/indian-express-malayalam/media/media_files/uploads/2023/07/Rafi-Ramnath.jpg)
റാഫി രാമനാഥ്
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിനെ കുറിച്ചുള്ള പാഠം മണ്ണിലും മനസ്സിലും നട്ടുവളര്‍ത്തുന്ന ഒരു അധ്യാപകനുണ്ട് ആലപ്പുഴയില്‍. അച്ചടിച്ച പുസ്തകതാളുകള്‍ക്കപ്പുറം, കുട്ടികളില്‍ പ്രകൃതിസ്‌നേഹത്തിന്റെയും പാരിസ്ഥികാവബോധത്തിന്റെയും വിത്തുകള്‍ പാകുന്ന ഈ ശാസ്ത്ര അധ്യാപകന്‍ നടന്ന വഴികളില്‍ തലമുറകളിലേക്ക് കൈമാറുന്ന അറിവിന്റെ വേരോട്ടം കാണാം.
കായംകുളം ചാരുംമൂട് താമരക്കുളം വിജ്ഞാന വിലാസിനി ഹയര്‍ സെക്കന്‍ഡറി (വി വി എച്ച് എസ് എസ്) സ്‌കൂളിലെ അധ്യാപകനായ റാഫി രാമനാഥ് തന്റെ സ്‌കൂളിലെ കുട്ടികളെയും നാട്ടുകാരെയും പ്രകൃതിയോട് സ്‌നേഹമുള്ളവരാക്കി മാറ്റാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാളുകളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. റാഫി രാമനാഥിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ സൃഷ്ടിച്ച 'ചെറുവനം' അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തെ കുറിച്ച് കൂടുതല്‍പേരിലേക്ക് എത്തിക്കുന്നതിന് വഴിയൊരുക്കി.
റാഫി സ്‌കൂളിലെ അഞ്ചുസെന്റ് സ്ഥലത്താണ് മിയാവാക്കി വനമൊരുക്കിയത്. ഈ ചെറിയ സ്ഥലത്ത് 115 ഇനങ്ങളിലായി 460 മരങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വച്ച് പിടിപ്പിച്ചത്. റാഫി രാമനാഥ് എന്ന അധ്യാപകന്‍ ഒരു സുപ്രഭാതത്തില്‍ മിയാവാക്കി വനം വെച്ചുപിടിപ്പിക്കാന്‍ ഇറങ്ങിയതല്ല. അധ്യാപകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും ചെയ്യാന്‍ കഴിയുന്ന, ഒരു വ്യാഴവട്ടക്കാലത്തിലേറെ നീണ്ട പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് അദ്ദേഹം ഈ ചെറുവനം നട്ടുപിടിച്ചത്.
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-03-at-11.45.49-AM-crop.jpeg)
അടുക്കളത്തോട്ടത്തില്‍ നിന്ന് മിയാവാക്കി വനത്തിലേക്കുള്ള വഴി
ജീവശാസ്ത്ര അധ്യാപകനായ റാഫി 2009 ല്‍ സ്‌കൂളില്‍ കുട്ടികളോടൊപ്പം അടുക്കള തോട്ടമുണ്ടാക്കികൊണ്ടായിരുന്നു പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ന് തൊട്ട് ഇന്ന് വരെയുള്ള പതിനാല് വര്‍ഷക്കാലം ഈ അധ്യാപകന്റെ പ്രവൃത്തി കുട്ടികള്‍ക്കും സ്‌കൂളിനും നാടിനും മാതൃകയാണ് പകര്‍ന്ന് നല്‍കിയത്.
റാഫി രാമനാഥിന്റെ പരിസ്ഥിതിയോടിണങ്ങി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ തുണി സഞ്ചി നിര്‍മ്മാണം, പ്ലാസ്റ്റിക്ക് പേന വലിച്ചെറിഞ്ഞ് മണ്ണ് മലിനമാക്കാതിരിക്കാന്‍ മഷി പേന ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്, ഉപോയഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് നിക്ഷേപിക്കാന്‍ 'പേന കൂട്' സ്ഥാപിക്കുക എന്നിവയും ഉള്‍പ്പെടുന്നു. താമരക്കുളത്ത് പ്ലാസ്റ്റിക് രഹിത ഭൂമി എന്ന സൗഹൃദ കൂട്ടായ്മയുമായി ചേര്‍ന്ന് നാട്ടിലെ പ്ലാസ്റ്റിക് ശേഖരിച്ച് മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു
സ്‌കൂളിലെ പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്ററായിരുന്ന 2009 മുതല്‍ 2013 കാലത്ത് കുട്ടികളോടൊത്ത് മണ്ണും, ജലവും, വായുവും സംരക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. വനംവകുപ്പിന്റെ സഹായത്തോടെ സ്‌കൂളില്‍ ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അമ്പത് തൈകള്‍ നട്ട് ആരംഭിച്ച ഈ തോട്ടത്തില്‍ ഇപ്പോള്‍ ഇരുനൂറ്റിഅമ്പതോളം ഔഷധസസ്യങ്ങളുണ്ട്.
വഴിയോര തണല്‍ മരങ്ങളില്‍ ആണിയും മറ്റും തറച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് തണല്‍മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ചരിത്രവും റാഫിക്കുണ്ട്. നാട്ടില്‍ ഇതിനെതിരെ കുട്ടികളെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണം നടത്തി. കുട്ടികളും, പഞ്ചായത്തധികൃതരും നാട്ടുകാരും ചേര്‍ന്ന് മരങ്ങളിലെ ആണികള്‍ മാറ്റി. വിഷയത്തില്‍ വനംവകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ വിജയമാണ് റാഫിക്കും സംഘത്തിനും അവകാശപ്പെടാനുള്ളത്. 2012 ല്‍ മരങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിധം ആണി അടിക്കുന്ന രീതി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-02-at-3.34.56-PM.jpeg)
ആലപ്പുഴയില്‍ നാഷണല്‍ ഗെയിംസിന്റെ മത്സരങ്ങള്‍ നടന്നപ്പോള്‍ ശുചിത്വമിഷന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഒഫിഷ്യലായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പ്ലാസറ്റിക് കുപ്പികളും പേപ്പര്‍ ഗ്ലാസുകളും ഒഴിവാക്കി കഴുകി ഉപേയാഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു. 2016 ല്‍ ജില്ലയിലും ജില്ലയുടെ പുറത്തുമായി ഒരു ലക്ഷത്തോളം മരങ്ങള്‍ നട്ട് പിടിപ്പിച്ചു. സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായാണ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. നക്ഷത്രവനം, ഔഷധത്തോട്ടം, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലും ചുക്കാന്‍ പിടിക്കുന്നുണ്ട് ഈ അധ്യാപകന്‍.
സ്‌കൂളില്‍ കുട്ടികളെ കൊണ്ട് വിത്ത് പാകി തൈകള്‍ മുളപ്പിക്കുന്നതിനായി നഴ്‌സറി ആരംഭിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ ''നാട്ടുപച്ച ' എന്ന പദ്ധതിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. കുട്ടികളുടെയും,തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ, നഷ്ടമായി കൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് പാകി മുളപ്പിച്ച് നട്ടുവളര്‍ത്തിയ പദ്ധതിയാണ് നാട്ടുപച്ച. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്‌കൂളുകളില്‍ നടപ്പിലാക്കിയ ശലഭോദ്യാനം പദ്ധതിയിലും റാഫി സജീവമായിരുന്നു.
പ്രകൃതി സംരക്ഷണ പാഠങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കും,പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി സ്‌കൂള്‍ നിര്‍മ്മിച്ച് റാഫി സംവിധാനം ചെയ്ത 'തളിര്ന-ല്ല നാളെയ്ക്കായി' എന്ന ഡോക്യുമെന്ററിക്ക് 2017 ല്‍ സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്‌കാരം ലഭിച്ചു.
വൃക്ഷങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി 'നന്മമരം' ഡോക്യുമെന്ററി ഒരുക്കി. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജമാണ് പളളിയാവട്ടം ഗ്രാമത്തിലെ വിവേകാനന്ദ ഗ്രന്ഥശാലയെ, സജീവമാക്കുന്നതില്‍ പങ്ക് വഹിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണ പാഠങ്ങള്‍ കുട്ടികളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇതിലൂടെ കഴിഞ്ഞു. ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരിച്ച് കൈമാറി, വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി.പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലും റാഫിയുടെ സജീവ പങ്കാളിത്തമുണ്ട്.
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-03-at-12.50.56-PM.jpeg)
എന്താണ് മിയാവാക്കി വനം
അക്കിര മിയാവാക്കി എന്ന ജാപ്പനീസ് സസ്യശാസ്ത്രജ്ഞന്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച വനവല്‍ക്കരണ മാതൃകയാണ് മിയാവാക്കി വനം എന്നറിയപ്പെടുന്നത്. തരിശുഭൂമിയിലോ ജലക്ഷാമം നേരിടുന്ന പ്രദേശത്തോ കൊച്ചു വനങ്ങള്‍ വളര്‍ത്തുന്ന മാതൃകയാണിത്.
