തങ്കമണിച്ചേച്ചി എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന കല്യാണിമേനോനെ ഓര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത് അവരുടെ ഹൃദയം തുറന്നുള്ള പൊട്ടിച്ചിരി യാണ്. ഇത്ര നന്നായി ഒരാള്‍ക്ക് ഉറക്കെ ചിരിക്കാന്‍ കഴിയുമോ എന്ന് ഞങ്ങൾ അത്ഭുതപ്പെടുമായിരുന്നു. സൗമ്യയും സ്‌നേഹവതിയും അധ്യാപികയുമായ കാരക്കാട്ട് രാജമ്മയുടേയും കരുണാമയനായ ഫാര്‍മസി ഉദ്യോഗസ്ഥന്‍ മാറായില്‍ ബാലകൃഷ്ണ മേനോന്റെയും ഏകപുത്രിയായ കല്യാണിക്കുട്ടി പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായിരുന്നു.
പഠിപ്പിന്റെ മികവുകൊണ്ട് സ്‌കൂളില്‍ ദീപ്തിയും സംഗീതത്തിലെ പ്രാവീണ്യം കൊണ്ട് ചുറ്റുപാടും മാസ്മരികതയും ചൊരിഞ്ഞ വ്യക്തി. കുട്ടികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട ടീച്ചറായിരുന്ന രാജമ്മ ടീച്ചറിന്റെ മകളെന്ന ആനുകൂല്യവും പരിഗണനയും ഒരിക്കലും കല്യാണി സ്‌കൂളില്‍ നേടിയതായി ഓര്‍മ്മയിലേയില്ല എന്ന് ആത്മമിത്രമായ രമണിവര്‍മ്മ സാക്ഷ്യപ്പെടുത്തുന്നു. സതീര്‍ത്ഥ്യയായിരുന്ന അമ്പാട്ട് സതി ശ്രീകുമാറും ഇതു ശരിവെക്കുന്നു.
സ്‌കൂളില്‍പോകുമ്പോഴും പാട്ടു പഠിക്കാന്‍പോകുമ്പോഴും ഒക്കെ ഒപ്പമുള്ളവരോട് തമാശ പറഞ്ഞ് എല്ലാവരേയും ചിരിപ്പിക്കാനുള്ള കഴിവ് കല്യാണിക്കുണ്ടായിരുന്നു എന്ന് സതി ശ്രീകുമാർ ഓര്‍ക്കുന്നു. ലാളിത്യമായിരുന്നു രാജമ്മ ടീച്ചറുടെയും കല്യാണിക്കുട്ടിയുടേയും മുഖമുദ്ര എന്ന് രണ്ട് കൂട്ടുകാരികളും ഇപ്പോഴും ഓർമ്മിക്കുന്നു.

ഒരുകാലത്ത് എറണാകുളത്തെ സംഗീതരംഗത്ത് പ്രസിദ്ധരായിരുന്നു കല്യാണി-രമണി ദ്വന്ദം. ശിവരാമന്‍നായര്‍ സാറിന്റെ അടുത്ത് സംഗീതം പഠിച്ച ഇവർ ഒന്നിച്ച് ധാരാളം സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
പഠിക്കുന്ന കാലത്ത് ടിഡിഎം ഹാളിലെ നവരാത്രി പരിപാടികളിലും അമ്പലങ്ങളിലെ ഉത്സവത്തിനും കല്യാണി-രമണിമാരുടെ സംഗീത പരിപാടി പതിവായിരുന്നു. അരങ്ങേറ്റം നടത്തിയതും ഒന്നിച്ചായിരുന്നു. മഹാരാജാസ് കോളേജില്‍ രമണി ബോട്ടണിയും കല്യാണി ഫിസിക്‌സുമാണ് പഠിച്ചത്. പഠിത്തത്തിലും പാട്ടിലും ഒന്നിച്ചുണ്ടായിരുന്ന അവരുടെ ആത്മബന്ധം അവസാനം വരെ തുടർന്നു..ഉള്ളില്‍ കളങ്കമില്ലാത്ത എല്ലാം തുറന്നു പറയുന്ന കല്യാണി എന്ന ആത്മ സഖിയുടെ വേര്‍പാട് രമണിക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. തമ്മിലുള്ള സംസാരമെല്ലാം എപ്പോഴും സംഗീതത്തിലാണ് ചെന്ന് നില്‍ക്കുക എന്ന് രമണി ഓര്‍ക്കുന്നു. സംഗീതത്തിലെ സംശയ നിവൃത്തി അവസാനംവരെ ഫോണിലൂടെ അവര്‍ തേടി എന്നും രമണി പറയുന്നു.

സംഗീതത്തിലും സാഹിത്യത്തിലും അതീവ തല്‍പ്പരയായിരുന്ന അമ്മയാണ് കല്യാണിയെ കലാരംഗത്തേക്കെത്തിച്ചത്. ടിഡിഎം ഹാളിലെ നവരാത്രി പരിപാടികളില്‍ അഞ്ച് വയസ്സു മുതലേ കല്യാണി പങ്കെടുക്കുമായിരുന്നു. വിവാഹശേഷം, കെ.കെ. മേനോനും കല്യാണിയുടെ സംഗീത ജീവിതത്തെ പ്രോത്സാഹിപ്പിച്ചു. നേവിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മേനോന്‍ ഉദ്യോഗാര്‍ത്ഥം ചെന്നൈയില്‍ എത്തിയപ്പോള്‍ കല്യാണിയുടെ ഉന്നതിയായിരുന്നു മേനോന്റെ മനസ്സില്‍ പ്രധാനമായിരുന്നത്. എന്നാല്‍ വിധി ക്രൂരമായിരുന്നു. കല്യാണിയുടെ 37-ാമത്തെ വയസ്സില്‍പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളേയും അവരേയും വിട്ട് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

രണ്ട് കുഞ്ഞുങ്ങളുമായി ഒരു സ്ത്രീ ചെന്നൈപോലൊരു സ്ഥലത്ത് തനിയെ താമസിക്കുക എന്നത് അക്കാലത്ത് യാഥാസ്ഥിതിക സങ്കൽപ്പങ്ങള്‍ക്ക് നെറ്റി ചുളിക്കാന്‍ ധാരാളമായിരുന്നു. “സംഗീതം കൈവിടരുത്,” എന്ന ഭര്‍ത്താവിന്റെ വാക്കാണ് അവര്‍ക്ക് തുണയായി ഉണ്ടായിരുന്നത്. തന്റെ പാട്ടിനും കുഞ്ഞുങ്ങളുടെ പഠിപ്പിനും ചെന്നൈ ആകും നല്ലത് എന്ന ധീരമായ തീരുമാനം ആരേയും കൂസാതെ അവർ കൈക്കൊണ്ടു. മകളുടെ സംഗീതസ്‌നേഹം അറിയുന്ന അച്ഛനുമമ്മയും ഒപ്പം നിന്നു. അതുകൊണ്ട് 77-ാം വയസ്സിലും ഏതു പാട്ടും തനിക്കു വഴങ്ങും എന്നു കാണിച്ചുതന്ന ഗായികയേയും അഭ്രപാളിയില്‍വിസ്മയം തീര്‍ക്കുന്ന സംവിധായകനെയും (രാജീവ് മേനോന്‍) ഭരണ പ്രാവീണ്യമുള്ള ഐ ആർഎസ് ഉദ്യോഗസ്ഥനെയും (കരുണാകര്‍ മേനോന്‍) നമുക്ക് ലഭിച്ചു.
ജീവിതത്തിലെ കനല്‍വഴി പോലെ തന്നെ സംഗീതരംഗത്തെ യാത്രയും കല്യാണി മേനോന് അത്ര എളുപ്പമായിരുന്നില്ല. ദക്ഷിണാമൂര്‍ത്തി, എസ്. രാമനാഥന്‍, പുതുക്കോട് കൃഷ്ണമൂര്‍ത്തി എന്നിവരുടെ കീഴില്‍ ശാസ്ത്രീയ സംഗീതാഭ്യാസം നടത്തിയ കല്യാണി മേനോൻ കച്ചേരികളിൽ സായൂജ്യം കണ്ടെത്തി. അവസാനം വരെ ഈ സംഗീതാരാധന തുടരുകയും ചെയ്തു. ചെന്നൈയിലെ സംഗീതാന്തരീക്ഷത്തിലേക്ക് അവർ ഒഴുകിയിറങ്ങി.

തോപ്പില്‍ഭാസിയുടെ ‘അബല’ എന്ന ചലച്ചിത്രത്തിലൂടെയാണ് 1973-ല്‍ അവര്‍ പിന്നണി ഗാനരംഗത്തെത്തുന്നത്. കൗസല്യാ പ്രാര്‍ത്ഥനയും അശ്വതി ശ്രീകാന്തിന്റെ വരികളും ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനത്തിലായിരുന്നു തുടക്കം. എന്നാല്‍ 1977-ല്‍പുറത്തിറങ്ങിയ രാമുകാര്യാട്ടിന്റെ ‘ദ്വീപ്’ എന്ന ചലച്ചിത്രത്തില്‍ ബാബുരാജ് ചിട്ടപ്പെടുത്തിയ ‘കണ്ണീര്‍മഴയത്തും നെടുവീര്‍പ്പിന്‍കാറ്റത്തും’ എന്ന പാട്ടാണ് അവരെ ശ്രദ്ധേയയാക്കിയത്. പക്ഷേ ഈ പാട്ട് മറ്റൊരു ഗായികയുടെ പേരിലാണ് അറിയപ്പെട്ടത് എന്ന ദുഃഖം അവര്‍ക്കെന്നും ഉണ്ടായിരുന്നു. 1983-ല്‍ഇളയരാജയുടെ സംഗീതത്തില്‍ ‘മംഗളം നേരുന്നു’ എന്ന ചലച്ചിത്രത്തില്‍ യേശുദാസിനോടൊപ്പം പടിയ ‘ഋതുഭേദകൽപ്പന’ മലയാളത്തിലെ മികച്ച പ്രണയ യുഗ്മഗാനമായി ഇന്നും വാഴ്ത്ത്‌പ്പെടുന്നു.
‘തച്ചോളി മരുമകന്‍ചന്തു,’ ‘താറാവ്,’ ‘വിയറ്റ്‌നാം കോളനി’ തുടങ്ങി നിരവധി മലയാളം സിനിമകളില്‍ അവര്‍ പാടി. എന്നാല്‍ പ്രോത്സാഹിക്കപ്പെട്ടില്ല. അവരുടെ ഭാഷാ ഭാവ ശുദ്ധികള്‍ തിരിച്ചറിഞ്ഞ ദീപക് ദേവിലൂടെയും (ആറു സുന്ദരികളുടെ കഥ) ശ്രീവത്സന്‍ ജെ. മേനോനിലൂടെയും (ലാപ്‌ടോപ്പ്) അടുത്തകാലത്ത് രണ്ട് മികച്ച ഗാനങ്ങള്‍ മലയാളത്തിന് ലഭിച്ചു.

ബാലാജിയുടെ ‘നല്ലത്തോരു കുടുംബം’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ 1979-ല്‍ പാട്ട് അവതരിപ്പിച്ചാണ് തമിഴ് ചലച്ചിത്രഗാന രംഗത്ത് കല്യാണി മേനോന്‍ രംഗപ്രവേശം ചെയ്തത്. തുടര്‍ന്നും തന്റെ സിനിമകളില്‍ അദ്ദേഹം അവര്‍ക്ക് അവസരം നല്‍കി. എം.എസ്. വിശ്വനാഥന്‍ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍(സുജാത, സാവല്‍ എന്നീ സിനിമകളില്‍) അവരെ പ്രശസ്തയാക്കി.
ഇടവേളക്കുശേഷം 1990-കളോടെ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍അവര്‍പാടിയ ഒട്ടേറെ പാട്ടുകള്‍ ഹിറ്റായി. ‘പുതിയ മന്നര്‍ഗള്‍,’ ‘മുത്തു,’ ‘അലൈ പായുതേ,’ ‘പാര്‍ത്താലെ പരവശം’ എന്നീ സിനിമകളിലെ പാട്ടുകള്‍ എക്കാലത്തും ഓർമ്മിക്കപ്പെടുന്നവയാണ്. 2010-ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണെ താണ്ടി വരുവായാ’ എന്ന ചലച്ചിത്രത്തിലെ ഗാനത്തിലൂടെ ആ ശബ്ദസൗകുമാര്യം ഒരിക്കല്‍ക്കൂടി സംഗീത ലോകം കേട്ടു.
റഹ്‌മാന്റെ ‘വന്ദേ ഭാരതം’ ആല്‍ബത്തിലും അവര്‍പാടി. തന്റെ 77-ാമത്തെ വയസ്സില്‍ ’96’ എന്ന തമിഴ് ചിത്രത്തില്‍ ‘കാതലേ’ എന്നു തുടങ്ങുന്ന പാട്ടുപാടി അവര്‍ നമ്മുടെ കാതുകളെ വിസ്മയിപ്പിച്ചു. ശ്രീനിവാസന്റെ ‘ഉസല്ലൈ’ എന്ന ആല്‍ബത്തില്‍ പി. ഉണ്ണിക്കൃഷ്ണനോടൊപ്പം ഗോപാലകൃഷ്ണ ഭാരതിയുടെ ‘എപ്പൊ വരുവാരോ’ പാടി ആധുനിക താളവും തനിക്ക് അന്യമല്ല എന്നു തെളിയിച്ചു. തമിഴ്‌നാട് ‘കലൈമണി’ എന്ന അംഗീകാരം കല്യാണി മേനോന് നല്‍കിയതില്‍ അത്ഭുതമില്ല.

ശാസ്ത്രീയ സംഗീതത്തിലാണ് അവർ ആനന്ദവും സായൂജ്യവും കണ്ടിരുന്നത്. ഗുരു ദക്ഷിണാമൂര്‍ത്തി അവർക്ക് വലിയ പ്രചോദനമായിരുന്നു. അതുകൊണ്ടുതന്നെ വൈക്കത്തമ്പലത്തിലെ ഗാനാര്‍ച്ചനയില്‍ അവര്‍ സന്തോഷം കണ്ടെത്തി. ഈ ശാസ്ത്രീയ സംഗീത മികവ് പഠിക്കുന്ന കാലം മുതലേ അവര്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്.
പഠിക്കുന്ന കാലത്ത് ഡല്‍ഹിയില്‍ നടന്ന ദേശീയ യുവജനോത്സവത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി കലാരംഗത്ത് മഹാരാജാസ് കോളേജിന്റെ യശസ്സ് അവര്‍ ഉയര്‍ത്തി. നിരവധി ഭക്തിഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. ഭക്തിഗാനരംഗത്ത് നല്‍കിയ സംഭാവനയ്ക്കാണ് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കി അവരെ ആദരിച്ചത്.
വള്ളത്തോളിന്റെ ശതാബ്ധിവർഷത്തിൽ ധനഞ്ജയന്‍ ചിട്ടപ്പെടുത്തിയ ‘മഗ്നലനമറിയം’ നൃത്താവിഷ്‌ക്കാരത്തിന് സംഗീതം പകര്‍ന്നത് തങ്കമണിയാണെന്നത് അവരുടെ സാഹിത്യ-സംഗീതാഭിരുചിക്കുള്ള അംഗീകാരമായിരുന്നു..
താന്‍കുട്ടിയായിരിക്കുമ്പോള്‍ കൂടെ കളിച്ചു നടന്ന തങ്കമണിയെ തന്നെയാണ് അവസാനം എറണാകുളത്തെത്തുമ്പോഴും താന്‍ കണ്ടിട്ടുള്ളതെന്ന് ബന്ധുവായ വത്സല സതീശ് പറയുന്നു. പഠിക്കാന്‍മിടുക്കിയായ പാട്ടില്‍ പ്രാവീണ്യമുള്ള തങ്കമണി ഒന്നിന്റെ പേരിലും ആരെയും ഒരിക്കലും ഇകഴ്ത്തിയിരുന്നില്ല അവർ പറയുന്നു.
ജീവിതത്തെ സന്തോഷത്തോടെ കാണണം എന്നതായിരുന്നു അവരുടെ സമീപനം. ഒരുപക്ഷെ തന്റെ ജന്മനാട് തന്നെ വേണ്ടുംവിധം അംഗീകരിച്ചില്ല എന്ന വേദന അവര്‍ക്ക് ഉള്ളില്‍ ഉണ്ടായിരുന്നിരിക്കാം. ആവുന്ന കാലത്തോളം അവര്‍എറണാകുളത്തമ്പലത്തില്‍ ഉത്സവത്തിന് തൊഴാന്‍ എത്തുമായിരുന്നു. ഗുരുക്കന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹം കൊണ്ടാകാം എല്ലാ ഉള്ളുരുക്കങ്ങളേയും അവര്‍ക്കു തരണം ചെയ്യാന്‍കഴിഞ്ഞത്. ഈ ഗാനമുത്തശ്ശി ലോകത്തോട് വിടപറയുമ്പോള്‍ ജീവിതത്തെ ഉത്സവമായി കണാന്‍ ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ തിരോധാനമാണ്, തീര്‍ച്ച.
വിട, തങ്കമണിച്ചേച്ചി.