scorecardresearch
Latest News

ഓർമ്മകൾ പെയ്യുന്ന കർക്കിടകം

പഞ്ഞകർക്കിടകമൊക്കെ ഇന്നെത്ര അകലെ…ഓർമ്മകൾ പോലും വാണിജ്യവല്ക്കരിക്കപ്പെട്ട കാലം! കർക്കിടകം സുഖചികിത്സയുടെ കാലം. മരുന്നുകഞ്ഞി കിറ്റുകളും മരുന്നു കൂട്ടുകളും റെഡിമെയ്ഡായി. രാമനാമം പോലും അക്രമത്തിനും കൊലവിളിയ്ക്കുമുളള ഉപകരണമായി

usha s, karkkidaka vavu ,iemalayalam

മഴയിൽ നനഞ്ഞുകുളിച്ച കളളകർക്കിടകം വന്നെത്തുന്നതേ വാവോർമ്മകളുമായാണ്. കർക്കിടകത്തിലെ കറുത്തവാവ്-ബലിദിനം. പരേതാത്മക്കൾ പ്രിയപ്പെട്ടവരുടെ തിലോദകത്തിനായ് വന്നെത്തുന്ന ദിനം! ഓർമ്മകളിൽ വാവുബലി വീടുകളിലാണ് കൂടുതലും നടന്നിരുന്നത്.

പണ്ട് ഉത്സവങ്ങളും ആചാരങ്ങളും ഇത്രയ്ക്ക് വാണിജ്യവല്ക്കരിക്കപ്പെട്ടിരുന്നില്ല. ആലുവ മണപ്പുറം, ശംഖുമുഖം, തിരുവല്ലം, വർക്കല തുടങ്ങീ സമുദ്രനദീതീരത്തോടു ചേർന്നുളള കുറച്ചു ക്ഷേത്രങ്ങളോടനുബന്ധിച്ചു മാത്രമേ ബലിയാചരണമുണ്ടായിരുന്നുളളൂ. എന്നാൽ ഇന്ന് മിക്ക ക്ഷേത്രങ്ങളും ബലിയാചരണം ഏറ്റെടുക്കുകയും വരുമാനമാർഗ്ഗമായി മാറുകയും ചെയ്തിരിക്കുന്നു.

തലേദിവസം ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ശുദ്ധമായ ചര്യകളോടെ കഴിഞ്ഞ് ബലിദിനം കുളിച്ച് ഈറനുടുത്ത് വീടുകളിൽ തന്നെ ബലിയർപ്പിക്കുകയായിരുന്നു മുമ്പു പതിവ്. മരിച്ച പ്രിയപ്പെട്ടവരുടെയെല്ലാം ആണ്ടുദിനം കഠിനവ്രതത്തോടെ ആണ്ടുബലിയായി ആചരിച്ചിരുന്നതിനാൽ വാവുബലിയ്ക്ക് അത്രത്തോളം പ്രാധാന്യം സിദ്ധിയ്ക്കാഞ്ഞതുമാവാം. ഇന്ന് നമ്മൾ വേർപിരിഞ്ഞ എല്ലാവർക്കും കൂടി ഇൻസ്റ്റന്റായി ഒറ്റ ബലിയാചരണത്തിലൊതുക്കുന്നു.

usha s, karkkidakavavu memories, iemalayalam
ഫൊട്ടോ : മാഹീന്‍ ഹസ്സന്‍

വാവിന്റന്നു രാവിലെ മരുത്തോർവട്ടം ധന്വന്ദരീക്ഷേത്ര ദർശനം ഞങ്ങളുടെ ഗ്രാമവാസികൾക്ക് നിർബന്ധമാണ്. പിതൃക്കൾക്കായ് ബലിയിട്ടില്ലെങ്കിലും നമസ്ക്കാരം കഴിച്ചാൽ മതി എന്നു വിശ്വാസം. കൂടെ കിട്ടുന്ന താൾക്കറിയുടെ സ്വാദ്! കാട്ടുതാൾ കഴുകിയരിഞ്ഞ് മുളകും മല്ലിയും വറത്തു പൊടിച്ചു ചേർത്ത് ഊട്ടുപുരയിൽ തയ്യാറാക്കുന്ന താൾക്കറി ഉദരരോഗങ്ങൾക്ക് ഉത്തമമെന്ന വിശ്വാസം.

