രാമേശ്വരം: എന്‍ജിനീയറിങ് വിസ്മയമായി രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍വേ പാലം. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമായ ഇത് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 2.07 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാതയുള്ള പാലം, കപ്പലുകളെ കടത്തിവിടുന്നതിനു മധ്യഭാഗം പൂര്‍ണമായി കുത്തനെ ഉയര്‍ത്താന്‍ കഴിയുന്ന സംവിധാനമുള്ളതാണ്.

ദ്വീപിനെ രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന നിലവിലെ റെയില്‍വേ പാലം 107 വര്‍ഷം പഴക്കമുള്ളതാണ്. ഇതിനു പകരമാവുന്ന പുതിയ പാലം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ തമിഴ്നാട്ടിലെ രാമേശ്വരത്തേക്കും ധനുഷ്കോടിയിലേക്കും യാത്ര നടത്തുന്ന തീര്‍ത്ഥാടകര്‍ക്കു കൂടുതല്‍ ഗുണകരമാവും. ഒപ്പം ടൂറിസത്തിനും നേട്ടമാവുമെന്നാണ് പ്രതീക്ഷ.
280 കോടി രൂപ ചെലവില്‍, പഴയ റെയില്‍വേ പാലത്തിനു സമാന്തരമായാണു പുതിയ പാലം ഒരുങ്ങുന്നത്. റെയില്‍വേ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പാലം നിര്‍മിക്കുന്നത്.

101 തൂണുകളാണുള്ള പുതിയ പാലത്തിനു 18.3 മീറ്റര്‍ വീതമുള്ള 100 സ്പാനുകളും 63 മീറ്റര്‍ നീളമുള്ള ഒരു നാവിഗേഷന്‍ സ്പാനുമാണുള്ളത്. നാവിഗേഷന്‍ സ്പാന്‍ ലംബമായി മുകളിലേക്ക് ഉയര്‍ത്തിയാണ് കപ്പലുകളുടെയും സ്റ്റീമറുകളുടെയും സഞ്ചാരം സാധ്യമാക്കുക. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പാലമാണിത്.
കപ്പലുകളെ കടത്തിവിടുന്നതിനു ഉയര്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കല്‍ നിയന്ത്രിത സംവിധാനമാണ് പാലത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത് ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും തടസമില്ലാത്ത സിസ്റ്റം കണക്റ്റിവിറ്റി നല്‍കുകയും ചെയ്യും. പഴയപാലം ഷെര്‍സര്‍ സ്പാന്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ച് തിരശ്ചീനമായി നീക്കിയാണു കപ്പലുകള്‍ക്കു വഴിയൊരുക്കിയിരുന്നത്.

രാജ്യത്തെ ആദ്യ കടല്‍പ്പാലമായ പഴയ പാമ്പന്‍പാലം 1914-ലാണു പ്രവര്‍ത്തനസജ്ജമായത്. പുതിയ പാലത്തിനു 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. പഴയ പാലത്തിനേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരം കൂടുതലാണ് പുതിയ പാലത്തിന്റെ തൂണുകള്‍ക്ക്.