ദീര്‍ഘകാലം കൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളല്ല, മറിച്ച് പരമാവധി 30 വര്‍ഷം കൊണ്ടു ചെറുവനം നിര്‍മ്മിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി വനം. നഗരങ്ങള്‍ വനവല്‍ക്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചാണു മിയാവാക്കി വനം ഒരുക്കുന്നത്. രണ്ടര അടി ഉയരത്തിലുള്ള വന്‍മരങ്ങള്‍, ഇടത്തരം മരങ്ങള്‍, ചെറിയ ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിങ്ങനെ നാല് തട്ടുകളിലായി ഒരു ചതുരശ്ര മീറ്ററില്‍ 3-4 ചെടികള്‍ ക്രമത്തില്‍ വച്ചുപിടിപ്പിക്കുന്നതാണു സാധാരണ രീതി. മധ്യത്തിലായിരിക്കും വന്‍മരങ്ങള്‍. ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് അതിനുള്ളില്‍ നടീല്‍ മിശ്രിതം നിറച്ചാണു തൈകള്‍ നടുന്നത്.
സ്‌കൂളില്‍ മിയാവാക്കി വനം സൃഷ്ടിച്ചതിനെ കുറിച്ച് റാഫി രാമനാഥ് പറയുന്നു
"മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഒരു സെന്റില്‍ മിയാവാക്കി വനം നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഞാന്‍. അത് സംബന്ധിച്ച വാര്‍ത്ത വായിച്ച സ്‌കൂള്‍ മാനേജര്‍ മിയാവാക്കി പദ്ധതി സ്‌കൂളില്‍ നടപ്പാക്കാന്‍ മുന്നോട്ട് വന്നു. അങ്ങനെയാണ് സ്‌കൂളില്‍ മിയാവാക്കി പദ്ധതി നടപ്പാക്കുന്നതും അതിന് നേതൃത്വം ഏറ്റെടുത്തതും.
മിയാവാക്കി വനം നട്ടുവളര്‍ത്തുന്നതിനായി സ്‌കൂള്‍ മാനേജ്മെന്റ്, വിദ്യാലയ വളപ്പില്‍ അഞ്ച് സെന്റ് സ്ഥലം അനുവദിച്ചു. വിദ്യാവനം എന്ന പേരില്‍ വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 115 ഇനങ്ങളിലായി 460 മരങ്ങളാണ് ഈ പദ്ധതിയില്‍ നട്ടത്. 2021 സെപ്റ്റംബറില്‍ കൃഷി മന്ത്രി വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു.
അധ്യാപനത്തിനിടയിലും പ്രകൃതിയെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ചെലവിടുന്നത് എനിക്ക് അത്ര ഭാരമായി തോന്നയിട്ടില്ല, മിക്ക ദിവസങ്ങളിലും അധ്യാപനത്തിന് ശേഷം തൈകള്‍ നനയും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞിരിക്കും. തൈനടീല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ബക്കറ്റില്‍ വെളളം എടുത്താണ് ഒരോ തൈകളും നനച്ചിരുന്നത്. ഇങ്ങനെ ഇത്രയധികം തൈകള്‍ നനച്ചു തീരാന്‍ ഒന്നര മണിക്കൂര്‍ സമയമൊക്കെ എടുക്കുമായിരുന്നു. പിന്നീടാണ് ജലസേചന സംവിധാനം കൊണ്ടുവന്നത്. ഈ പ്രവര്‍ത്തനത്തിന് സ്‌കൂളിന്റെ മുന്‍ മാനേജര്‍മാര്‍, അധ്യാപകര്‍, കുട്ടികള്‍, എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു."
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-03-at-4.38.44-PM.jpeg)
മിയാവാക്കി വനത്തിനായി നടത്തിയ ഒരുക്കങ്ങള്‍
അഞ്ച് സെന്റ് സ്ഥലത്ത് ഒരു മീറ്റര്‍ താഴ്ചയില്‍ മണ്ണ് മാറ്റി.ചകിരി ചോറും ആട്ടിന്‍ക്കാട്ടവും ചാണകവും ചേര്‍ത്തുള്ള മിശ്രിതം മണ്ണില്‍ ഇടും. ഇത് മണ്ണിന്റെ ജലസംഭരണ ശേഷി കൂട്ടുന്നതിനാണ്. മാറ്റിയ മണ്ണ് അവിടെ തന്നെ നിക്ഷേപിക്കും. ജൈവവളും ചകിരി ചോറും ഇട്ടതിന് ശേഷം ഒരു മീറ്റര്‍ താഴ്ചയില്‍ മണ്ണിട്ട് അതിന് മുകളിലാണ് മരങ്ങള്‍ നടുന്നത്. അഞ്ച് സെന്റില്‍ ഏകദേശം 115 ഇനങ്ങളിലായി 465 തൈമരങ്ങളാണ് നട്ടത്.ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങുന്നതായിരുന്നു ഇത്. കുറച്ചു നാളാകുമ്പോള്‍ വനമാകും. മഴക്കാലത്ത് ഇവ പെട്ടെന്ന് വളരും മൂന്നാള്‍ പൊക്കമുള്ള മരങ്ങളുമുണ്ട് ഇപ്പോള്‍. ഫെന്‍സിങ് ഉള്‍പ്പെടെ ഇതിന് ചെലവ് മൂന്ന് ലക്ഷം രൂപയോളം വരും. ആദ്യത്തെ ആറേഴ് മാസങ്ങളില്‍ ഇവയെ നന്നായി പരിപാലിക്കണം എന്ന് മാത്രം.
