കോവിഡില്‍നിന്ന് കരകയറുന്ന ഇറ്റലി

ലോക്ക്ഡൌണ്‍ റിലീസ് ചെയ്ത ആദ്യ മാസങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെട്ട ഒരു ജനത, വൈറസിനൊപ്പം ജീവിക്കുകയാണെന്ന ബോധ്യത്തോടെ സാമൂഹിക പ്രതിബദ്ധതയോടെ പുറത്തിറങ്ങി വേനൽക്കാലം ആസ്വദിക്കുകയാണ് ഇപ്പോള്‍

italy coronavirus, italy coronavirus news, italy flattening its curve, italy covid cases,italy covid deaths, italy news

നിനച്ചിരിക്കാത്ത നേരത്ത് അടിയന്തരാവസ്ഥയെ നേരിട്ട രാജ്യമാണ് ഇറ്റലി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് കോവിഡ്‌ 19 എന്ന് ലോകാരോഗ്യസംഘടന പേര് നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ യൂറോപ്പിലെ അവസ്ഥ അപകടത്തിലായിരുന്നു. അതിൽ ഏറ്റവും മോശമായി പ്രതിഫലിച്ചത് ഇറ്റലിയിലും. രണ്ടു സംസ്ഥാനങ്ങളിൽ സമൂഹവ്യാപനമായി പ്രത്യക്ഷപ്പെട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സ്വഭാവം നിശ്ചയിക്കാനും സർവ്വസാധാരണമായി കണ്ടുവരുന്ന ശൈത്യകാല അസുഖങ്ങളിൽ നിന്നും കൊറോണ മൂലമുണ്ടാകുന്ന അസുഖങ്ങളെ തിരിച്ചറിയാനും വൈകിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കി.

2020 മാർച്ച് 18, ഇറ്റലിക്ക് മുഴുവൻ വേദന സമ്മാനിച്ച, മറക്കാനാവാത്ത ദിനങ്ങളിൽ ഒന്നായിരുന്നു. കൊറോണ വൈറസ് ഏറ്റവും തീവ്രമായി ബാധിച്ച ബെർഗമോ എന്ന ഇറ്റാലിയൻ നഗരത്തിൽ നിന്നും മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള മിലിട്ടറി വാഹനങ്ങളുടെ നിര പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ ഞെട്ടിച്ചത് അന്നാണ്. കോറോണയുടെ മൂര്‍ധന്യം കണ്ട ആ മാർച്ച് മാസത്തിൽ, ഇറ്റലിയിൽ താമസിക്കുന്ന ഏവരെയും പോലെ സാധാരണജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു. അറുപത്തിരണ്ട് ദിവസം നീണ്ട ലോക്ക്ഡൗൺ, ഭീതിയുടെ നാളുകളായിരുന്നു അത്.

എന്നാൽ, ഇറ്റാലിയൻ ജനതയുടെ വിവേകമുള്ള പ്രവർത്തിയും ഉണർവ്വും നിമിത്തം കൈവിട്ടു പോയേക്കാമായിരുന്ന ഒരു വലിയ ദുരന്തത്തിൽ നിന്നും വളരെ വിജയകരമായി ഇറ്റലി കരകയറിയ കാഴ്ചയാണ് പിന്നെ കണ്ടത്. റോം ഉൾപ്പടെയുള്ള ജനസാന്ദ്രതയേറിയ വലിയ മെട്രോ നഗരങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും സമൂഹവ്യാപനം തടയാനും ആഴ്ചകൾക്കുള്ളിൽ തന്നെ നിയന്ത്രണവിധേയമാക്കാനും സാധിച്ചു. പതിറ്റാണ്ടിലേറെയായി രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥ നിലനിന്നിരുന്ന ഒരു രാജ്യം, എല്ലാ സംസ്ഥാനങ്ങളുടെയും കണിശതയാർന്ന ഏകോപിപ്പിച്ചുള്ള പ്രവർത്തനം നിമിത്തമാണ് കോറോണയുടെ ഗ്രാഫ് താഴേയ്ക്ക് കൊണ്ടു വന്നത്.