ദാഹം വയ്ക്കലായിരുന്നു വാവോർമ്മകളിൽ മുന്നിട്ടു നിൽക്കുന്നത്. അടയും വറപൊടിയുമാണ് പ്രധാനം. ആദ്യ കാലങ്ങളിൽ മലര് വറത്തും അവലിടിച്ചുമൊക്കെയാണ് എടുത്തിരുന്നത്. കുളിച്ചു ശുദ്ധമായി ഉരലിൽ അരിയിടിച്ച് ഉരുക്കിയ ശർക്കരയും പഴവും ചേർത്ത് ഇലയിൽ പരത്തി വലിയ ചെമ്പു കുട്ടകത്തിലോ ചെമ്പുകലത്തിലോ വെളളമൊഴിച്ച് വാഴക്കൈ വെട്ടിയിട്ട് അതിനുമേൽ അട നിരത്തുകയായി. അരി വറത്തു പൊടിച്ചെടുക്കുന്നതാണ് വറപൊടി.usha s, karkkidaka vavu ,iemalayalam

സന്ധ്യക്ക് പൂമുഖത്ത് വിളക്കു കൊളുത്തി കഴിഞ്ഞാൽ തൂത്തു തുടച്ചിട്ട അറയിലോ തെക്കേപുരയിലോ കത്തിച്ചു വച്ച വിളക്കിനു മുമ്പിൽ ഇലകളിൽ അവൽ, മലര്, ശർക്കര, പഴം, കൽക്കണ്ടം, മുന്തിരി എന്നിവയ്ക്കൊപ്പം അടയും വറപൊടിയും വെയ്ക്കുകയായി. കിണ്ടി നിറയെ വെളളം കൂടെ കരിക്കു വെട്ടി കുടിയ്ക്കാൻ പാകത്തിന് തുളസിയില കൊണ്ട് അടച്ചു വെച്ചിരിക്കും. ഇലയിൽ ദശപുഷ്പങ്ങളും തുളസിപ്പൂവും ചന്ദനമരച്ചതും. ചിലർ ഉമിക്കരിയും ഈർക്കിലിയും മുതൽ സർവ്വ സന്നാഹങ്ങളുമൊരുക്കും. ചിലയിടങ്ങളിൽ ചീനച്ചട്ടിയിലിട്ടു വറത്ത ഓട്ടടയാണ് വെയ്ക്കുന്നത്. പിടിയും കുമ്പളപ്പവും കോഴിക്കറി മുതൽ കളളു വരെ മൺമറഞ്ഞവരുടെ ഇഷ്ടവിഭവങ്ങൾ ഒരുക്കി വെയ്ക്കുന്നവരുണ്ട്.

ഇടവിടാതെ പെയ്യുന്ന തോരാമഴ കറുത്തരാത്രിയെ കൂടുതൽ ഇരുണ്ടതാക്കും. പരേതാത്മക്കളുടെ വരവാണത്രേ ആ ഇരുണ്ട രാത്രിമഴ! അടച്ചിരിക്കുന്ന വാതിലിലേയ്ക്കു നോട്ടമിട്ട് നാമജപത്തിൽ കുട്ടിസംഘം. ഇടയ്ക്ക് മുതിർന്നവരുടെ കണ്ണു വെട്ടിച്ച് മുറിയിലേയ്ക്ക് ഒളിഞ്ഞുനോട്ടം. ഒളിഞ്ഞുനോക്കിയാൽ അപ്പൂപ്പനും കൂട്ടരും പിണങ്ങിപ്പോകുമെന്ന അമ്മമ്മവാക്കൊക്കെ മറക്കും. അകത്ത് ആരുടെയൊക്കെ നിഴൽ കണ്ടെന്നോ അടക്കിപിടിച്ച സംസാരം കേട്ടെന്നോ പിന്നെ കഥകളായി. കാത്തിരുപ്പിനൊടുവിൽ കതകു തുറക്കുകയായി. അപ്പൂപ്പൻ വന്നുപോയതിന്റെ അടയാളങ്ങളിതാ…കരിക്കു മൂടിയിരുന്ന തുളസിയില ഇല്ലാത്തതും കരിക്കിൻവെളളം അളവു കുറഞ്ഞതുമൊക്കെ കണ്ട് അമ്മമ്മ കണ്ണു നിറയ്ക്കുകയായി. താഴെ മറിഞ്ഞു കിടക്കുന്ന കരിക്കിൻവെളളമൊന്നും അന്ന് ആരുടേയും ഓർമ്മയിൽ പോലും വരില്ല.

