scorecardresearch

അതിജീവനത്തിനും ആത്മാഹുതിക്കുമിടയിലെ കാവ്യസഞ്ചാരങ്ങൾ

ഏതോ ഒരു സന്ധിയിൽ വച്ച് സൗഹൃദ വിനിമയങ്ങളിൽ നിന്ന് അതിജീവനത്തിന്റെ ഊർജ്ജം സ്വാംശീകരിക്കാനുളള ശേഷി ജിനേഷിന് കൈമോശം വന്നോ? ഈ ലോകത്ത് തുടരാൻ കഴിയാത്ത നിസ്സഹായതകൾ അവനെ ശ്വാസം മുട്ടിച്ചോ? പാതി മാത്രമെഴുതിയൊരു കവിത പോലെ ജീവിതം മുഴുമിപ്പിക്കാതെ മരണത്തിന്റെ കൈപ്പിടിച്ച കവി ജിനേഷ് മടപ്പള്ളിയെ ഓർക്കുകയാണ് എഴുത്തുകാരനും സുഹൃത്തുമായ ഷിജു ആർ

Jinesh Madappally, Jinesh Madappally death anniversary, Jinesh Madappally poems, ജിനേഷ് മടപ്പള്ളി, ജിനേഷ് മടപ്പള്ളി കവിതകൾ, ജിനേഷ് മടപ്പള്ളി ആത്മഹത്യ, Indian express malayalam, IE malayalam

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിട്ടുണ്ടാവും
അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നതിനാല്‍.
മരിച്ച ഒരാള്‍ക്കാണല്ലോ ഭക്ഷണം വിളമ്പിയതെന്ന്,
മരിച്ച ഒരാളുടെ കൂടെയാണല്ലോ യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ ജീവനുള്ള ഒരാളായി ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്
കാലം വിസ്മയിക്കും.
അയാളുടെയത്രയും കനമുള്ള ജീവിതം ജീവിച്ചിരിക്കുന്നവര്‍ക്കില്ല.
താങ്ങിത്താങ്ങി തളരുമ്പോൾ മാറ്റിപ്പിടിക്കാനാളില്ലാതെ,
കുഴഞ്ഞു പോവുന്നതല്ലേ ,
സത്യമായും അയഞ്ഞുപോവുന്നതല്ലേ
അല്ലാതെ ആരെങ്കിലും ഇഷ്ടത്തോടെ……!!
– ജിനേഷ് മടപ്പള്ളി

ജീവിക്കുന്ന ലോകവും തന്റെ ഇച്ഛാലോകങ്ങളും തമ്മിലുള്ള അകലത്തിന്റെ സംഘർഷങ്ങൾ ഓരോ മനുഷ്യരും പേറുന്നുണ്ട്. വ്യക്തിയും സമഷ്ടിയും തമ്മിലുള്ള ഈ സംഘർഷം അടിസ്ഥാന മനുഷ്യപ്രകൃതമാണ്. എഴുത്തുകാരിലും കലാകാരൻമാരിലും/കലാകാരികളിലും ഈ സംഘർഷത്തിന്റെ തോത് ഏറി നിൽക്കുന്നു. കാരണം അനുഭൂതികളുടെ മണ്ഡലമാണ് അവരുടെ പണിശാല. ജീവിക്കുന്ന ലോകത്തിന്റെ നിബന്ധനകളോടും നിർബന്ധങ്ങളോടുമുള്ള നിരന്തര വിമതത്വമാണ് എഴുത്തിന്റെയും കലാവിഷ്കാരങ്ങളുടെയും ആന്തരിക പ്രചോദനങ്ങളിലൊന്ന്. ഉള്ളിലുള്ള മടുപ്പിനെ ഛർദിച്ചു കളയുന്നതു പോലൊന്ന്. അല്ലെങ്കിലതിനെ അനുഭവിച്ച് മറികടക്കുന്നതു പോലൊന്ന്. അങ്ങനെ പ്രശാന്തത കൈവരിക്കുന്ന, നീട്ടിവയ്ക്കപ്പെടുന്ന ആത്മഹത്യകളാണ് ചിലർക്കെങ്കിലും തങ്ങളുടെ സർഗ്ഗാത്മകാവിഷ്കാരങ്ങൾ. ചിന്തകളുടെ ഏതോ ഒരു ബിന്ദുവിൽ വച്ച് ഈ ഉച്ചാടനശേഷിയെക്കുറിച്ച് സംശയാലുവാകുന്ന ഒരാൾ അയാളുടെ ആത്യന്തിക ശാന്തിയിൽ അഭയം തേടുന്നു.

ഒരാളുടെ പതനവും വിജയവും അവളുടെ/അയാളുടെ വ്യക്തിഗതസിദ്ധികൾക്കപ്പുറം സാമൂഹികവും ചരിത്രപരവുമായ സവിശേഷതകളുടെ കൂടി ഉല്പന്നമാണ്. എന്നാൽ ലളിതമായ ഒറ്റ വഴിക്കണക്കുകൾ കൊണ്ട് ഒരാളുടെ ആത്മാഹുതിയുടെ കാരണങ്ങളായി അവളുടെ/അയാളുടെ ജീവിത പരിസരത്തെ ചേർത്തുനിർത്തുന്നത് ലളിതയുക്തി മാത്രമല്ല, നിരുത്തരവാദപരമായ ക്രൂരതയുമാവും.

സൗഹൃദങ്ങളാൽ സമ്പന്നനായിരുന്നു ജിനേഷ്. സാധാരണ ഒരാൾ പ്രതിസന്ധിയിലാവുന്ന നിത്യജീവിത സന്ദർഭങ്ങളെയെല്ലാം സമചിത്തതയോടെയും തന്റെ സാമൂഹ്യബന്ധങ്ങളാലും അവൻ നേരിട്ടു. അസാമാന്യമായ നർമ്മങ്ങളാൽ സൗഹൃദങ്ങളെ ദീപ്തമാക്കിയതായിരുന്നു അവന്റെ ബാഹ്യജീവിതം. പൊതുവേ എഴുത്തുകാരിൽ കാണുന്ന സാമൂഹ്യമായ അന്തർമുഖത്വമില്ലാത്ത ആളായിരുന്നു ജിനേഷ്. വിദ്യാർത്ഥി ജീവിതകാലം മുതൽ സംഘടനാ പ്രവർത്തനവും രാഷ്ട്രീയബോദ്ധ്യങ്ങളും അവന്റെ സാമൂഹ്യ ജീവിതത്തിന്റെ താളമായിരുന്നു. പക്ഷേ, അതിനു സമാന്തരമായി വിഷാദഭരിതമായ, ഏകാന്തമായ ഒരു ആന്തരിക ജീവിതം ജിനേഷ് നയിക്കുന്നുണ്ടായിരുന്നു. ആന്തരികമായ വേവുകൾ ഏറ്റവുമടുത്ത ആളുകൾക്കിടയിൽ മാത്രമായി അവൻ പങ്കിട്ടു.

ഏതോ ഒരു സന്ധിയിൽ വച്ച് ആ സൗഹൃദ വിനിമയങ്ങളിൽ നിന്ന് അതിജീവനത്തിന്റെ ഊർജ്ജം സ്വാംശീകരിക്കാനുളള ശേഷി ജിനേഷിന് കൈമോശം വന്നോ? അതോ അതിനുമപ്പുറം ഈ ലോകത്ത് തുടരാൻ കഴിയാത്ത നിസ്സഹായതകൾ അവനെ ശ്വാസം മുട്ടിച്ചോ? അറിയില്ല. ഇപ്പോഴും നിർദ്ധാരണത്തിന് എളുപ്പം നിന്നു തരാത്ത, ലോകത്തിന്റെ യുക്തികൾക്ക് വഴങ്ങാത്ത ഏതോ കാരണത്താൽ അവൻ സ്വന്തം ജീവിതപുസ്തകം അടച്ചുവച്ചിറങ്ങിപ്പോയി, കവിതകളിൽ ജീവിച്ചിരിക്കുന്ന തന്നെ ഭാഷയ്ക്കും ലോകത്തിനും വിട്ടുകൊടുത്തു കൊണ്ട്. അതിന്റെ ഇരുട്ടിൽ ഈ ഇരുണ്ടകാലത്തിന്റെയും ലോകത്തിന്റെയും അനീതികളുടെ നിഴൽ കൂടി വീണു കിടപ്പുണ്ടെന്നു മാത്രം.

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സിൽ പോകുമ്പോൾ’ എന്നൊരു കവിതയുണ്ട്, ജിനേഷിന്റേതായി. ആ ബസ് യാത്ര അവസാനിക്കുമ്പോൾ ഇരുളിൽ മുങ്ങുന്ന അവളുടെ ദേശം സ്വന്തമായി ഭരണഘടനയും അതിർത്തിയും ഉള്ള ഒരു രാഷ്ട്രമാവുന്നതും അവളെപ്പോലെ തന്നെ, കീഴടക്കാൻ പ്രയാസമുള്ളതാണെന്നും കവിത മനസിലാക്കുന്നു.

പ്രണയത്തിൽ നിന്ന്, തൊഴിലിൽ നിന്ന്, അംഗീകാരത്തിന്റെ പലവിധ മധുരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെടുന്ന ഒറ്റപ്പെട്ട മനുഷ്യന്റെ മുറിവെഴുത്തുകൾ പലപാട് ആവർത്തിക്കുന്നുണ്ട് ജിനേഷിന്റെ കവിതകളിൽ. രാഷ്ട്രീയവും പ്രകൃതിയെക്കുറിച്ചുള്ള ജാഗ്രതയുമടക്കം സാമൂഹ്യമാനങ്ങൾ ഉള്ള കവിതകൾ വേറെയും ഉണ്ടെങ്കിലും, അവയോടെന്നതിനേക്കാൾ തിരസ്കൃതന്റെ ആത്മഗതങ്ങളോട് ആത്മാർഥമാവാൻ ഈ കവിതയ്ക്ക് സാധിക്കുന്നുണ്ട്.

പി എസ് സി ഉത്തരകടലാസിലെ കളങ്ങളോട് എന്ന കവിതയിൽ പറയുന്നുണ്ട്, ‘ഉത്തരങ്ങൾ കറുപ്പിക്കാനായിരുന്നു പറഞ്ഞത്. പക്ഷേ ചോര കൊണ്ട് ചുവപ്പിക്കുകയാണ് ചെയ്തത്.’ കവിത അവസാനിക്കുമ്പോൾ ‘മരണമേ നീ തോറ്റവരുടെ ഒരു മെയിൻലിസ്റ്റ് പ്രസിദ്ധീകരിക്കുമോ?’ എന്ന് അന്വേഷിക്കുന്നു. ‘മുകളിൽ പേര് വരുന്നവന് എളുപ്പം നിന്നിലേക്ക്‌ എത്തിച്ചേരാൻ’ എന്ന് അമർഷത്തിനും നിരാശയ്ക്കും ഇടയിൽ എവിടെയോ സ്വരമുറപ്പിച്ച് ചോദിക്കുന്നു. പലപ്പോഴും ആസന്നമായ ആത്മവിനാശത്തിന്റെ മുന്നറിയിപ്പുകളാവുന്നുണ്ട് ആ കവിതകൾ.

ചൂണ്ടകൊളുത്തിൽ നിന്നും വേർപെട്ടു ഒരു ഇരയായി സ്വയം തിരിച്ചറിയുന്നു ചുഴി എന്ന കവിത. ചൂണ്ടക്കാരൻ അന്വേഷിക്കില്ല. പാതി മുറിഞ്ഞത് കൊണ്ട് ജീവിതത്തിലേക്ക് വരാനും കഴിയില്ല. കെണി ആണെന്ന് കരുതി മത്സ്യങ്ങളും അടുപ്പിക്കില്ല. എന്ന് തിരിച്ചറിയുന്നു. തന്റെ അസ്തിത്വത്തെ എവിടെ പ്രതിഷ്ഠിക്കും എന്ന ആ സന്ദേഹം ഈ കവിതയുടെ ആന്തരിക യുക്തിയാണ്. പ്രസ്ഥാനങ്ങൾ, മതം, കുടുംബം തുടങ്ങിയ അസ്തിത്വത്തിന്റെ അടയാളങ്ങളെ സന്ദേഹത്തോടെ കാണുകയും അതിൽ നിന്നും കുതറാൻ ശ്രമിക്കുകയും ചെയ്യുന്ന മനസ്സിനെ നമുക്ക് ആ കവിതയിൽ വായിക്കാം.

പുഴയുടെ നീളത്തെ ഏറെ ഇഷ്ടമാണ്. തനിക്കൊരിക്കലും മുറിച്ചു കടക്കേണ്ടി വന്നിട്ടില്ലാത്ത കുത്തിയൊഴുക്കും കുഞ്ഞലകളും…. പക്ഷേ, തുരുമ്പിച്ച പാലത്തിലൂടെ മിടിക്കുന്ന പ്രാണൻ നിത്യവും മുറിച്ചു കടക്കുന്ന വീതിയെക്കുറിച്ചു ഒരു വരി പോലും എഴുതാൻ കഴിയാത്ത നിസ്സഹായത പങ്കിടുന്നു ‘ജ്യാമിതി ‘. അനുഭവങ്ങളും ആവിഷ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമുക്കുള്ള പതിവുധാരണകളെ ചോദ്യം ചെയ്യുന്നു.

Jinesh Madappally

അലസവായനയിൽ പ്രസംഗം ഒന്നും പ്രവൃത്തി വേറൊന്നും ആവുന്ന നമ്മുടെ ഹിപ്പോക്രസിയെ ആ കവിത പരിഹസിക്കുന്നു. എന്നാൽ അനുഭവങ്ങളുടെ തീക്ഷ്ണതയ്ക്ക് മുൻപിൽ നിശബ്ദമായി പോവുന്ന ഭാഷയുടെ നിസ്സഹായതയുടെ വായനയിൽ ഈ കവിതയ്ക്ക് പല മാനങ്ങൾ കൈവരുന്നു. നമ്മുടെ പുരാവൃത്തത്തിലെ പെരുന്തച്ചൻ നിർമിച്ച കുളത്തിന്റെ ജ്യാമിതിയിലെ മാന്ത്രികത ഓർമ്മ വരും ഈ കവിതകളിലെ ജ്യാമിതി കാണുമ്പോൾ.

വൃത്തത്തിൽ കാണേണ്ടവർക്ക് വൃത്തത്തിലും ചതുരത്തിൽ കാണേണ്ടവർക്ക് അങ്ങനെയും കാണാവുന്ന ഒരു കുളമുണ്ടല്ലോ, പെരുന്തച്ചന്റെ പുരാവൃത്തത്തിൽ. കവിതയുടെ ജ്യാമിതി കൈവശമുള്ളവരുടെ കവിതകൾ അതുപോലെ അർത്ഥത്തിൽ, ആസ്വാദനത്തിൽ അനേകം മാനങ്ങൾ തീർക്കുന്നു.

ആത്മരതി ആഘോഷമാവുന്ന സെൽഫികളുടെ കാലമാണ് നമ്മുടെത്. അത് വളരെ സത്യസന്ധമായ ഒരു മനോനിലയാണ്. എല്ലാ കാലത്തും മനുഷ്യർക്ക് അവനവനോട് ഒരിമ്പം കൂടുതലുണ്ട്. ഇപ്പോൾ അത്‌ വെളിവാക്കുന്നു എന്നേ ഉള്ളൂ. ഇക്കാലത്ത് ഇടയ്ക്കിടെ കണ്ണാടി നോക്കുന്ന ഒരു മനുഷ്യനെ കുറിച്ചാണ് കണ്ണാടി എന്ന കവിത.

‘ഹൃദയമിടിപ്പ് പോലെ നിരന്തരം സ്നേഹിച്ചവർ ഉപേക്ഷിച്ചു പോവുമ്പോൾ മനുഷ്യൻ തന്നെ അല്ലേ, മറ്റേതെങ്കിലും ജീവിയായി പരിണമിച്ചോ എന്ന് സംശയിച്ചു കൊണ്ടുള്ള ആ കണ്ണാടിനോട്ടം നമ്മുടെ നെഞ്ചിൽ തറയ്ക്കും. കാഫ്കയുടെ മെറ്റാമോർഫോസിസ് ഓർമ്മിപ്പിക്കുന്നു, സ്നേഹ രാഹിത്യം സൃഷ്ടിക്കുന്ന ഈ അസ്തിത്വ സന്ദേഹം.

സ്വരൂപത്തിൽ ലളിതമായിരിക്കുമ്പോഴും, സമീപസ്ഥ ബിംബങ്ങൾ കൊണ്ട് സമൃദ്ധമായിരിക്കുമ്പോഴും സങ്കീർണമായ മാനങ്ങൾ ഉണ്ട് ഈ കവിതകൾക്ക്. നവകവിതാ ഭാവുകത്വത്തെ മുറുകെപ്പിടിക്കുമ്പോഴും, മൂടൽ മഞ്ഞു പോലെ പൊതിയുന്ന വിഷാദ കാല്പനികതയിൽ ആഴത്തിലുള്ള മുറിവുകളെ ഈ കവിത ഒളിപ്പിക്കുന്നുണ്ട്.

അട്ടപ്പാടിയിൽ മോഷണക്കുറ്റമാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം കൊല ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജിനേഷ് എഴുതിയ കവിതയുടെ ശീർഷകം ‘ആദികവിത ചോര തുപ്പുമ്പോൾ’ എന്നാണ്.

‘നിന്‍റെ ഭാഷ
തച്ചുടക്കപ്പെട്ടില്ലായിരുന്നെങ്കിൽ
നീ കവിതകളെഴുതുമായിരുന്നു
നിന്‍റെ ലിപിയിലെ വക്കടർന്ന ചില
അക്ഷരങ്ങളെ എത്തിച്ചുതരട്ടെ

എഴുതുമോ നീ
നിനക്ക് പ്രിയപ്പെട്ട
പാറയിടുക്കിനേയും തേക്കിൻകൂപ്പിനേയും തൊട്ട്

അരുവികളേയും
മീൻചാട്ടങ്ങളേയും പിന്നിട്ട്
ഉടലിനാൽ എഴുതപ്പെട്ട
ഏറ്റവും ദയനീയമായ
അവസാനത്തെ കവിതപോലെയല്ല

ജീവിതം ഉരുക്കിവാറ്റി
കാട്ടുചൂര് നിറച്ച കവിത
തീർച്ചയായും എഴുതണം

നീ അത്രമേൽ
ഞങ്ങളിൽ പെട്ടവനാണ്’

എന്ന് മധുവിന്റെ ചരിത്രത്തോടും വർത്തമാനത്തോടുമുള്ള ഐക്യപ്പെടൽ മാത്രമല്ല, കവിതയുടെ യഥാർത്ഥ ഈറ്റുപുരയും കാടു തന്നെയെന്ന സൗന്ദര്യശാസ്ത്ര നിലപാട് കൂടിയാണ് ആ കവിത.

വ്യക്തിപരമായി വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലം തൊട്ടുള്ള ഏതാണ്ടൊന്നരപ്പതിറ്റാണ്ടിന്റെ സൗഹൃദമാണ്. ആ സൗഹൃദവസന്തത്തിൽ നിന്നാണവൻ ഹൃദയം പറിച്ച് ഇറങ്ങിപ്പോയത്, ഉള്ളിലെ വിഷാദത്തെ കവിതകൾ കൊണ്ടവൻ അതിജീവിക്കുമെന്ന ഞങ്ങൾ കൂട്ടുകാരുടെ പ്രത്യാശ തല്ലിക്കെടുത്തിക്കൊണ്ട്… ഉണങ്ങാത്ത മുറിവായ്, അണയാത്ത ചിതയായ്, കൂടുതൽ വേദനിപ്പിച്ച്, പൊള്ളിച്ച്, ചോര കിനിഞ്ഞ് അവനുണ്ട് ഇടനെഞ്ചിൽ.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Jinesh madappally poems life death memories