എങ്ങനെ?

ഫെബ്രുവരി അവസാന പാദം മുതൽ കോവിഡ് കേസുകൾ ആയിരത്തിലധികമാകുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു തുടങ്ങി. രണ്ടു സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്ത രണ്ടു ക്ലസ്റ്ററുകളും ചൈനയിൽ നിന്നുള്ളവയിൽ നിന്നും വ്യത്യസ്തമാണെന്ന കണ്ടെത്തലിൽ നിന്നാണ് ജനിതകമാറ്റം സംഭവിക്കുന്ന രീതിയിലേക്ക് പഠനങ്ങൾ നീണ്ടത്. മിലാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുകയും ഓരോ ആഴ്ചയിലേയും സ്ഥിതിഗതികൾ കൃത്യമായി അവലോകനം ചെയ്തു ആരോഗ്യവകുപ്പുമായി പങ്കുവെക്കുകയും അതനുസരിച്ചു ഗവണ്മെന്റ് തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ഇറ്റലിയിൽ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ നിന്നാണ് മറ്റെല്ലാ രാജ്യങ്ങൾക്കും കൊറോണ വൈറസ് വാതിൽപ്പടിയിൽ ഉണ്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചത്.

കൊറോണയെ നേരിടാനായി പ്രത്യേക ദുരിത നിവാരണ ടീമിനെ നിയോഗിക്കുകയും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ഥിതിഗതികൾ അതാതു ദിവസം വൈകുന്നേരത്തെ ബുള്ളറ്റിനിൽ ലൈവായി അവതരിപ്പിക്കുകയും ചെയ്തു. വാർത്താ ചാനലുകൾ ആ ലൈവ് സംപ്രേഷണം ടെലികാസ്റ് ചെയ്തു. കണക്കുകളിലെ സുതാര്യത എടുത്തു പറയേണ്ട ഒന്നാണ്. കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ജനങ്ങൾ ഏറെ പരിഭ്രാന്തരായിരുന്നതിനാൽ, വാർത്താമാധ്യമങ്ങളും പൊതുപ്രവർത്തകരും നിതാന്ത ജാഗ്രത പുലർത്തി.

ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോന്തെ എല്ലാ ദിവസവും തന്റെ ഫേസ്ബുക് പേജിലൂടെ ലൈവായി ജനങ്ങളെ അഭിസംബോധന ചെയ്തു. ഓരോ ദിവസത്തെയും തിരക്കേറിയ ജോലികൾക്ക് ശേഷമാണ് അതാതു ദിവസത്തെ തീരുമാനങ്ങൾ ജനങ്ങളുമായി പങ്കുവെച്ചത്. ചില ദിവസങ്ങളിൽ പാതിരാത്രിക്ക് ശേഷവും വളരെ ക്ഷീണിതനായി അദ്ദേഹം ലൈവിൽ വന്നിട്ടുണ്ട്. വെട്ടിയും തിരുത്തിയും വീണ്ടും എഴുതിയും സാഹചര്യങ്ങൾ മാറുന്നതനുസരിച്ചും പഠനങ്ങളുടെ വെളിച്ചത്തിലും തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തികൊണ്ടിരുന്നു. പ്രത്യാശ പകർന്നുമുള്ള ആ ലൈവ് സംപ്രേഷണം ജനങ്ങളിൽ ഉണ്ടാക്കിയ പ്രതികരണത്തിന് പറയാൻ വാക്കുകളില്ല.

ലോക്ക്ഡൌണ്‍ കാലഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ കൈയിൽ കരുതേണ്ട പത്രികയിൽ ഓരോ ദിവസവും എന്നവണ്ണം മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. മാറ്റം വരുത്തിയ പുതിയ പത്രികകൾ പ്രിന്റ് എടുക്കാൻ സൗകര്യങ്ങൾ ഇല്ലാത്തവർ, പുറത്തിറങ്ങുമ്പോൾ പോലീസിനോട് പറഞ്ഞാൽ അവർ പുതിയ പത്രിക നൽകുകയും അവിടെ വെച്ച് തന്നെ പൂരിപ്പിച്ചു കാണിക്കുകയും ചെയ്താൽ മതിയെന്ന രീതിയാണ് നിലനിന്നിരുന്നത്. മറ്റു രാജ്യങ്ങളെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും ഇറ്റലി ശക്തമാണെന്നും നമ്മളെല്ലാം ഒറ്റക്കെട്ടായാണ് കോറോണയെ നേരിടുന്നത് എന്ന ബോധം, ഓരോ പൗരനിലും ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നത് ഒരു വലിയ വിജയമാണ്.

italy coronavirus, italy coronavirus news, italy flattening its curve, italy covid cases,italy covid deaths, italy news

ഇപ്പോൾ?

മാർച്ച് പത്തം തിയതി മുതൽ തുടങ്ങിയ ലോക്കഡോൺ മെയ് നാലാം തിയതി മുതൽ ഘട്ടം ഘട്ടമായി റിലീസ് ചെയ്തു കൊണ്ടിരുന്നു. ഓരോ ഘട്ടവും വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്തു. മെയ് രണ്ടാം പകുതി മുതൽ പള്ളികൾക്കും മറ്റു സ്ഥാപനങ്ങൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാനുള്ള അനുമതി നൽകി. നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ, ജൂൺ ആദ്യം മുതൽ ഇറ്റലി പഴയ രീതിയിലേക്ക് തിരികെ വന്നു.

സ്ഥിതിഗതികൾ നിരന്തരമായി വീക്ഷിക്കുന്നുണ്ടെന്നും ഇനിയൊരു അത്യാഹിതമുണ്ടായാൽ നേരിടാനുള്ള സജ്ജീകരണങ്ങൾ നമ്മൾ ഒരുക്കിയിട്ടുണ്ടെന്നും നിലവിൽ വൈറസ് ദുർബ്ബലമായി നിലനിൽക്കുന്ന സാഹചര്യമാണെന്നും ആരോഗ്യവകുപ്പ് നൽകിയ ഉറപ്പിന്മേൽ ജനങ്ങൾ പതിയെ പുറത്തിറങ്ങി തുടങ്ങി. കാരണം, മൂന്നു മാസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന വേനൽക്കാലവും കടൽക്കുളിയും ഇറ്റാലിയൻ ജനതയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ താക്കോൽ കൂടിയാണ്.

റെസ്റ്റോറന്റുകളും പബ്ബ്കളൂം മേൽക്കൂര തുറന്ന രീതിയിലാക്കി. വായുസഞ്ചാരം ഉറപ്പുവരുത്തുന്നത് വഴി കൊറോണ വ്യാപനം കുറയ്ക്കാനാണത്. അടഞ്ഞ രീതിയിലുള്ള സ്ഥാപനങ്ങളിലോ കടകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ കയറുമ്പോൾ മാസ്ക് നിർബന്ധമാക്കുകയും ഒരു സമയം പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കർശന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. ഓരോ സ്ഥാപനങ്ങളിലും സുതാര്യമായ ഷീൽഡുകൾ സ്ഥാപിച്ചു ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പ് വരുത്തി. സാനിറ്റൈസറുകളും മാസ്‌ക്കുകളും വെറ്റ് നാപ്കിനുകളും ബാഗുകളിലെ അഭിഭാജ്യഘടകമായി മാറി. പതിയെ പതിയെ കോറോണയ്ക്ക് ഒപ്പം ജീവിക്കാനുള്ള ധൈര്യം ജനം നേടിയെടുത്തു.

italy coronavirus, italy coronavirus news, italy flattening its curve, italy covid cases,italy covid deaths, italy news
സജീവമാകുന്ന ഇറ്റാലിയൻ ബീച്ചുകളിലൊന്ന്

ടൂറിസത്തിനൊരു കൈത്താങ്ങ്

പുറത്തിറങ്ങാൻ ഭയന്ന ജനതയ്ക്ക്, ധൈര്യവും മാന്ദ്യത്തിലേക്ക് നീങ്ങുന്ന എക്കണോമിക്ക് ഉണർവ്വും ടൂറിസം മേഖലയ്ക്ക് കൈത്താങ്ങും നൽകാനായി അനവധി ആനുകൂല്യങ്ങൾ ഗവണ്മെന്റ് നൽകി. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ‘വെക്കേഷൻ ബോണസ്’. ഇറ്റലിയിൽ എവിടെയും ഹോട്ടലിലോ റിസോർട്ടിലോ ഒരു കുടുംബത്തിന് അവധിക്കാലം ആഘോഷിക്കാം. അതിന്റെ എൺപത് ശതമാനം തുകയും ഗവണ്മെന്റ് കൂപ്പണായി തരികയും ബാക്കി ഇരുപത് ശതമാനം ടാക്സ് റിട്ടേണായി നൽകുകയും ചെയ്യും എന്നതായിരുന്നു ആ പദ്ധതി. യൂറോപ്പിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് ക്വാറന്‍റൈന്‍ വേണ്ട എന്ന തീരുമാനവും കൈക്കൊണ്ടു. എന്നാൽ, കൊറോണ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും യാത്രികർക്കും വിലക്കും ഏർപ്പെടുത്തിയിരുന്നു.

ഓരോ ഇറ്റാലിയൻ സംസ്ഥാനങ്ങളും നിരവധി ആനുകൂല്യങ്ങളുമായാണ് ടൂറിസ്റ്റുകളെ വരവേറ്റത് . ഇറ്റാലിയൻ ദ്വീപായ സിസിലി, ഇറ്റലിക്ക് പുറത്തു നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് രണ്ടു രാത്രിയും മൂന്നു പകലും സൗജന്യ താമസമാണ് വാഗ്ദാനം ചെയ്തത്. അതുകൊണ്ടുതന്നെ ഈ വേനൽകാലത്ത്, സിസിലിയിലുടനീളം വിദേശ രെജിസ്ട്രേഷനിലുള്ള വാഹനങ്ങൾ വളരെയധികമായി പ്രത്യക്ഷപ്പെട്ടു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി, മുൻവർഷങ്ങളെ അപേക്ഷിച്ച് റോഡുമാർഗ്ഗം സ്വന്തം വാഹനങ്ങളിൽ തന്നെ യാത്ര ചെയ്തവരായിരുന്നു അധികവും.

വിദേശടൂറിസ്റ്റുകളൂം അഭയാർത്ഥി പ്രവാഹവും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവിനു കാരണമാകുന്നുണ്ട്. ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളെല്ലാം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാത്തവയായതിനാൽ, അതാത് സ്ഥലങ്ങളിലെ സ്ഥിതിഗതികൾക്ക് അനുസരിച്ചു നടപടികൾ കർശനമാക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും ജനസാന്ദ്രത കണക്കിലെടുത്ത് രാത്രികാല ബീച്ച് ടൂറിസവും പബ്ബുകളും നിശാപാർട്ടികളും കർശന നിയന്ത്രണത്തിലാണ്. ശൈത്യകാലത്ത് വീണ്ടും കൊറോണ പിടിമുറുക്കിയേക്കാം. ലോക്ക്ഡൌണ്‍ റിലീസ് ചെയ്ത ആദ്യ മാസങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെട്ട ഒരു ജനത, വൈറസിനൊപ്പം ജീവിക്കുകയാണെന്ന ബോധ്യത്തോടെ, സാമൂഹിക പ്രതിബദ്ധതയോടെ പുറത്തിറങ്ങി വേനൽക്കാലം ആസ്വദിച്ച ശേഷം ആസന്നമാകുന്ന ശൈത്യക്കാലത്തേയ്ക്ക് ഉറ്റു നോക്കുകയാണ്…

Read Here: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

Get the latest Malayalam news and Blog news here. You can also read all the Blog news by following us on Twitter, Facebook and Telegram.

Web Title: Covid 19 how italy turned around its coronavirus calamity

Next Story
ചിത്രാപൗർണമിയിൽ കണ്ണകിയെ തേടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express