scorecardresearch

തെരുവുനായ: പരിസരങ്ങൾ, പ്രശ്‌നങ്ങൾ, നിയന്ത്രണങ്ങൾ

മനുഷ്യന്റെ സാമീപ്യം ഇഷ്ടപ്പെടുന്ന നായ്ക്കൾ തെരുവിൽ ഒറ്റപ്പെട്ട് അനാഥരായി സ്വഭാവമാറ്റം സംഭവിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന നായ്ക്കളിൽ നിന്നുള്ള ആക്രമണങ്ങളും പേവിഷബാധയും മറ്റും

street dog, dr m k narayanan,iemalayalam

ഭൂമിയിലാകമാനം ജീവജാലങ്ങൾക്ക് നിലനില്പിനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുകയും ജീവനുതന്നെ ഭീഷണി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേരളത്തിൽ നായകൾ തെരുവുനായകളായതും തെരുവുനായ പ്രശ്നം ഗൗരവമായി ചർച്ചചെയ്യപ്പെടുകയും ചെയ്തുതുടങ്ങിയത്. ഭൂമിയിൽ പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാവുന്നു. ചെറുജീവികൾ, മത്സ്യങ്ങൾ, പക്ഷികൾ മുതൽ കരയിലെ ഏറ്റവും വലിയ സസ്തനി ആയ ആനകൾ വരെ വിവിധ തരത്തിലുള്ള ഭീഷണികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽ ഏറ്റവും അനുയോജ്യമായവ നിലനിൽക്കും എന്നതാണ് ഇന്നത്തെ പ്രകൃതിനിയമമെന്ന് സ്വാർത്ഥനായ മനുഷ്യൻ തീരുമാനിച്ചിരിക്കുന്നു. ഭൂമി മനുഷ്യനു വേണ്ടി മാത്രമാണെന്നുള്ള ധാരണയും, തെരുവുനായകൾ ഇല്ലാതായാൽ അതോടെ പ്രശ്നങ്ങൾ എല്ലാം തീരും എന്ന തരത്തിലുള്ള ചർച്ചകളും ശാസ്ത്രീയമായ രീതിയല്ല. മാറിമാറി വരുന്ന ഉപഭോഗസംസ്‌കാരം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യമായ ‘വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക’ എന്നതിന്റെ ബാക്കിപത്രമാണ് യഥാർത്ഥത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ പ്രശ്നം.

തെരുവുനായ്ക്കളുടെ വർദ്ധന നമ്മുടെ ശുചിത്വബോധത്തിന്റെ അഭാവവും ആസൂത്രണത്തിന്റെ പിഴവും വെളിവാക്കുന്ന സൂചകങ്ങളായി കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിശ്ചയമായും ഖരമാലിന്യ പ്രശ്നങ്ങളുടെ ഒരു ഉപോത്പന്നമാണ് തെരുവിലെ നായ്ക്കൾ. ഇത്തരത്തിൽ തെരുവിൽ ഇവയുടെ എണ്ണം വർദ്ധിക്കാനിടയായ കാരണങ്ങൾ പലതാണ്. മനുഷ്യന്റെ സാമീപ്യം ഇഷ്ടപ്പെടുന്ന നായ്ക്കൾ തെരുവിൽ ഒറ്റപ്പെട്ട് അനാഥരായി സ്വഭാവമാറ്റം സംഭവിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന നായ്ക്കളിൽ നിന്നുള്ള ആക്രമണങ്ങളും പേവിഷബാധയും മറ്റും.

ദിനംപ്രതി വർദ്ധിക്കുന്ന റോഡപകടങ്ങളിൽ മരണം ക്രമാതീതമാകുമ്പോഴും വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നുവരാത്തതും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാത്തതുമായ സാഹചര്യത്തിൽ, നിലനിൽപിനും ജീവിക്കാനുമുള്ള നായയുടെ അവകാശത്തെ മാത്രം എന്തിന് ഇല്ലാതാക്കുന്നു? യാഥാർത്ഥ്യങ്ങൾ ഇതൊക്കെയാണെങ്കിലും വർദ്ധിച്ചുവരുന്ന തെരുവുനായ പ്രശ്നം നേരിടുവാനും പരിഹാരം കണ്ടെത്താനും ശ്രമിക്കേണ്ടത് ഏതൊരു കേരളീയന്റെയും കടമയും ഉത്തരവാദിത്വവുമാണ്.

നായ: ഉന്മൂലനത്തിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നങ്ങൾ

തെരുവുനായ്ക്കളെ കൊണ്ടുള്ള പ്രശ്നങ്ങൾ അനിയന്ത്രിതവും ഒരു ആഗോള പ്രതിഭാസമാവുകയും ചെയ്ത സാഹചര്യത്തിലാണ് 1990കളിൽ ലോകാരോഗ്യസംഘടനയും മൃഗക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഫലപ്രദമായ നിയന്ത്രണ മാർഗ്ഗങ്ങളെപ്പറ്റി ആലോചനകൾ തുടങ്ങിയത്. കൂട്ടമായി കൊന്നൊടുക്കുന്ന രീതിയാണ് അതുവരെ നിലവിലുണ്ടായിരുന്നത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്തു തുടങ്ങിയ ഈ രീതി ക്രൂരവും അശാസ്ത്രീയവും അപ്രായോഗികവും ആണെന്ന് കാലം തെളിയിച്ചതാണ്.
കൂട്ടത്തോടെ കൊന്നൊടുക്കാൻ ശ്രമിക്കുമ്പോഴും ബാക്കിവരുന്ന നായ്ക്കൾക്ക് ഭക്ഷണം സുലഭമായി ലഭിക്കുന്നതുമൂലം അവ പെറ്റു പെരുകുന്നു. ദക്ഷിണാഫ്രിക്കയുടെ തെക്കുകിഴക്കൻ പ്രദേശത്തുള്ള മാരിയൻ ദ്വീപിൽ  (Marion Island) നിന്നും പൂച്ചകളെയും നായ്ക്കളെയും നിർമാർജ്ജനം ചെയ്യാൻ കൂട്ടമായി കൊന്നൊടുക്കുന്ന രീതിയാണ് അവലംബിച്ചത്. ഇതിന് ഏകദേശം 16 വർഷമെടുത്തു എന്നാണ് പറയപ്പെടുന്നത്. ഇത് ഇന്ത്യയിൽ നടപ്പിലാക്കിയാലുണ്ടാകാവുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് പരീക്ഷിച്ച് വിജയിച്ച പദ്ധതികൾ മാത്രമെ പ്രജനന നിയന്ത്രണത്തിന് അവലംബിക്കാവൂ. ഭൂമിയിലുള്ള ഏതെങ്കിലും ജീവിയെ കൊന്നൊടുക്കി വംശനാശം വരുത്തി മനുഷ്യന് സുഖമായി ജീവിക്കാമെന്ന ചിന്ത മാറ്റേണ്ടിയിരിക്കുന്നു.

dr.m k narayanan, book, street dogs, iemalayalam
ഇന്ത്യയിലെ വൻ നഗരങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് നായ്ക്കളെ കൊന്നൊടുക്കിക്കൊണ്ടുള്ള നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഉന്മൂലനമാർഗ്ഗം പരാജയമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ക്രൂരവും സമൂഹത്തിന് യോജിക്കാത്തതുമായ ഈ കൂട്ടക്കുരുതി 1990 വരെ നീണ്ടു നിന്നുവെങ്കിലും തെരുവുനായ്ക്കളുടെ എണ്ണത്തിൽ കുറവുവന്നില്ല എന്നു മാത്രമല്ല കൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവിധ ഏജൻസികളുടെ സഹായത്തോടെ ഒരു പരിഹാരത്തിനായി കൂട്ടായ ശ്രമം നടത്തുകയും ഈ പ്രാചീന രീതിക്ക് അന്ത്യമുണ്ടാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്. കൊന്നൊടുക്കലിനു പകരമായി ജനന നിയന്ത്രണ മാർഗ്ഗങ്ങളും പ്രതിരോധ കുത്തിവയ്പുകളും പ്രചാരം നേടി.

തെരുവുനായ വർദ്ധനയും അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും, വിഷബാധയുള്ള നായ്ക്കളിൽനിന്ന് നേരിടുന്ന ആക്രമണങ്ങളും, തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളും എല്ലാം ചേർന്ന് കേരളത്തിൽ ഈ വിഷയം വിവാദമായി തീർന്നിരിക്കയാണ്.

പേവിഷബാധ പരത്തുന്നതിന് 98 ശതമാനം കാരണം നായ്ക്കളിൽ നിന്നുള്ള കടിയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോടിക്കണക്കിനു രൂപ ചെലവാക്കി പേവിഷബാധക്കെതിരായ മരുന്നു വാങ്ങിയിട്ടും പരാതിരഹിത ചികിത്സനൽകാൻ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിൽ. നിലവിലുള്ള നിയമങ്ങൾക്ക് വിധേയമാക്കി നായകളിലെ വംശവർദ്ധന തടയുന്നതിനുള്ള പ്രജനനനിയന്ത്രണമാണ് ഏക പോംവഴി. അതായത് ഒട്ടാകെയുള്ള ഉന്മൂലനമല്ല നിയന്ത്രണമാണ് കരണീയമാർഗ്ഗം. കൊന്നൊടുക്കി ഉടൻ പരിഹാരം ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല.

പേവിഷബാധയും തെരുവ് നായ്ക്കളുടെ ആക്രമണവും അതുമൂലമുണ്ടാകുന്ന വാഹന അപകടങ്ങളും മറ്റും കാലങ്ങളായി വാർത്തയിൽ ഇടം തേടുമ്പോൾ വളരെ പെട്ടെന്ന് വൈകാരികമായി മനുഷ്യർ പ്രതികരിക്കുന്നു. ഭരണാധികാരികളിൽ നിന്ന് ചില പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകുന്നു. വിശേഷിച്ച് ഒന്നും സംഭവിച്ചില്ല എന്ന യാഥാർഥ്യം വീണ്ടും എവിടെയെങ്കിലും തെരുവുനായ ആക്രമണം ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മളോരോരുത്തരും തിരിച്ചറിയുന്നത്.

വളർത്തുനായ്ക്കളിലെ പ്രജനന നിയന്ത്രണത്തിന്റെ പ്രാധാന്യം

വീട്ടിൽ വളർത്തുന്ന നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണ്. പ്രജനന നിയന്ത്രണ മാർഗ്ഗങ്ങൾക്കും ഈ തത്വം അംഗീകരിച്ചാൽ അതൊരു സാമൂഹിക ഉത്തരവാദിത്വമാകും. ഇത്തരം കാര്യങ്ങൾ സമൂഹത്തിന്റെ അടിസ്ഥാനഘടകമായ വീടുകളിൽ നിന്നു തന്നെ ആരംഭിക്കാനാകും. നമ്മുടെ നാട്ടിൽ നായ്ക്കളെ വീട്ടുകാവലിനും പ്രജനന ആവശ്യങ്ങൾക്കും ആയി വളർത്തുന്നവരുണ്ട്. പ്രത്യേക ജനുസ്സിൽപ്പെട്ട വിദേശ ഇനങ്ങളോടുള്ള അമിതസ്നേഹം മൂലം ഇത്തരം ഇനങ്ങളെയാണ് ഇവർ കൂടുതലായും തെരെഞ്ഞടുക്കുന്നത്. ഇതിന്റെ ഫലമായി നാടൻ ഇനങ്ങൾ അധികപ്പറ്റാവുകയും ആരാലും പരിചരിക്കപ്പെടാതാവുകയും ചെയ്തു.

സ്നേഹത്തോടെ വളർത്തിയ നാടൻ നായ പ്രസവിക്കുമ്പോൾ 6 മുതൽ 8 വരെ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ഇവയെ പോറ്റാൻ വീട്ടുടമസ്ഥന് കഴിയാതെവരികയും ചെയ്യുന്നു. ആൺ കുഞ്ഞുങ്ങളെ പലരും വാങ്ങിക്കൊണ്ടു പോകുമെങ്കിലും പെൺകുഞ്ഞുങ്ങൾ അവശേഷിക്കും. ആത്യന്തികമായി അവ തെരുവിലേക്ക് തള്ളപ്പെടും. അതായത് അനാവശ്യ ഗർഭത്തിന്റെ ഉത്പന്നങ്ങളാണ് തെരുവുനായ്ക്കൾ. ഇത് വർഷത്തിൽ രണ്ടു പ്രാവശ്യം എന്ന കണക്കിൽ ശരാശരി 6 മുതൽ 7 വർഷം വരെ തുടരും. പ്രകൃതി നിയമമനുസരിച്ച് ഏറ്റവും ശക്തരായവർ രക്ഷപ്പെടുകയും ചെയ്യും. ഇവ അടുത്ത വർഷം മുതൽ പ്രസവം ആരംഭിക്കുകയും 6-7 വർഷം തെരുവിൽ തുടർച്ചയായി പെറ്റു പെരുകുകയും ചെയ്യുന്നു. ഈ കണക്ക് സാധാരണ യുക്തിയനുസരിച്ച് കൂട്ടി നോക്കുക. ഇത്തരത്തിൽ നായ്ക്കൾക്ക് സുലഭമായി ഭക്ഷണം ലഭിക്കുകയും അനുകൂല സാഹചര്യങ്ങളിൽ അവ പെറ്റു പെരുകുന്നതുമാണ് ഇന്നത്തെ തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനം.

dr.m k narayanan, book, street dogs, iemalayalam

ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നിന്നും വേണം നിയന്ത്രണമാർഗ്ഗങ്ങൾ ആലോചിക്കാൻ. ഇവിടെയാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ വീട്ടിൽ നിന്നുവേണം തുടങ്ങാൻ എന്ന് പറയുന്നതിലെ യുക്തി. ഇതിന് ആദ്യമായി ചെയ്യേണ്ടത് നാട്ടിലെ പ്രജനനത്തിനുള്ള നായ്ക്കളെ പ്രത്യേകം ഫീസ് ഈടാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യിക്കണം. അവരെ പ്രത്യേക ജനുസുകളിൽപ്പെട്ട നായ്ക്കളെ ഉത്പാദിപ്പിക്കുന്നതിന് ലൈസൻസ് ഉള്ളവരായി അംഗീകരിക്കണം. അവർ നൽകുന്ന നായ്ക്കളുടെ കണക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ സൂക്ഷിയ്ക്കണം. ഇത്തരത്തിൽ നായ്ക്കളെ പ്രതിരോധ കുത്തിവെയ്പ് നടത്തി ലൈസൻസ് നൽകുകയും ഒരു വർഷത്തിന് ശേഷം അത് പുതുക്കി നൽകുന്നതിന് നിർബന്ധമായും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത് അശാസ്ത്രീയമായ പ്രജനനത്തെ തടയും. വംശവർദ്ധന ഇല്ലാതാവും. കാരണം ഇന്ന് അപൂർവ്വം ആളുകളെങ്കിലും തങ്ങൾ നൽകിയ നായക്കുഞ്ഞുങ്ങൾ വലുതായി പ്രസവിച്ചാൽ കുഞ്ഞുങ്ങളെ മൊത്തമായി വാങ്ങി വീണ്ടും ആവശ്യക്കാർക്ക് നൽകുന്നു. മറ്റു ചിലർ നായകളെ വളർത്തി പ്രസവിപ്പിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്നു. അതായത് നേരത്തെ തെരുവിൽ ഉപേക്ഷിച്ച നായ്ക്കളുടെ വർദ്ധനയുടെ തോതിൽ വീടുകളിലും ഇത് തന്നെ സംഭവിക്കുന്നു. അടുത്തകാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച ‘മണി ചെയ്ൻ’ മോഡലിൽ ഇത് വികസിക്കുകയും നമ്മുടെ നാട്ടിൽ നിലവാരം കുറഞ്ഞതും ആരോഗ്യമില്ലാത്തതുമായ വിവിധയിനം വിദേശജനുസുകൾ സുലഭമാവുകയും ചെയ്യുന്നു. ഓരോ ജനുസുകൾക്കും അതതിന്റെ ലക്ഷണങ്ങൾ ഉണ്ട്. അതാണ് അവയുടെ ഓമനത്തവും ആകർഷണീയതയും. ഇത് മറ്റു ജനുസുകളുമായി പ്രകൃതി നിയമങ്ങളനുസരിച്ച് ഇണചേരുകയും രണ്ടിന്റെയും ഭംഗി നഷ്ടപ്പെട്ട് പുതിയ ഇനം ഉണ്ടാവുകയും ചെയ്യും.
മൊബൈൽ ഫോൺ പരസ്യത്തിലൂടെ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച ഇനമാണ് ‘ചൈനീസ് പഗ്’ എന്ന നായ. ഇതിന്റെ പ്രജനനത്തിൽ അതേ വർഗ്ഗത്തിൽ തന്നെയുള്ള ആൺ നായയെ ഉപയോഗിക്കണം. അതാണ് ആരോഗ്യകരമായ രീതി. എന്നാൽ നമ്മുടെ നാട്ടിൽ പണ്ടുമുതൽ സുലഭമായ പോമറേനിയൻ ആൺനായയും ചൈനീസ് പഗ് പെൺനായയും ഇണചേർന്ന് കുഞ്ഞുങ്ങൾ ഉണ്ടാവുന്നു. അത്തരം നായകളെ രോഗം വന്ന് ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. മേൽപറഞ്ഞ ജോഡിയിൽ നിന്നുണ്ടായ കുഞ്ഞുനായക്ക് നീളം കൂടിയ മുഖവും ചൈനീസ് പഗ്ഗിന്റെ നിറവും പോമറേനിയന്റെ വാലും രോമപ്രകൃതവുമാണ്. മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ പ്രകൃതിയുടെ സ്വാഭാവിക നിർദ്ധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. തെരുവുനായ പ്രശ്നത്തിന് തെരുവിലെ നായ്ക്കൾ മാത്രമല്ല ഉത്തരവാദി എന്നതാണ് യാഥാർത്ഥ്യം.

ലൈസൻസിംഗ്

നായ്ക്കളുടെ ലൈസൻസിങ് ഉടമസ്ഥർ നിർബന്ധമായും പാലിക്കേണ്ട ഉത്തരവാദിതമാണ്. നമ്മുടെ നാട്ടിലെ വളർത്തു നായ്ക്കൾക്ക് ആദ്യവർഷം ലൈസൻസ് നൽകുന്നതിന് അവയുടെ ഹെൽത്ത് സർട്ടിഫിക്കറ്റും പ്രതിരോധ കുത്തിവയ്പ് വിവരങ്ങളും അതതു പ്രദേശത്തെ വെറ്ററിനറി ഡോക്ടർമാരിൽ നിന്നും വാങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകേണ്ടതാണ്. രണ്ടാം വർഷം മുതൽ ലൈസൻസ് നൽകുമ്പോൾ വീട്ടുനായയാണെങ്കിൽ നിർബന്ധമായും വന്ധ്യംകരണം നടത്തിയതിന്റെ സർട്ടിഫിക്കറ്റും സാധാരണ ലൈസൻസ് ഫീസും പ്രജനനത്തിനു വേണ്ടിയാണെങ്കിൽ അതു സംബന്ധിച്ചുള്ള വിശദമായ Pedigree Certificateഉം ഉയർന്ന ഫീസും ഈടാക്കേണ്ടതാണ്. ഇത് വിദേശ ജനുസുകൾക്കും നാടൻനായ്ക്കൾക്കും ഉറപ്പാക്കണം. ഇതിനുശേഷം മാത്രമെ ലൈസൻസ് നൽകുകയുള്ളു എന്ന നിബന്ധന നിയമം മൂലം നടപ്പാക്കിയാൽ പ്രശ്ന പരിഹാരമാർഗ്ഗങ്ങൾക്ക് നല്ല തുടക്കമാവും. ഇത്തരം കാര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് കരുതേണ്ടതില്ല. നമ്മുടെ നാട്ടിലെ വാഹന രജിസ്ട്രേഷനും ഇൻഷൂറൻസും ഇതിന് നല്ലൊരു മാതൃകയാണ്. രജിസ്ട്രേഷനും ഇൻഷൂറൻസുമില്ലാത്ത ഒരു വാഹനത്തിനും നിരത്തിൽ ഇറങ്ങാൻ നിലവിലെ നിയമ വ്യവസ്ഥകൾ അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പാക്കിയാൽ നാട്ടിൽ നടക്കുന്ന തെരുവുനായ ശല്യത്തിന്റെ ഒരു പ്രധാന സ്രോതസിനെ ഇല്ലാതാക്കാൻ സാധിക്കും.

dr.m k narayanan, book, street dogs, iemalayalam
വിവിധ നിയന്ത്രണ മാർഗ്ഗങ്ങൾ

കൂട്ടമായി കൊന്നൊടുക്കൽ (Euthanasia)

ചരിത്രം പരിശോധിച്ചാൽ, തെരുവുനായ നിയന്ത്രണങ്ങളെപ്പറ്റിയുള്ള ആലോചനകളും നടപടികളും 19-ാം നൂറ്റാണ്ടുമുതൽ എടുത്തിരുന്നതായി കാണാം. ബ്രിട്ടീഷ് ഇന്ത്യയിൽ കൂട്ടമായി കൊന്നൊടുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇതിനായി അന്ന് അവലംബിച്ച മാർഗ്ഗങ്ങളിൽ കാരുണ്യത്തിന്റെ ഒരംശം പോലും ഇല്ലായിരുന്നു. നായ്ക്കളെ ഒരു ഗ്യാസ് ചേമ്പറിൽ കൂട്ടത്തോടെ കയറ്റിയ ശേഷം വിഷവാതകം കടത്തിവിട്ട് കൊന്നൊടുക്കുന്ന രീതിയാണ് അതിലൊന്ന്. വിഷം കുത്തിവെയ്ക്കുന്നതും വൈദ്യുതി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് കൊല്ലുന്നതുമാണ് മറ്റു മാർഗ്ഗങ്ങൾ.

വൈദ്യുതി ഉപയോഗിച്ചുള്ള കുരുതിയ്ക്ക് ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട്. ഒരു ജീവിയെ ഉന്മൂലനം ചെയ്യാൻ അവലംബിച്ചിരുന്ന പ്രാകൃതരീതി മനസ്സിലാക്കാനും അത് നിർത്തലാക്കുന്നതിന് ലോകമെമ്പാടുനിന്നും എതിർപ്പുകൾ ഉയർന്നുവന്നതിന്റെ പശ്ചാത്തലം വിവരിക്കാനും മാത്രമാണ് ഇക്കാര്യങ്ങൾ പറയുന്നതിന്റെ ഉദ്ദേശ്യം. ഗവേഷണത്തിന്റെ ഭാഗമായാണ് നായ്ക്കളെ കൊണ്ടു വന്നിരുന്നത്. കൊന്നൊടുക്കൽ കാത്തിരിക്കുന്ന നായ്ക്കളെ വിളിച്ച് അടുത്തു ചെല്ലുമ്പോൾ വാലാട്ടി സൗഹൃദം നടിക്കുന്ന നായ്ക്കളെ ഞങ്ങൾ ഗവേഷണത്തിന് തെരഞ്ഞെടുക്കും. ദിവസവും പല ഭാഗങ്ങളിൽ നിന്നും ഒരു പ്രത്യേക സ്ഥലത്തേക്ക് പട്ടിപിടുത്തക്കാർ എത്തിക്കുന്ന നായകളാണ് മരണം കാത്തിരിന്നിരുന്നത്. യഥാർത്ഥത്തിൽ മരണത്തിന് കാത്തുനിൽക്കുമ്പോൾപോലും അവയൊന്നും മനുഷ്യരെ ഉപദ്രവിച്ചിരുന്നില്ല എന്നത് ഇന്നും ആ ജീവി മനുഷ്യനോട് കാണിക്കുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തവമാണ്. ഏകദേശം 20 മുതൽ 30 വരെ (എണ്ണം കൃത്യമായി ഓർമ്മയില്ല) നായ്ക്കളെ ഒരു ഇരുമ്പു കൂടിനുള്ളിലേക്ക് കയറ്റി വാതിൽ അടക്കുന്നു (ലിതൽ ചേമ്പർ). എല്ലാ നായ്ക്കളുടെയും ദേഹത്ത് എത്തുന്ന രൂപത്തിൽ പച്ചവെള്ളം കോരി ഒഴിക്കുന്നു. എല്ലാവരും നനഞ്ഞു എന്ന് ഉറപ്പു വരുത്തിയതിനുശേഷം ഈ ഇരുമ്പുകൂട്ടിലേക്ക് വൈദ്യുതി കടത്തിവിടുന്നു. നിമിഷ നേരംകൊണ്ട് അവയുടെ ജീവൻ ഇല്ലാതാകുന്നത് അതിഭീകരകാഴ്ചയും അനുഭവവും ആണ്.
പ്രത്യേകം കുടുക്കുകൾ കഴുത്തിലിട്ട് വലിച്ച് മുറുക്കി സയനൈഡ് പോലുള്ള വിഷം കുത്തിവെച്ച് കൊല്ലുന്ന രീതിയും മുൻകാലങ്ങളിൽ നടപ്പിലാക്കിയിരുന്നു. സ്നേഹം പ്രകടിപ്പിക്കുന്ന നായ്ക്കളാണ് പിടിക്കപ്പെടുന്നത്. നായ്ക്കളുടെ എണ്ണത്തിനനുസരിച്ചാണ് പ്രതിഫലമെന്നതുകൊണ്ട് എണ്ണം മാത്രമാണ് നായ പിടുത്തക്കാർക്ക് പ്രധാനം. അവിടെയും സ്നേഹവും വിശ്വാസ്യതയും തന്നെയാണ് കുരുക്കായിത്തീരുന്നത്. ഇത്തരം ക്രൂരരീതികൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മാത്രമല്ല, പരീക്ഷിച്ച് പരാജയപ്പെട്ടതും ഇപ്പോൾ നിരോധിച്ചിട്ടുള്ളതുമാണ്.

ഗർഭനിരോധന മരുന്നുകൾ നൽകൽ

നായ്ക്കളുടെ പ്രത്യുൽപാദന രീതി പ്രത്യേക തരത്തിലുള്ളതാണ്. വർഷത്തിൽ ഒന്നോ പരമാവധി രണ്ടോ പ്രാവശ്യം മാത്രമെ പ്രസവിക്കുകയുള്ളു. ക്രമമായി മരുന്നു നൽകൽ വിലയേറിയതും പ്രായോഗികവുമല്ലാത്ത രീതിയാണ്.

Animal Birth Control (ABC) പദ്ധതി

1992ൽ ഡൽഹി ഹൈക്കോടതിയിൽ ശ്രീമതി മനേകഗാന്ധി നൽകിയ ഒരു കേസും അതിനോടനുബന്ധിച്ച വിധിയുമാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന നായ്ക്കളുടെ ജനന നിയന്ത്രണ മാർഗ്ഗങ്ങള്‍ക്കടിസ്ഥാനം. തെരുവുനായ നിയന്ത്രണത്തിനുള്ള നിലവിലുള്ള മാർഗ്ഗങ്ങൾ പഠനവിധേയമാക്കുകയും ഏറ്റവും ഉചിതമെന്ന് അന്ന് കണ്ടെത്തിയ Animal Birth Control Programme ആരംഭിക്കുകയും ചെയ്തു. 2001 ലാണ് കേന്ദ്ര ഗവൺമെന്റ് ABC (Dog) Rule ഇന്ത്യൻ പാർലമെന്റിൽ പാസ്സാക്കിയത്.
പ്രായപൂർത്തിയായ നായ്ക്കളെ പിടികൂടി ശസ്ത്രക്രിയ വഴി വന്ധ്യംകരിച്ച് മുറിവുണങ്ങിയശേഷം പ്രതിരോധ കുത്തി വെയ്പു നൽകി തിരികെ വിടുന്നതാണ് ഈ പദ്ധതി. 1994 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടപ്പാക്കി വരുന്ന ഇത് 2001 മുതൽ നിയമമാക്കി. പ്രായോഗികമായി പരിശീലനം ലഭിച്ച ഡോക്ടർമാരും, നായ പരിചരണക്കാരും നായപിടുത്തക്കാരുമാണ് ഇതിന്റെ പ്രധാനികൾ. നായ്ക്കളെ പിടിച്ചുകൊണ്ടുവരുവാനുള്ള സംവിധാനങ്ങളും അവയ്ക്കുള്ള പാർപ്പിടവും സജ്ജീകരിച്ചാൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കാവുന്നതാണ്. ABC പദ്ധതിയെ മനുഷ്യത്വപരമായ പദ്ധതിയായി കണക്കാക്കാമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്.

dr.m k narayanan, book, street dogs, iemalayalam
1994-95ൽ ഡൽഹി, ബോംബെ, ചെന്നൈ, കൽക്കത്ത, ബാംഗളൂരു മുതലായ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചു ഈ പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. പക്ഷേ, പൂർണ്ണ ലക്ഷ്യം നേടാനായില്ല. പ്രായപൂർത്തിയായ നായ്ക്കളെ പിടികൂടുന്നതും വന്ധ്യംകരിക്കുന്നതും ഏറെ പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്. വേണ്ടത്ര സഹായികളും ആവശ്യമാണ്. അതുകൊണ്ടു തന്നെ ഈ പദ്ധതി പൂർണ്ണരൂപത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കാതെ വരികയും ചെയ്തു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടപ്പിലാക്കി വരുന്ന ഈ പദ്ധതി ഇന്ത്യയിൽ ചുരുക്കം ചില സ്ഥലങ്ങളിൽ (ചെന്നൈ, ജയ്പൂർ) വിജയകരമായി നടപ്പാക്കിയെങ്കിലും വേണ്ടത്ര വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതി നിർദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാത്തതാണ് ഇതിന് പ്രധാന കാരണം. എങ്കിലും നടപ്പാക്കിയ സ്ഥലങ്ങളിൽ പേവിഷബാധ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഒരു സ്ഥലത്ത് നടപ്പിലാക്കുന്ന പദ്ധതിയിൽ ചുരുങ്ങിയത് 70 മുതൽ 80 ശതമാനം നായ്ക്കളെ ഏറ്റവും കുറഞ്ഞ കാലഘട്ടത്തിൽ(പരമാവധി 6 മാസം) തന്നെ വന്ധ്യംകരണത്തിന് വിധേയമാക്കിയാൽ മാത്രമാണ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാകുക. വലിയ നായ്ക്കളെ പിടികൂടൽ, വന്ധ്യംകരണം, സർജറിക്കുശേഷമുള്ള പരിചരണം, പുനരധിവാസം മുതലായവയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഈ പദ്ധതിയുടെ ലക്ഷ്യം നേടുന്നതിന് തടസ്സമായി. അനിയന്ത്രിതമായ നഗരവത്ക്കരണവും ഖരമാലിന്യ സംസ്‌ക്കരണത്തിന്റെ അപാകതകളും നായ്ക്കളുടെ വംശവർദ്ധനക്ക് സഹായകരമായി നിലനിൽക്കുകയും ചെയ്യുന്നു.
ഈ നായ്ക്കൾക്ക് വീണ്ടും ശരണമാകുന്നത് അവ ജീവിച്ചുപോന്ന അതേ പരിതസ്ഥിതികളാണ്. ഭക്ഷണ ലഭ്യത കുറഞ്ഞാൽ തെരുവിൽ വീണ്ടും ഇവ കലാപം സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രജനനം ഇല്ലെന്നതും വന്ധ്യംകരണശേഷം താരതമ്യേന ശാന്തസ്വഭാവക്കാരാകുന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിരന്തരം നിരീക്ഷണങ്ങൾക്ക് വിധേയമാക്കി സുസജ്ജമായ സംവിധാനങ്ങൾ ഏർപ്പാടാക്കിയാൽ മാത്രം വിജയിക്കുന്നതാണ് ഈ പദ്ധതി. തുടങ്ങി 25 വർഷം കഴിഞ്ഞിട്ടും പോരായ്മകൾ പരിഹരിക്കാൻ സാധിക്കാത്തത് ഈ പദ്ധതിയുടെ ഒരു വലിയ ന്യൂനതയാണ്. തെരുവുനായ്ക്കളെ പിടികൂടുന്നതിന് പ്രോത്സാഹനം നൽകുന്ന നമ്മുടെ നാട്ടുകാരും മൃഗസ്നേഹികളും ABC പദ്ധതിയുടെ ഭാഗമായി സർജറി കഴിഞ്ഞ് പ്രതിരോധ കുത്തിവയ്പുകൾ എടുത്തതിനുശേഷം തിരികെ അതേ പ്രദേശത്ത് തുറന്നുവിടുമ്പോൾ യഥാർത്ഥ ”മൃഗസ്നേഹം” കാണിക്കുകയും സന്നദ്ധ പ്രവർത്തകരെ എതിർക്കുകയും ചെയ്യുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. മേൽ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കുന്നതിന് സന്നദ്ധ സംഘടനകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മൃഗക്ഷേമ ബോർഡ് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതി ഇപ്പോഴും നിലവിലുണ്ട്.

Early Neutering in Dogs (END) പദ്ധതി

തെരുവുനായ്കളുടെ പ്രജനന നിയന്ത്രണത്തിനായുള്ള പ്രായോഗികവും മൃഗക്ഷേമ കേന്ദ്രീകൃതവുമായ ഒരു പദ്ധതിയെ കുറിച്ചുള്ള ആലോചനയാണ് ഗവേഷണത്തിലേക്ക് വഴിതെളിയിച്ചത്. ഇതുപ്രകാരം വികസിപ്പിച്ചെടുത്ത പ്രശ്നപരിഹാരമാതൃക സൃഷ്ടിക്കുന്നതിനുള്ള പ്രാരംഭ പഠനം മൃഗസംരക്ഷണവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടത്തിയത്. പഠനം വിജയകരമായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വളരെ എളുപ്പത്തിൽ നടത്താവുന്ന പദ്ധതിയാണ് ചെറുപ്രായത്തിലുള്ള നായ്ക്കുട്ടികളിലെ വന്ധ്യംകരണപദ്ധതി അഥവാ END പദ്ധതി (Early Neutering Dogs).
പരമാവധി 8-12 ആഴ്ച വരെ പ്രായമുള്ള നായ്കുട്ടികളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി പ്രതിരോധകുത്തിവെപ്പ് നൽകിയതിനുശേഷം ദത്തെടുത്ത് വളർത്താൻ പര്യാപ്തമാക്കുന്ന പദ്ധതിയാണ് END. വന്ധ്യംകരണവും ദത്തെടുക്കലും നിമിത്തം തെരുവിലെ നായ്ക്കളുടെ എണ്ണം ക്രമമായി കുറയുകയും, ഇവ സ്നേഹമുള്ള വീട്ടുനായയായി വളരുകയും ചെയ്യുന്നു. നായ്ക്കൾക്ക് ഭക്ഷണവും പാർപ്പിടവും ലഭിക്കുന്നു. മനുഷ്യത്വപരമായ സമീപനമുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നടപ്പിലാക്കാൻ വളരെ എളുപ്പം. നായക്കുട്ടികളെ പിടിക്കാൻ പ്രത്യേക പരിശീലനം ആവശ്യമില്ല. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണം താരതമ്യേന എളുപ്പമാണ്. രാത്രി കാലങ്ങളിൽ അക്രമാസക്തരാകുന്നതും ABC പദ്ധതി നടപ്പിലാക്കുന്ന ഏജൻസികൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്തതുമായ യഥാർത്ഥ തെരുവുനായകളെ നിയന്ത്രിക്കുന്നതിന് അവയുടെ കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് തുടർച്ചയായി അഞ്ചുവർഷം ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുടുംബശ്രീയുടെ സഹകരണത്തോടെ കേരളത്തിൽ ഒട്ടാകെ വളരെ എളുപ്പത്തിൽ നടപ്പിലാക്കാവുന്ന ഒരു പദ്ധതിയാണ് ഇത്.
dr.m k narayanan, book, street dogs, iemalayalam

നിലവിലുള്ള നിയന്ത്രണ മാർഗങ്ങളുടെ പരാജയ കാരണങ്ങൾ

നായ്ക്കളുടെ എണ്ണം കൂടുന്നതും ഭക്ഷണത്തിന്റെ ലഭ്യതയും തമ്മിൽ ബന്ധമുണ്ട്. ഭക്ഷണം ലഭ്യമായ സ്ഥലത്തേക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും പുതിയ നായ്ക്കൾ എത്തും. നായ്ക്കൾ പ്രധാനമായും അവയുടെ വിഹാരകേന്ദ്രങ്ങൾ/പ്രദേശങ്ങൾ കയ്യടക്കിവയ്ക്കുന്ന സ്വഭാവം (Territorial agression) ഉള്ളവയാണ്. അതിർത്തി ലംഘിച്ചെത്തുന്നവയെ എതിർത്തു തോല്പിക്കാനുള്ള ശ്രമത്തിൽ അവ തമ്മിൽ അക്രമങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്.
കൂട്ടമായി കൊല്ലുമ്പോൾ താല്ക്കാലികമായി എണ്ണത്തിൽ കുറവുവരുന്ന അവ പൂർവ്വാധികം ശക്തിയാർജ്ജിച്ച് പെരുകി വരുന്നത് പ്രകൃതിനിയമമാണ്. പൊതുജനങ്ങൾക്ക് മേൽപ്പറഞ്ഞ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തിയാൽ പ്രജനന നിയന്ത്രണ മാർഗ്ഗങ്ങളുടെ പ്രസക്തി മനസ്സിലാകും. ഒരു പ്രദേശത്ത് നായശല്യം പെരുകുമ്പോൾ മാധ്യമങ്ങളിൽ ഉടൻ വാർത്തകൾ വരികയും ഭരണനേതൃത്വം പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനായി യോഗങ്ങൾ നടത്തുകയും ചെയ്യും. ഇതേ തുടർന്ന് എല്ലാം ശുഭകരമാണെന്ന് സാധാരണക്കാർ കരുതി സമാധാനിക്കും. എന്നാൽ അടുത്ത ദിവസം മുതൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്ന പഴയശീലം തുടരുകയും ചെയ്യും.
മുൻകാലങ്ങളിൽ നായ്ക്കളെ കൂട്ടമായി കണ്ടിരുന്നത് കശാപ്പുശാലകൾക്കും ചന്തകൾക്കും സമീപമായിരുന്നു. എന്നാൽ ഇന്നു കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയിലുള്ള മാറ്റം കേരളത്തിലെ ഓരോ മുക്കും മൂലയും തെരുവുനായ്ക്കളുടെ ആവാസകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ഒരു വീട്ടിൽ സ്ഥിരമായി നിൽക്കുകയും അയൽപക്കങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നായ്ക്കൾ നാട്ടിൻപ്രദേശങ്ങളിൽ സാധാരണമായിരുന്നു. ഇന്ന് അത് ചില കോളനികളിൽ മാത്രം കാണപ്പെടുന്നു. ആധുനിക ജീവിതശൈലിയിലെ പാർപ്പിട സമുച്ചയങ്ങളിലുള്ളവരും ചുറ്റുമതിലോടുകൂടിയ വീടുകളിൽ താമസിക്കുന്നവരും ഭക്ഷണാവശിഷ്ടങ്ങൾ സൗകര്യപൂർവ്വം തെരുവിൽ വലിച്ചെറിയുന്നതിൽ മുൻപിലാണ്. സാധാരണ മനുഷ്യർ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഭക്ഷണം പാഴാക്കുന്നുള്ളൂ. ഏറ്റവും കൂടുതൽ തരം ഭക്ഷണസാധനങ്ങൾ വാങ്ങുകയും ജീവിതശൈലി രോഗത്തിന് അടിമയായി ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കികളയുകയും ചെയ്യുന്നവർക്കാണ് തെരുവുനായ പെരുകുന്നതിന് ഏറ്റവും കൂടുതൽ ഉത്തരവാദിത്വം. താരതമ്യേന മാംസാഹാരം പാകം ചെയ്യുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് സമൂഹത്തിൽ ശരാശരിക്ക് മുകളിൽ ജീവിതസാഹചര്യങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണ സാധനങ്ങൾ അനിയന്ത്രിതമായി വാങ്ങിക്കൂട്ടാതിരിക്കുകയും ബാക്കി വരുന്ന ഭക്ഷണവും വീട്ടിലെ മാലിന്യവും തെരുവിൽ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിൽ ഇടാതിരിക്കുകയും വഴി നമുക്ക് ഓരോരുത്തർക്കും തെരുവുനായ നിയന്ത്രണ പ്രക്രിയയുടെ ഭാഗമാകാൻ സാധിയ്ക്കും.
വികസിത രാജ്യങ്ങളിൽ തെരുവിൽ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്ന രീതിയില്ലാത്തതിനാൽ അവിടെ തെരുവുനായ ശല്യവും ഇല്ല. ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് അവിടെ പ്രത്യേകം സങ്കേതങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന സംസ്‌കാരം വ്യാപകമായപ്പോൾ ആദ്യം അനുഭവിക്കേണ്ടിവന്നത്, മൂക്കുപൊത്താതെ പൊതുഇടങ്ങളിലൂടെ നടക്കാനാവില്ല എന്ന അവസ്ഥയായിരുന്നു. അതിന്റെ തുടർച്ചയായാണ് കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ ആക്രമണം തെരുവിലെ നായ്ക്കളിൽ നിന്നും സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്രയും രൂക്ഷമായ തിരിച്ചടികൾ നേരിടുമ്പോൾ അതിന്റെ കാരണം അന്വേഷിച്ച് കണ്ടുപിടിക്കുകയും അതിന് പരിഹാരം നിർദ്ദേശിക്കുകയുമാണ് ചെയ്യേണ്ടത്. നിർഭാഗ്യവശാൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്.

പത്തായം ബുക്സ്  പ്രസിദ്ധീകരിക്കുന്ന ‘നായ മനുഷ്യനോടൊപ്പം സഞ്ചരിക്കുന്ന ജീവി’ എന്ന പുസ്തകത്തില്‍  നിന്ന് ഒരു അധ്യായം

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Stray dogs sterilization birth control licencing book excerpt