usha s, karkkidaka vavu ,iemalayalam
ഫൊട്ടോ : നിര്‍മ്മല്‍ ഹരീന്ദ്രന്‍

എന്തെല്ലാം ഓർമ്മകളാണ് കർക്കിടകമഴ മനസ്സിൽ പെയ്തു നിറയ്ക്കുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴ! ഇടവമിഥുനപ്പെയ്ത്തിന്റെ ബാക്കിപത്രമായി തോരാമഴയിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന കുളങ്ങളും പാടങ്ങളും. റോഡിൽ കെട്ടിക്കിടക്കുന്ന വെളളം കാലുകളാൽ തട്ടിത്തെറിപ്പിച്ച് നനഞ്ഞു കുളിച്ചുളള സ്ക്കൂൾ യാത്രകൾ!

ആർത്തു പെയ്യുന്ന മഴയ്ക്കൊപ്പം കലുപില വർത്തമാനം പറയുന്ന സ്ക്കൂൾ ദിനങ്ങൾ. മഴ കടുക്കുമ്പോൾ ഇടയ്ക്ക് വീണുകിട്ടുന്ന അവധികൾ. കരിമ്പടത്തിൽ മൂടിപ്പുതച്ച് പുറത്തെ മഴയുടെ താളം കേട്ടുറങ്ങുന്ന പനിക്കാലം. വളംകടിവന്നു നീരുവച്ചു വീർത്ത പാദത്തിൽ അമ്മുമ്മക്കൂട്ടിലുഴിയുമ്പോൾ പടരുന്ന തണുപ്പ്! പകർച്ച വ്യാധികളും ദുരിതങ്ങളും പ്രിയപ്പെട്ടവരുടെ മരണമറിയിപ്പുകളും. അങ്ങനെ കർക്കിടകം എന്തെല്ലാം അറിയിപ്പുകളുമായാണ് വരുന്നത്.

കർക്കിടത്തലേന്ന് വീടും പറമ്പുമൊക്കെ വൃത്തിയാക്കി ചേട്ടയെ കളഞ്ഞ് ശീപോതിയെ കുടിയിരുത്തുകയായി. എല്ലാ അഴുക്കുകളും മായുന്നതിനൊപ്പം എല്ലാ വിഷമതകളും കഷ്ടപ്പാടുകളും നീക്കി കർക്കിടകമെന്ന പഞ്ഞമാസത്തെ താണ്ടാനുളള ശ്രമം.

പിന്നെ രാമായണം വായന തുടങ്ങുകയായി. ദശപുഷ്പങ്ങൾ തേടിയുളള സന്ധ്യകൾ. കറുക, വിഷ്ണുക്രാന്തി, തിരുതാളി, ഒരു ചെവിയൻ, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, വളളിയുഴിഞ്ഞ അങ്ങനെ പത്തും തികയ്ക്കാനുളള മത്സരം. വിളക്കും കിണ്ടിയും സ്വർണ്ണം പോലെ പ്രകാശിയ്ക്കണം. ഇലച്ചീന്തിൽ ചന്ദനമരച്ചത്. വായനാരംഭദിവസവും അവസാനവും അവലും മലരും ശർക്കരയും പഴവും വിളക്കത്തു വയ്ക്കണം. ചെറിയ ക്ളാസ്സിലേ ശീലിച്ച ആ രാമായണംവായന ഒരു തലമുറയെ ഭാഷയോടും സാഹിത്യത്തോടും അടുപ്പിച്ചിരിക്കണം.

കർക്കിടകം പഞ്ഞമാസമായതിനാൽ ആകെ കിളിർത്തു നിൽക്കുന്ന പച്ചിലകൾ മാത്രമാണ് ആശ്രയം. തോരാമഴയിൽ ആർക്കും ജോലിയും കൂലിയും കാണില്ല. കൃഷിയുളളവർക്കു പോലും പത്തായം ശൂന്യമായിരിക്കും. വൈകുന്നേരങ്ങളിൽ മരുന്നുകഞ്ഞിയാണ് അമ്മുമ്മവിഭവം. ഏതെങ്കിലും ദശപുഷ്പങ്ങളോ കുറുന്തോട്ടി, ചെത്തിവേര്, പൂവരശിൻതൊലി, നിലംപാല അങ്ങനെ ഏതെങ്കിലും അരച്ച് ഞവരയരിയോ സാധാരണക്കാർ പൊടിയരിയോ ചേർത്തുവേവിച്ച് ആശാളിയും ഉലുവയും ജീരകവും കൂട്ടി മരുന്നു കഞ്ഞി തയ്യാറാക്കും. ആഢംബരമായി അല്പം തേങ്ങാപാലോ തേങ്ങ ചുരണ്ടിയതോ ചേർക്കും.

usha s, karkkidakavavu memories, iemalayalam
ഫൊട്ടോ : മാഹീന്‍ ഹസ്സന്‍

താൾ, ചേമ്പ്, ചേന, തകര, ആനക്കൊടിത്തൂവ, കുമ്പളം, മത്തൻ, വെളളരി, നെയ്യുണ്ണി, ചീര അങ്ങനെ പത്തിലകൾ കിളുന്നു നോക്കിയെടുത്ത് രോമങ്ങളും പൊടിയും കളഞ്ഞ് കുനുകുനാ അരിഞ്ഞ് തേങ്ങാ ചതച്ചതു ചേർത്ത് കടുകു വറത്താൽ പത്തിലത്തോരനായി. വറുതിയിൽ വീട്ടമ്മമാരെ രക്ഷിക്കാൻ ഒരു കറി! കർക്കിടകത്തിൽ മുരിങ്ങയില വിഷാംശമുണ്ടെന്ന ധാരണയിൽ പണ്ട് നിഷിദ്ധം. എന്നാൽ ഇന്ന് അതിന് ശാസ്ത്രീയതയില്ലെന്ന് വിദഗ്ധമതം.

മാങ്ങാകാലത്ത് ശേഖരിച്ച് വലിയ ചീനഭരണികളിലും മൺഭരണികളിലുമായി നിറച്ച് ഉപ്പുമായിട്ട ഉപ്പുമാങ്ങയാണ് കർക്കിടകത്താരം! കറി, ചമ്മന്തി, അരച്ചുകലക്കി, കിച്ചടി അങ്ങനെ വിവിധ രൂപത്തിൽ നിരക്കുകയായി ഉപ്പുമാങ്ങ. നാരങ്ങാ പൂളി കാന്താരിയും ഉപ്പും മാത്രമിട്ട വെളളനാരങ്ങ, തേങ്ങയും മുളകും ചുട്ട് കുടംമ്പുളിയും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത ‘പനിച്ചമ്മന്തി’, ചേമ്പു മൊളോഷ്യം, ചേമ്പു കൊണ്ട് അസ്ത്രം, വറത്തരച്ചു പുളി ചേർത്തതോ പച്ചയ്ക്കരച്ച് തൈരു ചേർത്തതായ താൾക്കറികൾ തീർന്നു അന്നത്തെ കറിക്കൂട്ടുകൾ. മീൻ വേണ്ടവർക്ക് ഉണക്കമീൻ ചുട്ടതോ കറികളോ വല്ലപ്പോഴും കാണും. മഴ തോരുന്ന രാത്രികളിൽ നീർമീൻകോളുമുണ്ടാവാം! ഇതിനിടയിൽഅല്പം വെയിലും വെളിച്ചവുമായി ‘പിള്ളേരോണം’ എത്തുകയായി. വിശേഷാൽ ഒരു പപ്പടം കാച്ചിയതുണ്ടാവും. പഴയകാല ആഢംബരങ്ങൾ!

ആ പഞ്ഞകർക്കിടകമൊക്കെ ഇന്നെത്ര അകലെ…
ഇന്ന് ഓർമ്മകൾ പോലും വാണിജ്യവല്ക്കരിക്കപ്പെട്ട കാലം! ഇന്ന് കർക്കിടകം സുഖചികിത്സയുടെ കാലം. മരുന്നുകഞ്ഞി കിറ്റുകളും മരുന്നു കൂട്ടുകളും റെഡിമെയ്ഡായി. രാമനാമം പോലും അക്രമത്തിനും കൊലവിളിയ്ക്കുമുളള ഉപകരണമായി. രാമായണ മാസവും നാലമ്പലദർശനവും കർക്കിടകക്കഞ്ഞിക്കൂട്ടുകളും തിരുമ്മുകേന്ദ്രങ്ങളിലെ സുഖചികിത്സയുമൊക്കെയായി കർക്കിടകമെന്ന പഞ്ഞമാസം ആഢംബരത്തിന്റെ, ആർഭാടത്തിന്റെ കെട്ടുകാഴ്ചകളായിരിക്കുന്നു…

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Karkidaka vavu bali monsoons