നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ഒരിക്കല്‍ അടുത്തുണ്ടായിട്ടും തിരിച്ചറിയാതെ പോകുകയും ചെയ്ത സൗഹൃദം. ഇങ്ങനെയൊരു ബന്ധമായിരുന്നു ഇന്നു രാവിലെ അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ഡോ. ഐവി ബാബുവുമായി എനിക്കുണ്ടായിരുന്നത്. സുഹൃത്ത് മാത്യു ജോസഫാണ് എന്നെ ബാബുവുമായുള്ള ക്ഷണികമായ സൗഹൃദത്തിലേക്കു കൊണ്ടുപോയത്. ജീവിതത്തില്‍ സൗഹൃദത്തിന്റെ സ്ഥാനം വളരെ വലുതാണ്, അത് എത്ര ക്രിയാത്മകമായി ഉപയോഗിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഒരിക്കല്‍ പോലും നേരില്‍ കാണാത്ത ഞങ്ങളുടെ ബന്ധം.

ഫുട്ബാളായിരുന്നു ഞങ്ങളുടെ സൗഹൃദത്തിലേക്കു നയിച്ച പൊതുഘടകം. കാല്‍പ്പന്തുകളിയെ കാല്‍പ്പനികമായി സമീപിക്കാനും അതിനെ മറ്റു വൈജ്ഞാനിക മേഖലകളിലേക്കു വ്യാപിപ്പിക്കാനുമുള്ള എന്റെ താല്‍പ്പര്യങ്ങളെ അറിഞ്ഞ മാത്യു ഫുടബോളിനെ സ്‌നേഹിക്കുന്ന ബാബുവുമായി ടെലിഫോണ്‍ സൗഹൃദം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു.’മംഗളംദിനപത്രമായിരുന്നു ഞങ്ങളുടെ ഫുട്‌ബോള്‍ ബന്ധം ഊഷ്മളമാക്കിയ മാധ്യമം.

ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ വരുമ്പോള്‍, അല്ലെങ്കില്‍ മുറുകുമ്പോള്‍ ബാബുവിന്റെ ശബ്ദം തേടിയെത്തും. തുടര്‍ന്നുള്ള ദിനങ്ങളില്‍, കഴിഞ്ഞതും വരുന്നതുമായുള്ള കളികളെക്കുറിച്ച് ചിലപ്പോള്‍ മണിക്കൂറുകള്‍ സംസാരിക്കും. എഴുതാനുള്ള വിഷയം ഈ സംഭാഷണത്തില്‍ ഉരുത്തിരിയും. പൊതുവെ എഴുതാന്‍ മടിയനായ എന്നെകൊണ്ട് എഴുതിച്ചെടുക്കുകയെന്ന കര്‍ത്തവ്യം എന്നെ തെല്ലുപോലും അലോസരപ്പെടുത്താതെ ബാബു നേടിയെടുത്തു.

പിന്നീട് ‘തത്സമയം’ പത്രത്തിലേക്കു മാറിയ ബാബു അതിന്റെ ആദ്യ പ്രതിയില്‍ എന്റെ ലേഖനം വേണമെന്നു നിര്‍ബന്ധിച്ചു. 2018 ലെ ലോകകപ്പ് സമയം പ്രധാന ടീമുകളുടെ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ വിലയിരുത്തി. ബ്രസീല്‍ ടീമിന്റെ ആരാധകനായ ബാബുവിനു മുന്‍ ലോകകപ്പില്‍ ജര്‍മനിയോടേറ്റ പരാജയത്തിന്റെ വിഷാദം 2018ലും തീര്‍ന്നിരുന്നില്ല. ലോകകപ്പ് കഴിഞ്ഞ് കാണാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞാന്‍ കോഴിക്കോട് പോയപ്പോള്‍ ബാബുവിനു മറ്റൊരു യാത്ര വേണ്ടിവന്നു. അതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. സാരമില്ല, അടുത്ത വരവില്‍ കാണാമല്ലോയെന്നു ഫോണില്‍ പറഞ്ഞ് പിരിഞ്ഞു.

IV Babu, ഐവി ബാബു, Dr. IV Babu, ഡോ. ഐവി ബാബു, IV Babu obituary, ഐവി ബാബു അന്തരിച്ചു, IV Babu journalist, മാധ്യമപ്രവർത്തകൻ ഐവി ബാബു, IV Babu Memories, ഐവി ബാബു ഓർമകൾ, IV Babu remembrance, ഐവി ബാബു അനുസ്മരണം, Latest Malayalam news, ലേറ്റസ്റ്റ് മലയാളം ന്യൂസ്, Latest Kerala news,ലേറ്റസ്റ്റ് കേരള വാർത്തകൾ, Kerala news, കേരള വാർത്തകൾ, ie malayalam, ഐഇ മലയാളം

മഹാരാജാസ് കോളേജില്‍ നടന്ന പ്രൊഫ. ബി സുജാത ദേവി അനുസ്മരണ പ്രഭാഷണ പരിപാടിയുടെ സദസിൽ ഐവി ബാബു

സുജാത ടീച്ചറുടെ അനുസ്മരണമായി ജൂലൈ 21ന്, മഹാരാജാസ് കോളേജില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ആദ്യ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്തു പിരിയുമ്പോള്‍ ഞാനും ബാബുവും ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്നറിഞ്ഞത് വളരെ പിന്നീട്. വേനലവധിക്ക് ഞാന്‍ എറണാകുളത്തെത്തിയതു ബാബുവോ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഞാനോ അറിഞ്ഞിരുന്നില്ല.

ഒരു ഫോട്ടോഗ്രാഫറുടെ റോളില്‍ കോളേജിലെ മെയിന്‍ഹാളില്‍ കറങ്ങിയ ഞാന്‍ ബാബു അവിടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്, മണിപ്പാലില്‍ തിരിച്ചെത്തി ഫോട്ടോകള്‍ ലാപ്ടോപ്പിലേക്കു മാറ്റി കാണുമ്പോഴാണ്. ഓര്‍മ ശരിയാണെങ്കില്‍, ഇതേ സമയത്തായിരുന്നു ബാബു സ്വന്തം ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ആക്കിയത്. ഈ കാര്യമാണു ബാബുവിനെ ഞാനെടുത്ത ഫോട്ടോയില്‍ തിരിച്ചറിയാന്‍ ഇടയാക്കിയത്. വളരെ അടുത്തുണ്ടായിട്ടും തമ്മില്‍ കാണാന്‍ കഴിയാഞ്ഞതിലെ നിരാശ ഇന്ന്, ബാബു ലോകത്തോട് വിട പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം പലമടങ്ങ് വര്‍ധിക്കുന്നു.

നിയതിയുടെ വിളയാട്ടത്തിനു മുന്നില്‍ നമ്മളുടെ ആഗ്രഹങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രസക്തി നിസാരം മാത്രം. അടുത്ത വരവില്‍ കാണാമെന്നു വാക്കുപറഞ്ഞയാള്‍ ഇനി അതിനില്ലെന്ന യാഥാര്‍ഥ്യം മനസിനെ വല്ലാതെ ഈറനണിയിക്കുന്നു.

  • മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റിയാണു ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook