ഗൗരിയമ്മയെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 1994 ലെ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ MLA ആയതിനു ശേഷമാണ്. നിയമസഭയിൽ എന്റെ സീറ്റ് ഗൗരിയമ്മയ്ക്കും ലോനപ്പൻ നമ്പാടാനും ഇടയിലായിരുന്നു.
ഞാൻ നിയമസഭയിൽ ആദ്യം എത്തിയപ്പോൾ ഗൗരിയമ്മയെ കണ്ടപ്പോള്‍ തൊഴുതു. സ്നേഹപൂർവ്വം ചിരിച്ചു അപ്പോൾ ഗൗരിയമ്മ “താൻ ചിരിക്കേണ്ടടോ, എന്നോട് ചിരിച്ചാൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും.”
പിന്നീട് ഞാൻ ഗൗരിയമ്മയുടെ ഗുമസ്ഥനെ പോലെ ആയി. ഗൗരിയമ്മയുടെ ലെറ്റർ പാട് തന്നിട്ട് അതിൽ സ്പീക്കർക്ക് എന്നെ കൊണ്ട് കുറിപ്പെഴുത്തിക്കും. ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ എഴുതി ഗൗരിയമ്മയ്ക്ക് കൊടുക്കും. ഗൗരിയമ്മ അതിൽ ഒപ്പിട്ട് അറ്റെൻഡർ വഴി സ്പീക്കർക്ക് എത്തിക്കും.
പിന്നീട് ഗൗരിയമ്മയ്ക്ക് എന്നോട് ചെറിയ ഒരടുപ്പം തോന്നി. എന്നോട് പഴയ കാര്യങ്ങൾ എല്ലാം സംസാരിക്കും. ഞാനെല്ലാം നിശബ്ദം കേട്ടിരിക്കും. അന്ന് ടിവി തോമസ്സിനോടുള്ള പ്രണയം അവരിൽ കത്തിനിൽക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
1996 ലെ നിയമസഭയുടെ അവസാന നാളിലെ ഫോട്ടോ സെഷൻ കഴിഞ്ഞ് നിയമസഭാ ഹാളിലേക്ക് മടങ്ങുമ്പോൾ ഗൗരിയമ്മ പറഞ്ഞു “നീ എന്റെ കൈ പിടിച്ചു നടക്കൂ,” എന്ന്. ഞാൻ വളരെ വിനയത്തോടെ കൈപിടിച്ച് ഗൗരിയമ്മയെ സീറ്റിൽ കൊണ്ടിരുത്തി. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ സഭയിൽ എന്തോ വിഷയത്തെ ചൊല്ലി ബഹളം ആരംഭിച്ചു. ഗൗരിയമ്മ എണീറ്റുനിന്നു… ഞാൻ ഭരണ പക്ഷത്തും ഗൗരിയമ്മ പ്രതിപക്ഷത്തുമായിരുന്നു. ഞാൻ സൗമ്യമായി അടുത്ത് ചെന്ന് ചോദിച്ചു, “ഗൗരിയമ്മയ്ക്ക് മുണ്ടാണ്ട് ഇരുന്നൂടെ… ഈ മുനീറിന്റെ ഒക്കെ കൂടെ കുടണോ?”
” നീ പോടാ… നീ പറയുന്നതൊക്കെ കേൾക്കാൻ ഇരിക്കുന്നളാ ഞാൻ.”
വർഷങ്ങൾക്ക് ശേഷം ആലപ്പുഴയിൽ ചത്താനാടുള്ള വസതിയിൽ പലതവണ ഞാൻ പോയിരുന്നു. ഗൗരിയമ്മയുടെ സഹോദരീ പുത്രി ബീനയാണ് അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തന്നത്.
ഗൗരിയമ്മയെ കുറിച്ചുള്ള ഒരു സിനിമ ആയിരുന്നു എന്റെ ലക്ഷ്യം.
എന്റെ സുഹൃത്തും ഗൗരിയമ്മയുടെ പാർട്ടിക്കാരനുമായിരുന്ന കെ എക്സ് തോമസും എന്നോടൊപ്പം ഉണ്ടായിരുന്നു. ചിലപ്പോളൊക്കെ സമ്മതിക്കും ചിലപ്പോളൊക്കെ ശക്തമായി എതിർക്കും അങ്ങനെ ചർച്ച നീണ്ടുപോയി. ഗൗരിയമ്മ ചില നിർദേശങ്ങൾ വെച്ചിരുന്നു, അതൊന്നും സിനിമയിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്നതായിരുന്നില്ല. പിന്നീട് ബീനയുമായി ആലോചിച്ച് തല്ക്കാലം മാറ്റിവെയ്ക്കാൻ തീരുമാനിച്ചു.
ഭഗവാൻ കൃഷ്ണനും ടി വി യും അവസാന നാളുകളിൽ ഗൗരിയമ്മയുടെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വ തിളക്കമുള്ള വ്യക്തിത്വമായി എന്നും നിലനിൽക്കും ആ വിപ്ലവ നക്ഷത്രം. എനിക്ക് മാതൃ തുല്യമായ സ്നേഹ ബഹുമാനങ്ങളോടെ ആ പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം.