ഇന്നലെ കൂടി ഞാനെന്റെ ഒരു സുഹൃത്തിനെ കണ്ടതേയുള്ളൂ, ഞങ്ങള്‍ സുദീര്‍ഘമായി സംസാരിച്ചതേയുള്ളൂ. സംഭാഷണത്തിലത്രയും അവന് പറയാനുണ്ടായിരുന്നത് സ്‌കൂള്‍-കോളേജ് കാലഘട്ടത്തില്‍ നേരിട്ട അപമാനങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും മറ്റു ദുരനുഭവങ്ങളെക്കുറിച്ചുമായിരുന്നു.
പ്ലസ്ടു ക്ലാസില്‍ വച്ച് അധ്യാപകന്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി “തന്നെ കാണുമ്പോള്‍ ചാന്തുപൊട്ട് ഓര്‍മ്മവരും” എന്ന് പറഞ്ഞതും, ആ ‘തമാശ’ കേട്ട് സഹപാഠികള്‍ കൂട്ടച്ചിരി ചിരിച്ചതും അന്നേരം ചിരിച്ച മുഖവും തകർന്ന മനസുമായി നിന്നതും പിന്നീട് സ്‌കൂള്‍ വിടാന്‍ കാത്തിരുന്ന്, ബെല്ലടിച്ചപ്പോൾ മരിച്ച മനസുമായി ട്യൂഷനു പോകാതെ പരിസര ബോധം മറന്ന് വീട്ടിലേക്ക് വേഗത്തില്‍ സൈക്കിള്‍ ചവിട്ടി പോയതും ഇന്നലെ പറഞ്ഞതേയുള്ളൂ.
ജീവിതം മടുത്തുവെന്നും ജീവിക്കാന്‍ താല്പര്യമില്ലെന്നും, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും അച്ഛനെയും അമ്മയെയും ഏറെ സ്‌നേഹിക്കുന്നുവെന്നും ആത്മഹത്യാകുറിപ്പ് എഴുതിയതും വീടിന്റെ ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാന്‍ ചവര്‍പ്പില്ലാതെ കഴിക്കുന്നതിനു കൊക്കോകോള വാങ്ങിയതും ഇന്നലെ പറഞ്ഞതേയുള്ളൂ. ആത്മഹത്യാ കുറിപ്പ് അമ്മ കണ്ടതും, അത് വിട്ട് കൊടുക്കാന്‍ തയാറാവാതിരുന്ന അവന്റെ കൈയില്‍ അമ്മ കടിച്ചു പിടിച്ചു വാങ്ങിയതും അങ്ങനെ പാളിപ്പോയ ഒരാത്മഹത്യാ ശ്രമത്തെ പറ്റിയും ഇന്നലെ പറഞ്ഞതേയുള്ളൂ.
വീണ്ടും അവന്‍ നടത്തിയ ആത്മഹത്യ ശ്രമങ്ങളും പേടി കൊണ്ട് അവസാന നിമിഷം പിന്മാറിയതും, ഒടുവില്‍ കേരള സര്‍വകലാശാലയില്‍ എംഎക്ക് റാങ്ക് വാങ്ങിച്ചപ്പോള്‍ പ്ലസ് ടു വിനു കളിയാക്കിയ അദ്ധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചതിനെപറ്റിയും പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്.
Read More: ‘ചാന്തുപൊട്ടി’ന്റെ പേരിൽ പാർവതി മാപ്പുപറഞ്ഞത് ഭോഷ്‌ക്: ലാൽ ജോസ്
ഇങ്ങനെ ഒരാള്‍ മാത്രമല്ല, ഒട്ടനവധി സുഹൃത്തുക്കള്‍ ഉണ്ടെനിക്ക്, ‘ചാന്ത്പൊട്ട്’ (2005) എന്ന സിനിമ കാരണം ജീവിതത്തില്‍ നീറി നീറി ജീവിച്ചവര്‍, പരിഹസിക്കപ്പെട്ടവര്‍, ഉപദ്രവിക്കപ്പെട്ടവര്‍, ആത്മഹത്യക്കൊരുങ്ങിയവര്‍… എന്റെ അനുഭവവും മറ്റൊന്നല്ല. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ പാര്‍വതിക്കു നേരെ ആണ്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നപ്പോള്‍, സിനിമ സമൂഹത്തെ സ്വാധീനിക്കും എന്ന് സമര്‍ഥിച്ച് ഞാനെഴുതിയത് ആ അനുഭവങ്ങള്‍ തന്നെയായിരുന്നു. അന്നത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.
വര്‍ഷങ്ങള്‍ക്ക് ശേഷവും ആ സിനിമ ഉണ്ടാക്കിയ പ്രത്യാഘതങ്ങള്‍ ഒഴിഞ്ഞിട്ടില്ല. ആ സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിവെച്ച ദുരിതത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ലാല്‍ജോസിന് കൈയൊഴിയാന്‍ കഴിയില്ല. വൈകിയാണെങ്കിലും താങ്കളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് ഒരു ക്ഷമാപണം ഞങ്ങള്‍ അര്‍ഹിക്കുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, ആ സിനിമക്ക് പ്രശ്നമില്ലെന്ന് താങ്കള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
Read More: അകലങ്ങളിരുന്നെഴുതി എന്നെ ഞാനാക്കിയ അഷിത
ആ സിനിമ വേട്ടയാടിയ, മുറിവേല്‍പ്പിച്ച മനുഷ്യരോട് പാര്‍വതി അന്ന് ഐക്യപ്പെട്ടു ട്വീറ്റ് ചെയ്തിരുന്നു. സിനിമ ഇത്രയും കാലം അവഗണിച്ച, നോവിച്ച, കാണികള്‍ക്കിടയില്‍ ചിരി പടര്‍ത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കപെട്ട ഞങ്ങള്‍ മനുഷ്യരോട് അവര്‍ അന്ന് ഐക്യപ്പെട്ടതിനെ ഇന്ന് താങ്കൾ ‘ഭോഷ്‌ക്ക്’ എന്ന് വിലയിരുത്തി കണ്ടു! ഞങ്ങളോട് ക്ഷമാപണം നടത്താന്‍ തയ്യാറാകാതിരിക്കുകയും ഐക്യപ്പെടുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന താങ്കളുടെ മനോഭാവത്തെക്കുറിച്ചോര്‍ത്ത് കഷ്ടം തോന്നുന്നു.
I salute you, Unais. You who braved through the toughest of times. I apologise on behalf of my industry for inflicting this pain. To you and so many others like you. (1/2)
https://t.co/kLDJ0LL7hs
— Parvathy Thiruvothu (@parvatweets) December 21, 2017
ട്രാന്‍സ് വ്യക്തിയുടെ ജീവിതം അല്ല സിനിമ എന്ന് പറഞ്ഞ് താങ്കള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല ലാല്‍ ജോസ്! ഒരു ട്രാന്‍സ് വ്യക്തി കടന്ന് പോകുന്ന അതേ അവസ്ഥയെ ആണ് താങ്കള്‍ സിനിമയില്‍ കാണിച്ചത്. സ്വന്തം പരിശ്രമം കൊണ്ടും വിവാഹം കൊണ്ടും ട്രാന്‍സ്ജിന്‍ഡര്‍ അസ്ഥിത്വത്തെ ഒരാള്‍ക്ക് മറികടക്കാം എന്ന തെറ്റായ ധാരണ ആ സിനിമ നല്‍കുന്നു. ഒപ്പം തന്നെ ട്രാന്‍സ് വ്യക്തിയെ അടിച്ചു ശരിയാക്കാം എന്ന തെറ്റായ, ശാസ്ത്രീയ പിന്‍ബലം ഇല്ലാത്ത കളവും താങ്കളുടെ സിനിമ പറഞ്ഞു വെക്കുന്നു. ട്രാൻസ് വ്യക്തിത്വങ്ങൾ മാത്രമല്ല ആക്രമിക്കപ്പെട്ടത്, സ്ത്രൈണതയുള്ള മുഴുവൻ പുരുഷന്മാരും ഈ സിനിമ കാരണം ഏറെ വിഷമിച്ചിട്ടുണ്ട്. ഞങ്ങളുടെ ബാല്യങ്ങളുടെ നിറം കെടുത്തിയിട്ടുണ്ട് ആ അനുഭവങ്ങൾ. ഞാനന്നത് തുറന്നെഴുതിയ ശേഷം നൂറുകണക്കിന് പേർ സമാനമായ അനുഭവം പറഞ്ഞു ബന്ധപ്പെട്ടിരുന്നു. സിനിമയിറങ്ങിക്കഴിഞ്ഞു ഇത്രയും കാലം പിന്നിട്ടിട്ടും താങ്കളെ പോലെയുള്ള ഒരു വ്യക്തിക്ക്, ആ സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിയ ദുരിതം എത്രത്തോളമെന്നത് മനസിലാക്കാന്‍ കഴിയാതെ പോകുന്നതില്‍ സഹതാപമുണ്ട്.
ചാന്ത്പൊട്ട് എന്നൊക്കെ കളിയാക്കി വിളിക്കുന്നതില്‍ വേദനിക്കാന്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. അത് മനസ്സിലാവാന്‍ ഞങ്ങള്‍ എല്‍ജിബിടിക്യു മനുഷ്യര്‍ ഓരോ ദിനവും കടന്ന് പോകുന്ന അവസ്ഥ സങ്കല്പിച്ചു നോക്കാനെങ്കിലും കഴിയേണ്ടതുണ്ട്; ഒന്നും ചെയ്യാതിരുന്നിട്ടും വീട്ടുകാരും നാട്ടുകാരും എല്ലാവരും തള്ളിപ്പറയുന്ന അവസ്ഥ, പുറത്തിറങ്ങിയാല്‍ പരിഹാസങ്ങള്‍ മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന അവസ്ഥ, ‘പോയി ചത്തൂടെ’ എന്ന് കേള്‍ക്കേണ്ടി വരുന്ന അവസ്ഥ. ആ അവസ്ഥയിലൂടെ കടന്ന് പോകുന്ന മനുഷ്യര്‍ ആര് തന്നെ ആയാലും, നിങ്ങള്‍ക്ക് തമാശയായും നിസാരമായും തോന്നുന്ന പരിഹാസങ്ങള്‍ അവരെ കീറി മുറിച്ചു നോവിക്കുന്നതു തന്നെയാണ്. ആ അവസ്ഥ മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
Read More: ചാന്തുപൊട്ടിലെ കഥാപാത്രത്തെ ട്രാൻസ് വ്യക്തിയെന്ന് ഞാൻ വിളിച്ചിട്ടില്ല, തെറ്റായ വ്യാഖ്യാനം: പാർവതി
ഇന്നിപ്പോള്‍ തീയേറ്ററുകളില്‍ ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ എന്ന സിനിമ ഓടുന്നുണ്ട്. ആ സിനിമയിലെ പ്രണയം ഒരുപാട് പേരെ അസ്വസ്ഥമാക്കുന്നുണ്ട്, വിറളിപിടിപ്പിക്കുന്നുണ്ട്. ‘ചാന്ത്പൊട്ട്’ കണ്ടു കൈയടിച്ച, പൊട്ടിച്ചിരിച്ച, ആ സിനിമയെ കൊമേര്‍ഷ്യല്‍ ഹിറ്റാക്കി മാറ്റിയ അതേ ആണ്‍ക്കൂട്ടം തന്നെയാണ് ‘മൂത്തോന്‍’ കണ്ട് അസ്വസ്ഥരാകുകയും തീയേറ്ററില്‍ നിന്ന് ഓടിപ്പോവുകയും ചെയ്യുന്നത്. കാരണം ഇതുവരെ മലയാള സിനിമ ഞങ്ങളെ ഉപയോഗിച്ച രീതിയില്‍ അല്ല ഗീതു മോഹന്‍ദാസിന്‌റെ സമീപനം. അവര്‍ ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നു, ഞങ്ങളുടെ ജീവിതങ്ങളെ ശരിയായി അടയാളപ്പെടുത്തുന്നു. താങ്കളുടെ സിനിമ കണ്ടാസ്വദിച്ച, ചിരിച്ച ആള്‍ക്കൂട്ടത്തിനു ഈ സിനിമ പരിചിതമാവില്ല. അവരെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ കണ്ടിഷന്‍ഡ് ആക്കിയതില്‍ താങ്കളുടെ സിനിമക്ക് വലിയ പങ്കുണ്ട്, മിസ്റ്റര്‍ ലാല്‍ ജോസ്.
അതിനാൽ ഒരു കാര്യം വ്യക്തമാക്കട്ടെ, ‘ചാന്തുപൊട്ട്’ എന്ന സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിവെച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് താങ്കള്‍ക്ക് കൈ കഴുകാന്‍ കഴിയില്ല. താങ്കളില്‍ നിന്ന് ഒരു ക്ഷമാപണം ഉണ്ടാവുന്ന നാള്‍ വരെ, ഞങ്ങളിത് പറഞ്ഞുകൊണ്ടേയിരിക്കും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും, തീര്‍ച്ച