scorecardresearch
Latest News

കുഞ്ഞാലി മരക്കാർമാർ: സാഹസികരായ വ്യാപാരികളോ അതോ ആദ്യകാല ദേശീയവാദികളോ?

ആദ്യകാല പോർച്ചുഗീസ് വ്യാപാരികളെ സംബന്ധിച്ചിടത്തോളം, മരക്കാർമാർ ക്രിമിനൽ സംഘങ്ങളോ കടൽക്കൊള്ളക്കാരോ ആയിരുന്നു, അവർ തങ്ങളുടെ അധികാരത്തെയും വ്യാപാര കുത്തകയെയും തുരങ്കം വയ്ക്കാൻ ശ്രമിച്ചു

Kunjali Marakkar, Kunhali Marakkar, Marakkar movie, Marakkar: Lion of the Arabian Sea, Marakkar: Arabi Kadalinte Simham, Mohanlal Marakkar, Kunjali Marakkar, who was Kunjali Marakkar, Marakkar Malayalam movie, Malayalam movie, Malayalam film, Priyadarshan, new films, new malayalm film, entertainment news, Indian Express Malayalam, IE Malayalam

ആധുനിക കേരളത്തിന്റെ ആദ്യകാല ജനകീയ ചരിത്രത്തിൽ, കുഞ്ഞാലി മരക്കാർമാർക്ക് വളരെ സവിശേഷമായ പങ്കുണ്ടായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ അവസാനം, കോഴിക്കോട് സാമൂതിരിയുടെ പിന്തുണയോടെ പോർച്ചുഗീസുകാർ അവസാന കുഞ്ഞാലി മരക്കാരെ പിടികൂടി കൊലപ്പെടുത്തിയപ്പോൾ മുതൽ, മരക്കാർ മാപ്പിള മുസ്‌ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള വീരഗാഥകളിലും നാടൻ പാട്ടുകളിലും കഥകളിലും പോർച്ചുഗീസ് അധിനിവേശാധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ മുഖമായി ഇടം നേടിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ, ചരിത്രകാരന്മാരുടെ നിഗമനത്തിൽ സാമ്രാജ്യത്വത്തിനെതിരായ ആദ്യ പോരാളികളായ ‘ വീരപരിവേഷ മുള്ള നായകർ’ കൂടിയായിരുന്നു അവർ.

എസ് എസ് രാജൻ സംവിധാനം ചെയ്ത ‘കുഞ്ഞാലി മരക്കാർ’ എന്ന പേരിൽ 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രത്തിലാണ് കുഞ്ഞാലി മരക്കാരെ ആദ്യമായി സിനിമയിൽ നായകനായി അവതരിപ്പിച്ചത്. മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് അക്കാലത്ത് ഈ ചിത്രം നേടി. ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ മലബാർ തീരത്തെ പോരാളികൾ വീണ്ടും വെള്ളിത്തിരയിലെത്തി.

പൂർണമായ അർത്ഥത്തിൽ അല്ലെങ്കിലും, ആദ്യകാല ദേശീയതയുടെ വികാരം നാമ്പെടുക്കുന്നത് കുഞ്ഞാലിമരക്കാർമാരിൽ കാണാനാവുമെന്ന്, ” കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ കെ എൻ കുറുപ്പ് പറയുന്നു. തദ്ദേശീയമായ ഭാഷയും സംസ്‌കാരവും തഴച്ചുവളരാൻ കഴിഞ്ഞതിന് നന്ദി രേഖപ്പെടുത്തേണ്ടത് മരക്കാർമാരോടാണ്. അവരുടെ ചെറുത്തുനിൽപ്പ് ഇല്ലാതിരുന്നുവെങ്കിൽ കോഴിക്കോടും ഗോവ പോലെ കോളനിവൽക്കരിക്കപ്പെടുമായി രുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മറ്റു ചില ചരിത്രകാരന്മാർ ഈ വീക്ഷണത്തോട് യോജിക്കുന്നില്ല, അതിനവർ ചൂണ്ടിക്കാട്ടുന്ന കാര്യം 19-ാം നൂറ്റാണ്ടിലെ അവസാനത്തോടെ യൂറോപ്പിൽ മാത്രം വികാസം പ്രാപിച്ച ഒരാശയമാണ് ദേശീയത എന്നതാണ്. മറുവശത്ത്, ആദ്യകാല പോർച്ചുഗീസ് വ്യാപാരികളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ അധികാരത്തെയും വ്യാപാര കുത്തകയെയും തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങളോ കടൽക്കൊള്ളക്കാരോ മാത്രമായിരുന്നു മരക്കാർമാർ.

ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്കൊള്ളക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിലുടെയുള്ള പോർച്ചുഗീസുകാരുടെ യാത്ര തീർച്ചയായും ചരിത്ര ഘട്ടമായിരുന്നു. യൂറോപ്യൻ വ്യാപാരികളുടെയും കോളനിവൽക്കരണക്കാരുടെയും നിരവധി ഗ്രൂപ്പുകൾ പോർച്ചുഗീസുകാരെ പിന്തുടർന്നു. പോർച്ചുഗീസുകാർ മലബാർ തീരത്തെ വ്യാപാരത്തിന്റെ സ്വഭാവം മാറ്റിയെന്ന് കെ കെ എൻ കുറപ്പ് ചൂണ്ടിക്കാട്ടുന്നു. “പോർച്ചുഗീസുകാർക്ക് മുമ്പ് ഇവിടുത്തെ വ്യാപാരം സമാധാനപരമായിരുന്നു. പോർച്ചുഗീസുകാർ അതിനെ ഇല്ലാതാക്കി പകരം വ്യാപാരത്തെ സായുധ ഇടപാടാക്കി,” ഡോ. കുറപ്പ് പറഞ്ഞു.

“പോർച്ചുഗീസുകാർക്കു മുമ്പ്, പടിഞ്ഞാറൻ തീരത്ത് വ്യാപാരം സ്വതന്ത്രമായിരുന്നു. അവിടെ എല്ലാവർക്കും വിപണി വിലയ്ക്ക് സാധനങ്ങൾ വാങ്ങാനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ പോർച്ചുഗീസുകാർ കുത്തകാവകാശം ആഗ്രഹിച്ചു. കടലുകളുടെ ആധിപത്യം അവർ ആഗ്രഹിച്ചു. കച്ചവട കുത്തകയിലേക്കുള്ള തങ്ങളുടെ ശ്രമത്തിന് ഭീഷണിയാകുന്നവരെ അവർ കടൽക്കൊള്ളക്കാരെന്ന് ആരോപിച്ചു,” കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവി പ്രൊഫസർ വി വി ഹരിദാസ് വിശദീകരിക്കുന്നു. ഈ കാലഘട്ടത്തിൽ പോർച്ചുഗീസുകാർക്ക് വിരുദ്ധ ശക്തികളായി ഉയർന്നുവന്ന മരക്കാർമാർമാരെ കടൽക്കൊള്ളക്കാരായി വിശേഷിപ്പിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിൽ പോർച്ചുഗീസുകാരുടെ വരവിനു മുമ്പുള്ള വാണിജ്യ ചരിത്രത്തെക്കുറിച്ചുള്ള ഈ വീക്ഷണം, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായി വിരമിച്ച പയസ് മലേകണ്ടത്തിലിനെപ്പോലുള്ളവർ വിയോജിക്കുന്നു. 2011-ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ അദ്ദേഹം എഴുതുന്നു, “ക്രിസ്ത്യൻ യുഗത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ, റോമൻ സാമ്രാജ്യത്തിലും അതിന്റെ അയൽ സാമ്പത്തിക മേഖലകളിലും വ്യാപാരം ഊർജിതമായി നടന്നപ്പോൾ, മെഡിറ്ററേനിയൻ കടലിൽ കപ്പലുകൾക്കു നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾ വർധിച്ചു. ഇന്ത്യൻ മഹാസമുദ്രവും.” കൊങ്കൺ തീരത്തെ കടൽക്കൊള്ളക്കാർ ലിമ്രികെ (മലബാർ), അരിയാകെ (ആര്യവർത്തം) എന്നിവയുമായി വ്യാപാരം നടത്തുന്ന റോമൻ കപ്പലുകൾക്ക് കടുത്ത ഭീഷണി ഉയർത്തിയതായി അദ്ദേഹം പറയുന്നു.

Kunjali Marakkars: Myth and Reality, Proceedings of the Indian History

റോമൻ സാമ്രാജ്യവുമായുള്ള വ്യാപാരം കുറഞ്ഞപ്പോഴും കടൽക്കൊള്ളക്കാർ അപ്രത്യക്ഷമായില്ല. തെക്കുപടിഞ്ഞാറൻ ഇന്ത്യയും സസാനിഡ് പേർഷ്യൻ (സസാനിയൻ /ഇറാനിയൻ) സാമ്രാജ്യവും തമ്മിലുള്ള സമുദ്ര വ്യാപാരം വളർന്നപ്പോൾ, പേർഷ്യൻ ഗൾഫിലേക്കുള്ള കപ്പൽ യാത്രവഴികളിൽ ധാരാളം കടൽക്കൊള്ളക്കാർ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങി, ഇതേതുടർന്ന് സസാനിഡ് ഭരണാധികാരികളുടെ ഇടപെടൽ ആവശ്യമായി വന്നതായി പയസ് മലേകണ്ടത്തിൽ എഴുതുന്നു.

415 സിഇക്കു മുമ്പ്, പതിനൊന്നാം നൂറ്റാണ്ടിലെ സീർട്ട് ക്രോണിക്കിളിൽ പരാമർശിക്കുന്നതുപോലെ, ഇന്ത്യയിൽനിന്നും സിലോണിൽനിന്നും പേർഷ്യയിലേക്കു മടങ്ങുന്ന കപ്പലുകൾക്കു നേരെ പേർഷ്യൻ ഗൾഫിൽ നടക്കുന്ന കടൽക്കൊള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രിസ്ത്യൻ കത്തോലിക്ക, സസാനിഡ് ഭരണാധികാരിയായ യാസ്ഡിഗിർഡ് ഒന്നാമൻ, ഒരു അഹായിയെ നിയോഗിച്ചു,” എന്നും പയസ് മലേക്കണ്ടത്തിൽ എഴുതുന്നു. മലബാറി കടൽക്കൊള്ളക്കാർ തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം ഗുജറാത്ത് തീരം വരെ കച്ചവടക്കപ്പലുകൾ ആക്രമിച്ച് കൊള്ളയടിക്കുന്നത് വെനീഷ്യൻ പര്യവേക്ഷ കനും വ്യാപാരിയുമായ മാർക്കോപോളോ സാക്ഷ്യം വഹിച്ചതായും പയസ് മലേക്കണ്ടത്തിൽ പറയുന്നു.

16-ഉം 17-ഉം നൂറ്റാണ്ടുകളിലെ പോർച്ചുഗീസുകാരുടെയും ആദ്യകാല യൂറോപ്യൻ വ്യാപാര കമ്പനികളുടെയും കുത്തക വ്യാപാര സമ്പ്രദായങ്ങളാൽ, പൊറുതിമുട്ടിയ കേരളത്തിലെ തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്കൊള്ളക്കാരായി മാറി. അവരിൽ ഭൂരിഭാഗവും പരമ്പരാഗത കടൽക്കൊള്ളക്കാരുടെ കുടുംബങ്ങളുടെ പിൻഗാമികളാ ണെങ്കിലും അവരിൽ ചിലർ പോർച്ചുഗീസുകാർ വാണിജ്യ ലോകത്തുനിന്ന് പുറന്തള്ളപ്പെട്ട വ്യാപാരികളായിരുന്നുവെന്ന് മലേകണ്ടത്തിൽ തന്റെ പുസ്കകത്തിൽ പറയുന്നു. “പുറന്തള്ളപ്പെട്ട പരമ്പരാഗത വ്യാപാരികൾ ഒന്നുകിൽ കടൽക്കൊള്ളക്കാരാകാൻ നിർബന്ധിതരായി അല്ലെങ്കിൽ വാണിജ്യ ലോകത്ത് നിന്ന് അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളിൽ യൂറോപ്യൻ വാണിജ്യ ശക്തികൾ അവരെ അങ്ങനെ ചാപ്പയടിക്കുകയും തരംതിരിക്കുകയും ചെയ്തു,” അദ്ദേഹം വിശദീകരിക്കുന്നു. .

