scorecardresearch
Latest News

‘നീതി ലഭിച്ചില്ലെങ്കിൽ അവർ പോയ ഇടത്തേക്ക് ഞങ്ങളും പോകും’: വാളയാർ പെൺകുട്ടികളുടെ അമ്മ

“പൊലീസാകാനായിരുന്നു ഇളയമോള്‍ക്ക് ആഗ്രഹം. മൂത്തകുട്ടിയുടെ മരണത്തിനുശേഷം ഇടയ്ക്കിടെ പറയുമായിരുന്നു പഠിച്ച് പൊലീസായിട്ട്, അന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മുഖം മറച്ച ആളുകളെ കണ്ടുപിടിക്കും ശിക്ഷിക്കും എന്നൊക്കെ”

‘നീതി ലഭിച്ചില്ലെങ്കിൽ അവർ പോയ ഇടത്തേക്ക് ഞങ്ങളും പോകും’: വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: പാറകളും പുല്ലും നിറഞ്ഞ കുന്നിന്‍ മുകളില്‍ ഒരു ഒറ്റമുറി വീട്. ഇതിനോടുചേര്‍ന്ന് വൈറ്റ് വാഷ് ചെയ്ത കോണ്‍ക്രീറ്റ് വീട്. ചുറ്റും നിറയെ കാറുകള്‍. മുറ്റത്ത് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം. ഫോട്ടോഗ്രാഫര്‍ക്കൊപ്പം ആ വീടിന്റെ ഉമ്മറത്തേക്കു നടന്നെത്തിയപ്പോള്‍ ക്യാമറയ്ക്കു പുറം തിരിഞ്ഞിരിക്കുന്ന ഒരു സ്ത്രീയും പുരുഷനും. അച്ഛനും അമ്മയുമാണ്, രണ്ടു വര്‍ഷം മുമ്പ് 52 ദിവസത്തിന്റെ വ്യത്യാസത്തില്‍, ഒറ്റമുറി വീടിന്റെ ഉത്തരത്തില്‍ ‘തൂങ്ങിമരിച്ച നിലയില്‍’ കണ്ടെത്തിയ പതിമൂന്നുകാരിയുടെയും ഒമ്പതു വയസുകാരിയുടെയും അച്ഛനും അമ്മയും.

സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ എതിര്‍വശത്ത് ‘വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കുക,’ എന്ന ആവശ്യമുന്നയിച്ച് ബിജെപിയുടെയും മഹിളാ മോര്‍ച്ചയുടെയും നൂറു മണിക്കൂര്‍ സമരം. തൊട്ടപ്പുറത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോയില്‍ കയറി.  സ്ഥലപ്പേരേ പറയേണ്ടി വന്നുള്ളൂ, പോകേണ്ടിടത്ത് കൃത്യമായി എത്തിച്ചു.

ചുറ്റും പുല്ല് നിറഞ്ഞു നിൽക്കുകയാണ്. പെൺകുട്ടികളുടെ മരണശേഷം ലഭിച്ച ധനസഹായം ഉപയോഗിച്ചാണ് ഒറ്റമുറിക്ക് തൊട്ടടുത്തായി ഈ കുടുംബം വീടിന്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്. അങ്ങനെയെങ്കിൽ മരിക്കുന്നതിന് മുമ്പ് ചുറ്റും പുല്ലും കാടും പാറകളും നിറഞ്ഞ​ കുന്നിൻ പുറത്ത് ഒറ്റപ്പെട്ട ഓലക്കുടിലിൽ അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയി തിരിച്ചു വരുന്നതും കാത്ത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ മാത്രം. ചേട്ടനെന്നും മാമനെന്നും വിളിച്ച് സ്നേഹിച്ചവരുടെ പേരാണ് അവരെ ഇല്ലാതാക്കിയവരുടെ പേരുകളുടെ സ്ഥാനത്ത് ഉയർന്ന് കേൾക്കുന്നത്. അവസാന ശ്വാസമെടുക്കും മുമ്പ് അലറിക്കരഞ്ഞിട്ടുണ്ടാകും ആ പെൺകുട്ടികൾ. ലോകത്തോടുള്ള മുഴുവൻ വിശ്വാസവും നഷ്ടപ്പെട്ടായിരിക്കും അവർ കണ്ണുകളടച്ചത്.

