അലസമായി കിടക്കുന്ന മുടി, വളഞ്ഞ മൂക്ക്… രണ്ടോ മൂന്നോ വരകളാൽ മലയാളികളുടെ മനസില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞ കാര്‍ട്ടൂണ്‍ രൂപങ്ങളിലൊന്ന്. ഭരണകര്‍ത്താവെന്ന നിലയിലുള്ള പൊതുചിത്രം വളരെ കുറച്ച് മാത്രം ഉറങ്ങി ഊര്‍ജസ്വലനായി സേവനത്തില്‍ മുഴുകുന്ന, ഏതൊരാള്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഒരാള്‍ എന്നതും. നിയമസഭാംഗമായി അരനൂറ്റാണ്ട് തികച്ചിരിക്കുകയാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്ന എഴുപത്തിയാറുകാരനായ ഉമ്മന്‍ചാണ്ടി.
വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കെ കേരളം രാഷ്ട്രീയം അത്രമേല്‍ കലങ്ങിമറിയുമ്പോഴാണ് നിയമസഭാംഗത്വത്തിന്റെ അരനൂറ്റാണ്ടിലൂടെ ഉമ്മന്‍ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അല്ലെങ്കിലും അതിനേക്കാള്‍ വലിയ സാന്നിധ്യമാണ് കോണ്‍ഗ്രസിലും യുഡിഎഫിലും പുറത്തും പലപ്പോഴും ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെതിരായ ഓരോ സംഭവത്തിലും ഉമ്മന്‍ചാണ്ടിയുടെ വാക്കോ മൗനമോ അര്‍ഥപൂർണമാണ്.
Also Read: ഉമ്മന്‍ ചാണ്ടി@50: ഒറ്റചോദ്യം ചോദിച്ച് മോഹന്‍ലാല്‍, ഒരേയൊരു കാര്യത്തില്‍ വിയോജിച്ച് മമ്മൂട്ടി
1970 മുതല്‍ കേരളരാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് ഉമ്മന്‍ചാണ്ടി. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം കെ. കരുണാകരനെയോ എകെ ആന്റണിയേയോ പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഒരു കാലവും കടന്നിട്ടില്ല. 1970ല്‍ എംഎല്‍എയായതു മുതല്‍ നിയമസഭ മാത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. ഇരുപത്തിയേഴാം വയസിലാണ് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി അദ്ദേഹം.
കെഎസ്യുവിന്റെ ഒരണ സമരത്തിലൂടെ 1958ല്‍ വിദ്യാർഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1965ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1969ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായി. രണ്ടുവട്ടം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് എംഎല്‍എയായി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1977ല്‍ മുപ്പത്തി നാലാം വയസിലാണ് ആദ്യമായി മന്ത്രിയായത്. തൊഴില്‍ വകുപ്പ് കൈാര്യം ചെയ്ത അദ്ദേഹം 1982ല്‍ ആഭ്യന്തര മന്ത്രി പദവും 1991ല്‍ ധനമന്ത്രി പദവും അലങ്കരിച്ചു. എകെ ആന്റണി രാജിവച്ചതിനെത്തുടര്‍ന്ന് 2004 മുതല്‍ 2006 വരെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി 2011ലാണ് ആ പദവിയില്‍ വീണ്ടുമെത്തുന്നത്.
Also Read:ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ശബരിമലയിൽ ഇങ്ങനെ ഒരു വിധി വരില്ലായിരുന്നു: ഉമ്മൻ ചാണ്ടി
എംഎല്‍എമാരുടെ കൂട്ടത്തില്‍ അപൂര്‍വ ബഹുമതിക്ക് ഉടമയാണ് ഉമ്മന്‍ചാണ്ടി. മത്സരിക്കാനാരംഭിച്ചതു മുതല്‍ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം തോറ്റിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച രണ്ടുപേരേയുയുള്ളൂ ഉമ്മന്‍ചാണ്ടിക്കു മുന്നില്‍. 13 തവണ വീതം വിജയിച്ച അന്തരിച്ച നേതാക്കളായ എം കരുണാനിധിയും കെഎം മാണിയും. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 54 വര്‍ഷമാണ് എംഎല്‍എ സ്ഥാനം വഹിച്ചത്. കെഎം മാണി 51 വര്‍ഷവും. ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത ഇരുവരും മരണംവരെ എംഎല്‍എമാരായിരുന്നു.
തുടര്‍ച്ചയായ 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയെന്ന ഒരേ മണ്ഡലത്തില്‍നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിജയം. ആദ്യ തിരഞ്ഞെടുപ്പില്‍ ഇഎം ജോര്‍ജ് എന്ന സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയെ 7288 വോട്ടിന് തോല്‍പ്പിച്ച ഉമ്മന്‍ചാണ്ടി 2011ല്‍ എസ്എഫ്ഐ നേതാവ് ജെയ്ക് സി.തോമസിനെ 27,092 വോട്ടിനു മലര്‍ത്തിയടിച്ചാണ് പതിനൊന്നാം വിജയം സ്വന്തമാക്കിയത്.
Also Read: ആദ്യം സുഷമ, പിന്നെ മതി ഞാൻ; ഉമ്മൻചാണ്ടിയുടെ വാക്കുകൾ അത്ഭുതപ്പെടുത്തി: ആന്റോ ജോസഫ്
പുതുപ്പള്ളിക്കാരും കുഞ്ഞൂഞ്ഞും തമ്മിലുള്ള ബന്ധം അറിയുന്ന ഏതൊരാള്‍ക്കും ഈ റെക്കോര്‍ഡ് ഒരു അദ്ഭുതമേയല്ല. സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും മിക്കവാറും ദിവസം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തും. നിയസഭാ സമ്മേളനം നടക്കുമ്പോഴാണെങ്കില്‍ ആഴ്ചയവസാനം പുതുപ്പള്ളിയിലെത്തുകയെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിര്‍ബന്ധമായിരുന്നു. അദ്ദേഹം വീട്ടിലുള്ള ഞായറാഴ്ചകളില്‍ ആ മുറ്റം നിറയെ പുലര്‍ച്ചെ മുതല്‍ ആളുകളുണ്ടാവും, തങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന ഉറച്ചവിശ്വാസത്തോടെ. പേരെടുത്തു വിളിക്കാവുന്ന ആത്മബന്ധമാണ് ഓരോരുത്തരുമായും അദ്ദേഹത്തിന്.
ആള്‍ക്കൂട്ടത്തില്‍നിന്ന് മാറാത്ത നേതാവായാണ് ഉമ്മന്‍ചാണ്ടിയെ എന്നും കേരളം കണ്ടത്. അത് കാര്‍ യാത്ര ആയാല്‍ പോലും. അനുയായികളെക്കൊണ്ട് നിറയുന്ന കാറില്‍ ഉമ്മന്‍ചാണ്ടിക്ക് ഇരിപ്പിടം കിട്ടിയാല്‍ ഭാഗ്യമെന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നത്. ‘എന്റെ പുസ്തകം ജനക്കൂട്ടമാണ്’ എന്നാണ് മാതൃഭൂമിക്കുവേണ്ടി സംവിധായകന് സത്യന് അന്തിക്കാട് നടത്തിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഏതു പ്രശ്നത്തിനും എപ്പോഴും സമീപിക്കാവുന്നയാള്‍, നിയമത്തിന്റെ നൂലാമാലകളില്‍ പിടിച്ചുതൂങ്ങാതെ പരിഹാരം കാണുന്ന ഭരണകര്‍ത്താവ് എന്നിങ്ങനെ അദ്ദേഹത്തിനുള്ള വിശേഷണങ്ങൾ ഏറെയാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ തിരക്ക് ഒഴിഞ്ഞനേരം ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
ഉമ്മന്‍ചാണ്ടിക്കു ചുറ്റുമുള്ള ആള്‍ക്കൂട്ടം കേരളം മുഴുക്കെ കണ്ടത് അദ്ദേഹം രണ്ടാംവട്ടം മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെയാണ്. പരാതികളില്‍ തീര്പ്പുകല്പ്പിക്കാനായി 14 ജില്ലകളിലും നടത്തിയ പരിപാടിക്ക് 2013ല്‍ യുഎന്‍ പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഈ ജനപ്രിയ പരിപാടി 2016ല്‍ ഭരണത്തുടര്‍ച്ചയ്ക്ക് യുഎഡിഎഫിനെ തുണച്ചില്ല. സോളാര്‍, ബാര്‍കോഴ ആരോപണങ്ങളാണ് യുഎഡിഎഫിനു തിരിച്ചടിയായത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനവും ഏറ്റെടുത്തില്ല.
ചലച്ചിത്ര താരങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിക്കുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍. ദൃശ്യമാധ്യങ്ങള്‍ സജീവമായ ഇക്കാലത്ത് പൊതുപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വസ്ത്രധാരണത്തിലും മറ്റും അതീവ ശ്രദ്ധപുലര്‍ത്തുന്നവരാണ്. മറ്റു പല പ്രമുഖ നേതാക്കളെയും പോലെ ചുളിയാത്ത വസ്ത്രങ്ങളെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെടാത്ത, നരച്ച മുടി കറുപ്പിക്കാത്ത, ഇമേജ് ഭാരമില്ലാത്ത അപൂര്‍വം ചിലരിലൊരാളാണ് ഉമ്മന്‍ ചാണ്ടി. അലസമായ മുടി കോതിയൊതുക്കുന്നതി പോലും അദ്ദേഹം പൊതുവെ ശ്രദ്ധാലുവല്ലെന്നതാണ് വസ്തുത.
പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെഒ ചാണ്ടി- ബേബി ചാണ്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജനനം. നിയമബിരുദധാരിയാണ്. 1977 മേയ് 31നായിരുന്നു മറിയാമ്മയുമായുള്ള വിവാഹം. പത്രത്തില്‍ നല്കിയ അറിയിപ്പിലൂടെയായിരുന്നു അദ്ദേഹം വിവാഹം ക്ഷണിച്ചത്. നേരിട്ടോ അല്ലാതെയോ ആരെയും ക്ഷണിക്കുന്നില്ലെന്നും ദയവായി ഇതൊരു അറിയിപ്പായി കരുതണമെന്നുമായിരുന്നു കുറിപ്പിലെ അഭ്യര്‍ഥന. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരാണ് ദമ്പതികളുടെ മക്കള്‍.