പ്രതീക്ഷയുടെ അമിതഭാരമില്ലാതെ തന്നെയാണ് മോഹന്‍ലാല്‍ നായകനാകുന്ന ‘ലൂസിഫറെ’ന്ന പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരുന്നത്. എങ്കിലും ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് സംഘടപ്പിച്ചപ്പോള്‍ വലിയ ആശങ്ക മനസിലുണ്ടായിരുന്നു. തിയറ്ററിന് മുന്നിലുണ്ടാകാറുള്ള വലിയ തിരക്ക് തന്നെയാണ് അതിന് കാരണം. അതു കൊണ്ട് തന്നെ അതിരാവിലെ തിയറ്ററിലെത്താന്‍ ശ്രമിച്ചു. ഇടപള്ളി വനിതാ തിയറ്ററിലായിരുന്നു എനിക്ക് ടിക്കറ്റ് ലഭിച്ചത്, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് എറണാകുളം കവിതയിലും.
‘ഒടിയ’ന്റെ ഫാന്‍ ഷോ കണ്ടത് കവിതയിലായിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന ആവേശവും ആഘോഷവുമെല്ലാം ഇന്നും മനസിലുണ്ട്. ഹര്‍ത്താലിനെ പോലും വകവെകാതെ ‘ഒടിയന്‍’ കാണാന്‍ അതിരാവിലെ തിയേറ്ററിലെത്തിയ ജനപ്രവാഹത്തെ വാപൊളിച്ച് നോക്കി നിന്നത് മറന്നിട്ടില്ല. സുഹൃത്തിനെ കവിതയില്‍ വിടണമെന്നായപ്പോള്‍ ‘ലൂസിഫറി’ന് വേണ്ടിയും ആരാധകരുടെ അത്തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ തന്നെയാണ് മനസില്‍ വന്നത്. എന്നാല്‍ നേരെ വിപരീതമായിരുന്നു. കവിതയില്‍ ആറ് മണിയ്‌ക്കെത്തിയ എനിക്ക് വളരെ കുറച്ച് പ്രേക്ഷകരെ മാത്രമാണ് കാണാന്‍ സാധിച്ചത്, വനിതയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല.
Read More: Lucifer Quick Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്’യുടെ ചിത്രം
ചെണ്ടമേളമില്ലാതെ ആഘോഷങ്ങളില്ലാതെ ഒരു മോഹന്‍ലാല്‍ ചിത്രമോ ? ‘പുലിമുരുക’നും ഒടിയനുമെല്ലാം പാലഭിഷേകത്തോടെ സ്വീകരിച്ച ആരാധകരുടെ ആവേശത്തിന് ഒട്ടൊരു കുറവ് അവിടെ കണ്ടു. എന്നാല്‍ പ്രദര്‍ശനം ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തിയറ്റര്‍ സജീവമായി. വനിതയിൽ മാത്രം മൂന്ന് സ്ക്രീനുകളിലാണ് ‘ലൂസിഫർ’ പ്രദർശിപ്പിച്ചത്. മൂന്നിടുത്തും ഫുൽ ഹൗസിലാണ് പ്രദർശനം നടന്നതും.
പ്രേക്ഷകരുടെ പ്രൊഫൈലും മാറിയത് ശ്രദ്ധിച്ചു. സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് ആദ്യ ദിനം ആദ്യ ഷോയ്ക്ക് എത്താറുള്ള ഫാൻസ് അസോസിയേഷൻകാർ മാത്രമല്ല ഇന്ന് അവിടെ കണ്ടത്. കുടുംബമായാണ് പലരും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് (#FDFS) എത്തിയത്. പ്രായ-ലിംഗഭേദമന്യേ സിനിമ പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുന്നതിന്റെ സ്വാഗതാർഹമായ സൂചനയാകാം ഇത്.
സിനിമ ആരംഭിച്ചതു മുതല്‍ അത് വരെയുള്ള പ്രേക്ഷക-ആരാധക സ്വാഭാവം മാറി. ടൈറ്റില്‍ എഴുതിക്കാണിക്കുമ്പോഴെല്ലാം ഏതൊരു മോഹന്‍ലാല്‍ ഫാനിനും എണീറ്റ് നിന്ന് കൈയ്യടിക്കാന്‍ തോന്നുന്ന അന്തരീക്ഷമായിരുന്നു തിയേറ്ററിനകത്ത്. ഓരോ കഥാപാത്രങ്ങളെയും നിറകൈയ്യടികളോടെയാണ് തിയേറ്റര്‍ വരവേറ്റത്.
Read More: Lucifer Movie Release Live Updates: ‘ലൂസിഫർ’ ആദ്യ ഷോ കഴിഞ്ഞു’ നിറപുഞ്ചിരിയോടെ പൃഥ്വിയും മോഹൻലാലും
മോഹന്‍ലാലിന്റെ വരവും നില്‍പ്പും നടപ്പുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു. കൈയ്യടികളോടെയാണ് ഓരോ ഡയലോഗും സ്വീകരിച്ചത്. തിയേറ്ററിന് പുറത്തെ ആരവങ്ങള്‍ക്ക് ഇടിവ് സംഭവിച്ചപ്പോള്‍ സ്‌ക്രീനില്‍ അതിന് പരിഹാരം കണ്ടെത്താന്‍ മോഹന്‍ലാലെന്ന നടനും പൃഥ്വിരാജ് എന്ന സംവിധായകനും സാധിച്ചു. അതിന് പൃഥ്വിരാജിനെ സഹായിച്ചത് അയാളുടെ ഉള്ളിലെ മോഹന്‍ലാല്‍ ആരാധകന്‍ തന്നെയാണ്.
‘മോഹന്‍ലാല്‍ എന്ന നടനെ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തില്‍’ എന്നായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നത്. ആ വാക്കിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ തന്റെ കന്നിച്ചിത്രത്തിലൂടെ സംവിധായകന് സാധിച്ചു. കോളിവുഡിന് ‘പേട്ട’യെങ്കില്‍ മോളിവുഡിന് ‘ലൂസിഫര്‍’ എന്നു നിസ്സംശയം പറയാം.
ഏറെ നാളുകള്‍ക്ക് ശേഷം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് കോളിവുഡില്‍ വമ്പന്‍ തിരിച്ചുവരവ് ഒരുക്കിയ ചിത്രമായിരുന്നു ‘പേട്ട.’ കാര്‍ത്തിക് സുബ്ബരാജെന്ന രജനികാന്തിന്റെ കട്ട ആരാധകന്‍ തന്റെ താരത്തെ എങ്ങനെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ചോ അതായിരുന്നു ‘പേട്ട.’ അത്തരത്തില്‍ ലാലേട്ടനെ മലയാളത്തില്‍ അവതരിപ്പിക്കുകയാണ് ‘ലൂസിഫറി’ലൂടെ പൃഥ്വിരാജ്.
ഒരു ആരാധകന്‍ തന്റെ സൂപ്പര്‍ സ്റ്റാറില്‍ കാണുന്ന താരപ്രഭയെല്ലാം നിറഞ്ഞതാണ് ‘ലൂസിഫറി’ല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന മോഹന്‍ലാല്‍ കഥാപാത്രം. രക്ഷകനായി, നാഥനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ തിയേറ്റര്‍ നിറകൈയ്യടികളോടെയും ആര്‍പ്പുവിളികളോടെയും എതിരേല്‍ക്കുന്ന കാഴ്ചയായിരുന്നു കേരളത്തിലെ ഓരോ തിയറ്ററുകളിലും.
ലാലേട്ടന്‍ എന്ന ബ്രാന്‍ഡിനെ നന്നായി ഉപയോഗിച്ച സംവിധായകനായി പൃഥ്വിരാജ് മാറിയെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതിന് പൃഥ്വിരാജെന്ന ഫാന്‍ ബോയിക്ക് ഭംഗിയായി സാധിക്കുമെന്നതാണ് വസ്തുത. പ്രതീക്ഷകള്‍ക്കപ്പുറം ജനവികാരം മനസിലാക്കാനും അത് അവതരിപ്പിക്കാനും പൃഥ്വിവിന് സാധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പേര് തന്നെ മോഹന്‍ലാലിന്റെ കരിയറിലെ അവിസ്മരണിയമായ മറ്റ് പല കഥാപാത്രങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു. പുലിക്കാട്ടില്‍ ചാര്‍ളി മുതല്‍ സാഗര്‍ എലിയാസ് ജാക്കി വരെ സ്റ്റീഫനില്‍ ഒളിഞ്ഞു കിടപ്പുണ്ട്. തിരക്കഥയില്‍ മുരളി ഗോപിയും മോഹന്‍ലാലെന്ന സൂപ്പര്‍സ്റ്റാറിന്റെ താരപ്രഭയെ ഉപയോഗപ്പെടുത്തുന്നു.
പ്രധാന കഥാപാത്രത്തിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും ഒരേ ലെവലില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു എന്നത് എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ്. ഓരോ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങിയ കാസ്റ്റിങ്ങിലും പൃഥ്വിരാജ് വിജയിച്ചു. അതിനപ്പുറം മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ പ്രാപ്തമായ തിരക്കഥയും സംവിധാന ശൈലിയും ഒത്തു ചേര്‍ന്നപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് മാത്രമല്ല ഓരോ പ്രേക്ഷകനിലും രോമാഞ്ചം ഉണര്‍ത്താന്‍ ‘ലൂസിഫറി’ന് സാധിച്ചു.