” മുഗളന്മാരോട് പോരാടിയപ്പോള്‍ സിഖുകാര്‍ യോദ്ധാക്കളായിരുന്നു. ഇംഗ്ലീഷുകാരോട് പൊരുതിയപ്പോള്‍ ദേശസ്നേഹികളായിരുന്നു. ലോക്ക്ഡൗണില്‍ കാല്‍നടയായി ഒഴുകിയ മനുഷ്യര്‍ക്കു ലങ്കര്‍ (ഭക്ഷണം) ഒരുക്കിയപ്പോൾ ദൈവതുല്യരായിരുന്നു. ഇന്നിപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചപ്പോള്‍ അവര്‍ ഒറ്റയടിയ്ക്ക് ദേശദ്രോഹികളും തീവ്രവാദികളും ആയതെങ്ങനെയാണ് സര്,” ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിലെ കൊരാവ് ഗ്രാമത്തിലെ ബനാര്‍സി കുഷ്വാഹയുടെ ചോദ്യമാണ്.
”ഇത് സിഖുകാരുടെ മാത്രം സമരമല്ല സര്. മണ്ണിനെ മാത്രം ആശ്രയിച്ചു കഴിയുന്ന എല്ലാ കര്‍ഷകരുടെയും സമരമാണ്, ജീവിക്കാനുള്ള സമരം,” മണ്ണ് കുഴച്ചുണ്ടാക്കിയ രണ്ടു മുറി വീടിനു മുന്നിലിരുന്ന് കുഷ്വാഹ പറഞ്ഞു. ”നിങ്ങളീ വീട് കാണുന്നില്ലേ..? എന്റെ ജീവിതാവസ്ഥയും കൃഷിയിടങ്ങളും കാണുന്നില്ലേ? ഇതാണോ നിങ്ങള്‍ കേട്ടറിഞ്ഞ മണ്ഡി ഏജന്റിന്റെ സാമ്പത്തിക നില,” കുഷാഹ ചോദിച്ചു.

പുതിയ കാര്‍ഷിക നിയമങ്ങളുടെ പ്രായോഗിക പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ സുരേന്ദ്ര പാല് എന്ന കര്‍ഷക സുഹൃത്താണ് എന്നെ കൊരാവിലേക്ക് കൊണ്ടുപോയത്. ഞാന്‍ താമസിക്കുന്ന മേജാ ഖാസ് ഗ്രാമത്തില്‍നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെയാണ് കൊരാവ്.അവിടുത്തെ സര്‍ക്കാര്‍ ‘മണ്ഡി’ (വിശാലമായ നാട്ടുചന്ത)യിലെ മണ്ഡി മാലിക്കാ( ഏജന്റ്)ണ് ബനാര്‍സി കുഷ്വാഹ.
കര്‍ഷകസമരവുമായി ബന്ധപ്പെട്ടായിരിക്കണം ഒരു പക്ഷേ മണ്ഡിയെന്നും മണ്ഡി മാലിക്കെന്നും മറ്റും മലയാളികള്‍ കേള്‍ക്കുന്നത്. ഏഴെട്ടു വര്‍ഷമായി ജോലി സംബന്ധമായി ഉത്തരേന്ത്യന്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന എന്നെ പോലുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മണ്ഡി.
പത്ത്, പതിനഞ്ച് ഗ്രാമങ്ങള്‍ക്ക് ഏകദേശം മധ്യഭാഗത്ത് അഥവാ എല്ലാവര്ക്കും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന വിശാലമായ മാര്‍ക്കറ്റ് എന്ന് ചുരുക്കത്തില്‍ മണ്ഡിയെ വിശേഷിപ്പിക്കാം. സമീപ പ്രദേശത്തെ കര്‍ഷകര്‍ക്കെല്ലാം തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്നു വില്‍ക്കാം. അധികം കീടനാശനികള്‍ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കപ്പെട്ട ജൈവ പച്ചക്കറികള്‍ മിതമായ വിലയ്ക്ക് വാങ്ങാം. പലപ്പോഴും സീസണല്‍ പച്ചക്കറികള്‍ നല്ല വില കുറവിലും ഗുണനിലവാരത്തിലും ലഭിക്കും. ഇതു കൂടാതെ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്ക്കാനുമുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്പന്നങ്ങള്‍ക്കു കുറഞ്ഞ താങ്ങുവില (മിനിമം സപ്പോര്‍ട്ടിങ് പ്രൈസ് അഥവാ എം.എസ്.പി) നിലനില്‍ക്കുന്നതിനാല്‍ വിലപേശേണ്ട ബുദ്ധിമുട്ടില്ല. സര്‍ക്കാരിന്റെ ഒരു ഏജന്റ് (മണ്ഡി അധ്യക്ഷ്) അവിടെ ഉണ്ടാകും. കൂടാതെ ധാന്യങ്ങളോ മറ്റു സംഭരണ ഉത്പന്നങ്ങളോ പൊതുവിപണിയിലെത്തിച്ച് വില്ക്കാന് കര്‍ഷകരെ സഹായിക്കുന്ന മണ്ഡി മാലിക്കുമാരും ഉണ്ടാകും. ഇവര്‍ പ്രാദേശിക കര്‍ഷകര്‍ക്കു സുപരിചിതരായ സമീപവാസികളായിരിക്കും. ചന്തയിലേക്കു കൊണ്ടുവരുന്ന അരിയും ഗോതമ്പുമൊക്കെ ശേഖരിച്ച് അളന്ന് ഗോഡൗണില്‍ സൂക്ഷിക്കുക, അവ സമീപ നഗരത്തിലെ മൊത്ത, ചില്ലറ വ്യാപാരികള്‍ക്കു വില്‍ക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി.
Also Read: മുംബൈ ആസാദ് മൈതാനിയിൽ ഒത്തുകൂടി ആയിരക്കണക്കിന് കർഷകർ; ചിത്രങ്ങൾ
കൃഷിക്കാര്‍ക്കു ധ്യാന്യങ്ങള്‍, സര്‍ക്കാര്‍ ഏജന്റിനും മണ്ഡി മാലിക്കുകള്‍ക്കും ഇച്ഛാനുസരണം വില്‍ക്കാം. എല്ലാ ഉത്പന്നങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പിച്ച എം.എസ്.പികള്‍ ഉണ്ട്. ഉദാഹരണത്തിന്, അരി കിലോക്ക് പതിനെട്ടു രൂപയാണ് എം.എസ്.പി. മണ്ഡി മാലിക്കുകള്‍ വ്യാപാരികളുമായി കര്‍ഷകരുടെ സാന്നിധ്യത്തില്‍ തന്നെ വിലപേശി പരമാവധി വില നേടികൊടുക്കുന്നു. അതിനാല്‍, പലപ്പോഴും കര്‍ഷകര്‍ ഇത്തരം ഏജന്റുമാരെയാണ് സമീപിക്കുന്നത്. വ്യക്തി പരിചയം അതിലൂടെയുള്ള വിശ്വാസം, അതും ഒരു ഘടകമാണ്. ഇത്തരം ഇടനിലക്കാര്‍ ഇല്ലെങ്കിലും എംഎസ്പി സര്‍ക്കാര്‍ നല്കി തന്നെയാണ് ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നതും അവ പല പ്രക്രിയകളിലൂടെ പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതും ഒരു പരിധി വരെ പട്ടിണി മരണങ്ങള് തടയുന്നതും.
പതിനെട്ട് രൂപയ്ക്കു വാങ്ങുന്ന അരി മാര്‍ക്കറ്റില്‍ മുപ്പതും മുപ്പത്തഞ്ചും രൂപയ്ക്ക് വില്ക്കുമ്പോള് നിങ്ങള്‍ക്ക് നല്ല ലാഭം കിട്ടുമല്ലോ? എന്ന ചോദ്യത്തിന് ബനാര്‍സി കുഷ്വാഹ നിസംഗതയോടെ ചിരിച്ചുകൊണ്ട്, കുറച്ചുനേരം എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു. പിന്നെ അമര്‍ഷത്തോടെ വായിലെ മുറുക്കാൻ തുപ്പി, തോളില്‍ കിടന്ന കറപിടിച്ച തോര്‍ത്ത് കൊണ്ട് മുഖം തുടച്ചു സാവകാശം പറഞ്ഞു:
”സര്, ഈ മണ്ഡി സമ്പ്രദായം നിലവില്‍ വന്നത് വന്‍കിട കര്‍ഷകര്‍ക്കിടയിലും കരിഞ്ചന്തക്കാര്ക്കിടയിലും പെട്ട് ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മറ്റനേകം ദിവസവേതന തൊഴിലാളികളും ചതഞ്ഞു ചത്തുപോകാതിരിക്കാനാണ്. അവര്‍ക്കും കൂടി ജീവിക്കാനും അവരുടെ കുടുംബം പട്ടിണിയാകാതിരിക്കാനുമാണ്. ഇവിടെ പതിനെട്ട് രൂപയ്ക്ക് കര്ഷകരില്നിന്നദ എടുക്കുന്ന അരി, തൂക്കം നോക്കി അളന്ന് തിരിച്ച് നന്നായി കെട്ടി ഗോഡൗണില്‍ ഇറക്കിവയ്ക്കണം, രാത്രി അതിനു കാവല്‍ നില്‍ക്കണം, പിറ്റേന്ന് വണ്ടിയില്‍ കയറ്റിവയ്ക്കണം. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കണം. പിന്നെ ഇത് അലഹബാദിലെ പ്രധാന മാര്‍ക്കറ്റിലെത്തിക്കണം. അന്‍പത് കിലോമീറ്ററോളം ദൂരമുണ്ട്. വണ്ടി വാടക, പോകാനും തിരികെ വരാനുമുള്ളത് കൊടുക്കണം. നിങ്ങള്‍ പറയുന്ന ഈ ‘ഭീമലാഭ’ ത്തില്‍ ഞങ്ങള്‍ പത്ത് മുപ്പതോളം കുടുംബങ്ങള്‍ കഴിയുന്നു…” അയാള്‍ തന്റെ ചെറിയ വീടും പരിസരവും ചൂണ്ടിക്കാട്ടി പറഞ്ഞു, ”ഏതാണ്ടിതുപോലൊക്കെ തന്നെ…”
Also Read: കർഷകർ ഉന്നയിക്കുന്ന വലിയ ആശങ്ക എന്താണ്? സർക്കാരിന് ചർച്ചചെയ്യാൻ പറ്റുന്നതെന്ത്?
”ഈ മണ്ഡി അലഹബാദിലെ മികച്ച ഉപമണ്ഡികളിലൊന്നാണ്. ഈ മണ്ഡിക്കു പുറത്തും സ്വകാര്യഏജന്റുമാരുണ്ട്. അവര്‍ അരി കിലോയ്ക്ക് പതിനൊന്നോ പന്ത്രണ്ടോ രൂപയ്ക്ക് എടുക്കും. മണ്ഡിക്കകത്ത് ഞങ്ങള്‍ പതിനെട്ടു രൂപ കൊടുക്കുമെങ്കിലും ചില കര്‍ഷകരെങ്കിലും അത്തരം സ്വകാര്യ ഏജന്റുമാര്‍ക്ക് അരി നല്‍കും. എന്തുകൊണ്ടാണെന്നറിയാമോ? ഞങ്ങളുടെ മണ്ഡി ആഴ്ചയില്‍ രണ്ടു ദിവസമാണ്, ബുധനും ശനിയും. ഒരു ദിവസം ഉത്പന്നം തന്നാല്‍ അടുത്ത മണ്ഡി ദിവസമേ പണം കിട്ടൂ. ചിലപ്പോ ഒന്നോ രണ്ടോ ദിവസം കൂടി കഴിയും. അത്രയും ദിവസം പോലും കാത്തു നില്ക്കാന് ഗതിയില്ലാത്തവരാണ് ഈ കൊടും നഷ്ടത്തിന് തന്റെ ഉത്പന്നം സ്വകാര്യ ഏജന്റിന് വിലക്കുന്നത്. ഉടന്‍ പണം എന്ന കെണിയാണ് അവരെ വീഴ്ത്തുന്നത്. അറിഞ്ഞുകൊണ്ടാണ് അവര്‍ കെണിയില്‍ വീഴുന്നത്. കാരണം മക്കളുടെ പഠനാവശ്യങ്ങളോ മാതാപിതാക്കളുടെ അടിയന്തിര ചികിത്സാവശ്യങ്ങളോ ആകാം. ഈ മണ്ഡി ഇല്ലാതായാല്‍ ഇപ്പോള്‍ പതിനൊന്ന് രൂപ നല്കാന് തയാറാകുന്നവര്‍ ഏറ്റവും തുച്ഛമായ തുകയേ നല്കാന് തയാറാകൂ. നഗരത്തില്‍ കൊണ്ടുപോയി, വലിയ മൊത്ത കച്ചവടക്കാരോട് വിലപേശി ജീവിക്കാനൊന്നുമുള്ള ത്രാണി ഞങ്ങള്‍ക്കില്ല സാറേ…”എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പോഴേക്കും, എരുമപ്പാല് ചേര്‍ത്ത കടുപ്പത്തിലുള്ള ചായയും ആലു പക്കോഡയും തയാറാക്കി ബനാര്സിയുടെ ഭാര്യ വന്നു. ഞങ്ങളതു കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അടുത്ത തോട്ടത്തിലെ കൃഷിക്കാരന് വിജയ് ബാഹ്ദൂര് വന്നു. എം.എ ഇക്കണോമിക്സ് ബിരുദധാരിയായ അദ്ദേഹം സമീപത്തെ പാരലല്‍ കോളേജിലെ പാര്‍ട്ടൈം അധ്യാപകന് കൂടിയാണ്. ബനാര്‍സി കുഷ്വാഹ പറഞ്ഞതെല്ലാം ശരിയാണെന്നു വിജയ് ബാഹ്ദൂര് സമ്മതിച്ചു. കൃഷിയിലെ കൂടുതല്‍ കാര്യങ്ങള്‍ നേരിട്ടു കാണിക്കാനായി വിജയ് ബാഹ്ദൂര് എന്നെ കൃഷിയിടത്തിലേക്കു കൂട്ടികൊണ്ടു പോയി. ബനാര്സിയും സൂരേന്ദറും ഒപ്പം വന്നു.

ഏകദേശം നാലഞ്ച് ഏക്കര്‍ വരുന്ന കൃഷിഭൂമിയില്‍ പ്രധാനമായും അരിയും കുറച്ചു ഗോതമ്പും ഉണ്ട്. അവിടെ പതിനഞ്ചോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. തൊഴിലാളികളെല്ലാം മധ്യപ്രദേശില്‍നിന്നുള്ളവരാണ്. കൊരാവ് ഗ്രാമത്തില്‍നിന്നു രണ്ടു മൂന്നു കിലോമീറ്റര്‍ പോയാല്‍ മധ്യപ്രദേശ് ആയി. അവിടെനിന്നു ജോലിക്കാര്‍ വലിയ ട്രക്കിൽ വരും. പല കൃഷിയിടങ്ങളിലായി പണിക്കിറങ്ങും. ചിലപ്പോള്‍ വൈകിട്ട് തിരികെപ്പോകും. കൊയ്ത്തുകാലത്ത് അത് കഴിയുന്നതു വരെ ഇവിടെ ടെന്റ് കെട്ടി കഴിയും. പണിതീര്‍ത്ത് പോകുമ്പോള്‍ തൊഴിലാളികള്ക്കാവശ്യം പണമല്ലെന്നും അരിയോ ഗോതമ്പോ ആണെന്നും വിജയ് ബാഹ്ദൂര് പറഞ്ഞു.
കൂലിക്കുപകരമായി കൊണ്ടുപോകുന്ന ധാന്യം തൊഴിലാളികള്‍ വീടുകളില്‍ സൂക്ഷിച്ചുവയ്ക്കും. ഏകദേശം ആറുമാസം കഴിയാന്‍ അവര്‍ക്കതു മതി. പുതിയ നിയമം വന്നു കഴിഞ്ഞാല്‍… വിജയ് ബാഹ്ദൂര് വാക്യം മുഴുപ്പിക്കാതെ നെടുവീര്‍പ്പിട്ടു.
ശൈത്യകാലമായതിനാല്‍ നേരത്തെ തന്നെ ഇരുള് വിഴുങ്ങാന്‍ തുടങ്ങിയിരുന്നു. പാടത്തില്‍നിന്ന് തിരികെ റോഡിലേക്ക് നടക്കവേ ബനാര്‍സി പുറകില്‍ പിറുപിറുക്കുന്നത് കേള്‍ക്കാം: ”അത് സര്‍ദാര്‍ജിമാരുടെ മാത്രം സമരമല്ല.. അത് നമ്മുടേതും കൂടിയാണ്.”
Read More: Farmers Tractor Rally Live Updates: ട്രാക്ടർ റാലി പ്രതിഷേധം: കർഷകരെ പൊലീസ് തടഞ്ഞു, സിംഘുവിൽ സംഘർഷം
തിരികെ ക്വാട്ടറിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സുരേന്ദ്ര് പാല് ചോദിച്ചു, ”ഏകദേശം കാര്യങ്ങള്‍ മനസിലായോ സുഹൃത്തേ,” എന്ന്. ഞാന്‍ 1948-ല്‍ തകഴിയെഴുതിയ ‘രണ്ടിടങ്ങഴി’ യിലെ കോരനെ, സുരേന്ദ്രിന് പരിചയപ്പെടുത്തി. ജന്മി, ഓണപ്പണി ഓഫറെന്ന ചതിക്കുഴികാട്ടി പണിക്ക് കോരനെ കൊണ്ടുപോയതും ചൂഷണം മനസിലാക്കി എതിര്‍ത്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കിയതും, ആണ്‍തുണയില്ലാത്ത നേരത്ത് ജന്മിപുത്രന്‍, കോരന്റെ പെണ്ണിന്റെ ശരീരത്തെ നോട്ടമിട്ടതും സഹികെട്ട് ജന്മിപുത്രനെ കൊന്ന് ജയില്‍ പോയതും പുതിയൊരു പുലരി വരുമെന്ന പ്രതീക്ഷ പുലര്‍ത്തിയതും ആയ എഴുപതാണ്ട് മുന്നേ എഴുതപ്പെട്ട കഥ പറഞ്ഞു.
‘കൃഷിക്കാരനി’ലെ, മണ്ണിന്റെ മനസറിയാത്ത ഔതക്കുട്ടിയെന്ന ആധുനിക കര്‍ഷകനെയും പൂര്‍ണമായും പരാജയപ്പെട്ടിട്ടും കൃഷിയിലും ജീവിതത്തിലും നൈതികത പുലര്‍ത്തിയ കേശവന് നായരുടെ ദുരന്തത്തെപ്പറ്റിയും പറഞ്ഞു. എല്ലാം കേട്ട് ഒടുവില്‍ സുരേന്ദ്ര് പാല് പറഞ്ഞു: ശിവ് ഭഗവാന്റെ മൂന്നാം കണ്ണുള്ള കഥാകാരന്!