ഇ കെ നായനാരെപ്പോലുള്ള ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു കരുതിപ്പോകുന്ന എത്രയോ ദിവസങ്ങളും സന്ദര്‍ഭങ്ങളുമാണിപ്പോഴും.  കാന്തികശക്തിയോടെ ജനങ്ങളെ ആകര്‍ഷിക്കുന്ന അതികായരും പ്രശസ്തരുമയ നേതാക്കളുടെ പൊതുജനമദ്ധ്യേയുള്ള പ്രഭാഷണങ്ങള്‍ പലപ്പോഴും ഇന്ന് ഒരു നഷ്ടബോധമാകുന്നു എന്നതാണ് വാസ്തവം. സഖാവ് ഇ എം എസിന്റെ പ്രഭാഷണങ്ങള്‍ പോലെ തന്നെ നായനാരുടെ പ്രസംഗങ്ങളും  കേള്‍ക്കാനാളു കൂടുമായിരുന്നു. ഇ എം എസിന്റെ ത് കനമുള്ളതും ബുദ്ധിപരവും ആയിരുന്നുവെങ്കില്‍, നായനാരുടേത് ജനക്കൂട്ടത്തെ നേരിട്ടു ചെന്നു തൊടുന്ന തരത്തില്‍ നര്‍മ്മലളിതവും അനുകരണീയമേയല്ലാത്തതും ആയിരുന്നു. സുഹൃത്തുക്കളും പരിചയക്കാരും, നായനാരെ കേള്‍ക്കാന്‍ റ്റിക്കറ്റെടുക്കാന്‍ വരെ തയ്യാറാണെന്നു പറയുമായിരുന്നു. അത്രയ്ക്കുണ്ടയിരുന്നു അദ്ദേഹത്തിന്റെ വാക്കുകളുടെ ആകര്‍ഷണ ശക്തി.

ദൃശ്യമാധ്യമരംഗത്ത് ജോലിയെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പല രാഷ്ട്രീയ റാലികളും മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം നേതാവെന്ന നിലയിലും അദ്ദേഹം  പങ്കെടുത്ത പല പരിപാടികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 90കളുടെ പകുതിയിലെപ്പോഴോ  തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള അദ്ദേഹത്തിന്റെ കൊച്ചു വീട്ടില്‍ വച്ച് നടന്ന ഒരു അഭിമുഖം അതിലെല്ലാത്തിലും മീതെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

ജനലരികിലുള്ള ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു സഖാവ്. ക്രൂ, ക്യാമറ സെറ്റ് ചെയ്യുന്നു. അതിനിടെ ഒരു മീന്‍വില്‍പ്പനക്കാരി തലയിലൊരു വലിയ കുട്ടയുമായി ഗേറ്റ് കടന്നു വരുന്നു. അവരുടെ മുഖത്തേക്കു നോക്കിയാലേ അറിയാം അവരെന്തോ പറയാന്‍ വെമ്പി നില്‍ക്കുകയാണെന്ന്. നായനാരിരിക്കുന്ന ജനാലക്കരികിലെത്തിയതും അവര്‍ പറഞ്ഞു, ‘ഇന്നലെ സഖാവ് മിന്നിച്ചു കേട്ടാ…’ അതു കേട്ടതും പ്രസന്നഭാവത്തിലായ നായനാര് ചോദിച്ചു, ‘ഇങ്ങളവിടെ ഉണ്ടായിരുന്നോ?’  അവര് പറഞ്ഞു ‘വോ.’

യാതൊരു പ്രകടനപരതയുമില്ലാതെ അതിസാധാരണക്കാരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ആ ലാളിത്യം, അത്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മുടെ നേതാക്കളില്‍ പലരും അധികാരത്തിന്റെ പടവുകള്‍ കയറുന്നതോടെ സാധാരണക്കാര്‍ക്ക്  അപ്രാപ്യരും അവരുമായി യാതൊരു ബന്ധവുമില്ലാത്തവരുമായി തീരാറേയുള്ളു. അപ്പോഴാണ് ഇവിടെ ഒരു സാധാരണക്കാരി നേരിട്ട് പാര്‍ട്ടിയിലെ പ്രബലനും ഇതിനകം രണ്ടു തവണ  കേരളത്തിന്റെ മുഖ്യമന്ത്രയുമായിക്കഴിഞ്ഞ നായനാരോട് ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രസംഗം ഞെട്ടിച്ചു, രോമാഞ്ചമുണ്ടാക്കി, തീപ്പൊരിയായിരുന്നു എന്നൊക്കെ പറയുന്നത്!

സൂര്യ റ്റിവി യുടെ അഭിമുഖ പരമ്പര ‘വര്‍ത്തമാന’ത്തില്‍ ഇ കെ നായനാരെ ഉള്‍ക്കൊള്ളിച്ചതാണ് മറ്റൊരോര്‍മ്മ. അദ്ദേഹത്തെ ആ സംഭാഷണ പരമ്പരയുടെ ഭാഗമാക്കാന്‍ നിരന്തരം ശ്രമിക്കുകയായിരുന്നുവെങ്കിലും എന്തു കൊണ്ടോ അത് യാഥാര്‍ത്ഥ്യമാവുന്നേയില്ലായിരുന്നു. ഏഷ്യാനെറ്റിനു വേണ്ടി അദ്ദേഹമക്കാലത്ത് ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്നൊരു പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. ഒരുപക്ഷേ അതാകാം, ഞങ്ങളുടെ ശ്രമം നടക്കാതെ നീണ്ടുപോയതിനുള്ള കാരണം. ആ സര്‍ക്കാരിന്റെ കാലാവധിശേഷം, ഞങ്ങളൊരിക്കല്‍ കൂടി ഇതേ കാര്യത്തിനായി ശ്രമിക്കുകയുണ്ടായി. എകെജി സെന്ററിനു എതിര്‍ വശത്തുള്ള  ചിന്താ ബില്‍ഡിങ്‌സിലെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഒന്നു കൂടി കാണുകയും ഉടനടി സമ്മതം ലഭിക്കുകയും ചെയ്തു.

അദ്ദേഹം ഞങ്ങളുടെ സ്റ്റുഡിയോയിലേക്ക് വന്ന് ദീര്‍ഘമായ ഒരു സംഭാഷണം റെക്കോര്‍ഡ്ചെയ്തു. അന്ന് ‘ദി ഹിന്ദു’വിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്‍ഡന്റായ ഗൗരീദാസന്‍ നായരെന്ന അവതാരകന്റെ ഒരു ചോദ്യത്തിനുത്തരമായി തങ്ങള്‍ സമുന്നതനായ കോണ്‍ഗ്രസ്‌ നേതാവ് കെ കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് നായനാര്‍ പറയുകയുണ്ടായി. ‘വര്‍ത്തമാന’ത്തിന്റെ ഈ എപിസോഡ് സംപ്രേഷണം ചെയ്തു വന്നപ്പോള്‍, ഇതിനെക്കുറിച്ച് ചന്ദ്രിക ദിനപ്പത്രം ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുമുണ്ടായി. അത് വലിയ വിവാദമായി . അന്ന് ഓണ്‍ലൈന്‍  ഇല്ലാത്തതിനാല്‍, കാഴ്ചക്കാര്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞുള്ള പുനസംപ്രേഷണത്തിനായി കാത്തിരിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു. ആ പ്രത്യേക ഭാഗം മുറിച്ചുമാറ്റാനോ അതിലെന്തെങ്കിലും ഭേദഗതി വരുത്താനോ ആ എപ്പിസോഡിന്റെ സംപ്രേഷണം നിര്‍ത്തിവയ്ക്കാനോ ഉള്ള നീക്കം ഒരു ദിക്കില്‍ നിന്നും നടന്നതേയില്ല എന്നത്  ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ദിവസങ്ങള്‍ക്കകം തന്നെ മറ്റൊരു പ്രോഗ്രാമില്‍ വച്ച് അദ്ദഹത്തെ കാണുയുണ്ടായി, നായനാര്‍ തന്റെ സ്ഥിരം നര്‍മ്മം ചാലിച്ച് പറഞ്ഞു, ‘അവന്മാര്‍ എഴുതട്ടേടോ…’

എന്തും സരസമായി എടുക്കാനറിയാമായിരുന്ന സഖാവ് നായനാരെ, ആ മറുപടിയുടെ ധൈര്യത്തില്‍, ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തി കണ്ടു.  കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഞങ്ങള്‍ വിഷയമെടുത്തിട്ടു.  ഒരിക്കല്‍ കൂടി,  ആ പ്രത്യേക കേളപ്പജി പരാമര്‍ശം വിശദമാക്കിക്കൊണ്ടുള്ള ഒരു അഭിമുഖം വേണം. ഡല്‍ഹിയിലെ കമ്മറ്റി കഴിഞ്ഞ് തിരികെ വന്ന ശേഷം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു.

ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന നേരമത്രയും റ്റിവി കണ്ടുകൊണ്ടിരുന്ന ശാരദ റ്റീച്ചര്‍ അപ്പോള്‍ പെട്ടെന്നിടപെട്ടു പറഞ്ഞു ‘ഇങ്ങള് പോകുന്നെങ്കില്‍ ഇപ്പോള്‍ പോകണം. ഇതിന്നു തുടര്‍ച്ച ആയിട്ട്… അല്ലെങ്കില്‍ കാര്യമില്ല.’

റ്റീച്ചറുടെ വാക്കുക്കള്‍ കേട്ട് അദ്ദേഹം അപ്പോള്‍ത്തന്നെ വരാമെന്നു സമ്മതിച്ചു. നേരത്തേ താന്‍  കേളപ്പജിയെക്കുറിച്ചു പറഞ്ഞ കാര്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചത് മറ്റൊരു എപ്പിസോഡായി. തുടര്‍ച്ചയായുള്ള മൂന്നു ആഴ്ചകളില്‍ ‘വര്‍ത്തമാന’ത്തില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ന്യൂസ് മേക്കര്‍ വേറെയില്ല.

നായനാര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. മാസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍, അത്തരം രണ്ടാമത്തെ യാത്രയായിരുന്നു അത്. ആദ്യ തവണ അദ്ദേഹം പോയത് എയര്‍ ആംബുലന്‍സിലായിരുന്നു. ഇത്തവണ അദ്ദേഹം കൂടുതല്‍ ഊര്‍ജ്ജ്വസ്വലനായി കാണപ്പെട്ടു. യാത്രയ്ക്ക് മുന്‍പ് അദ്ദേഹവുമായി സംവദിക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ നായനാര്‍ താമസിച്ചിരുന്ന മൂന്നാം നിലയിലേക്ക് എത്തിയപ്പോഴേക്ക് അദ്ദേഹം ലിഫ്റ്റില്‍ കയറിക്കഴിഞ്ഞിരുന്നു. പതിവ് നര്‍മ്മോക്തികള്‍ക്കു ശേഷം എല്ലാവരെയും നോക്കി കൈവീശി, ഒരു വിടപറച്ചിലിലെന്നോണം പറഞ്ഞു – താങ്ക് യു ഫോര്‍ ആള്‍.

ദിവസങ്ങള്‍ക്കകം അദ്ദേഹം മരിച്ചു. ആ വാര്‍ത്ത കേട്ട് എ കെ ജി സെന്ററിലേക്ക് എത്തിയപ്പോള്‍ അവിടം മ്‌ളാനമായിരുന്നു. കുറേ ആളുകള്‍ ഇതിനകം കണ്ണൂര്‍ക്ക് പുറപ്പെട്ടിരുന്നു. മറ്റ് ചിലര്‍ പോകാനൊരുങ്ങുകയായിരുന്നു. പാര്‍ട്ടി സെന്ററിലേക്ക് വിവിധ രാഷ്ട്രീയ സംഘടനകളില്‍ നിന്നുള്ളവര്‍ വന്നു ചേര്‍ന്നു കൊണ്ടേയിരുന്നു. പെട്ടെന്നാണ്  നേരത്തേ  പദ്ധതിയിട്ട പോലെ നേരെ കണ്ണൂര്‍ക്ക് കൊണ്ടു പോകുന്നില്ല, മറിച്ച് ഭൗതിക ശരീരം എ കെ ജി സെന്ററിലേക്കാണ് കൊണ്ടു വരുന്നതെന്നുള്ള പ്രഖ്യാപനം വന്നത്. ‘സഖാവിനെ നിങ്ങള്‍ സെന്ററിലേക്കല്ലാതെ വേറെ എങ്ങോട്ടാണു കൊണ്ടു പോവുക?’ എന്ന ശാരദ റ്റീച്ചറുടെ ചോദ്യമാണ് അതു വരെയുള്ള തീരുമാനങ്ങള്‍ മാറ്റിമറിച്ചത്.

സഖാവിന്റെ ശരീരം തിരുവനന്തപുരത്തേക്കു പ്രത്യേക വിമാനമാര്‍ഗ്ഗമെത്തിക്കാന്‍ പാര്‍ട്ടി ഏര്‍പ്പാടു ചെയ്തു. പാര്‍ട്ടി സെന്ററില്‍ ദിവസം മുഴുവന്‍ പൊതുദര്‍ശനത്തിനു വച്ചിട്ട്, വൈകുന്നേരം ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടു പോയി. ജനം തങ്ങളുടെ അനിഷധ്യേ നേതാവിന് അവസാനോപചാരമര്‍പ്പിക്കാന്‍ ഇടതടവില്ലാതെ ഒഴുകിയെത്തുകയായിരുന്നു. രാത്രി കണ്ണൂര്‍ക്ക് കൊണ്ട് പോകുമ്പോഴും ചന്നം പിന്നം പെയ്യുന്ന വേനല്‍മഴ ഗൗനിക്കാതെ പ്രധാനപാതകളിലെല്ലാം അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ വേണ്ടി ആയിരങ്ങള്‍ നിരനിരന്നു.

അളവുകോലുകള്‍ക്കും  വ്യാഖ്യാനങ്ങള്‍ക്കുമപ്പുറമായിരുന്നു എങ്ങും ഒഴുകിപ്പരന്ന പൊതുജനത്തിന്റെ നഷ്ടവികാരം. കല്യാശ്ശേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് ആദ്യം നായനാരുടെ ശരീരം കൊണ്ടു പോയത്, പിന്നെ അവിടെ നിന്ന് കണ്ണൂരിലെ തളാപ്പിലെ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലേക്കും. പിറ്റേന്ന് പകല്‍ പയ്യാമ്പലം ബീച്ചില്‍ അദ്ദേഹത്തെ സംസ്‌ക്കരിച്ചു.

സുഹൃത്തും കണ്ണൂര്‍ക്കാരനുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞ ഒരു കഥയും മനസ്സിലേക്ക് വരുന്നു. ഒരു ഉപതെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മടിക്കൈയില്‍ നായനാര്‍ ചെല്ലുന്നെന്നറിഞ്ഞ് അവിടെയുള്ള ഒരോ വീട്ടുകാരും അദ്ദേഹത്തിന്റെ ഇഷ്ടവിഭവമായ ബ്രഡും കോഴിക്കറിയും തയ്യാറാക്കി കാത്തിരുന്നതും, മറ്റൊരിടത്ത് ഭക്ഷണം കഴിച്ച സഖാവ് ഇതറിഞ്ഞ് ‘എന്തു ചെയ്യുമെടോ’ എന്ന് ധര്‍മ്മസങ്കടത്തിലായതും. ഒടുവില്‍, ‘അതെല്ലാമെടുത്ത് വണ്ടിയിലേക്ക് വച്ചോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൊടുക്കാം’ എന്ന് ആരെയും മുഷിപ്പിക്കാതെ പ്രശ്നം ഭംഗിയായി കൈകാര്യം ചെയ്ത് ജനമനസ്സുകളെ അദ്ദേഹം ചേര്‍ത്ത് വച്ചതും.

സാധാരണക്കാരന് വേണ്ടിയുള്ള നീണ്ട നാളത്തെ പോരാട്ടമോ, ജനപ്രിയതയോ സ്വതസിദ്ധമായ നര്‍മ്മമോ ഏതായിരിക്കാം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള നിരത്തുകളില്‍ തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പെരുമഴയത്ത് കാത്തുനിന്നു കാല്‍ കഴച്ച സാധാരണക്കാരന്റെ ഉള്ളിലദ്ദേഹത്തെ ‘മിന്നിച്ചു’ നിര്‍ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook