കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിൽ വോട്ടില്ലാത്ത ഞാൻ അവിടത്തെ വോട്ടർമാരെ കണ്ട് ‘സ്റ്റീഫൻ റോബർട്ടിനെ വിജയിപ്പിക്കൂ’ എന്ന് അഭ്യർത്ഥിക്കുന്നു. എന്തു കൊണ്ടെന്നാൽ, നമ്മുടെ പൈതൃക – സാംസ്കാരികതകളുടെ സംരക്ഷണത്തിന് പാകപ്പെട്ട രാഷ്ട്രീയമനസുള്ള ഒരാൾ ആ പ്രദേശത്തുണ്ടാകേണ്ടത് ഈ കാലത്തിൻ്റെ ആവശ്യമാണ്.
കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചിയിലെ ‘കരിപ്പുര’ തിരിച്ചു കിട്ടാത്ത വിധം തകർത്തു. കൊച്ചി തുറമുഖത്ത് കപ്പലുകളിൽ ഉപയോഗിക്കുന്ന കരി സംഭരിച്ച് സൂക്ഷിച്ചിരുന്ന പുര എന്ന നിലയിൽ നൂറ്റാണ്ട് പൈതൃകത്തെക്കുറിച്ച് ലോകത്തെ കാണിക്കാൻ നമുക്കിനി കരിപ്പുര ഇല്ല. കരിപ്പുര തകർക്കപ്പെടുമെന്ന് ഭീഷണിയുണ്ടായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. നമ്മൾ തിരഞ്ഞെടുപ്പിന്റെ നടുവിലായിരിക്കെ നമ്മുടെ ശ്രദ്ധയില്ലായ്മ മുതലെടുത്ത് കരിപ്പുരയെന്ന പിതൃസ്വത്ത് കൊള്ളയടിക്കപ്പെട്ടു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചീനവലകളുടെ ഭൂമികയാണ് ഒന്നാം ഡിവിഷൻ. ചരിത്രത്തിൽ നിന്നും ജനജീവിതത്തിൽനിന്നും ഉരുത്തിരിഞ്ഞ കൊച്ചിയുടെ മുഖമുദ്രയാണ് ചീനവല. സൂക്ഷിക്കുക, കൊച്ചിയിലെ ചീനവലകൾ നിലനിൽപ്പ് ഭീഷണിയിലാണ്!
പോർച്ചുഗീസ് – ഡച്ച് – ഇംഗ്ലീഷ് ഭരണകാലങ്ങളിലെ വിലമതിക്കാനാവാത്ത പൈതൃക ചിഹ്നങ്ങളുണ്ട് ഒന്നാം ഡിവിഷനിൽ. അറബി – ജൂത ചിഹ്നങ്ങളുണ്ട്. കൊച്ചി കാണാനെത്തുന്നവർ കൊച്ചിയുടെ പൈതൃകചിഹ്നങ്ങൾ കാണാനെത്തുന്നവരാണ്. പൈതൃകചിഹ്നങ്ങൾ ഇല്ലാത്ത കൊച്ചി, കൊച്ചിയല്ലാതാകും. കൊച്ചിയുടെ പൈതൃക ചിഹ്നങ്ങളെ സംരക്ഷിക്കാൻ സ്റ്റീഫൻ റോബർട്ടിന്റെ നേതൃത്വത്തിൽ പൈതൃക സംരക്ഷണ സംഘടന പ്രവർത്തിക്കുന്നു.
കൊച്ചിയുടെ പൊതുസമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഹോംസ്റ്റേകളാണ്. കൊച്ചി കാണാനെത്തുന്നവരെ മുന്നൂറിലധികം ഹോംസ്റ്റേകൾ സ്വാഗതം ചെയ്യുന്നു. ഹോംസ്റ്റേ നടത്തിപ്പുകാരുടെ കൂട്ടയ്മയെക്കുറിച്ച് ആദ്യം ചിന്തിച്ചതും അവരെ വിളിച്ചു കൂട്ടിയതും സ്റ്റീഫൻ റോബർട്ടായിരുന്നു.
കൊച്ചിയുടെ ആഹ്ളാദമാണ് കാർണിവൽ. 1980കളിൽ ആരംഭിച്ച കാർണിവലിന്റെ സംഘാടനത്തിൽ സ്റ്റീഫൻ റോബർട്ടുണ്ട്. കാർണിവലിൻ്റെ ഭാഗമായ ‘പപ്പാഞ്ഞി കത്തിക്കൽ’ കൊച്ചിയുടെ മതേതരോത്സവമാണ്. ഒരു വർഷത്തിൻ്റെ വിടവാങ്ങലും അടുത്ത വർഷത്തിൻ്റെ വരവുമാകുന്ന പപ്പാഞ്ഞി കത്തിക്കലിനു സാക്ഷിയാകാൻ ഡിസംബർ 31 രാത്രി 12ന് മത-ജാതി ഭേദമില്ലാതെ ആയിരങ്ങൾ കൊച്ചിയിലെത്തുന്നു. ഈ ഉത്സവത്തിന്റെ സംഘാടനവും സ്റ്റീഫൻ റോബർട്ടിന്റെ പ്രതിവർഷ രാഷ്ട്രീയ പ്രവർത്തന കലണ്ടറിന്റെ ഭാഗമാണ്.
2012ൽ ബിനാലെ കൊച്ചിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ആനയെ തൊട്ട അന്ധന്മാരെപ്പോലെയായിരുന്നു രാഷ്ട്രീയക്കാരും സാംസ്ക്കാരിക പ്രവർത്തകരും. അക്കാലത്ത് കൊച്ചിയിൽ ബിനാലെയെ സ്വാഗതം ചെയ്തവരുടെ മുൻനിരയിൽ സ്റ്റീഫൻ റോബർട്ടുണ്ടായിരുന്നു.
1980കളിലെ ക്യാമ്പസ് രാഷ്ട്രീയത്തിൽനിന്ന് ആരംഭിച്ചതാണ് സ്റ്റീഫൻ റോബർട്ടിന്റെ സാമൂഹിക പ്രവർത്തനം. മഹാരാജാസ് കോളജിൽ സ്റ്റീഫൻ റോബർട്ട് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നിട്ടില്ല. പക്ഷേ, അദ്ദേഹത്തിൻ്റെ സംഘടനയുടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിലും വിജയിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. ക്യാമ്പസിനു വെളിയിലെ രാഷ്ട്രീയത്തിലും ഇതായിരുന്നു സ്റ്റീഫൻ റോബർട്ടിന്റെ ശൈലി. അദ്ദേഹം സംഘാടനത്തിൻ്റെ മുൻ നിരയിലുണ്ടാവും, സ്ഥാനാർത്ഥികളെയും വിജയികളെയും സൃഷ്ടിക്കും, എന്നാൽ സ്ഥാനാർത്ഥിയാവില്ല.
ഇതാദ്യമായി സ്റ്റീഫൻ റോബർട്ട് സ്ഥാനാർത്ഥിയായിരിക്കുന്നു. സ്ഥാനാർത്ഥിയാകണമെന്ന് ഞാൻ ഉൾപ്പെടെ അനേകർ നിർബന്ധിച്ചിരുന്നു. കാരണം, കോവിഡ് 19 തളർത്തിയ കൊച്ചിയെ ഉണർത്താൻ ‘ക്രിയാത്മക രാഷ്ട്രീയ’ത്തിന്റെ പ്രതിനിധി ആവശ്യമാണ്.
സ്റ്റീഫൻ റോബർട്ടിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് പരന്ന വായന. വായിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകമോ മാസികയോ പത്രക്കടലാസോ എന്നും സ്റ്റീഫൻ റോബർട്ടിന്റെ കൈയിലുണ്ടാവും.
സ്റ്റീഫൻ റോബർട്ടിനു വ്യക്തിപരമായ മോഹങ്ങൾ കുറവാണ്. വിവാഹിതനല്ല. രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ സ്റ്റീഫൻ റോബർട്ടിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം – അദ്ദേഹം നെയ്റോസ്റ്റ് വടിവുള്ള വസ്ത്രങ്ങളണിയാറില്ല. അതിന്റെ കീശയിലാകട്ടെ, പലപ്പോഴും കാശുമുണ്ടാവാറില്ല. സ്ഥാനാര്ത്ഥിയുടെ ആസ്തിയായി സത്യവാങ്ങ്മൂലത്തില് രേഖപ്പെടുത്തിയതാകട്ടെ വെറും മൂവായിരം രൂപം മാത്രം. ചിരി കൊണ്ടും അദ്ദേഹത്തെ തിരിച്ചറിയാം – ചുണ്ടാലും പല്ലാലും മാത്രം ചിരിക്കാതെ, ഹൃദയത്തിലെ ചിരി സത്യം പോലെ അദ്ദേഹത്തിൻ്റെ കണ്ണിൽ തിളങ്ങുന്നു!
സ്റ്റീഫൻ റോബർട്ടിന്റെ രാഷ്ട്രീയം ഇന്നത്തെ കൊച്ചിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ആവശ്യമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook