കൊറോണ വൈറസ് എന്ന മഹാമാരിയെ അതിജീവിക്കാന്‍ ലോകം ശ്രമിക്കുന്ന സാഹചരത്തിലാണ് ഈ വര്‍ഷത്തെ റംസാന്‍ അല്ലെങ്കില്‍ റമദാന്‍ എത്തിയത്. ഈ പുണ്യ മാസത്തില്‍ മുസ്ലിങ്ങള്‍ പകല്‍ നോമ്പെടുക്കുക മാത്രമല്ല വൈകുന്നേരം ഇഫ്താര്‍ എന്ന സമൂഹ വിരുന്ന് നടത്തുകയും തറാവീഹ് എന്ന രാത്രി നമസ്‌കാരത്തിനു കൂടിച്ചേരുകയും ചെയ്യുക.
നിലവിലെ അസാധാരണ സാഹചര്യത്തില്‍ കോവിഡ്-19-ന്റെ വ്യാപനം തടയാന്‍ ആളുകളോട് വീടിനുള്ളില്‍ കഴിയാനും വീടിനുപുറത്തുള്ള തറാവീഹ് ഉപേക്ഷിക്കാനും ലോകമെമ്പാടുമുള്ള പണ്ഡിതര്‍ ആവശ്യപ്പെടുന്നു. സൗദി അറേബ്യ ഹജ് തീര്‍ഥാടനം റദ്ദാക്കുകയും മക്കയിലെയും മദീനയിലെയും പള്ളികള്‍ അടച്ചിടുകയും ചെയ്തു. പൊതുജന സാന്നിധ്യമില്ലാതെ തറാവീഹ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലും പള്ളികള്‍ അടച്ചിട്ടു. പള്ളികളില്‍ ദിവസമുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയും നിര്‍ത്തലാക്കി. പ്രാര്‍ഥിക്കാന്‍ പള്ളിയിലേക്കു വരൂ ബാങ്ക് വിളി ആഹ്വാനം ഇപ്പോള്‍ വീട്ടില്‍ നിന്ന് നമസ്‌കരിക്കൂ എന്നാക്കി പലയിടങ്ങളിലും മാറ്റിയിട്ടുണ്ട്.

തറാവീഹ് പ്രാര്‍ഥന പള്ളികളിലും കൂട്ടായ്മകളിലും നടത്തുന്നതിനു പകരം വീടിനുള്ളില്‍ നടത്തണമെന്ന് രാജ്യത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സെന്റര്‍ ഓഫ് പീസ് ആന്‍ഡ് സ്പിരിച്വാലിറ്റി ഇന്റർനാഷനലിന്റെ സ്ഥാപകനുമായ മൗലാന വഹീദുദ്ദീന്‍ ഖാന്‍ നോമ്പ് മാസാരംഭത്തിനു മുന്‍പ് ഉപദേശിച്ചിരുന്നു. പ്രവാചകനും ഇതു ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
എന്താണ് തറാവീഹ്? റംസാനില്‍ ഇത് കൂട്ടായ്മകളില്‍ വേണമെന്ന് നിര്‍ബന്ധമുണ്ടോ?
റംസാന്‍ മാസത്തില്‍ ദിവസവും നടത്തുന്ന പ്രാര്‍ഥനയാണ് തറാവീഹ്. രാത്രിയില്‍ ഇശാ നമസ്‌കാരത്തിനുശേഷം ഖുറാന്‍ പാരായണം ചെയ്തുകൊണ്ടാണ് തറാവീഹ് നടത്തുന്നത്. തറാവീഹ് പ്രാര്‍ഥനകളിലൂടെ റംസാനില്‍ ഖുറാന്‍ പൂര്‍ണമായും പാരായണം ചെയ്യും. തറാവീഹ് ഐച്ഛിക(സുന്നത്ത്)മാണ്. എന്നാല്‍ ഈ പ്രാര്‍ഥന ഖുറാന്റെ ആഴത്തിലുള്ള പ്രതിഫലനത്തിനുള്ള ഉറവിടവും അതിലെ ജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള അവസരവുമാകുമെന്നതിനാല്‍ റംസാനില്‍ ശക്തമായി നിര്‍ദേശിക്കുന്നു. ഒത്തുചേര്‍ന്നോ ഒറ്റയ്‌ക്കോ പുരുഷനും സ്ത്രീക്കും തറാവീഹ് പ്രാര്‍ഥന നടത്താം.
സാമൂഹിക അകലം പാലിക്കുന്നത് കോവിഡ് വ്യാപനം തടയാനുള്ള പ്രധാന മാര്‍ഗമാകുമ്പോള്‍ തറാവീഹ് പ്രാര്‍ഥനയ്ക്കുള്ള ബദല്‍ അല്ലെങ്കില്‍ മികച്ച മാര്‍ഗം ഏതാണ്?
ഖുറാന്‍ പാരായണത്തിനും മനസിലാക്കാനുമുള്ള മാസമാണ് റംസാന്‍. ഈ മാസം ഖുറാന്‍ പ്രത്യേകമായി പാരായണം ചെയ്യുകയും ദൈവത്തിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മിക്കാന്‍ തറാവീഹ് പ്രാര്‍ഥന അവസരമാകുകയും ചെയ്യും. ഒരു ഹദീസ് പ്രകാരം തറാവീഹ് പ്രാര്‍ഥനയ്ക്കു കൂട്ടംചേരല്‍ ആവശ്യമില്ല (സഹീഹ് അല്‍-ബുഖാരി, 2010), അതിനാല്‍ ഇതു വീട്ടില്‍ നടത്താവുന്നതാണ്.
അസാധാരണ സാഹചര്യങ്ങളില്‍ വീട്ടില്‍ വച്ച് പ്രാര്‍ഥിച്ചതിനു പ്രവാചകന്റെയും ശിഷ്യന്‍മാരുടെയും കാലത്തെ ഉദാഹരണങ്ങള്‍ നമുക്കുണ്ടോ?
ഇസ്ലാം പ്രകൃതിയിലധിഷ്ഠിതമാണ്. ഇസ്ലാമും പ്രകൃതിയും പരസ്പര പൂരകങ്ങളാണ്. പ്രകൃതിയില്‍ എഴുതപ്പെടാതെയുള്ളത് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു.
തന്റെ ദൈനംദിന ജീവിതത്തിലേക്കുള്ള ചില ഉപദേശങ്ങള്‍ക്കായി ഒരാള്‍ ഇസ്ലാമിന്റെ പ്രവാചകനെ തേടി. ”നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കൂ…” എന്ന് പ്രവാചകന്‍ പറഞ്ഞു. ഇതിനര്‍ഥം എല്ലാ മനുഷ്യര്‍ക്കും ചിന്താശേഷിയുണ്ടെന്നും അതിനാല്‍ ശരിയായ തീരുമാനം എടുക്കാന്‍ അയാള്‍ പ്രാപ്തനാണെന്നുമാണ്. അത് പ്രകൃതിയുടെ നിയമമാണ്.
അസാധാരണമായ സാഹചര്യങ്ങളില്‍, മനുഷ്യന്റെ ചിന്ത അസാധാരണമായ ഉണര്‍വുള്ളതായിരിക്കും. അത് എന്താണ് ശരിയെന്നും തെറ്റെന്നും തീരുമാനിക്കാന്‍ അവനെ സഹായിക്കും. നിലവിലെ സാഹചര്യത്തില്‍, ഈ മഹാമാരിയെ തടയാനുള്ള മാര്‍ഗം സാമൂഹിക അകലം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും പാലിക്കണം. യഥാര്‍ഥത്തില്‍, പ്രാചകന്റെയും ശിഷ്യന്മാരുടെയും ജീവിതത്തില്‍നിന്ന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.
കനത്ത മഴയുള്ള സമയത്ത് പ്രാര്‍ഥനയ്ക്കുള്ള വിളിയില്‍ എങ്ങനെ മാറ്റം വരുത്തിയെന്ന് വ്യക്തമാക്കുന്ന ഒരു പാരമ്പര്യമുണ്ട്. പ്രാര്‍ഥിക്കാന്‍ വിളിക്കുന്നയാള്‍ (മുഅദ്ദിന്‍) ‘പള്ളിയില്‍ പ്രാര്‍ഥിക്കാന്‍’ ആഹ്വാനം ചെയ്യുന്നതിനു പകരം ‘വീടുകളിലിരുന്ന് പ്രാര്‍ഥിക്കാന്‍’ ആവശ്യപ്പെടാന്‍ പ്രവാചകന്റെ ഒരു ശിഷ്യനായ അബ്ദുള്ള ബി. അബ്ബാസ് (സഹിഹ് മുസ്ലിം, 699) പറയുന്നുണ്ട്.
സമാനമായി, നിലവിലെ സാഹചര്യത്തില്‍ നമ്മള്‍ കോവിഡ്-19 പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതു പോലെയുള്ള പ്രതിരോധ നടപടികള്‍ നമ്മള്‍ പാലിക്കുന്നതും എല്ലാതരത്തിലെ കൂടിച്ചേരലുകളും ഒഴിവാക്കുന്നതും വളരെ പ്രധാനമാണ്.
ഈ വര്‍ഷം മുസ്ലിങ്ങള്‍ റംസാന്‍ എങ്ങനെ ആചരിക്കണം?
തിന്മയില്‍നിന്നു സംരക്ഷിക്കുന്നതിന് നിങ്ങള്‍ക്കു നോമ്പ് നിര്‍ദേശിച്ചിരിക്കുന്നതായി ഖുറാന്‍ (2: 184) പറയുന്നു. ഈ പ്രക്രിയയില്‍, ദൈവത്തിന്റെ മഹത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ നിസഹായനാണെന്നു മനുഷ്യന്‍ തിരിച്ചറിയുന്നു.’ശുദ്ധീകരിക്കുന്ന ഒന്നിലേക്കു സ്വാഗതം, വിശ്വാസിയുടെ പുനരുജ്ജീവനമാണ് റംസാന്‍’ എന്നാണ് പ്രവാചകന്‍ പ്രഘോഷിച്ചത്. ഭൗതിക കാര്യങ്ങളിലുള്ള മനുഷ്യന്റെ ആശ്രിതത്വം കുറയ്ക്കുകയും ആത്മീയ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയുമാണ് നോമ്പിന്റെ പ്രധാന ലക്ഷ്യം. അതിലൂടെ ദൈവഭക്തിയുടെ ഉയര്‍ന്ന തലങ്ങളിലേക്കു വിശ്വാസിക്കു പ്രവേശിക്കാം.
സമകാലിക സാഹചര്യത്തില്‍ റംസാന്‍ ആചരിക്കുമ്പോള്‍ മുസ്ലിങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പാലിക്കണം. സുനാന്‍ ഇബ്‌നു മജയില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് അനുസരിച്ച് പ്രവാചകന്‍ വിശ്വാസിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ” അവന്‍ നാശത്തെ വിനിമയം ചെയ്യാത്തവനാണ് (2341).” പൂര്‍ണമായും വീടിനുള്ളില്‍ തന്നെ തുടരാനും ആഴത്തിലുള്ള ധ്യാനത്തിനും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഈ റമദാന്‍ അവസരമാക്കണം.
ഒത്തുചേര്‍ന്നുള്ള നമസ്‌കാരത്തെക്കെുറിച്ച് പൊതുവിലും ഈദ് നമസ്‌കാരത്തെകുറിച്ച് പ്രത്യേകിച്ചും നല്‍കാനുള്ള ഉപദേശം എന്താണ്?
നമസ്‌കാരം അല്ലെങ്കില്‍ പ്രാര്‍ഥന ഇസ്ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നാണ്. അത് ഏതു സ്ഥലത്തുവച്ചും ആചരിക്കാം. ഒരു ഹദീസ് അനുസരിച്ച്, ഈ ലോകത്തെ ഒരു പള്ളിയായി നിര്‍മിച്ചിരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍, എല്ലാ മനുഷ്യരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് മുസ്ലിങ്ങളുടെ കടമയാണ്. ശരിഅത്തിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്ന് ഏത് അപകടങ്ങളില്‍നിന്നും മനുഷ്യനെ രക്ഷിക്കുക എന്നതാണ്. അതിനാല്‍ മുസ്ലിങ്ങള്‍ വീടിനുള്ളില്‍ കഴിയുകയും വീട്ടില്‍ പ്രാര്‍ഥിക്കാനുള്ള അവസരം ഉപയോഗിക്കുകയും ചെയ്യണമെന്നാണ് എന്റെ ഉപദേശം.
ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് റംസാനും ഈദും. റംസാന്‍ ആത്മീയതയാണെങ്കില്‍ ഈദ് ഒരുതരം പ്രായോഗിക ആത്മീയതയാണ്. രണ്ട് യൂണിറ്റുകളായുള്ള ഒത്തുചേര്‍ന്നുള്ള പ്രാര്‍ഥനയോടെയാണ് ഈദ് ദിവസം ആരംഭിക്കുന്നത്. ഈദിന് ആത്മീയ ദിശ പകരുകയാണ് ഇത് ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ഖുറാനിലെ ഈ വചനത്തില്‍നിന്നുള്ള ജ്ഞാനം പിന്തുടരണം: ” നിങ്ങളുടെ മേല്‍ ഒരു ഭാരവും ചുമത്താന്‍ ദൈവം ആഗ്രഹിക്കുന്നില്ല” (5:6). അതിനാല്‍, ഏതെങ്കിലും തരത്തിലുള്ള കൂട്ടായ പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്ന് മുസ്ലിങ്ങള്‍ അവരെയും മറ്റുള്ളവരെയും അപകടത്തില്‍ ചാടിക്കാന്‍ പാടില്ല.