കേരള സിലബസിലെ വിദ്യാഭ്യാസമെന്നത് പാമ്പും കോണിയും കളിയാക്കി മാറ്റിയിരിക്കുകയാണ് കേരളസർക്കാർ. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം വിദ്യാഭ്യാസ വകുപ്പെന്നത് പിടിപ്പുകേടിന്റെ പര്യായപദമായി മാറിയിരിക്കുകയാണെന്ന വിമർശനത്തിന് അടിവരയിടുന്നതാണ് രണ്ടു വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ്.
വിദ്യാർത്ഥികേന്ദ്രീകൃതമായി നടത്തേണ്ട വിദ്യാഭ്യാസം, വ്യക്തി താൽപ്പര്യ കേന്ദ്രീകൃതമായി നടക്കുന്നുവെന്ന ആരോപണമുയർന്നത് അധ്യാപക സമൂഹത്തിൽ നിന്നുതന്നെയാണ്. ഇത്തവണത്തെയും കഴിഞ്ഞ തവണത്തെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാകാലമായപ്പോൾ വിദ്യാഭ്യാസ വകുപ്പിലെ മുകളറ്റം മുതൽ താഴെയറ്റം വരെ പിടിപ്പുകേടിന്റെയും തൻപ്രമാണിത്തത്തിന്റെയും പര്യായപദവും പ്രദർശനശാലയുമായി മാറിക്കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ പരീക്ഷാ കാലത്തെ കണക്കുകൾ പരിശോധിച്ചാൽ ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന കാര്യമാണിത്. എവിടെയാണ് പിഴയ്ക്കുന്നതെന്ന ചോദിക്കുമ്പോൾ കിഫ് ബി പൈസ മുടക്കിയും പി ടി എയും തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും സി എസ് ആർ ഫണ്ടും ഒക്കെയായി മികച്ച കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയ സ്കൂളുകൾ ഭാവിയിൽ വിദ്യാർത്ഥികൾ ഉപേക്ഷിക്കുന്നതിനു വഴിയൊരുക്കുന്നതിലേക്കാണ് നയിക്കുന്നത്.
1990കളോടെ കേരളത്തിൽ വ്യാപകമായി മുളച്ചുപൊന്തിയ അൺ എയിഡഡ് സി ബി എസ് സി, ഐ സി എസ് സി സിലബസ് സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കുറച്ചുകാലമായി ശമനം വന്നിരുന്നു. കേരള സിലബസ് പഠിക്കാൻ കുട്ടികൾ വീണ്ടും വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ, കോവിഡ് പോലെ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിൽ പോലും കുട്ടികളുടെ ഭാവി പരിഗണിച്ച് വീണ്ടും മറ്റ് സിലബസുകളിലേക്ക് മാറാൻ രക്ഷിതാക്കൾ ആലോചിച്ചാൽ അതിനു കാരണം വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതലത്തിലെ കുട്ടിക്കളികളാണെന്ന് വിദ്യാഭ്യാസ പ്രവർത്തകർ ആരോപിക്കുന്നു.
Also Read: Kerala Plus Two Result 2022: പ്ലസ് ടു പരീക്ഷാ ഫലം; വിജയശതമാനം 83.87, മുൻവർഷത്തെക്കാൾ കുറവ്
വിദ്യാർത്ഥികേന്ദ്രീകൃതമെന്ന കാഴ്ചപ്പാടിൽനിന്നും മാറിയ സമീപനങ്ങളുടെ പ്രതിഫലനമായിരുന്നു കാര്യമായി ഓഫ് ലൈൻ ക്ലാസുകൾ നടക്കാതിരുന്ന കോവിഡ് മൂന്നാം തരംഗത്തിനിടയിലെ ഓഫ് ലൈൻ പഠനവും പരീക്ഷയും. ഇതിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്കു നേരെ മുഖം തിരിച്ച വിദ്യാഭ്യാസ വകുപ്പ് സമീപനം ഏറെ വിമർശനം ഏറ്റുവാങ്ങി. ഭരിക്കുന്ന പാർട്ടിയായ സി പി എമ്മിന്റെ അധ്യാപക സംഘടനയുമായി ബന്ധപ്പെട്ടവർ തന്നെ വിമർശനം ഉയർത്തി. എന്നാൽ അവർക്കെതിരെ പോലും അച്ചടക്കത്തിന്റെ വാൾ വീശി, വിദ്യാർത്ഥികളുടെ ഭാവിയുടെ മേൽ ചുവന്ന വര വരച്ചു.
കേരളാ സിലബസിൽ പഠിച്ച വിദ്യാർത്ഥികളുടെ ഉന്നത പഠന സ്വപ്നങ്ങൾ തല്ലിക്കെടുത്തിയതായി മാറി ഇത്തവണത്തെ വിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനങ്ങൾ എന്ന് എസ് എസ് എൽ സി, ഹയർ സെക്കൻ ഡറി ഫലങ്ങൾ വ്യക്തമാക്കുന്നു.
എസ് എസ് എൽ സി പരീക്ഷയ്ക്ക് 2018 ൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 34, 313 ആയിരുന്നു. 2019ൽ അത് 37,334 ആയി ഉയർന്നു. 2020 ൽ അത് 41,906 ആയി ഉയർന്നു. കഴിഞ്ഞ വർഷം വളരെ അത് കുത്തനെ ഉയർന്നു 1,21,318 ആയി മാറി. ഈവർഷം എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത് 44,363 പേർക്കായി കുറഞ്ഞു. അതായത് കോവിഡിന് മുമ്പ് ഇത് ലഭിച്ചവരുടെ എണ്ണത്തേക്കാൾ 2,457 പേർക്ക് മാത്രമാണ് ഇത് കൂടുതലായി ലഭിച്ചത് എന്നാൽ കോവിഡ് ഒന്നാം തരംഗം പിന്നിട് വന്ന 2021 ലെ എസ് എസ് എൽസിക്കാരിൽ ഇത് ഇപ്പോഴുള്ളതിനേക്കാൾ 76,955 കൂടുതലാണ്. അത് അതിന് മുൻവർഷത്തേക്കാൾ (2020) 82,412 കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു എന്ന് കാണാം.
ഇരട്ടി ചോദ്യം, പകുതി ഉത്തരം എന്നതായിരുന്നു സമ്പൂർണ ഓൺലൈൻ പഠനം നടന്ന കഴിഞ്ഞ പരീക്ഷ രീതി. അതുകൊണ്ടുതന്നെ കൂടുതൽ ശരിയുത്തരം കുട്ടികൾക്കു നൽകാൻ സാധിച്ചിരുന്നു അത് ഫലം വളരെ വർധിപ്പിക്കുകയും അതിന് മുൻവർഷത്തെക്കാൾ മൂന്നിരിട്ടിയിലേറെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുകയും ചെയ്തു. ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവ് വന്നു എന്നതിനേക്കാൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായി.
പ്ലസ് ടു പരീക്ഷാ ഫലം കോവിഡിന് മുൻപുള്ള കാലത്തേക്കാൾ കുറഞ്ഞുവെന്നത് പരീക്ഷ സംബന്ധിച്ച ഉയർന്ന വിമർശനങ്ങൾ ശരിയാണെന്ന വാദത്തിന് അടിവരയിടുന്നതാണ്.
2019 ൽ 84.33 ശതമാനം 2020 ൽ 85.13% 2021 ൽ 87.94 ശതമാനവും ആയിരിന്നു. ഇത്തവണ 83. 87 ശതമാനമായി കുറഞ്ഞു. കോവിഡ് സംബന്ധമായ പ്രതിസന്ധികൾ മറികടന്നാണ് കുട്ടികൾ ഇത്തവണ പരീക്ഷ എഴുതിയത്. എന്നാൽ, മുൻകാലങ്ങളിൽ ലഭ്യമാക്കിയിരുന്ന ഇളവുകൾ പോലും ഇത്തവണ നൽകിയില്ല.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ പകുതിയോളം കുറഞ്ഞു. 2021ൽ 48,383 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ വർഷം 28,450 പേർക്കായി കുറഞ്ഞു. എന്നാൽ 2019, 2020 വർഷങ്ങളേക്കാൾ കൂടുകയും ചെയ്തു. അതേസമയം, ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തിൽ നാല് വർഷത്തെ വലിയ കുറവാണ് ഈ വർഷം ഉണ്ടായത്.
കോവിഡ് കാലത്തിനു മുമ്പുള്ളതിനേക്കാൾ കോവിഡ് കാലത്ത് നടന്ന ഇത്തവണത്തെ പരീക്ഷയിൽ നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ വന്നത് കുട്ടികളെ ബാധിച്ചു. ഇതുസംബന്ധിച്ച വിവാദം ഉയർന്നപ്പോൾ വിദ്യാഭ്യാസവകുപ്പ് വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്നത് കുട്ടികളിൽ സമ്മർദ്ദം വർധിപ്പിച്ചതും കോവിഡും പരീക്ഷ സമ്മർദ്ദം ഉയർത്തിയതും പല അധ്യാപകരും രക്ഷാകർത്താക്കളും ചൂണ്ടിക്കാട്ടിയെങ്കിലും ക്ലാസ് റൂം അനുഭവങ്ങളോടും കോവിഡുമായി ബന്ധപ്പെട്ട കുട്ടികൾ കടന്നുപോയ പ്രതിസന്ധി മനസിലാക്കുന്നതിലും ചെവികൊടുക്കാതെ മുഖം തിരിഞ്ഞു നിന്ന വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ഭാവിയിൽ ചുവപ്പ് വരച്ചു എന്ന പരാതി ഉയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതായി ഇത്തവണത്തെ ഫുൾ എ പ്ലസ് എണ്ണത്തിൽ നേരിട്ട വൻ ഇടിവ് എന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.
കേരള സിലബസിൽ പെട്ട കുട്ടികളുടെ പ്ലസ് വൺ സ്കൂൾ പഠനം അവതാളതിലാക്കുന്നതാകും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നിലപാട് എന്ന ആശങ്ക ഇപ്പോൾ രക്ഷിതാക്കളിൽ വളരെ ശക്തമാണ്.
Also Read: പ്ലസ് വൺ പ്രവേശനം: കൂടുതൽ സീറ്റുകൾ അനുവദിക്കും, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ ഉപേക്ഷിച്ച് നിരവധി വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലേക്ക് വന്ന് കേരളാ സിലബസ് പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഈ തിരച്ചടി ഉണ്ടായത്. ഇത് കാരണം വീണ്ടും വിദ്യാർത്ഥികളുടെ ഒഴുക്ക് അൺ എയിഡഡ് സി ബി എസ് സി, ഐ സി എസ് സി സ്കൂളുകളിലേക്ക് ആയി മാറുമെന്നും സർക്കാർ സ്കൂളുകൾ വിദ്യാർത്ഥികൾ കൈയ്യൊഴിയുമെന്ന ആശങ്ക അധ്യാപകരിലും പടർന്നിട്ടുണ്ട്.
കേരള സിലബസ് ഒഴിവാക്കി പത്താം തരം വരെ പഠിക്കുകയും പ്ലസ് വണ്ണിൽ ഇവിടെക്ക് വരുകയും ചെയ്താൽ കൂടുതൽ സാധ്യതയുള്ള കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ മറ്റ് സിലബസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. കേരളാ സിലബസിൽ മികച്ച വിജയം നേടി കുട്ടികൾക്ക് പോലും അവർക്ക് താൽപ്പര്യമുള്ള സ്കൂളിലോ, വിഷയത്തിനോ പ്രവേശനം ലഭിക്കാൻ സാധ്യത കുറയുവാനുമായിരിക്കും സാധ്യത എന്നതാണ് ആശങ്ക നിലനിൽക്കുന്നത്. ഇത് കാരണം പല വിദ്യാർത്ഥികളും കേരളാ സിലബസ് സർക്കാർ, എയിഡഡ് സ്കൂളുകളും ഉപേക്ഷിച്ച് മറ്റ് സിലബസുകളിലേക്ക് മടങ്ങുന്നതിന് വഴിയൊരുങ്ങുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്..
കേരളാ സിലബസിലേക്കു കുട്ടികൾ മാറിയതിനു പുറമെ കോവിഡ് പ്രതിസന്ധിയുണ്ടാക്കായി സാഹചര്യവും അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ രക്ഷിതാക്കൾ വീണ്ടും പഴയതുപോലെ മറ്റ് സിലബസിലെ സ്കൂളുകളിലേക്കുള്ള സാധ്യതകൾ ആരായുന്നുവെന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നത്.