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

വീടിന്റെ മുറ്റത്ത് മാറിനിന്നു ഫോണില്‍ സംസാരിക്കുകയായിരുന്നു പഞ്ചായത്ത് അംഗം. സംഭവത്തിന്റെ തുടക്കം മുതല്‍ ഇതു സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പൊതുപ്രവര്‍ത്തകന്‍. പരിചയപ്പെട്ടപ്പോള്‍ എന്നെയും കൂട്ടി ആ ഒറ്റമുറിയുടെ അകത്തേക്കുകയറി പഞ്ചായത്ത് അംഗം.

‘ദാ, ഇവിടെയാണ്. രണ്ടു പേരും…’ എട്ടടിയോളം ഉയരത്തിലുള്ള ഉത്തരത്തിലേക്കു ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. ”തോറ്റുപോയതു നീതിന്യായ വ്യവസ്ഥ മാത്രമല്ല, പൊതുസമൂഹം ഒന്നാകെയാണ്. ഈ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇപ്പോഴത്തെ ആവേശം നേരത്തേ കാണിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെയെങ്കിലും രക്ഷിക്കാമായിരുന്നു. അല്ലെങ്കില്‍ പ്രതികള്‍ക്കു ശിക്ഷവാങ്ങിക്കൊടുക്കാനെങ്കിലും സാധിച്ചേനെ. കുറ്റകരമായ അനാസ്ഥയാണു സംഭവിച്ചത്. ഞാനുള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും ഇതില്‍ തെറ്റുകാരാണ്. പൊതുസമൂഹത്തിന്റെ കണ്ണുതുറക്കാന്‍ ഈ രണ്ടു സഹോദരിമാര്‍ വേണ്ടിവന്നു,” തൊണ്ടയിടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

പഞ്ചായത്ത് അംഗത്തോട് സംസാരിച്ചുകൊണ്ടിരിക്കെ പലരും വരുന്നുണ്ട്. ബിജെപി-മഹിളാ മോര്‍ച്ച, പിഡിപി, എംഎസ്എഫ് പ്രവര്‍ത്തകര്‍, മറ്റ് സംഘടനകളുടെ ഭാഗമായവര്‍. എല്ലാവരും ആദ്യം കയറുന്നതു വീടെന്നു വിശേഷിപ്പിക്കുന്ന ആ ഒറ്റ മുറിയിലേക്ക്. ഫോട്ടെയെടുക്കാനും സെല്‍ഫിയെടുക്കാനുമുള്ള ബഹളമാണ്. പ്രൊഫസര്‍ വി.ടി.രമയുടെ നേതൃത്വത്തിലാണു മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കാനെത്തിയത്. കുറച്ചുനേരത്തെ സംസാരത്തിനു ശേഷം അവര്‍ പുറത്തിറങ്ങി.

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

അച്ഛനോടും അമ്മയോടും സംസാരിക്കാനുള്ള കാത്തിരിപ്പ് തുടര്‍ന്നു. ഒരു ദേശീയ ദിന പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അകത്തുണ്ട്. അവരോട് സംസാരിച്ചുകൊണ്ടിരിക്കെ അമ്മ അകത്തേക്കുപോയി. ആ മാധ്യമസംഘം ആവശ്യപ്പെട്ടതു പ്രകാരം പെണ്‍കുട്ടികളുടെ കൊലുസും മറ്റുമടങ്ങുന്ന പ്ലാസ്റ്റിക് കവറെടുത്ത് പുറത്തുവന്നു. അതു കയ്യില്‍ പിടിച്ച് മിന്നുന്ന ക്യാമറ​ ഫ്ലാഷിലേക്ക് നോക്കി. കൊലുസ് തിരിച്ചുവയ്ക്കുന്നതിനു അതിലേക്കുള്ള അമ്മയുടെ നോട്ടം നെഞ്ചുലയ്ക്കുന്നതായിരുന്നു.

അടുത്തതു ഞങ്ങളുടെ ഊഴമായിരുന്നു. അകത്തുള്ള നാലു കസേരകളിലൊന്നില്‍ അവര്‍ക്കഭിമുഖമായി ഇരുന്നു. കഴിഞ്ഞുപോയതിനെക്കുറിച്ച് വീണ്ടും ചോദിക്കേണ്ടിവരുന്നതിന്റെ നിവൃത്തികേട് പറഞ്ഞപ്പോള്‍, ‘എന്റെ മക്കള്‍ക്കു നീതി കിട്ടുമെങ്കില്‍ എത്ര വേണമെങ്കിലും പറയാന്‍ ഞാന്‍ തയാറാണ്. നിങ്ങള്‍ ചോദിച്ചോളൂ’വെന്നായിരുന്നു ആ അമ്മയുടെ മറുപടി.

നിലവിലെ അവസ്ഥയില്‍ നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ‘ഇപ്പോള്‍ എനിക്കു പ്രതീക്ഷയുണ്ട്. ഇത്രയുമായ സ്ഥിതിക്ക് ഇനി ഞങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല’ എന്നായിരുന്നു അവരുടെ മറുപടി.

”എന്റെ മക്കള്‍ക്കു നീതി ലഭിക്കും. രണ്ടു വര്‍ഷത്തിലധികമായി ഞങ്ങള്‍ കുടിച്ച കണ്ണീരിനു ഫലമുണ്ടാകും. അഥവാ, ഇതെല്ലാം വെറുതെയായാല്‍ പിന്നെ ഒന്നും നോക്കാനില്ല, അവര്‍പോയ ഇടത്തേക്കു ഞങ്ങളും പോകും…” അവരുടെ ഉറച്ച ശബ്ദം നെഞ്ചിലാണു വന്നുവീണത്.

പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ മൂത്ത കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അമ്മ രഹസ്യമൊഴി നല്‍കിയിരുന്നതായി പറയുന്നുണ്ടല്ലോയെന്ന ചോദ്യത്തിനു താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി.

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

”ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മധു അവളെ ഉപദ്രവിക്കുന്നത് അച്ഛന്‍ കണ്ടിട്ടുണ്ട്. അക്കാര്യവും അവളെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം രണ്ടുപേര്‍ മുഖംമറച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇളയകുട്ടി കണ്ടതും പോലീസിനോട് പറഞ്ഞിരുന്നു. ഞങ്ങള്‍ പൊലീസിനെ കണ്ണടച്ചു വിശ്വസിച്ചു. അവര്‍ ഞങ്ങള്‍ക്കൊപ്പമാണെന്നു വിശ്വസിപ്പിച്ചു. എഫ്ഐആര്‍ പോലും വായിച്ചുകേള്‍പ്പിച്ചില്ല. അവര്‍ ആവശ്യപ്പെട്ട പേപ്പറുകളിലൊക്കെ ഞങ്ങള്‍ ഒപ്പിട്ടുനല്‍കി. അവസാനം കോടതിയിലെത്തിയതു ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളേ അല്ല. പൊലീസിനു തോന്നിയതാണ് അവര്‍ എഴുതിപ്പിടിപ്പിച്ചത്. ആര്‍ക്കുവേണ്ടിയാണ് അവരിതു ചെയ്തത്? ഇനി കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിക്കും,” അവര്‍ പറഞ്ഞു.

”പൊലീസാകാനായിരുന്നു ഇളയമോള്‍ക്ക് ആഗ്രഹം. മൂത്തകുട്ടിയുടെ മരണത്തിനുശേഷം ഇടയ്ക്കിടെ പറയുമായിരുന്നു പഠിച്ച് പൊലീസായിട്ട്, അന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മുഖം മറച്ച ആളുകളെ കണ്ടുപിടിക്കും ശിക്ഷിക്കും എന്നൊക്കെ. വലിയ അടുപ്പവും ഇഷ്ടവുമായിരുന്നു ചേച്ചിയോട്. പഠിക്കാന്‍ മിടുക്കിയായിരുന്നു,” അമ്മ പറഞ്ഞു.

ഇളയമകന്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. എല്ലാ ഞായറാഴ്ചയും അച്ഛനെയും അമ്മയെയും കാണുമ്പോള്‍ ചേച്ചിമാരെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും അവന്.