റാഫി രാമനാഥിനൊപ്പം അധ്യാപകര്‍ സ്കൂള് മാനേജ്മെന്റ്, രക്ഷാകര്‍തൃ സമിതി എന്നിവരും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്‌കൗട്ട് ആന്‍ഡ് ,ഗൈഡ്സ് അംഗങ്ങളും, ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും ചേര്‍ന്ന് മിയാവാക്കി വനമായ 'വിദ്യാവനം' പരിപാലിക്കുന്നതില്‍ ശ്രദ്ധിക്കുന്നു.
വിദ്യാവനം എന്ന ജൈവ ഡിജിറ്റല്‍ ലൈബ്രറി
മിയാവാക്കി വനം കാണാനെത്തുന്നവര്‍ക്ക് മരങ്ങളുടെ പേരും അതിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ക്യുആര്‍ കോഡും സജീകരിച്ചിട്ടുണ്ട്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വൃക്ഷങ്ങളുടെ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ വൃക്ഷ ലൈബ്രറി കൂടിയാണ് വിദ്യാവനം. വിദ്യാവനം സന്ദര്‍ശിക്കാന്‍ സമീപ സ്‌കൂളുകളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും, പൊതുജനങ്ങളും എത്താറുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കൊക്കെ ഉപകരിക്കും വിധം ഇന്നിത് നാടിന്റെ സമ്പത്താണ്. നിലവില്‍ ഇത് ചുറ്റുവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വനത്തിനിടയിലൂടെ നടക്കാന്‍ ചെറുവഴികളും ഒരുക്കിയിട്ടുണ്ട്.
മിയാവാക്കി വനം നഗരങ്ങളില്‍
വളക്കൂറ് കുറഞ്ഞ മണ്ണ് വളക്കൂറുള്ളവയവക്കി എടുക്കുന്നതുകൊണ്ട് തന്നെ താരതമ്യേന നഗരപ്രദേശങ്ങളില്‍ മിയാവാക്കി വനങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാമെന്നാണ് റാഫി പറയുന്നത്. പുറം രാജ്യങ്ങളിലേത് പോലെയുള്ള നമ്മുടെ നാട്ടിലും നല്ല മാതൃകകള്‍ നടപ്പാക്കണം. നഗരങ്ങളിലെ ചെറിയ പോക്കറ്റുകളില്‍ മിയാവാക്കി വനങ്ങള്‍ നടുന്നത് മലിനീകരണ തോത് കുറക്കുകയും പരിസ്ഥിതി ഭംഗി കൂട്ടുകയും ചെയ്യുമെന്നും റാഫി രാമനാഥ് അവകാശപ്പെടുന്നു.
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-02-at-3.35.36-PM.jpeg)
അംഗീകാരങ്ങള്‍
അടുത്തിടെ പ്രധാനമന്ത്രിയുടെ 'മന്‍കി ബാത്ത്' എന്ന പ്രഭാഷണ പരിപാടിയില്‍ റാഫി രാമനാഥ് നേതൃത്വം നല്‍കിയ മിയാവാക്കി പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അത് വലിയൊരു അംഗീകാരമായി ഈ അധ്യാപകന്‍ കണക്കാക്കുന്നു.
2016 ല്‍ ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 2017 ബാല കൃഷി ശാസ്ത്ര പുരസ്‌കാരം 2021 ല്‍ വനമിത്ര പുരസ്‌കാരം, എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കുടുംബം
തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനില്‍ രാമനാഥന്‍ പിള്ളയുടെയും , സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ ശ്രീലക്ഷ്മി, മക്കള്‍ അദ്വൈത്. ആര്‍. എസ്, പാര്‍ത്ഥിവ്.ആര്‍.എസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.