണലും ഐക്യദാര്‍ഢ്യ പ്രഖ്യാപനവും. മതേതരത്വത്തിന്റെ പേരിലെടുത്ത നിലപാടുകൾ, മതേതരത്വത്തെ തന്നെ എത്രത്തോളം മുന്‍വിധിയോടെയാണ് സമീപിച്ചതെന്ന് സാബാ റഹ്‌മാന്റെ ലേഖനം വെളിച്ചം വീശി. ആഷിക് കബീർ പറഞ്ഞത് ശരിയെങ്കിൽ പരസ്യതന്ത്രത്തിൽ എന്റെ ഹാഷ് ടാഗ് കബളിപ്പിക്കപ്പെട്ടു.

നിലവിലെ സാഹചര്യങ്ങൾ നമ്മളെ എങ്ങനെയാണു ‘ഒരു പക്ഷത്തേക്ക് നീ ചേരുക തന്നെ വേണമെന്നും അതുറക്കെ പ്രഖ്യാപിക്കുകയും വേണമെന്ന’സമ്മർദത്തിലേക്ക് നമ്മെ തള്ളി വിടുന്നത് എന്നും ആലോചിച്ചു. ചില കാര്യങ്ങളിൽ നിർബന്ധമായും പക്ഷം ചേരണം എന്നും ബാക്കി കാര്യങ്ങളിൽ ഒന്നും പക്ഷം ചേരേണ്ട എന്നാണോ? സർഫ് എക്സൽ പരസ്യം അനാവശ്യമായി ലവ് ജിഹാദുമായി കൂട്ടിക്കെട്ടുമ്പോൾ പക്ഷം ചേരേണ്ട ആവശ്യകത ഇല്ലേ?

ഹാഷ് ടാഗ് യുദ്ധക്കളത്തിൽ ഇറങ്ങുന്നത് മുൻപ് രണ്ടാമതൊന്നു ആലോചിക്കാനുള്ള സാവകാശമില്ലല്ലോ. അടുത്ത വിഷയം വന്നു ചേരുന്നതിനു മുൻപ് നിങ്ങളുടെ നിലപാടും രാഷ്ട്രീയവും കാലാകാലങ്ങളിലേക്കായി അവിടെ രേഖപ്പെടുത്തിയേ പറ്റൂ. കാരണം ആ രേഖപ്പെടുത്തലാണല്ലോ ഈ പുതിയ കാലത്ത് ചിലയിടങ്ങളിലെങ്കിലും നിങ്ങളുടെ ‘ഐഡൻറിറ്റി’യായും രാഷ്ട്രീയമായും നിർവ്വചിക്കപ്പെടുന്നത്. പക്ഷേ ഇതിനെല്ലാമിടയിൽ അലക്കിവെളുപ്പിക്കാൻ പല തരം ‘പൊടിവേല’കളുമുണ്ടാകും എന്നും കാഴ്ചയ്ക്കപ്പുറത്തും ചില കാര്യങ്ങളുണ്ട് എന്നും ഈ വായനാനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Surf excel holi ad backlash237159