scorecardresearch
Latest News

ഹിരോഷിമയെ തകര്‍ത്ത മനുഷ്യ മനസ്സിന്റെ ക്രൂരതക്ക് 75 വയസ്സ്

‘എന്തൊക്കെയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തെ അപേക്ഷിച്ചു ഇപ്പോഴത്തെ ലോകം ആണവായുധങ്ങളിൽ നിന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ? ,’ രവീന്ദ്രനാഥന്‍ എഴുതുന്നു

ഹിരോഷിമയെ തകര്‍ത്ത മനുഷ്യ മനസ്സിന്റെ ക്രൂരതക്ക് 75 വയസ്സ്

എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ്, ഇന്നേ ദിവസം ഒറ്റ ആയുധം കൊണ്ട് ഒരു ലക്ഷത്തിൽ അധികം ആൾക്കാരെ ഞൊടിയിടയിൽ കൊല്ലുന്ന വിദ്യ മനുഷ്യൻ സ്വായത്തമാക്കിയത് ലോകത്തിനു മുന്നിൽ അതികഠിനമായ രീതിയിൽ തെളിയിക്കപ്പെട്ടു. ആദ്യത്തെ അണുബോംബ് നിമിഷാർദ്ധത്തിൽ തകർത്തത് ജപ്പാനിലെ ഹിരോഷിമ എന്ന പട്ടണത്തെയാണ്. തോൽവി അംഗീകരിച്ചു കീഴടങ്ങാൻ തയ്യാറായ രാജ്യത്തെ അണുബോംബ് പരീക്ഷണശാലയാക്കുന്ന മനുഷ്യ മനസ്സിന്റെ ക്രൂരതക്ക് 75 വയസ്സ്. രണ്ടു ദിവസം കഴിഞ്ഞു അടുത്ത പരീക്ഷണശാലയായി നാഗസാക്കി കത്തിയെരിഞ്ഞപ്പോൾ ജപ്പാന്റെ കണക്കു പ്രകാരം പൊലിഞ്ഞത് രണ്ടു ലക്ഷത്തോളം ജീവനുകൾ, ഒപ്പം കാലങ്ങളെടുത്ത് അവർ പടുത്തുയർത്തിയ രണ്ടു പ്രധാന നഗരങ്ങളും. എല്ലാ വർഷവും ആഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ ലോകമെമ്പാടും ജനങ്ങൾ 1945 -ൽ നടന്ന ക്രൂരതയെ അപലപിക്കുകയും, ഇനി ഒരു ആണവ യുദ്ധം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

1945 -ലെ അണുബോംബ് പ്രയോഗം തകർത്തത് ജപ്പാനെയാണെങ്കിൽ അതേ ആയുധം തന്നെ തുടർന്നുവന്ന 75 വർഷവും ലോക വ്യവസ്ഥയെ സമാധാനത്തിൽ നിലനിൽക്കാൻ പ്രധാന പ്രേരണയായി എന്നത് കാലം കാത്തുവച്ച കാവ്യനീതി. ഒരു തവണത്തെ പ്രയോഗത്തിൽ നിന്ന് ആണവായുധത്തിന്റെ പ്രവചനാതീതമായ പ്രഹരശേഷിയെന്തെന്ന് മനസ്സിലാക്കുവാനും അതിന്റെ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുവാനും ലോകശക്തികളും ഐക്യരാഷ്ട്ര സംഘടനയും പല വിധത്തിലുള്ള ഉടമ്പടികളും, കരാറുകളും, സന്ധിസംഭാഷണങ്ങളും വഴി നടത്തിയ പരിശ്രമങ്ങൾ ഇതു വരെ വിജയകരമായി തുടർന്നു.

കഴിഞ്ഞ എഴുപത്തിയഞ്ചു വർഷത്തിൽ ലോകവ്യവസ്ഥയെ ഏറ്റവും സ്വാധീനിച്ച ഘടകം എന്താണ് എന്ന് പരതിയാൽ അന്വേഷണം തീർച്ചയായും ചെന്നെത്തുക ആണവായുധത്തിൽ ആയിരിക്കും. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് രൂപപ്പെട്ട ധ്രുവീകൃത (bipolar) ലോകവ്യവസ്ഥയിൽ ആയുധശേഷിയിൽ നേതൃനിരയിൽ നിന്നിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം വെല്ലുവിളിച്ചിരുന്നത് തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളുടെ പ്രഹരശേഷിയെ മുൻനിർത്തി ആയിരുന്നു. ഇതിനായി ഇരു രാജ്യങ്ങളും ആണവായുധങ്ങളും അവ പ്രയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും സ്വരുക്കൂട്ടുന്നതിൽ ശീതസമരകാലം മുഴുവൻ മത്സരിച്ചു. ഈ മത്സരം തന്നെ ലോകസമാധാനത്തെ വെല്ലുവിളിക്കുന്നതും ഭൂഗോളത്തെ പല തവണ നശിപ്പിക്കുവാൻ തക്ക വിധം തീവ്രതയുള്ളതുമായിരുന്നു. ശീതസമരം അവസാനിച്ച എൺപതുകളുടെ രണ്ടാം പാദം വരെ ലോകസമാധാനം നിലനിന്നിരുന്നത് ആണവായുധങ്ങളുടെ കാരുണ്യത്തിൽ ആയിരുന്നു.

Read in IE: Explained: What happened in Hiroshima and Nagasaki in August 1945?

Hiroshima marks 74th anniversary of atomic bombing | World News ...
At Peace Memorial Park in Hiroshima, western Japan. (Reuters) – File Photo

1950 മുതൽ 1990 വരെയുള്ള കാലഘത്തിൽ പല അവസരങ്ങളിലായി വൻശക്തികൾ തമ്മിൽ നേർക്ക്നേർ പോർവിളി നടത്തുന്ന പല സന്ദർഭങ്ങൾ ഉണ്ടായി. കൊറിയൻ യുദ്ധം, സൂയസ് പ്രതിസന്ധി, ക്യൂബൻ പ്രതിസന്ധി, വിയറ്റ്നാം യുദ്ധം എന്നിങ്ങിനെ പല തരം ആപൽസന്ധികൾ ലോകത്തെ ആണവായുധത്തിലേക്കു നയിക്കും എന്ന് കരുതിയ അവസരങ്ങൾ ആയിരുന്നു. ഹിരോഷിമയും നാഗസാക്കിയും കാണിച്ചു തന്ന യുദ്ധഭീകരതയുടെ ചിത്രം മുന്നിൽ ഉള്ളതിനാൽ ആണവായുധത്തിൽ ഏർപ്പെട്ടാൽ ലോകത്തിനു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോക്കില്ല എന്ന യാഥാർഥ്യം മനസ്സിലാക്കുവാൻ വൻശക്തികൾക്കു കഴിഞ്ഞു.

ആണവായുധങ്ങളുടെ സൃഷ്ടി തങ്ങൾക്കു ഭാരിച്ച ഉത്തരവാദിത്തവും നൽകുന്നു എന്നും അവ തങ്ങളെ ഒരു യുദ്ധം ജയിക്കാൻ സഹായിക്കില്ലെന്നും കുറച്ചു വൈകിയാണ് വൻശക്തികൾ തിരിച്ചറിഞ്ഞത്. രണ്ടു ശക്തിചേരികളായി തരംതിരിഞ്ഞു മത്സരിച്ചിരുന്ന ആണവശക്തികൾക്കു അണുവായുധം ആക്രമണത്തിന് ഉതകുന്നതല്ലെന്നും പകരം പരസ്പരം ആക്രമിക്കാതിരിക്കാൻ ഉതകുന്ന ഉപാധിയാണെന്നും (deterrent) ക്രമേണ മനസ്സിലാക്കി. അതിലും ഉപരി, ആണവായുധം നിരുത്തരവാദപരമായി ഏതെങ്കിലും ആണവ ശക്തി ഉപയോഗിച്ചാൽ അത് സർവ്വനാശത്തിലേക്കുള്ള വഴി തുറക്കുകയാണെന്നും കൂടുതൽ രാജ്യങ്ങൾ ആണവായുധം നിർമ്മിച്ചാൽ അതും ലോകത്തെ കൂടുതൽ അപകടത്തിലേക്ക് നയിക്കുകയായിരിക്കും ഫലം എന്ന് ആണവരാജ്യങ്ങൾ വൈകിയാണ് മനസ്സിലാക്കിയത്. 1960 -കളുടെ അവസാന ഭാഗത്തു ഐക്യരാഷ്ട്രസഭയും ആണവരാഷ്ട്രങ്ങളും മറ്റുരാഷ്ട്രങ്ങളും സഹകരിച്ചു 1968 -ൽ ആണവനിർവ്യാപന കരാർ (NPT) തയ്യാറാക്കുകയും 1970 -ൽ കരാർ പ്രാവർത്തികമാക്കുകയും ചെയ്തു.

1990 -ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ശീതസമരത്തിൽ അധിഷ്ഠിതമായ ലോകക്രമത്തിനു വിരാമമായി. അതിനു മുൻപ് തന്നെ ലോകശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ആണവായുധ വ്യാപനത്തിൻറെ ഭവിഷ്യത്തുകൾ തിരിച്ചറിയുകയും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്നതിനായി വിവിധ തലത്തിലുള്ള ഉടമ്പടികളിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി 1990 -കളിൽ ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്റ്സ് (Bulletin of Atomic Scientists) പ്രസിദ്ധീകരണത്തിലെ പ്രശസ്തമായ ഡൂംസ് ഡേ ക്ലോക്ക് (Dooms Day Clock) കാണിക്കുന്ന സർവ്വനാശത്തിലേക്കുള്ള സമയം ശരാശരി 12 മിനിറ്റ് ആയിരുന്നു. ഇന്ന് സൂചിക കാണിക്കുന്നത് സർവനാശത്തിലേക്ക് 100 സെക്കൻഡിൽ അധികം സമയം ഇല്ല എന്നാണ്. അതായത്, ഇന്നത്തെ ലോകം കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകത്തെക്കാൾ കൂടുതൽ സങ്കീർണമാണെന്നും ശരിയായ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നുമാണ്.

Read in IE: Hiroshima survivor recalls working on tram after A-bomb

Explained: What happened in Hiroshima and Nagasaki in August 1945 ...
In this Sept. 8, 1945 file photo, only a handful of buildings remain standing amid the wasteland of Hiroshima (AP Photo/File)

എന്തൊക്കെയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തെ അപേക്ഷിച്ചു ഇപ്പോഴത്തെ ലോകം ആണവായുധങ്ങളിൽ നിന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ? ആണവ നിവ്യാപന കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളുടെ ആണവായുധ വികസനം, കരാറിൽ ഒപ്പിട്ടുവെങ്കിലും പിന്നീട് അതിനു പുറത്തു വരികയും അണുബോംബ് പരീക്ഷണം നടത്തുകയും ലോകസമാധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന വടക്കൻ കൊറിയ, കരാറിൽ നിലനിൽക്കുന്നെങ്കിലും ആണവായുധ വികസനത്തിൽ വളരെ പുരോഗതി നേടിയ ഇറാൻ, കാലം കഴിഞ്ഞ അമേരിക്ക – റഷ്യ ആണവ ഉടമ്പടികൾ, വളരെ വേഗത്തിൽ സാങ്കേതിക വിദ്യകളിൽ പുരോഗതി നേടുന്ന ആണവ രാജ്യമായ ചൈന, സൈബർ സ്പേസിൽ വളരുന്ന പുതിയ തരം യുദ്ധ ഭൂമിക, ബഹിരാകാശം യുദ്ധരംഗമാക്കുവാൻ ശ്രമിക്കുന്ന വൻശക്തികളുടെ മത്സരം എന്നിങ്ങനെ രണ്ടാം ലോക യുദ്ധസമയത്തേക്കാൾ സങ്കീർണമായ അവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നത്.

കോവിഡ് മഹാമാരിയുടെ പുകമറയിൽ വൻശക്തികൾ തമ്മിൽ പല തലത്തിലും കൊമ്പ് കോർക്കുമ്പോൾ സാധാരണ ജനങ്ങൾ കേൾക്കുന്നത് രണ്ടാമത് അവതരിക്കുവാൻ സാധ്യതയുള്ള ശീതസമരത്തിന്റെ അസ്വാരസ്യങ്ങളാണ്. ആണവ രാജ്യങ്ങൾ തങ്ങൾ ഒരിക്കൽ സഹകരിച്ച സമ്പൂർണ ആണവ പരീക്ഷണ നിരോധനം (CTBT) എന്ന ആശയത്തെ ഉന്നത ശാസ്ത്രസാങ്കേതിക വിദ്യയുടെ പിൻബലത്തിൽ മറികടക്കുവാൻ ശ്രമിക്കുമ്പോൾ തകർക്കപെടുന്നത് ആണവായുധ നിരോധനം എന്ന ആശയമാണ്, അതിനു വേണ്ടി പരിശ്രമിച്ച ഒരു തലമുറയുടെ കഠിനാദ്ധ്വാനമാണ്.

കഴിഞ്ഞ വര്ഷം റഷ്യയും അമേരിക്കയും തമ്മിൽ ഏർപ്പെട്ട INF ഉടമ്പടിയുടെ ഏകപക്ഷീയമായ റദ്ദാക്കൽ തരുന്ന ചിത്രം ആശങ്കയുടേതാണ്. പഴയ കരാറുകളിൽ ഇനി ബാക്കിയുള്ളത് അടുത്ത വര്‍ഷം കാലാവധി തീരുന്ന New START കരാർ മാത്രം. ഇതോടെ വൻശക്തികൾ തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറുകൾ അവസാനിക്കുകയാണ്. ഇരു വശത്തും കൂടുതൽ ശക്തമായ ആയുധ നിർമ്മാണവും അവയുടെ വിന്യാസവും തുടരും. കോവിഡ് നിമിത്തം ഈവർഷം നടക്കേണ്ടിയിരുന്ന NPT റിവ്യൂ കോൺഫറൻസ് അടുത്ത വർഷത്തേക്ക് മാറ്റി വയ്ക്കുമ്പോൾ തോൽക്കുന്നത് ലോകസമാധാനമാണ്. ഒരുപക്ഷെ വേറെ ഒരു ഹിരോഷിമയോ നാഗസാക്കിയോ സൃഷ്ടിക്കാൻ ഇനിയുള്ള ആണവായുധത്തിനു കഴിയില്ല, കാരണം യുദ്ധശേഷം ലോകം പുനർനിർമ്മിക്കുവാൻ ഒരു തലമുറ ബാക്കി ഉണ്ടാവണം എന്ന് ഒരു ഉറപ്പും ഇല്ല.

മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ ജിയോപോളിറ്റിക്ക്സ് ആന്‍ഡ്‌
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആണ് ലേഖകന്‍

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Hiroshima bombing japan 75th anniversary