”വെക്കേഷനു വീട്ടില്‍ വരുമ്പോള്‍ പറയും, ആ ഓലമേഞ്ഞ വീട്ടിലുണ്ടായിരുന്ന സന്തോഷമൊന്നും ഇവിടെയില്ലമ്മേ. ഇത്രേം വലിയ വീട് നമുക്കെന്തിനാ. ഇവിടെ താമസിക്കാന്‍ ചേച്ചിമാരില്ലല്ലോയെന്ന്. അതൊന്നും ഓര്‍ത്ത് മനസ് വിഷമിപ്പിക്കണ്ട, നന്നായി പഠിച്ച് ജോലി വാങ്ങിക്കണമെന്നേ ഞാന്‍ അവനോട് പറയാറുള്ളൂ. ചെറിയ കുട്ടിയല്ലേ. കൂടുതലെന്താ പറഞ്ഞുകൊടുക്കാന്‍ പറ്റുക. അത്രയധികം സന്തോഷത്തിലാണു ഞങ്ങളവിടെ കഴിഞ്ഞിരുന്നത്. ആ കുട്ടികളാണ് ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുന്നത്. എന്റെ കുട്ടികള്‍ക്ക് അതൊന്നും അറിയില്ല. അവരങ്ങനെ ചെയ്യില്ല. കൊന്നതാണ്,” അമ്മ പറഞ്ഞു.

”മരിക്കുന്നതിനു തലേദിവസവും അന്നു രാവിലെയും ഞാനാണ് ഇളയ കുട്ടിയെ കുളിപ്പിച്ചത്. വലിയ അടുപ്പമായിരുന്നു രണ്ടുപേര്‍ക്കും എന്നോട്. ഇളയ കുട്ടിയെ ഉത്തരത്തില്‍നിന്ന് എടുത്തത് ഞാനാണ്. കെട്ടഴിഞ്ഞ് കിടക്കുകയായിരുന്നു. മുറുക്കിയല്ല കെട്ടിയിരുന്നത്. ധൃതിയില്‍ ചെയ്തതാണെന്നു ശരിക്കും മനസിലാകും,” അച്ഛന്‍ പറഞ്ഞു.

അതിനിടെ വിവിധ ജില്ലകളില്‍നിന്നുള്ള മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം വാ മൂടിക്കെട്ടി പ്രതിഷേധവുമായി എത്തി. ഫെയ്സ്ബുക്ക് ലൈവില്‍ എല്ലാവരും തങ്ങളുടെ പ്രതിഷേധങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. അതിനിടെ ചിലര്‍ സെല്‍ഫിയെടുക്കുന്നുണ്ട്. ചിലര്‍ പോക്കറ്റില്‍നിന്നു സൺ ഗ്ലാസ് എടുത്തു വയ്ക്കുന്നു. ഇതുകണ്ട് തൊട്ടപ്പുറത്തു നില്‍ക്കുന്ന ആളുടെ കമന്റ് ‘എന്തു പ്രഹസനമാണിത്!

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

വീടും പരിസരവും ആളുകളെക്കൊണ്ടും വണ്ടികള്‍ കൊണ്ടും നിറഞ്ഞു. അപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞിരുന്നു. വീട്ടില്‍നിന്ന് ഒരു കിലോമീറ്ററിലധികം അപ്പുറമായിരുന്നു ഇളയ കുട്ടി പഠിച്ചിരുന്ന എല്‍പി സ്‌കൂള്‍. കാടും ഇടവഴികളും കടന്ന് അവളും അനുജനും കൂടിയായിരുന്നു സ്‌കൂളിലേക്കുള്ള യാത്രകള്‍.

സ്റ്റാഫ് റൂമിലേക്കു കയറിയപ്പോഴേ വന്നതെന്തിനാണെന്ന് അധ്യാപകര്‍ക്കു മനസിലായി. കുട്ടിയുടെ ക്ലാസ് ടീച്ചർ വന്നു. അവളെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട് ടീച്ചര്‍ക്ക്.

”നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. നാലാം ക്ലാസിന്റെ തുടക്കത്തിലാണ് ഇവിടെ ചേര്‍ന്നത്. ഒരുവര്‍ഷത്തെ പരിചയമേ ഉള്ളൂ ഞങ്ങള്‍ക്കൊക്കെ. വളരെ സ്മാര്‍ട്ടായിരുന്നു. ഇടയ്ക്കു പലതവണ കുട്ടിക്കു ഛര്‍ദി വന്നു. അന്ന് അമ്മയെ വിളിച്ചുപറഞ്ഞപ്പോള്‍ ‘ജോലിസ്ഥലത്താണ്, അനിയന്‍ വരും’ എന്നു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ മധുവന്നു അവളെ കൊണ്ടുപോകാന്‍. വലിയ സന്തോഷത്തോടെ മാമന്‍ വന്നുവെന്നു പറഞ്ഞാണ് അവള്‍ പോയത്. എന്നും സ്‌കൂളിലേക്കു പൈസ കൊണ്ടുവന്ന് രാവിലെ എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അമ്മയെ വിളിച്ചുചോദിച്ചപ്പോള്‍ രാവിലെ ഭക്ഷണമുണ്ടാക്കാന്‍ സമയം കിട്ടാറില്ലെന്നും അതുകൊണ്ട് പൈസ കൊടുത്തുവിടുന്നതാണെന്നും പറഞ്ഞു. അതേക്കുറിച്ച് പിന്നെ ഞങ്ങള്‍ ചോദിച്ചില്ല.”

”ഒരുതവണ ചിക്കന്‍പോക്സ് വന്നു. അന്ന് കുറേനാള്‍ ലീവെടുത്തു. പിന്നെ തിരിച്ചെത്തിയശേഷം രണ്ടുതവണ അപസ്മാരം പോലെ വന്നിരുന്നു. സത്യത്തില്‍ അങ്ങനെ ആദ്യമായാണു കാണുന്നത്. ഇപ്പോഴും അത് അപസ്മാരം തന്നെയാണോയെന്നു ഞങ്ങള്‍ക്കറിയില്ല. പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു. അന്നും മധുവാണു വന്ന് കൊണ്ടുപോയത്. പിന്നീടാണു ചേച്ചിയുടെ മരണമൊക്കെ സംഭവിച്ചത്. 20 ദിവസം കഴിഞ്ഞാണ് അവള്‍ സ്‌കൂളില്‍ വന്നത്. ആദ്യമൊക്കെ കുറച്ച് സങ്കടത്തിലായിരുന്നു. പതിയെ ശരിയായി വന്നു. അതിനിടയില്‍ ഒരിക്കല്‍ തലകറങ്ങി വീണു. ബോധം വന്നപ്പോള്‍ എന്താ പറ്റിയതെന്ന ചോദ്യത്തിനു കറുത്ത രൂപത്തില്‍ വലിയ എന്തോയൊന്ന് മുകളിലേക്കു വരുന്നതുപോലെ തോന്നിയെന്നു പറഞ്ഞു.”

Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

“ചേച്ചിയുടെ ഫോട്ടോയും കയ്യില്‍ പിടിച്ചാണ് എന്നും സ്‌കൂളില്‍ വന്നിരുന്നത്. കൂട്ടുകാരോടൊക്കെ സങ്കടം പറയുമായിരുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം, വെള്ളിയാഴ്ചയായിരുന്നു. ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകത്തിലെ കഥയും കവിതയും കാണിച്ചുതന്ന് തിങ്കളാഴ്ച അസംബ്ലിയില്‍ ഞാനിത് വായിക്കും ടീച്ചറേയെന്നു പറഞ്ഞാണ് അവള്‍ പോയത്. പിന്നീട് കേട്ട വാര്‍ത്ത…” ദീര്‍ഘ നിശ്വാസത്തോടെ ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

മുറ്റം നിറയെ കുട്ടികളുണ്ട്. അതില്‍ അവളുടെ അന്നത്തെ പ്രായത്തിലുള്ളവരും. അതുവരെ തോന്നിയതിനപ്പുറം ഒരു പിടച്ചിലാണ് ആ കുട്ടികളെ കണ്ടപ്പോള്‍ അനുഭവപ്പെട്ടത്. പൊലീസാകുന്നതു സ്വപ്നം കണ്ട ഒരു പെണ്‍കുട്ടി ഒരു പൊലീസ് കേസായി മാറിയ ദുരവസ്ഥ.

തിരിച്ച് വീണ്ടും ആ വീട്ടിലേക്ക് നടന്നു. ആളൊഴിഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കുന്നു. വന്നവരില്‍ പലരും സെല്‍ഫിയെടുക്കുന്ന തിരക്കിലുമായിരുന്നു.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Kerala walayar sisters case multiple actors flock to victims house