ഈ കാലഘട്ടത്തിലാണ് കുഞ്ഞാലി മരക്കാർ ഉയർന്നുവന്നത്. പോർച്ചുഗീസുകാർ അവരെ കടൽക്കൊള്ളക്കാരെന്ന് വിശേഷിപ്പിച്ചുവെങ്കിലും, മറ്റുള്ള കടൽക്കൊള്ളക്കാരിൽനിന്നു വ്യതിരിക്തമായി മരക്കാർ കോഴിക്കോട് സാമൂതിരിയിൽനിന്ന് അദ്ദേഹത്തിന്റെ നാവിക മേധാവി (ഫ്ലീറ്റ് അഡ്മിറൽ) യായി നിയമസാധുത്വം നേടിയിരുന്നു. വൻ തോതിൽ സമ്പത്ത് കൈവരിക്കുമ്പോൾ തന്നെ, പുതിയ പ്രദേശങ്ങളിൽ സ്വാധീനം നേടിക്കൊണ്ട് അവർ രാഷ്ട്രീയമായും തങ്ങളുടെ ശക്തി ഉറപ്പിച്ചു. കടൽക്കൊള്ളയുടെ സവിശേഷതകളെ വ്യാപാരത്തോടും സ്റ്റേറ്റ് ബിൽഡിങ്ങും മരക്കാർ അതിലൂടെ സമാഹരിച്ചു, ഇന്ത്യൻ എക്സപ്രസ് ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ മലേകണ്ടത്തിൽ പറയുന്നു.

ആരായിരുന്നു കുഞ്ഞാലി മരക്കാർമാർ?

പതിനാറാം നൂറ്റാണ്ടിലെ അറബി പണ്ഡിതനായ ഷെയ്ക്ക് സൈനുദ്ദീൻ തന്റെ ‘തുഹ്ഫത്ത് ഉൽ മുജാഹിദീൻ’ എന്ന കൃതിയിൽ മലബാർ തീരത്തെ മുസ്‌ലിങ്ങളും പോർച്ചുഗീസുകാരും തമ്മിലുള്ള പോരാട്ടത്തെ വിവരിച്ചിട്ടുണ്ട്. മരക്കാർ ഉയർത്തിയ വീരോചിതമായ ചെറുത്തുനിൽപ്പ് ആദ്യമായി പുറംലോകമറിഞ്ഞത് സൈനുദ്ദീന്റെ രചനയിലായിരുന്നു. എന്നാൽ പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ മരക്കാർമാർ, സാമൂതിരിയുടെ കപ്പൽ സേനാതലവ (അഡ്മിറൽ)ന്മാരായി നിലകൊള്ളുന്നതിന് വളരെ മുമ്പുതന്നെ, സമ്പന്നരായ വ്യാപാരികളുടെ ശക്തമായ ഒരു സമൂഹമായി മാറിയിരുന്നു.

‘മരക്കാർ’ എന്ന വാക്കിന്റെ ഉത്ഭവം കപ്പൽ എന്നർത്ഥമുള്ള ‘മർകബ്’ എന്ന അറബി മൂലത്തിൽ നിന്നാണ് എന്ന് ‘ഒറിജിൻ ഓഫ് കുഞ്ഞാലി മരക്കാർസ് ആൻഡ് ഓർഗനൈസേഷൻ ഓഫ് ഫൈറ്റേഴസ്’ (Origin of Kunhali Marakkars and organisation of their fighters’) (1997) എന്ന ലേഖനത്തിൽ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം തലവനുമായിരുന്ന ഡോ. വി കുഞ്ഞാലിയുടെ നിഗമനം.

“മരക്കാർ പാരമ്പര്യം, ഈ വിഭാഗത്തിൽപ്പെട്ട ആദ്യ കുടിയേറ്റക്കാർ ഇന്ത്യൻ തീരത്ത് വന്നിറങ്ങിയപ്പോൾ, അവർ ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും സ്വാഭാവികമായും തദ്ദേശീയർ അവരോട് ചോദിക്കും. മറുപടിയായി അവർ തങ്ങളുടെ ബോട്ടുകൾ ചൂണ്ടി ‘മർകബ്’ എന്ന വാക്ക് പറഞ്ഞു, അനന്തരഫലമായി അവർ മരക്കയർ അല്ലെങ്കിൽ മർക്കാബിൽ നിന്നുള്ള ആളുകളെന്ന് അറിയപ്പെട്ടു, ”മരക്കാർ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള കഥ ‘മുസ്‌ലിം കമ്യൂണിറ്റീസ് ഇന്‍ കേരള ടു 1798’ എന്ന വിഷയത്തിൽ ഗവേഷണ ബിരുദം നേടിയ ഡോ. വി. കുഞ്ഞാലി വിവരിച്ചു.

എന്നാൽ മരക്കാർമാർ ആദ്യമായി കുടിയേറിയത് മലബാറിലല്ലെന്നാണ് ചരിത്രകാരൻ കെ ജെ ജോൺ, ‘കുഞ്ഞാലി മരക്കാർ: മിത്തും യാഥാർത്ഥ്യവും’ (1997) എന്ന തന്റെ ഗവേഷണ പ്രബന്ധത്തിൽ ഉന്നയിക്കുന്ന വാദം. മരക്കാർ കോറോമാണ്ടൽ തീരത്ത് താമസമാക്കിയതായി ആ പ്രബന്ധത്തിൽ എഴുതുന്നു. 15-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊച്ചിയിലെത്തി, കച്ചവടം തൊഴിലാക്കിയ കടൽയാത്രക്കാരായി അവർ അവിടെ സ്ഥിരതാമസമാക്കി.

1500-ൽ പോർച്ചുഗീസുകാർ കൊച്ചിയിലെത്തിയപ്പോഴേക്കും മരക്കാർ എന്നത് ഏറ്റവും സമ്പന്നരായ വ്യാപാരികളായിരുന്നു. ഇറ്റാലിയൻ സഞ്ചാരിയായ ലുദൂവിക്കോ ദി വർത്തേമ (Ludovico di Varthema) സമൂഹത്തിൽ നിന്നുള്ള വ്യാപാരിയായ മാമലെ മരക്കാറിനെ “രാജ്യത്തെ ഏറ്റവും ധനികൻ” എന്ന് വിശേഷിപ്പിച്ചതായി ജോൺ തന്റെ പ്രബന്ധത്തിൽ എഴുതുന്നു. പോർച്ചുഗീസുകാർ അവരുടെ വ്യാപാര താൽപ്പര്യങ്ങളിൽ മരക്കാരുമായി പലപ്പോഴും സഹകരിച്ചു. “ചരക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി പോർച്ചുഗീസ് ഉദ്യോഗസ്ഥർ മരക്കാരുമായി നിരവധി കരാറുകളിൽ ഏർപ്പെട്ടു,” ഈ പ്രബന്ധത്തിൽ പറയുന്നു. . 1504-ൽ കൊച്ചിയിലെ ഫാക്ടറിയിലേക്ക് 4,989,000 കിലോ കുരുമുളക് വിതരണം ചെയ്യുന്നതിനായി പോർച്ചുഗീസ് ഉദ്യോഗസ്ഥരിൽനിന്ന് ചിന്ന മരക്കാർക്കും മാമലെ മരക്കാർക്കും ഓർഡർ ലഭിച്ചത് അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിക്കുന്നു.

1520-കളുടെ മധ്യത്തിൽ പോർച്ചുഗീസുകാർ തങ്ങളുടെ പിന്തുണ കസാഡോ (ഇന്ത്യൻ സ്ത്രീകളെ വിവാഹം കഴിച്ച പോർച്ചുഗീസുകാർ) വ്യാപാരികൾക്ക് അനുകൂലമായി മാറിയതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. മരക്കാരും പോർച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തിലെ വഴിത്തിരിവായിരുന്നു ഇത്. 1524-ൽ മരക്കാർമാർ കൊച്ചി വിട്ട് കോഴിക്കോട്ടേക്ക് പോയതായി കരുതപ്പെടുന്നു. സാമൂതിരിയുടെ തുറമുഖങ്ങളിലൊന്നായ പൊന്നാനിയിലാണ് അവർ ആദ്യം താമസമാക്കിയത്.

സാമൂതിരിയുടെ കീഴിൽ തുറമുഖങ്ങളുടെ ചുമതല മരക്കാർമാർക്കായിരുന്നു. കോഴിക്കോട്ടെ വ്യാപാരം പുനരുജ്ജീവിപ്പിക്കാൻ മരക്കാർമാരുടെ കപ്പലോട്ട വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് സാമൂതിരി കരുനീക്കിയത്. ‘കുഞ്ഞാലി’, യഥാർത്ഥത്തിൽ, മരക്കാർ കുലത്തലവന് സാമൂതിരി നൽകിയ പദവിയായിരുന്നു”, എന്ന് ഡോ. കെ. കെ എൻ കുറുപ്പ് പറയുന്നു, മലയാളത്തിൽ കുഞ്ഞാലി എന്നാൽ ‘പ്രിയപ്പെട്ട’ എന്നാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മരക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മലേകണ്ടത്തിൽ തന്റെ പ്രബന്ധത്തിൽ എഴുതുന്നു: “സാമൂതിരിയുടെ മൗനവും വ്യക്തവുമായ സമ്മതത്തോടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പട്രോളിങ് നടത്തുക, പോർച്ചുഗീസുകാരുടെ കപ്പലുകൾ തടയുക, കൊള്ളയടിക്കുക, രണ്ടാമതായി ചെങ്കടൽ-വെനീസ് റൂട്ടുകളിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾ അയയ്ക്കുന്നതിന് തദ്ദേശീയ വ്യാപാര ശൃംഖലകളെ സംയോജിപ്പിക്കുക..” എന്നിവയായിരുന്നു.: “അങ്ങനെ കുഞ്ഞാലി മരക്കാരുടെ ആളുകൾ വികസിപ്പിച്ച കടൽക്കൊള്ള പ്രവർത്തനങ്ങൾ ഒരു ബദൽ വ്യാപാര ക്രമീകരണമായി മാറി, അവിടെ ശത്രു കപ്പലുകൾ (പ്രത്യക്ഷമായി പോർച്ചുഗീസുകാരുടേത്) കൊള്ളയടിക്കുന്നതും കണ്ടുകെട്ടുന്നതിനുമൊപ്പം അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതും ഇതിന് സമാന്തരമായി നടന്നു.”

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, മരക്കാർ ഗണ്യമായ അളവിൽ സമ്പത്ത് സ്വരൂപിച്ചു, മാത്രമല്ല, ഭരണ സ്ഥാപനങ്ങളിലെ അധികാര ഘടനയിൽ സ്ഥാനം ഉറപ്പിക്കുന്നതിനും താൽപ്പര്യം പ്രകടിപ്പിച്ചു. അതിനായി അവർ ഇന്നത്തെ തമിഴ്‌നാട്ടിലെ പുതുപട്ടണത്ത് ഒരു കോട്ട സ്ഥാപിച്ചു, അവിടെ വെടിക്കോപ്പ് സംഭരണം നടത്തി. “ഇക്കാലത്ത് കുഞ്ഞാലിക്ക് ഒരു ഭരണാധികാരിക്ക് തുല്യമായ അധികാരം ഉണ്ടായിരുന്നു. മലബാറിലെ മുസ്‌ലിങ്ങൾ അദ്ദേഹത്തെ അവരുടെ രാജാവിനെപ്പോലെയാണ് കണ്ടിരുന്നത്,” എന്ന് പയസ് മലേകണ്ടത്തിൽ എഴുതുന്നു.

കൂടാതെ, ‘അറബിക്കടലിന്റെ അധിപൻ’, ‘കപ്പലോട്ടത്തിലെ രാജകുമാരൻ’, ‘മലബാർ മുസ്‌ലിങ്ങളുടെ രാജാവ്’ (കിങ് ഓഫ് മലബാർ മൂർസ്) എന്നിങ്ങനെ നിരവധി അധികാര പേരുകൾ മരക്കാർ നേടി. മക്കയിലെയും മുഗൾ സാമ്രാജ്യത്തിലെയും അംബാസഡർമാർ രാഷ്ട്രീയ ബന്ധങ്ങൾക്കായി അവരുടെ സഭയിൽ ഒത്തുകൂടുന്ന തരത്തിലായിരുന്നു അവർക്ക് ലഭിക്കുന്ന അംഗീകാരവും അധികാരവും. അത്തരം സംഭവവികാസങ്ങൾ സാമൂതിരിയുടെ ശ്രദ്ധയിൽപ്പെടാതിരുന്നില്ല, ഇത് അദ്ദേഹത്തെ ആശങ്കാകുലനാക്കി.

മരക്കാരുടെ സ്റ്റേറ്റ് ബിൽഡിങ് പ്രവർത്തനങ്ങളെ സാമൂതിരി തന്റെ അധികാരത്തെ തുരങ്കം വയ്ക്കുന്ന മാർഗമായി വ്യാഖ്യാനിച്ചു. ആശങ്കാകുലനായ സാമൂതിരി, 50 വർഷത്തിലേറെ മരക്കാർമാർക്ക് മാർഗദർശിയായിരുന്ന അദ്ദേഹം കുഞ്ഞാലി മരക്കാർ നാലിനെതിരെ തിരിയുകയും പോർച്ചുഗീസുകാരുമായി കുഞ്ഞാലി മരക്കാർക്കെതിരെ കൈകോർക്കുകയും ചെയ്തു. സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലൊത്ത് ചേർന്ന് കരുനീക്കുകയും 1600 സിഇയിൽ പോർച്ചുഗീസുകാർ കുഞ്ഞാലിയെ തടവിലാക്കുകയും ഗോവയിൽ തലവെട്ടി കൊലപ്പെടുത്തുകയും ചെയ്തു.

കുഞ്ഞാലി മരക്കാരുടെ വധശിക്ഷ പടിഞ്ഞാറൻ തീരത്തെ കടൽക്കൊള്ളയ്ക്ക് അറുതിവരുത്തിയില്ലെന്ന് മലേകണ്ടത്തിൽ വിശദീകരിക്കുന്നു. അതിനുപകരം, ഇതുവരെ കുഞ്ഞാലി മരക്കാരുടെ നിയന്ത്രണത്തിലായിരുന്ന ധാരാളം മുസ്‌ലിം കപ്പലോട്ടക്കാർ സ്വതന്ത്രരായി മാറി. പോർച്ചുഗീസ് കപ്പലുകളെ നിരന്തരം ആക്രമിക്കുന്ന ‘കടൽ കൊള്ളക്കാരായി’ അവർ മാറി. അവരിൽ പലരും നാവികരായും വ്യാപാരികളായും മറ്റ് യൂറോപ്യൻ കമ്പനികൾക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. മലബാറിലെ കടൽക്കൊള്ളക്കാരും ഇംഗ്ലീഷുകാരും തമ്മിലുള്ള സൗഹൃദം പോർച്ചുഗീസ് വ്യാപാര സമ്പ്രദായത്തെ എതിർത്തവർക്കിടയിൽ വാണിജ്യ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനുള്ള തന്ത്രമായിരിക്കണം,”എന്ന് മലേകണ്ടത്തിൽ എഴുതുന്നു.

ആദ്യകാല ദേശീയവാദികളോ സാഹസികരായ വ്യാപാരികളോ

‘മലബാറും പോർച്ചുഗീസും’ എന്ന പേരിൽ 1929-ൽ സർദാർ കെ എം പണിക്കർ എഴുതിയതാണ് മരക്കാർമാരെക്കുറിച്ചുള്ള ആദ്യത്തെ ഗൗരവമേറിയ ചരിത്രകൃതിയെന്ന് ജോൺ തന്റെ പ്രബന്ധത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. പോർച്ചുഗീസുകാർക്കെതിരെ കൃത്യമായ പക്ഷപാതിത്വമുള്ള സർദാർ കെ.എം.പണിക്കർ, യൂറോപ്പിലേക്ക് പോയി, പോർച്ചുഗീസ് സ്രോതസ്സുകളിൽ ഗവേഷണം നടത്തിയെന്ന് അവകാശപ്പെട്ടിട്ടുണ്ട്, പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരെ മരക്കാർ പരമ്പരയുടെ ‘വീരോചിതമായ പോരാട്ടം’ പുനർനിർമ്മിക്കുന്നതിനുള്ള വഴിയൊരുക്കാനുള്ള പ്രവർത്തനം നടത്തി.” സാമൂതിരിയുടെ നേതൃത്വത്തിൽ മരക്കാർമാർ പോർച്ചുഗീസുകാർക്കെതിരെ 100 വർഷത്തെ യുദ്ധം നടത്തിയെന്നാണ് പണിക്കരുടെ നിഗമനം. മരക്കാർമാർ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പതാകവാഹകരണെന്ന അദ്ദേഹ ത്തിന്റെ വിശകലനം വി കെ കൃഷ്ണയ്യർ, ഒ കെ നമ്പ്യാർ തുടങ്ങിയ ചരിത്രകാരന്മാർ അംഗീകരിക്കുകയും വിശദീകരിക്കുകയും ചെയ്തു.

ഗോവയിൽ പോർച്ചുഗീസുകാർ കുഞ്ഞാലി മരക്കാറിനെ തലവെട്ടി കൊലപ്പെടുത്തിയ സ്ഥലത്ത് അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ കെ എൻ കുറുപ്പ് ഏതാനും വർഷങ്ങൾക്ക് മുമ്പ് മുൻ പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസിനെ സമീപിച്ചിരുന്നു. “നിർഭാഗ്യവശാൽ, ഒന്നും ചെയ്തില്ല,” . “കുഞ്ഞാലി മരക്കാർമാർ മുസ്‌ലിം ദേശീയവാദികളായിരുന്നു, ഇന്ത്യയുടെ ചരിത്രത്തിൽ അവരുടെ പങ്ക് വേണ്ടത്ര ഉയർത്തിക്കാണിക്കപ്പെട്ടിട്ടില്ല,” അദ്ദേഹം പറയുന്നു.

കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ മരക്കാർ പ്രത്യേകമായി ആരാധിക്കപ്പെടുന്നുവെന്ന് പയസ് മലേകണ്ടത്തിൽ സമ്മതിക്കുന്നു. “മുസ്‌ലിംങ്ങൾക്കിടയിൽ, അവർ പോർച്ചുഗീസുകാർക്കെതിരെയും പ്രാദേശിക ഭരണാധികാരി അഥവാ സാമൂതിരിക്കെതിരെയുമുള്ള ചെറുത്തുനിൽപ്പിനെ പ്രതീകവൽക്കരിച്ചു,” അദ്ദേഹം പറയുന്നു. എന്നാൽ കൂട്ടിച്ചേർക്കുന്നു, സമൂഹങ്ങൾ പലപ്പോഴും അവരുടെ നായകന്മാരെ അവരുടെ ചരിത്രപരമായ നിലവാരത്തിനപ്പുറം സൃഷ്ടിക്കുകയോ ഉയർത്തിക്കാട്ടുകയോ ചെയ്യുന്നു.”

മലേകണ്ടത്തിൽ പറയുന്നതനുസരിച്ച്, മരക്കാർമാർക്ക് തങ്ങളുടെ ദേശീയവാദ നിലപാടിന് അടിത്തറയായി വംശമോ ഭാഷയോ രാഷ്ട്രീയമോ ഇല്ലായിരുന്നു. “അവർ പോർച്ചുഗീസ് വിരുദ്ധരായിരുന്നു. എന്നാൽ അതിനർത്ഥം ദേശീയവാദികളായിരുന്നു എന്നല്ല. അതിന്റെ പേരിൽ (പോർച്ചുഗീസുകാരോടുള്ള വിരുദ്ധത ) അവർ പ്രാദേശിക ഭരണാധികാരിയായിരുന്ന സാമൂതിരിയുമായി കലഹിച്ചു. മരക്കാർക്കും അവരുടെ സ്വയം പ്രമാണീകരണത്തിലധിഷ്ഠിതമായ നിസ്സാര താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ അതേക്കുറിച്ച് നമ്മൾ അതിവായന നടത്തുകയാണ് ”എന്ന് അദ്ദേഹം പറയുന്നു.

“കുഞ്ഞാലി മരക്കാർമാർ പോർച്ചുഗീസുകാരോട് അവരുടെ ദേശീയത അറിയാതെ യുദ്ധം ചെയ്തു. അതുകൊണ്ട് അതിനെ ദേശീയത എന്ന് വിളിക്കാമോ എന്ന് എനിക്ക് ഉറപ്പില്ല,” ഹരിദാസ് പറയുന്നു. “എന്തൊക്കെയായാലും , അവർ ഒരു പ്രാദേശിക ഭരണാധികാരിയുടെ കീഴിൽ ഒരു വിദേശ ശക്തിക്കെതിരെ പോരാടുകയായിരുന്നു എന്നത് തീർച്ചയായും സത്യമാണ്. ആ ദേശീയവാദിയെ നമ്മൾ പരിഗണിക്കുമോ ഇല്ലയോ എന്നത് ഒരാളുടെ ദേശീയതയുടെ വ്യാഖ്യാനത്തെ ആശ്രയിച്ചിരിക്കുന്നു. ഡോ. ഹരിദാസ് പറഞ്ഞു.


കൂടുതൽ വായനയ്ക്ക്:

Pius Malekandathil, Criminality and Legitimization in Seawaters: A Study on the Pirates of Malabar during the Age of European Commercial Expansion (1500-1800) , 2011

V. Kunhali, Origin of Kunhali Marakkars and Organisation of their Fighters, in ‘India’s Naval Traditions: The Role of Kunhali Marakkars, K K N Kurup (ed.), Northern Book Centre, 1997

K J John, Kunjali Marakkars: Myth and Reality, Proceedings of the Indian History Congress, 1997

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Kunjali marakkars an ambitious merchant clan of kerala or early nationalists